India

ഉത്തരാഖണ്ഡില്‍ വീണ്ടും പ്രളയഭീതി. ഋഷിഗംഗ നദിയില്‍ ജനലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. തപോവനിലെ തുരങ്കങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം അല്‍പസമത്തേക്ക് നിര്‍ത്തവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഞായറാഴ്ചത്തെ മിന്നല്‍പ്രളയത്തില്‍ പെട്ടവരില്‍ 35 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു.

കഴിഞ്ഞ ഞായറാഴ്ചയിലെ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും ഉണ്ടാക്കിയ ദുരിതത്തില്‍ നിന്ന് ചമോലി ജില്ല മുക്തമാകും മുമ്പാണ് പുതിയ ഭീതി. മലമുകളില്‍ നിന്നും ഉരുള്‍പൊട്ടലിന്‍റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെ ഋഷിഗംഗ നദിയിലെ ജനലനിരപ്പ് ഉയര്‍ന്നു. ഇതോടെയാണ് ആശങ്ക ഉയര്‍ന്നത്. മുന്‍കരുതലിന്‍റെ ഭാഗമായി താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഉടന്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.

തപോവനിലെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അല്‍പസമയം നിര്‍ത്തിവച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും പ്രദേശത്ത് നിന്ന് മാറ്റി. ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നില്ലെന്ന് കണ്ടതോടെ രക്ഷാപ്രവര്‍ത്തനം പരിമിതമായ തോതില്‍ പുനരാരംഭിക്കുകയും ചെയ്തു. തപോവനിലെ തുരങ്കങ്ങളില്‍ മുപ്പത്തിയഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നണ് കരുതുന്നത്. അഞ്ച് ദിവസമായി തുടരുന്ന 24 മണിക്കൂര്‍ രക്ഷാദൗത്യത്തിന് ശേഷവും തുരങ്കങ്ങള്‍ക്കകത്തേക്ക് പ്രവേശിക്കാനായിട്ടില്ല.

ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ അപകടം നടക്കുന്നത് അളകനന്ദ നദിയിലെ മത്സ്യങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഞായറാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞ് വീണ് ദുരന്തമുണ്ടായത്. ഇതിന് മുന്‍പ് അളകനന്ദ നദിയില്‍ ചാകര എന്ന പോലെ മീനുകള്‍ ഒരു പ്രദേശത്ത് കൂട്ടം കൂടിയതായി നാട്ടുകാര്‍ പറയുന്നു. ഇത് പ്രകൃതിക്ഷോഭം മുന്‍കൂട്ടി കാണാന്‍ മത്സ്യങ്ങള്‍ക്ക് കഴിവുണ്ടെന്നതിന്റെ തെളിവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രാവിലെ ഒന്‍പത് മണിയോടെ വന്‍ തോതില്‍ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്, ലാസു ഗ്രാമ വാസികള്‍ ബക്കറ്റുകളും, പാത്രങ്ങളുമൊക്കെയായി മത്സ്യം ശേഖരിക്കാന്‍ രംഗത്തു വന്നു. ചൂണ്ടയോ വലയോ ഉപയോഗിക്കാതെ തന്നെ പിടിക്കാവുന്ന തരത്തിലാണ് മീനുകള്‍ പ്രത്യക്ഷപ്പെട്ടത്. വരാന്‍ പോകുന്ന പ്രളയത്തിന്റെ മുന്നോടിയായിരുന്നു ഈ ചാകര. മീനുകള്‍ വെള്ളത്തില്‍ കൂട്ടം കൂടിയപ്പോള്‍ വെള്ളിയുടെ നിറമായിരുന്നുവെന്നും ആളുകള്‍ പറയുന്നു.

കാര്‍പ്പ്, മഷീര്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട മീനുകളാണ് കൂട്ടമായി എത്തിയത്. അടിത്തട്ടിലേക്ക് പോകാതെ ഉപരിതലത്തിലാണ് മീനുകള്‍ കൂട്ടമായി എത്തിയത്. പുഴയുടെ തീരങ്ങളിലാണ് ഇവയെ കൂട്ടത്തോടെ കണ്ടത്. മഞ്ഞുമല ഇടിയുന്നതിന് മുന്‍പ് ഉപരിതലത്തിലുണ്ടായ പ്രകമ്പനങ്ങളാകാം മീനുകളുടെ വിചിത്ര പെരുമാറ്റത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളപ്പൊക്കത്തിന് മുന്‍പ് ഉണ്ടാകുന്ന ശബ്ദവീചികള്‍ പിടിച്ചെടുക്കാന്‍ മീനുകള്‍ക്ക് കഴിവുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ചമൗലിയിലെ ദൗലി ഗംഗയുടെ മറ്റു കൈവഴികളായ നന്ദ് പ്രയാഗ്, ലങ്കാസു, കര്‍ണപ്രായാഗ് എന്നിവയിലും ഇതേ പ്രതിഭാസം നടന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആഴത്തില്‍ മാത്രം കാണപ്പെടാറുള്ള പല മത്സ്യങ്ങളും പെട്ടെന്ന് പിടിക്കാനാവുന്ന വിധത്തില്‍ പുറത്തെത്തി. ‘സാധാരണ ഗതിയില്‍ മത്സ്യങ്ങള്‍ ഒഴുക്കിനു മധ്യത്തിലൂടെയാണ് നീന്താറുള്ളത്. അത്ഭുതകരമെന്നോളം മീനുകള്‍ കരക്കു സമീപത്തു കൂടെയാണ് ഒഴുകിയത്,’ നാട്ടുകാരനായ അജയ് പുരോഹിത് പറയുന്നു.

‘ലങ്കാസുവിലെ ഗീര്‍സ ഗ്രാമത്തില്‍ ഈ അത്ഭുത പ്രതിഭാസത്തിന് ദൃക്‌സാക്ഷിയാവാന്‍ അനവധി ആളുകള്‍ തടിച്ചു കൂടിയിരുന്നു. വെറും കൈയോടെ മീന്‍ പിടിക്കല്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. എന്നാല്‍, ഇത്തവണ അത്ഭുതം കാണാന്‍ പോയ പലരും മത്സ്യങ്ങളുമായാണ് തിരിച്ചെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, ഇത്രയും അസാധാരണ സംഭവങ്ങള്‍ ഉണ്ടായിട്ടും, വെള്ളം യഥാര്‍ത്ഥ നിറത്തില്‍ നിന്നും ചാര നിറത്തിലേക്ക് മാറിയത് ജനങ്ങള്‍ ശ്രദ്ധിച്ചില്ല. ഉപരിതലത്തിലുള്ള തരംഗങ്ങള്‍ ആണ് ദുരന്തത്തിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇവ മത്സ്യങ്ങളുടെ സെന്‍സറുകളെ സാരമായി ബാധിച്ചിട്ടുണ്ടാവാം. എല്ലാ ജല ജീവികള്‍ക്കും ഉള്ളത് പോലെ മത്സ്യങ്ങള്‍ക്കും ബഹ്യാവയവങ്ങള്‍ ഉണ്ട്. ഇവ വെള്ളത്തിലെ ചെറു ചലനങ്ങളെയും മര്‍ദ്ദ വ്യത്യാസങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്നു.

ഈ ഒരു സംഭവത്തില്‍, പ്രളയത്തിന് മുന്‍പുള്ള ശബ്ദം മത്സ്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവാം. വൈദ്യൂത വാഹിനികള്‍ വെള്ളത്തില്‍ വീണ് ഇവക്ക് ഷോക്ക് ഏറ്റിട്ടുണ്ടാവാനും സാധ്യത ഉണ്ട്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശിവകുമാര്‍ പറയുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തപോവന്‍ റെനി പ്രദേശത്തെ വൈദ്യുതി പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വന്‍ വേഗതയില്‍ വെള്ളം ഒലിച്ചു വന്നതിനെ തുടര്‍ന്ന് വൈദ്യുതി പദ്ധതിയും, നിരവധി വീടുകളും, കെട്ടിടങ്ങളും പൂര്‍ണ്ണമായി ഒലിച്ചു പോയിട്ടുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.

മോഹൻലാൽ എന്ന നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വിരലുകൾ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിർന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹൻലാൽ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാൽ എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താൻ അത് അവസാനിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്.  ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

“ഇത് ഒരു ജോലിയാണെന്ന് തോന്നുന്ന ദിവസം, അഭിനയം നിർത്തുമെന്ന് ഞാൻ സത്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

ഇത്രയും കാലത്തിനിടെ താൻ നിരവധി കഥാപാത്രങ്ങൾ ചെയ്തെന്നും, എന്നാൽ ജോർജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി എപ്പോൾ എങ്ങനെ പെരുമാറുമെന്നോ അയാൾ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

“ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രം ആസ്വദിക്കൂ.” മോഹൻലാൽ പറഞ്ഞു.

“ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.

പലസ്തീൻ പ്രദേശങ്ങളുടെ അധികാരം ഏറ്റെടുക്കുമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വിധിക്ക് എതിരെ നിലപാട് സ്വീകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേൽ. എന്നാൽ ഈ ആവശ്യത്തോട് പ്രതികരിക്കാൻ വിമുഖത കാണിക്കുകയാണ് ഇന്ത്യ.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശബ്ദമുയർത്തണമെന്നും ഐസിസിക്ക് വ്യക്തമായ സന്ദേശം അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചിട്ടു​ള്ളത്. ഫെബ്രുവരി അഞ്ചിന് അന്താരാഷ്ട്ര കോടതിയുടെ വിധി വന്ന് രണ്ട് ദിവസത്തിനകമാണ് നെതന്യാഹു മോദിക്ക് കത്തയച്ചത്. കത്തിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.

ഐസിസിയുടെ സ്ഥാപക ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ ഇന്ത്യ അംഗമല്ലാത്തതിനാല്‍, കോടതിയുടെ ഏതെങ്കിലും തീരുമാനങ്ങളോ വിധികളോ സംബന്ധിച്ച് അഭിപ്രായം പറയാനോ നിലപാട് സ്വീകരിക്കാനോ കഴിയില്ലെന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇക്കാര്യം നയതന്ത്ര ഉദ്യോഗസ്ഥർ വഴി ഇന്ത്യ അറിയിച്ചിട്ടുണ്ട്.

റോം സ്റ്റാറ്റിയൂട്ടില്‍ ഇസ്രായേലും അംഗമല്ല. എന്നാൽ ഇസ്രയേൽ ഐസിസി വിധിയെ പ്രകോപനപരമാണെന്ന് അപലപിക്കുകയും തീരുമാനം കോടതിയെ “ഒരു രാഷ്ട്രീയ സംഘടന” ആക്കി മാറ്റിയെന്ന് വിമർശിക്കുകയും ചെയ്തു. കോടതിയുടെ അധികാരപരിധി ഇസ്രായേൽ അംഗീകരിക്കുന്നില്ലെന്നും പലസ്തീൻ അതോറിറ്റി ഒരു പരമാധികാര രാജ്യമല്ലെന്നും ഐസിസിക്ക് “അത്തരമൊരു തീരുമാനം എടുക്കാൻ അധികാരമില്ല” എന്നും ഇസ്രായേൽ പറഞ്ഞു. നെതന്യാഹു ഈ വിധിയെ “ആന്റിസെമിറ്റിസം” (യഹൂദവിരോധം) എന്ന് വിളിച്ചു.

കിഴക്കന്‍ ജെറുസലേം, ഗാസാ മുനമ്പ്, എന്നിവയുള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പ്രദേശങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ നടക്കുന്നുണ്ടെന്ന് ഐസിസി പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സുഡ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ വിധിയും വരുന്നത്.

ഇന്ത്യയെ “സമാന ചിന്താഗതിക്കാരായ” രാജ്യമായി കാണുന്ന ഇസ്രായേൽ, ഇന്ത്യയിൽ നിന്ന് അനുകൂല പ്രതികരണമാണ് പ്രതീക്ഷിച്ചത്. പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര കോടതി ഇടപെട്ടതിന് സമാനമായ നീക്കങ്ങള്‍ കശ്മീരില്‍ ഉണ്ടായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ടെന്ന നിരീക്ഷണങ്ങളുമുണ്ട്.

അതേസമയം, വിഷയത്തില്‍ ഇതുവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തിൽ “വിള്ളലോ പ്രശ്‌നമോ അല്ല”, എന്നിരുന്നാലും ഇന്ത്യയിൽ നിന്നുള്ള അനുകൂല പ്രതികരണം “പ്രധാനം” ആകുമായിരുന്നുവെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.

അടുത്തിടെ മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു പലസ്തീന്‍ വിഷയത്തില്‍ മോദിയുടെ സഹായം തേടി കത്തയക്കുന്നത്.

സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സോളർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്. കേസിൽ ഫെബ്രുവരി 25 ന് വിധി പറയും.

കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ബിജു രാധാകൃഷ്ണൻ വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നുമാണ് പറഞ്ഞിട്ടുളളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി. സരിതയും ബിജുരാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 2016 ജനുവരി 25 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ കേസിന്റെ വിചാരണ പൂർത്തിയായി.

കേരളത്തെ പിടിച്ചുകുലുക്കിയ വലിയ തട്ടിപ്പാണ് സോളർ കേസിലൂടെ പുറത്തുവന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവം വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകമാനം ഉയർത്തിവിട്ടത്. സൗരോർജ്ജ പാടങ്ങളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ടീം സോളാർ മുന്നോട്ട് വച്ച പദ്ധതിയിൽ നൂറിലേറെ പേരാണ് നിക്ഷേപം നടത്തിയത്. എഴുപതിനായിരം രൂപ മുതൽ അമ്പത് ലക്ഷം രൂപ വരെ ഇവരിൽ നിന്ന് ടീം സോളാറിന് വേണ്ടി ബിജു രാധാകൃഷ്ണനും സരിത എസ് നായരും കൈപ്പറ്റിയത്.

ജസ്റ്റിസ് പി. ശിവരാജൻ കമ്മിഷൻ അദ്ധ്യക്ഷനായി സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ചത് 2014 മാർച്ച് മൂന്നിനാണ്. മൂന്നര വർഷത്തെ അന്വേഷണത്തിന് ശേഷം 2017 സെപ്റ്റംബർ 26 ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായിട്ടില്ലെങ്കിലും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും വിശദമായി പരിശോധിച്ചായിരുന്നു ഹൈക്കോടതി വിധി.

2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം പ്രസ്താവിച്ചത്. ബന്ധുക്കളുടെ എതിർപ്പിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാർ കോടതിയെ സമീപിച്ചത്.

മുസ്ലിം നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്തിയ്ക്ക് പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും പെൺകുട്ടിക്കോ ആൺകുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടൽ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

തുടർന്ന് വിധി പ്രസ്താവിക്കുന്നതിനിടെ, ഋതുമതിയായ പെൺകുട്ടിക്ക് അവൾക്ക് താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേർപ്പെടാൻ സ്വാതന്ത്ര്യമുണ്ടെന്ന് സർ ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദീയൻ നിയമതത്വങ്ങൾ(പ്രിൻസിപ്പിൾസ് മൊഹമ്മദൻസ് ലോ)എന്ന പുസ്തകത്തിലെ 195ാം വകുപ്പ് കോടതി പരാമർശിച്ചു.

ഈ ഗ്രന്ഥപ്രകാരം സ്ഥിരബുദ്ധിയില്ലാത്തവർ, പ്രായപൂർത്തിയാകാത്തവർ എന്നിവർക്കായി രക്ഷിതാക്കൾക്ക് വിവാഹക്കരാറിലേർപ്പെടാൻ അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂർത്തിയായതുമായവരുടെ പൂർണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195ാം വകുപ്പിൽ പറയുന്നു. ഋതുമതിയായതായുള്ള തെളിവുകളുടെ അഭാവത്തിൽ 15 വയസ് പൂർത്തിയായ പെൺകുട്ടിയെ പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും ഈ വകുപ്പ് വ്യക്തമാക്കുന്നു.

കായലില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി കൊല്ലത്തിന്റെ താരമായി ഒരു കണ്ണൂര്‍ക്കാരന്‍. കായലില്‍ മുങ്ങിത്താഴ്ന്ന തേവലക്കര സ്വദേശിയെ പാലത്തില്‍ നിന്നു കായലില്‍ ചാടി രക്ഷപ്പെടുത്തി കണ്ണൂര്‍ തേര്‍ത്തല്ലി കുറുപ്പുംപറമ്പില്‍ വീട്ടില്‍ സോളമന്‍ (23) ആണ് കൊല്ലത്തിന്റെ താരമായി മാറിയത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നു കഴിഞ്ഞ ദിവസം കൊട്ടിയത്ത് എത്തിയ സോളമനും കൂട്ടുകാരും കാറില്‍ കരുനാഗപ്പള്ളിയില്‍ പോയി മടങ്ങും വഴിയാണ് ബൈപാസില്‍ മങ്ങാട് പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. പാലത്തില്‍ ആളുകള്‍ നിറഞ്ഞെങ്കിലും ആര്‍ക്കും കായലില്‍ മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കാനായില്ല.

കയര്‍ എറിഞ്ഞു കൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ സോളമന്‍ പാലത്തില്‍ നിന്നു കായലിലേക്കു ചാടി നീന്തിയെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കരയിലേക്കു നീന്തുന്നതിനിടെ മത്സ്യത്തൊഴിലാളികള്‍ യുവാവിനെയും സോളമനെയും വള്ളത്തില്‍ കയറ്റി തീരത്തെത്തിച്ചു.

അതേസമയം, സംഭവമറിഞ്ഞു ചാമക്കടയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ അയത്തിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലെ പുഴയില്‍ നീന്തിയുള്ള പരിചയം മാത്രം കൈമുതലാക്കിയാണു സോളമന്‍ കായലില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേന പ്രവര്‍ത്തകരും അദ്ദേഹത്തെ അഭിനന്ദിച്ചു. ഫിസിയോതെറപ്പി പഠനം കഴിഞ്ഞു മംഗളൂരുവില്‍ പരിശീലനം നടത്തുന്ന സോളമനും കൂട്ടരും ഇന്നലെ രാത്രിയോടെ മടങ്ങി.

നിലമ്പൂരിനടുത്ത് മമ്പാട് കുട്ടികളെ ദിവസങ്ങളായി പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പുറത്തെത്തുന്നത് രക്ഷിതാക്കളുടെ ക്രൂരമായ പീഡനം. മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആറും നാലും വയസ്സുള്ള കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ നൽകാറില്ലെന്നും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. കുട്ടികളെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ കുട്ടികൾക്ക് പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തി. ഇരുവരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രക്ഷിതാക്കളുടെ പീഡനത്തെ തുടർന്ന് ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്തനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. നാല് വയസ്സുള്ള കുട്ടിയുടെ കണ്ണുകൾ വീർത്ത് തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. കുട്ടികളുടെ അമ്മ നേരത്തെ മരിച്ചതായാണ് വിവരം. ഇവരോടൊപ്പമുണ്ടായിരുന്നത് രണ്ടാനമ്മയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രണ്ടാനമ്മ ഉപദ്രവിച്ചിരുന്നതായി നാല് വയസ്സുള്ള കുട്ടി പോലീസിന് മൊഴി നൽകിയിട്ടുുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ട കുട്ടികളെ പോലീസും നാട്ടുകാരും ചേർന്ന് മോചിപ്പിച്ചത്.

തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയിൽ പൂട്ടിയിട്ടാണ് ഇവർ ജോലിക്ക് പോയിരുന്നത്. കുട്ടികൾക്ക് കുടിവെള്ളം പോലും ഇവർ നൽകിയിരുന്നില്ല. മുറിയുടെ ജനൽ തുറന്നു വെക്കുന്ന അവസരങ്ങളിൽ സമീപത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികൾ കുട്ടികൾക്ക് ഭക്ഷണം നൽകാറുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ജനലുകൾ അടച്ചിട്ടാണ് കുട്ടികളെ മുറിയിൽ പൂട്ടിയിട്ട് ദമ്പതിമാർ ജോലിക്ക് പോയത്. ഇതോടെ ബംഗാൾ സ്വദേശികൾ നാട്ടുകാരെ വിവരമറിയിക്കുകയും പോലീസ് അടക്കം ഇടപെട്ട് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.

പാലാ സീറ്റ് സംബന്ധിച്ച് സിപിഎം മുന്നണിമര്യാദ കാട്ടിയില്ലെന്ന് തുറന്നടിച്ച് മാണി സി.കാപ്പന്‍. അന്തിമതീരുമാനം വെള്ളിയാഴ്ച ദേശീയനേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാനാവില്ല. ഇടതുമുന്നണിക്ക് ഉണര്‍വ് കരിട്ടിയത് പാലാ ജയത്തോടെയാണ. ഇത് പാലായുടെ പ്രശ്നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്നമെന്ന് കാപ്പന്‍ പറഞ്ഞു.പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞശേഷം എന്തുചര്‍ച്ച നടത്താനെന്നും മാണി സി.കാപ്പന്‍ ചോദിച്ചു. ശശീന്ദ്രന്‍റെ നിലപാടുകളെയും കാപ്പന്‍ തുറന്നുവിമര്‍ശിച്ചു.

പാലാ തരില്ല കുട്ടനാട്ടിൽ മത്സരിച്ചോട്ടെ എന്നുപറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോ‌റ്റ പാർട്ടിക്ക് സീ‌റ്റ് കൊടുക്കുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. പാലാ സീ‌റ്റല്ല വിശ്വാസ്യതയാണ് പ്രധാനമെന്ന് കാപ്പൻ അഭിപ്രായപ്പെട്ടു. മുൻപ് ശരദ് പവാറും പ്രഫുൽ പട്ടേലുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയിൽ സി‌റ്രിംഗ് സീ‌റ്റുകൾ ലഭിക്കുകയാണെങ്കിൽ മുന്നണി വിടേണ്ട എന്ന തീരുമാനമാണ് അറിയിച്ചത്. എന്നാൽ പാലാ സീ‌റ്റ് നിഷേധിച്ചതോടെ മുന്നണി വിടാൻ എൻസിപി തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

നിലവിൽ നാല് ജില്ലാ കമ്മി‌റ്റികൾ മാത്രമാണ് മാണി സി കാപ്പനൊപ്പമുള‌ളത്. ബാക്കി പത്തും മന്ത്രി എ.കെ ശശീന്ദ്രനൊപ്പമാണ്. എന്നാൽ ശരദ്‌പവാർ മാണി സി കാപ്പന് അനുകൂലമായി തീരുമാനമെടുത്താൽ മിക്ക ജില്ലാ കമ്മി‌റ്റികളും മാണി സി കാപ്പനൊപ്പം നിൽക്കുമെന്നാണ് വിവരം. പാലാ മാത്രമല്ല പല സി‌റ്റിംഗ് സീ‌റ്റുകളും എൻസിപിയ്‌ക്ക് നഷ്‌ടമാകും എന്ന ഘട്ടത്തിലെത്തിയതോടെയാണ് മുന്നണി വിടുന്നതിന് പാർട്ടി തീരുമാനത്തിലെത്തിയതെന്നാണ് സൂചന.

മറിമായം എന്ന മഴവിൽ മനോരമയിലെ ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് രചന. ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ ഭാര്യയായി ആണ് രചന സിനിമയിലേക്ക് ചുവട് വെച്ചത്. കുറഞ്ഞ നാളുകൾ കൊണ്ട് നിരവധി സിനിമകൾ ചെയ്യാൻ അവസരം ലഭിക്കുകയും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. അഭിനയം പോലെ തന്നെ നൃത്തത്തിലും അസാമാന്യ അറിവുള്ള നർത്തകി കൂടിയാണ് രചന.മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുന്നിരയിലേക്ക് എത്തിയ രചന നാരായണൻ കുട്ടി വിവാഹിതയായ കാര്യം പോലും പലർക്കും അറിയില്ല.

പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറയുമായിരുന്നു. എന്നാൽ രചന നാരായണന്കുട്ടിയുടേത് പൂര്ണമായും വീട്ടുക്കാർ ആലോചിച്ചു നടത്തിയ വിവാഹമാണ്.റേഡിയോ മാംഗോയിൽ ആർ ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് രചന ബിഎഡ് പഠിച്ചു. ദേവമാത സിഎംഐ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് വിവാഹം കഴിയ്ക്കുന്നത്.2011 ജനുവരിയിലായിരുന്നു രചനയുടെയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് ഭാര്യാ- ഭർത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു.

ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോൾ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന്- രചന പറഞ്ഞു.

2012ലാണ് ഇരുവരും നിയമപരമായി വേർ പിരിയുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്. രചന വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ സ്‌ക്കൂൾ കലോത്സവങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന രചന നാലാം ക്‌ളാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു. തൃശ്ശൂരിലെ തന്നെ ഒരു സ്കൂളിൽ അദ്ധ്യാപികയായി ജോലി നോക്കി വരികെയാണ് താരത്തിന് മാറിമായതിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. ആ അവസരം ആണ് രചനയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. മാറിമായതിലെ താരത്തിന്റെ വേഷം പ്രേക്ഷക ശ്രദ്ധ നേടിയതോടെ രചനയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചുതുടങ്ങുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved