അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത് വിവാദത്തിൽ. സർദാർ വല്ലഭായ് പട്ടേലിന് പകരം മോദിയുടെ പേര് സ്റ്റേഡിയത്തിന് നൽകിയത് ഓരോ ഇന്ത്യക്കാരനും അപമാനമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ പട്ടേലിനെ ഇതുവരെ അംഗീകരിക്കാത്ത ഗാന്ധി കുടുംബത്തിന്റേത് കപട ദുഖമാണെന്ന് ബിജെപി തിരിച്ചടിച്ചു
നരേന്ദ്രമോദി-മൊട്ടേര സ്റേഡിയത്തിനകത്ത് ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുമ്പോൾ പുറത്ത് പേരുമാറ്റൽ വിവാദം കൊഴുക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് ദേശീയ നേതാക്കൾ ആരോപണങ്ങളുമായും ബിജെപിക്കായി പ്രതിരോധം തീർത്ത് കേന്ദ്രമന്ത്രിമാരും മുൻനിരയിൽ. നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ബോളിങ് എൻഡുകൾക്ക് അദാനിയുടെയും റിലയൻസിന്റെയും പേര് നൽകിയത് ചൂണ്ടിക്കാട്ടി, അമിത് ഷായുടെ
മകനായ ബിസിസിഐ സെക്രട്ടറി ജയ് ഷായെ കൂടി പരാമർശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്ന ആരോപണം ആവർത്തിച്ചാണ് രാഹുലിന്റെ ട്വീറ്റ്. സർദാർ പട്ടേൽ ആർഎസ്എഎസിനെ നിരോധിച്ചതിനാൽ ചരിത്രത്തിൽനിന്ന് പട്ടേലിന്റെ പേര് മാറ്റാൻ ആർഎസ്എസ് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു
വയലാറില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം. അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് അക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വയലാര്‍ കടപ്പള്ളി കെഎസ് നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കൈയറ്റതായാണ് വിവരം. നില ഗുരുതരമായി തുടരുകയാണ്.
ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിലായതായി പോലീസ് അറിയിക്കുന്നു. പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്ഡിപിഐ നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി.
അതിന്റെ തുടര്‍ച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പോലീസ് കാവലിലായിരുന്ന പ്രകടനങ്ങളും നടന്നത്. അതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. ഇരുവരെയും ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരണപ്പെടുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട കമിതാക്കൾ മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. മരിച്ച ആര്യയെ തീകൊളുത്തിയതാണെന്നും ആത്മഹത്യാശ്രമമല്ലെന്നുമാണ് ഉയരുന്ന സംശയം. അബോധാവസ്ഥയിലായിരുന്ന ആര്യയുടെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. ‘ചതിക്കപ്പെട്ടു’ എന്നായിരുന്നു ആശുപത്രിയിൽ വെച്ച് ആര്യ അവസാനമായി പറഞ്ഞത്.
കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യന്നൂർ നഗര മധ്യത്തിലുള്ള വാടകകെട്ടിടത്തിൽ നിന്ന് കാസർകോട് വെസ്റ്റ് എളേരി തട്ടിലെ വികെ ശിവപ്രസാദിനെയും പയ്യന്നൂർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ഏഴിലോട് പുറച്ചേരിയിലെ ആര്യയെയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.
പിന്നാലെ, തിങ്കളാഴ്ച രാത്രി ആര്യയും ചൊവ്വാഴ്ച പുലർച്ചെ ശിവപ്രസാദും മരണത്തിന് കീഴടങ്ങി. ഇരുവരും തമ്മിൽ നാല് വർഷത്തിലധികമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, ഇവരുടെ പ്രണയത്തെ എതിർത്ത വീട്ടുകാർ ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചു. ഈ മാസം 21നായിരുന്നു വിവാഹനിശ്ചയം നടക്കേണ്ടിയിരുന്നത്.
ഇതിനിടെ, വെളളിയാഴ്ച പരീക്ഷ എഴുതാനായി കോളേജിൽ എത്തിയ ആര്യയെ സുഹൃത്തിന്റെ കാറിലെത്തിയ ശിവപ്രസാദ് താമസസ്ഥലത്തേക്ക് കൂട്ടി പോവുകയായിരുന്നു. ഇവിടെ നിന്നാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നാകട്ടെയെന്നും മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ ഒരു കത്ത് സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
നില അതീവ ഗുരുതരമായതിനാൽ മരണമൊഴി രേഖപ്പെടുത്താൻ പോലും പോലീസിന് സാധിച്ചിരുന്നില്ല. എന്നാൽ അബോധാവസ്ഥയിലാകും മുൻപ് താൻ ചതിക്കപ്പെട്ടെന്ന് യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. ആര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ശിവപ്രസാദ് തന്ത്രപൂർവ്വം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് സൂചന. താമസസ്ഥലത്തെത്തിയ ശേഷം ശിവപ്രസാദ് ആര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. തുടർന്ന് ശിവപ്രസാദും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക പകുതി കെട്ടിവയ്ച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്ന് ജസ്റ്റിസ് നവീന് സിന്‍ഹ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ വാദം കോടതി ഇന്ന് കേള്‍ക്കും.
ഫ്ലാറ്റ് ഉടമകള്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്നാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിര്‍മാതാവ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. തീരദേശ ചട്ടവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞാണ് ഉടമകള്‍ ഫ്ലാറ്റുകള്‍ വാങ്ങിയത്. നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു.
ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് ക്രൂരസംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
അഗ്നി പരീക്ഷ നടത്തി പാതിവ്രത്യം തെളിയിക്കാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. തിളച്ച എണ്ണയിൽ അഞ്ചുരൂപ നാണയം ഇട്ട ശേഷം കൈമുക്കി അതെടുക്കാനാണ് ഇയാൾ ഭാര്യയോട് പറഞ്ഞത്. പരിശുദ്ധ ആണെങ്കിൽ കൈ പൊള്ളില്ലെന്നാണ് ഇയാളുടെ വിശ്വാസം.
ഈ മാസം 11ന് ഭാര്യ ആരോടും പറയാതെ വീട് വിട്ടുപോയെന്നാണ് ഭർത്താവ് പറയുന്നത്. നാലു ദിവസത്തിന് ശേഷമാണ് പിന്നെ ഇവർ തിരിച്ചെത്തുന്നത്. തന്നെ രണ്ടുപേർ തട്ടിക്കൊണ്ടുപോയതാണെന്നും നാലു ദിവസം അവർ തന്നെ ബന്ദിയാക്കിയെന്നും ഭാര്യ പറഞ്ഞു. ഈ വാദം വിശ്വസിക്കാൻ കഴിയില്ലെന്നും പർഥി സമുദായത്തിന്റെ വിശ്വാസപ്രകാരം തിളച്ച എണ്ണയിൽ കൈ മുക്കി സത്യം തെളിയിക്കണമെന്നും ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു.
തിളച്ച എണ്ണയിൽ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തിൽ മുക്കുന്നതും വീഡിയോയിൽ കാണാം.
ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻരോഷമാണ് ഉയർന്നത്. പിന്നാലെ അധികൃതർ ഇടപെട്ട് ഭർത്താവിനെതിരെ നിയമനടപടി സ്വീകരിച്ചു.
Nashik , It has been revealed that the same caste panchayat has ruled that a woman with suspicion should be boiled in boiling oil.
The husband took a video of the incident and made it viral. pic.twitter.com/eUz5bTmKbp— BHARAT GHANDAT (@BHARATGHANDAT2) February 20, 2021
തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവർ ആ കാഴ്ച കണ്ടു ഞെട്ടി. അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യ തല നടു റോഡിൽ കിടക്കുന്നു. ഇരുചക്രവാഹനത്തിൽ പോയവരിൽ നിന്ന് താഴെ വീണതാണ് തലയെന്നറിഞ്ഞപ്പോൾ ഞെട്ടൽ വീണ്ടും കൂടി. വിവരമറിഞ്ഞു പൊലീസ് കുതിച്ചെത്തി. തല ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് എന്ന 34 കാരനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ സമീപത്തെ കയർ ഫാക്ടറിയിൽ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിൽ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്.
കാത്തിരുന്ന ആക്രമി സംഘം പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകളുള്ള പ്രാദേശിക ഗുണ്ടയായിരുന്നു രാജേഷ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡിഎംകെ യിൽ ചേരുകയായിരുന്നു. എന്നാൽ കൊലപതകത്തിനു പിന്നിൽ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകൾ കണ്ടെത്തി. കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മൽപ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഒമ്പത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്പില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.
രേഷ്മ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറുപ്പ് രാജകുമാരിയിലെ വാടക മുറിയിൽ നിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുണ്‍ ആത്മഹത്യ ചെയ്തിക്കാം എന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാത്രിയോടെ അരുണ്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടന്ന വെള്ളിയാഴ്ച്ച മുതല്‍ അരുണ്‍ സമീപ പ്രദേശങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് ഉറപ്പിക്കുന്നു.
കൊലപാതക ദിവസം വൈകിട്ട് രേഷ്മയും അരുണും ഒന്നിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അരുണിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയത്. ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും രേഷ്മയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകൾ ഉണ്ട്. ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുമുണ്ട്. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
യുഎഇ കോൺസുൽ ജനറലിന്‍റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി. ജയഘോഷിനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. ജയഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്.
ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള ജയഘോഷിന്‍റെ കത്തും പൊലീസിന് ലഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വർണക്കടത്ത് കേസില്‍ അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായിരുന്നു. പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ കയ്യിൽ മുറിവേറ്റ നിലയില്‍ അവശനിലയില്‍ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.
നടി അക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലിപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് വിചാരണ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റൻ ദിലീപ് ശ്രമിച്ചുവെന്നും ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് വിപിൻലാലിനെ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ മറ്റു പ്രധാന സാക്ഷികളുടെ മൊഴി മാറ്റത്തിലും പ്രതിഭാഗത്തിന്റെ ഇടപെടലുകളുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. കേസിൽ നിലവിൽ ദിലീപ് എട്ടാം പ്രതിയാണ്.
എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ, ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്‍റെ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.