കൊച്ചി: കണ്ണമാലിക്ക് പടിഞ്ഞാറ് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ ഇടിച്ചുകയറി . ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ, ‘പ്രത്യാശ’ എന്ന പേരിലുള്ള വള്ളം കടലിൽ നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നപ്പോഴാണ് സംഭവം.
മത്സ്യത്തൊഴിലാളികളുടെ ആരോപണമനുസരിച്ച്, എംഎസ്‌സി കമ്പനിയുടെ കപ്പലാണ് വള്ളത്തിലേക്ക് ഇടിച്ചു കയറിയത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വള്ളത്തിന് വലിയ കേടുപാടുകളാണ് സംഭവിച്ചത്.
പള്ളിത്തൊഴു സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽ പെട്ടത്. സംഭവത്തില്‍ കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ പുടിന്‍റെ ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ – യുഎസ് ബന്ധത്തിൽ അടുത്ത കാലത്തായി ഉലച്ചിലുകൾ നേരിടുന്നുണ്ട്. എന്നാൽ റഷ്യയുമായും ചൈനയുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തു. റഷ്യയുമായുള്ള വ്യാപാരത്തിന്‍റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുകയും ചെയ്തിരുന്നു.
യുഎസുമായുള്ള വ്യാപാര ചർച്ചകൾ നടക്കുന്നതിനിടയിൽ, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിലെ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് രംഗത്തെത്തി. ‘ഇന്ത്യ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്’ എന്ന് അദ്ദേഹം പറയുകയും, അമേരിക്കൻ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കണമെങ്കിൽ ‘പ്രസിഡന്‍റുമായി സഹകരിച്ച് കളിക്കണം’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുഎസിന്‍റെ നിലപാട് കപടവും അന്യായവുമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ഈ വാദത്തെ തള്ളിക്കളഞ്ഞത്. ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പോള പരിഗണനകളെ ആശ്രയിച്ചാണ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകൾ, യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെ, റഷ്യയുമായി വ്യാപാരം തുടരുന്ന കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് ആരോപിച്ചു. യുഎസ് സമ്മർദ്ദങ്ങൾക്കിടയിലും, റഷ്യൻ എണ്ണ വ്യാപാരം നിർത്താൻ ഇന്ത്യ ഒരു സൂചനയും നൽകിയിട്ടില്ല. പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയ ശേഷം മോസ്കോ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരായി മാറിയിട്ടുണ്ട്.
ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.
തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ആണ് ഈ വാരം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ചിത്രം. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
രണ്ട് മലയാള സിനിമകളും ഈ വാരം ഒടിടിയിലേക്ക് എത്തുന്നുണ്ട്. സാഹസം ആണ് ഒടിടിയിൽ എത്തുന്ന ഒരു മലയാളം സിനിമ. ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് ഇത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് ‘ഓണം മൂഡ്’. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ചിത്രം സൺ നെക്സ്റ്റിലൂടെ നാളെ പുറത്തിറങ്ങും.
ഹൃദു ഹാറൂൺ നായകനായി എത്തിയ മേനേ പ്യാർ കിയ ആണ് സ്ട്രീമിങ്ങിനെത്തുന്ന അടുത്ത മലയാളം സിനിമ. നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാൽ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സൂചനയും നൽകി. അപകടം ഉണ്ടായശേഷം കരൂരിൽ തുടരാതിരുന്നതിലും വിജയ് വിശദീകരണം നൽകി. ഉടൻ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. രാജസ്ഥാനിലെ ഝലാവര്‍ സ്വദേശിനിയായ നിദാ ഖാനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാക്കയിലെ അദ് ദിന്‍ മൊമിന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു നിദ. മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
ശനിയാഴ്ച ഹോസ്റ്റല്‍ മുറിയിലാണ് നിദയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാദേശിക അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിദ പഠിച്ചിരുന്ന കോളേജ് അധികൃതര്‍ വിഷയത്തില്‍ പ്രസ്താവന പുറപ്പെടുവിക്കാത്തതിനെതിരേ പലരും ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ ഇടപെടാന്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎംഎസ്) വിദേശകാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
പാലക്കാട് വടക്കാഞ്ചേരിക്കു സമീപം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ സ്കൂട്ടർ, പിന്തുടർന്ന് വന്ന വിഷ്ണു ബൈക്കോടിച്ചു ഇടിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.
എന്നാൽ യുവതി ശക്തമായി പ്രതികരിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വടക്കഞ്ചേരി പൊലീസ്, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.
വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
ലൈംഗികാതിക്രമ കേസിൽ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ. ആഗ്രയിൽ നിന്നാണ് ദില്ലി പൊലീസ് ചൈതന്യാന്ദയെ അറസ്റ്റ് ചെയ്തത്. ചൈതന്യാന്ദയെ ദില്ലിയിൽ എത്തിക്കും. 17 പെണ്‍കുട്ടികളാണ് ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസിന്‍റെ അറസ്റ്റ് നടപടി.
നിരവധി കേസുകളിൽ പ്രതിയാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കേസുകൾ ചൈതന്യാനന്ദയ്ക്കെതിരെ ഉണ്ടെന്ന് കാണിച്ചാണ് പൊലീസ് ജാമ്യ ഹർജിയെ എതിർത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പരാതികൾ പുറത്തു വന്നതിനു പിന്നാലെ ഒളിവിൽ പോയ ചൈതന്യാനന്ദയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പിടിയിലായത്.
കേസ് എടുത്തതിന് പിന്നാലെ ചൈതന്യാനന്ദയുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത കാറിൽ പ്രതി പെൺകുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായാണ് സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതിനിടെ, പെൺകുട്ടികളുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. പ്രതി പെൺകുട്ടികളുടെ ഹോസ്റ്റൽ റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിലെ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നു എന്നും പെൺകുട്ടികൾ പറയുന്നു.
17 പെൺകുട്ടികളാണ് ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകിയത്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ആരോപണമുണ്ട്. ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പൊലീസിന് മുൻപിൽ പരാതി എത്തുന്നത്.
വിദ്യാർത്ഥിനികൾ ഡയറക്ടർക്കെതിരെ അഡ്മിനിസ്ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭരണ സമിതിയിലുള്ള ഒരാൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് 32 വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. ഇതിൽ 17 പേർ ഡയറക്ടർക്കെതിരെ മൊഴി നൽകി. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, വാട്സ് ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നെല്ലാമാണ് വിദ്യാർത്ഥിനികൾ മൊഴി നൽകിയത്.
സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ഗുരുതര പരാതിയുണ്ട്. സ്വാമി ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാൻ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും സമ്മർദം ചെലുത്തി എന്നാണ് വിദ്യാർത്ഥിനികളുടെ മൊഴി. തുടർന്ന് പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി പരിശോധന നടത്തി.
നേരത്തെ സ്വാമി പാർത്ഥസാരഥി എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 2009ലും 2016ലും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. ഒഡീഷ സ്വദേശിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി 12 വർഷമായി ഈ ആശ്രമത്തിലാണ് താമസം.
കണ്ണൂർ: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർത്ഥിയെ പിഎസ്‌സി വിജിലൻസ് സംഘം പിടികൂടി. പെരളശ്ശേരി സ്വദേശിയായ എൻ.പി. മുഹമ്മദ് സഹദ് ഷർട്ടിലെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറയിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് അയച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ സ്വീകരിക്കുകയായിരുന്നു. പാന്റിന്റെ അടിയിലുള്ള രഹസ്യ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോണും സഹായത്തിനായി ഉപയോഗിച്ചു.
പരീക്ഷയ്ക്കിടെ സഹദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാൾ മുൻപ് മറ്റുപരീക്ഷകളിലും സമാന രീതി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു. സഹദിന് ഇനി പിഎസ്‌സി പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും, കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വത്തിൽ നടൻ വിജയ് കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 40 പേരുടെ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ജന തിരക്ക് മൂലം ആംബുലൻസുകൾക്ക് സമയത്ത് ഇടപെടാൻ കഴിയാതെ വന്ന സാഹചര്യവും അപകടത്തിന്റെ ഗുരുതരത്വം വർധിപ്പിച്ചു.
അപകട വിവരം അറിഞ്ഞതോടെ വിജയ് തന്റെ പ്രസംഗം അവസാനിപ്പിക്കുകയും, ജനങ്ങളോട് ശാന്തത പാലിക്കാനും ആംബുലൻസുകൾക്ക് വഴി വിടാനും അഭ്യർത്ഥിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വിജയിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ റാലി നടന്നത്.