India

തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവര്‍ക്ക് ഈ ശിക്ഷ കൊടുത്തതില്‍ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നായിരുന്നു അച്ഛന്റെയും പ്രതികരണം. വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത വെളിപ്പെടുത്തി. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി. – ഹരിത വെളിപ്പെടുത്തി.

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.

വിധികേട്ട് പൊട്ടിക്കരഞ്ഞ അനീഷിന്റെ മാതാപിതാക്കളെയും ഹരിത ചേര്‍ത്തു നിര്‍ത്തി. ഈ വയോധികര്‍ക്ക് ആശ്വാസമായുള്ളത് ഹരിതയാണ്. സാക്ഷര കേരളമെന്ന അഭിമാനച്ചൊല്ലിനെ അപമാനിച്ച അരുംകൊലയായിരുന്നു തേങ്കുറുശിയിലേത്. മകള്‍ ഹരിത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ഇതരജാതിയില്‍പ്പെട്ട അനീഷിനെ വിവാഹം കഴിച്ചപ്പോള്‍ അച്ഛന്റെയും അമ്മാവന്റെയും ഭീഷണിയെത്തി: ‘നിന്റെ താലിക്ക് 90 ദിവസം ആയുസ്സുണ്ടാകില്ല’. അച്ഛനും അമ്മാവനും ജാതിഭ്രാന്തില്‍ അരുംകൊല നടത്തി.

ഹരിതയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുഴല്‍മന്ദം തേങ്കുറുശി മാനാംകുളമ്പ് സ്‌കൂളിനു സമീപം ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകന്‍ അനീഷ് (27) കൊല്ലപ്പെട്ടത് 2020 ഡിസംബര്‍ 25ന്. ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ (43), അമ്മാവന്‍ സുരേഷ്‌കുമാര്‍ (45) എന്നിവരായിരുന്നു പ്രതികള്‍. കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയായ 2018ലെ കോട്ടയം കെവിന്‍ വധത്തിനു പിന്നാലെയായിരുന്നു പാലക്കാട് തേങ്കുറുശിയിലെ ദുരഭിമാനക്കൊല. മകളുടെ ഭര്‍ത്താവ് വിവാഹം നടന്നതിന്റെ 90 ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുമെന്ന ഭീഷണി കൊലപാതകത്തിലെത്തിയത് വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിനു തലേന്ന്.

തേങ്കുറുശ്ശിയില്‍ ഒരു കിലോമീറ്റര്‍ അകലെയാണ് ഹരിതയുടെയും അനീഷിന്റെയും വീടുകള്‍. വ്യത്യസ്ത ജാതികളില്‍പ്പെട്ട അനീഷും ഹരിതയും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അനീഷ് പെയിന്റിങ് തൊഴിലാളിയും ഹരിത രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയുമാണ്. വീട്ടുകാര്‍ മറ്റൊരാളുമായി ഹരിതയുടെ വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്. സാമ്പത്തിക അന്തരവും ഇതര ജാതിയായതും ഹരിതയുടെ പിതാവിന്റെയും അമ്മാവന്റെയും പക വര്‍ധിപ്പിച്ചു. മകളെ തട്ടിക്കൊണ്ടുപോയെന്ന പ്രഭുകുമാറിന്റെ പരാതിയില്‍ പൊലീസ് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. ഇനി പരാതിയില്ലെന്നാണു പ്രഭുകുമാര്‍ അന്നു പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ പിന്നീടും അനീഷിനെ പലതവണ ഭീഷണിപ്പെടുത്തി. പ്രഭുകുമാറും സുരേഷ് കുമാറും നേരത്തേ പ്രദേശത്തുണ്ടായ അക്രമ കേസുകളില്‍ പ്രതികളായിരുന്നു. സാമ്പത്തികം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ഹരിതയെ തിരികെ വീട്ടിലേക്ക് എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി അനീഷിന്റെ അമ്മയും അച്ഛനും പൊലീസിനു മൊഴി നല്‍കി. സുരേഷ്‌കുമാര്‍ സ്ഥിരമായി കത്തിയുമായാണു നടന്നിരുന്നതെന്നും അനീഷിന്റെ കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു.

2020 ഡിസംബര്‍ 25നു വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹോദരന്‍ അരുണിനൊപ്പം കടയില്‍പ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രഭുകുമാറും സുരേഷ്‌കുമാറും ഇരുമ്പുദണ്ഡുകൊണ്ടു തലയിലടിക്കുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നു. അനീഷിന്റെ മരണം രക്തം വാര്‍ന്നാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കും തുടയ്ക്കും അടക്കം ശരീരത്തില്‍ പത്തിലധികം മുറിവുകളുണ്ടായിരുന്നു. കാലിലേറ്റ വെട്ടില്‍ പ്രധാന രക്തക്കുഴലടക്കം മുറിഞ്ഞു.

സുരേഷ്‌കുമാറിനെ ബന്ധുവീട്ടില്‍നിന്നും പ്രഭുകുമാറിനെ കോയമ്പത്തൂര്‍ ഗാന്ധിനഗറില്‍നിന്നുമാണു പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പുദണ്ഡ്, കത്തി, ധരിച്ചിരുന്ന വസ്ത്രം, ചെരിപ്പ് എന്നിവ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിന് എത്തിച്ചപ്പോഴും പ്രതികള്‍ക്കു കൂസലുണ്ടായിരുന്നില്ല. നടന്ന സംഭവം ഒട്ടും പതര്‍ച്ചയില്ലാതെ പൊലീസിനോടു വിവരിച്ചു. മുന്നോട്ടു ജീവിക്കാന്‍ ഹരിതയ്ക്ക് ഒരു ജോലി വേണം. ബിബിഎ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പിഎസ്സി പരിശീലനം നടത്തുകയാണ്. അനീഷിന്റെ അച്ഛനും അമ്മയും സ്വന്തം മകളായി തന്നെയാണു നോക്കുന്നതെന്നു ഹരിത പറയുന്നു.

എറണാകുളം കാക്കനാട് കളക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം. പള്ളുരുത്തി സ്വദേശിനി ഷീജയാണ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് തടയുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു നാടകീയമായ സംഭവം. ഷീജയുടെ എന്‍ജിനിയറിങ് ലൈസന്‍സ് വിജിലന്‍സ് ശുപാര്‍ശപ്രകാരം റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി ഓഫീസില്‍ എത്തിയപ്പോഴാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നേരത്തെ ഷീജയുടെ ലൈസന്‍സില്‍ പള്ളുരുത്തിയില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന് പെര്‍മിറ്റെടുത്തിരുന്നു. പിന്നീട് പണിനടന്നപ്പോള്‍ ഈ കെട്ടിടം കൊമേഴ്സ്യല്‍ ബില്‍ഡിങ് ആക്കി മാറ്റി. ഇതിന് ഷീജ അനുവദിച്ചില്ല. തുടര്‍ന്ന് മറ്റൊരാളെ ഉപയോഗിച്ച് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വന്നതോടെ ഷീജയുടെ ലൈസന്‍സ് റദ്ദാക്കിയെന്നാണ് ആരോപണം. സംഭവത്തില്‍ തന്നെ കുടുക്കിയതാണെന്നും തനിക്ക് പങ്കില്ലാത്ത സംഭവത്തിലാണ് ലൈസന്‍സ് റദ്ദാക്കിയതെന്നുമാണ് ഷീജ ആരോപിക്കുന്നത്.

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാല്‍ ദീ‍ർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോളേജ് അധികൃതർ.

ആർഷോയുടെ മാതാപിതാക്കള്‍ക്കാണ് പ്രിൻസിപ്പല്‍ നോട്ടീസ് നല്‍കിയത്. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആ‍‍ര്‍ഷോ രംഗത്തെത്തി. കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്.

മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നല്‍കുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

എക്സിറ്റ് പോള്‍ ഒപ്ഷനെടുത്താലും ആർഷോയെ ബിരുദം നല്‍കി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ എക്സിറ്റ് പോള്‍ ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റൻഡൻ്സും വേണമെന്നാണ് സർവ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ് സർവ്വകലാശാല യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്.

കുടുംബത്തിന്റെ വാർഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കംകുറിക്കും.

നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിർന്ന പൗരർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽ അത് പങ്കുവെക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്നപൗരർക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. ‌

സമ്പന്ന-ദരിദ്ര ഭേദമില്ല. 70 കഴിഞ്ഞ ആർക്കും അംഗങ്ങളാവാം. ഡൽഹി, ഒഡിഷ, പശ്ചിമബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക. ആധാർകാർഡ് പ്രകാരം 70 വയസ്സോ അതിൽ കൂടുതലോ ഉള്ള ആർക്കും പദ്ധതിയിൽ അപേക്ഷിക്കാം.

ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള പദ്ധതിയായതിനാൽ പ്രധാനമന്ത്രി ജൻ ആരോഗ്യയോജന പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം. ആയുഷ്മാൻ കാർഡുള്ളവർ വീണ്ടും പുതിയ കാർഡിനായി അപേക്ഷിക്കുകയും ഇ.കെ.വൈ.സി. പൂർത്തിയാക്കുകയും വേണം. കേരളത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയതോ രജിസ്റ്റർ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉള്ളവരോ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ളവരോ ആയ 70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരർക്ക് പദ്ധതിക്കുകീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ മറ്റ് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നവർക്ക് അതിൽ തുടരുകയോ ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം.

പാലക്കാട് കോണ്‍ഗ്രസില്‍ കത്ത് വിവാദം പുകയുന്നു. ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നല്‍കിയ കത്തിന്റെ രണ്ടാം ഭാഗം പുറത്ത്.

കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് പുറത്തു വന്നത്. വി.കെ ശ്രീകണ്ഠന്‍ എംപിയടക്കം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അഞ്ച് നേതാക്കളാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.

വി.കെ. ശ്രീകണ്ഠന്‍ എംപി, മുന്‍ എംപി വി.എസ് വിജയരാഘവന്‍, കെപിസിസി നിര്‍വാഹകസമിതി അംഗം സി.വി ബാലചന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച മുന്‍ ഡിസിസി അധ്യക്ഷന്മാര്‍. കെപിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ തുളസിയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്കും അയച്ച കത്താണ് പുറത്തു വന്നത്.

പാലക്കാട് ബിജെപിയുടെ വിജയം തടയാനും കേരളത്തില്‍ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും ഇടതു മനസുള്ളവരുടേയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.

അതേസമയം പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സജീവമായി രംഗത്തുള്ള നേതാവാണ് വി.കെ ശ്രീകണ്ഠന്‍.

ആഡംബര ജീവിതത്തിനായി ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ. കൊല്ലം ചിതറയിൽ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.

സെപ്റ്റംബറിൽ മുബീനയുടെ ഭർതൃ സഹോദരിയായ മുനീറയുടെ താലിമാല, വളകൾ, കൈ ചെയിനുകൾ, കമ്മലുകൾ തുടങ്ങിയവ മോഷണം പോയിരുന്നു. ഒക്ടോബർ 10നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്.

തുടർന്ന് വീട്ടിലെ സിസിടീവി പരിശോധനയിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. അതുവരെ ഈ വീട്ടിൽ മറ്റാരും വന്നിട്ടുമില്ല. തുടർന്ന് മുനീറ ചിതറ പോലീസിൽ പരാതി നൽകി.

സമാനമായ മറ്റൊരു സ്വർണ്ണ മോഷണ പരാതി ജനുവരി മാസം ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനിയും പരാതി നൽകിയിരുന്നു. അമാനിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്നത്.

ആഡംബര ജീവിതം നയിച്ചിരുന്ന മുബീനയ്ക്ക് അതിനുളള സാമ്പത്തിക ശേഷി ഇല്ലെന്നു പൊലീസ് മനസിലാക്കി. ഇൻസ്റ്റഗ്രാം താരമായിരുന്ന മുബീന ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. മോഷ്ടിച്ച സ്വർണം വിറ്റ പണവും സ്വർണാഭരണങ്ങളും മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തില്‍ തൊഴില്‍ അവസരം. സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിനകം അപേക്ഷ നല്‍കണം. അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ കൊച്ചി നടക്കും.

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), മെറ്റേണിറ്റി ജനറല്‍, എന്‍ഐസിയു(ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം (ഒആര്‍), പീഡിയാട്രിക് ജനറല്‍, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), കാത്ത്‌ലാബ് എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2024 നവംബര്‍ അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.

സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ യോഗ്യതയും വേണം. ഇതിന് പുറമേ അപേക്ഷ നല്‍കുന്നതിനുളള അവസാന തിയതിയ്ക്ക് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡാറ്റാ ഫ്‌ളോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം.

അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ ശിക്ഷവിധിക്കുന്നത് പാലക്കാട് ജില്ലാ അഡീഷണൽ കോടതി-ഒന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രണയവിവാഹം നടന്ന് 88-ാം നാൾ തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് (27) കൊല്ലപ്പെട്ട കേസിലെ രണ്ടുപ്രതികളും കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച ജഡ്‌ജി ആർ. വിനായകറാവു കണ്ടെത്തിയിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49) ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47) രണ്ടാംപ്രതിയുമാണ്.

ശനിയാഴ്ച വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും നിലപാടുകൾകൂടി േകൾക്കാൻ കോടതി തീരുമാനിക്കയായിരുന്നു. പ്രതികൾ ചെയ്‌തത് അത്യന്തം ഹീനമായ കുറ്റമാണെന്നും ഇരുവർക്കും പരമാവധിശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാതീയമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന അനീഷിനെ കരുതിക്കൂട്ടി കൊലചെയ്തതാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

പ്രതിഭാഗം ഓൺലൈനായാണ് തങ്ങളുടെവാദം നിരത്തിയത്. കരുതിക്കൂട്ടിയുള്ളതും അപൂർവത്തിൽ അപൂർവവുമായ കൊലപാതകമല്ല നടന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും പ്രതികൾ ഇനി കുറ്റകൃത്യം ചെയ്യാനിടയില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. തുടർന്നാണ് കോടതി വിധിപ്രസ്താവിക്കുന്നത് 28-ലേക്ക്‌ മാറ്റിയത്.

2020 ഡിസംബർ 25-ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിന്‌ സമീപത്തുവെച്ച് അനീഷിനെ സുരേഷും പ്രഭുകുമാറും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതരസമുദായത്തിൽപ്പെട്ട അനീഷ് ഹരിതയെ വിവാഹംകഴിച്ചതിൽ ഹരിതയുടെ വീട്ടുകാർക്കുണ്ടായ നീരസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്.

കോടതി കുറ്റക്കാരെന്ന്‌ കണ്ടെത്തിയിട്ടും കൂസലില്ലാതെയാണ് പ്രതികളായ സുരേഷും പ്രഭുകുമാറും കോടതിയിൽ വിധികേൾക്കാൻ എത്തിയത്. ശനിയാഴ്ചരാവിലെ പോലീസ്ജീപ്പ് ഒഴിവാക്കി ഓട്ടോറിക്ഷയിലാണ് പോലീസ് പ്രതികളെ കോടതിവളപ്പിൽ എത്തിച്ചത്.

വിധികേൾക്കാനായി അനീഷിന്റെ ഭാര്യ ഹരിത, മാതാപിതാക്കളായ ആറുമുഖൻ, രാധ, സഹോദരങ്ങൾ എന്നിവർ കോടതിയിലെത്തിയിരുന്നു. “അനീഷിനെ കൊലപ്പെടുത്തിയവർക്ക് പരമാവധിശിക്ഷ കൊടുക്കണം” -ഹരിത കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കുഴൽമന്ദം പോലീസ്‌സ്റ്റേഷനിൽവെച്ച് 90 ദിവസത്തിനകം അനീഷിനെ കൊലപ്പെടുത്തുമെന്ന ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ഭീഷണിമുഴക്കിയിരുന്നു. ഇതിനുശേഷം 88-ാം ദിവസം അനീഷ് കൊല്ലപ്പെട്ട സംഭവം മാധ്യമങ്ങളോട്‌ വിവരിക്കവേ ഹരിതയും അനീഷിന്റെ അമ്മ രാധയും പൊട്ടിക്കരഞ്ഞു.

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും പിണറായി ചോദിച്ചു. പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

‘ഒരു പോലീസുകാരന്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്? തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്.

പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവേശം? എന്നും പിണറായി ചോദിച്ചു.

ഷെയർട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയിൽനിന്ന് പലതവണയായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ തൃശ്ശൂർ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണംസംഘം അറസ്റ്റുചെയ്തു. മലപ്പുറം ഒളകര കാവുങ്ങൽവീട്ടിൽ കെ. മുഹമ്മദ് ഫൈസൽ (26), വേങ്ങര ചേറൂർ കരുമ്പൻവീട്ടിൽ ഖാദർ ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്. ഒരു വിദ്യാർഥിനിയുടെ അക്കൗണ്ടാണ് ഇവർ തട്ടിപ്പിനുപയോഗിച്ചത്.

കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. സി.ഐ.എൻ.വി. എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിയെ ഫോണിൽ വിളിച്ച് ഷെയർട്രേഡിങ്ങിനെക്കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ളാസെടുത്ത് വിശ്വാസ്യത നേടുകയും ചെയ്തു. അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി 1,24,80,000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.

തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ വിയ്യൂർ സ്വദേശി സിറ്റി സൈബർക്രൈം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പരിചയത്തിലുള്ള വിദ്യാർഥിനിയുടെ അക്കൗണ്ടിലേക്കാണ് പണമയച്ചതെന്ന് കണ്ടെത്തി. വിദ്യാർഥികളുടെ അക്കൗണ്ട് സൈബർത്തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത് നേരത്തേയും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണവും നടത്തിയിരുന്നു.

സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയപ്രദീപ്, കെ.എസ്. സന്തോഷ്, സുധീപ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജെസി ചെറിയാൻ, സിവിൽ പോലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved