India

എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ മദ്യം നൽകി സുഹൃത്തുക്കൾ കൂട്ടബലാൽസംഘത്തിന് ഇരയാക്കി. ബലമായി മദ്യം നൽകിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സുഹൃത്തുക്കൾ കടന്ന് കളഞ്ഞു.

കോഴിക്കോട് നഗരത്തിൽ സുഹൃത്തുക്കൾ താമസിച്ചിരുന്ന മുറിയിൽ പെൺകുട്ടിയെ എത്തിച്ച് ബലമായി മദ്യം നൽകുകയായിരുന്നു. മദ്യ ലഹരിയിലായ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാവിലെയാണ് പ്രതികൾ താമസ സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപെട്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.

 

ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഒരു ചെറുപ്പക്കാരൻ തൻ്റെ ക്യാമറയിൽ കടലിൻ്റെ ചിത്രങ്ങളെടുക്കുകയാണ്. ക്യാമറ ഫ്രെയിമിൽ നടുക്കത്തോടെ അയാളൊരു ദൃശ്യം കണ്ടു. കുതിച്ചു പൊന്തുന്ന കടൽത്തിരയിലേക്ക് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു. വളരെ സാഹസികമായി അയാൾ അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു ….. നിലച്ചുപോയ നൃത്തത്തിന് കാൽച്ചിലങ്ക നൽകി ചേർത്തു പിടിച്ചു. പഴയ പ്രണയനഷ്ടങ്ങളെ മറികടന്ന് അവൾ അയാളുടെ ജീവിതത്തിലേക്ക് മിന്നുചാർത്തി വന്നു…. ‘പ്രണയ തീരം’ എന്ന മ്യൂസിക് ആൽബം ഇങ്ങനെയാണ് അവസാനിക്കുന്നത്.

ശ്രീമംഗലം ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജി ശ്രീമംഗലം എഴുതിയ പ്രണയം തുടിക്കുന്ന വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ കെ.ജി.കൃഷ്ണ സംഗീതം നൽകി.

കെ.ജി.കൃഷ്ണയും, റീന മുരളിയും ചേർന്നു് ആലപിച്ച ഗാനം സംഗീത പ്രേമികൾക്കിടയിൽ ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു. കെ.ജി.കൃഷ്ണയുടെ മകൻ സൂരജ് കൃഷ്ണ ഓർക്കസ്ട്രേഷൻ ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ആൽബത്തിനുണ്ട്.

“പ്രണയതീരത്തിൻ്റെ “കഥയും, സംവിധാനവും അമ്പിളി മഹേഷാണ് നിർവ്വഹിച്ചത്.

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട എബിൻ മാത്യുവിന്റെ(24) മൃതദേഹം കണ്ടെത്തി. സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്. ഇതിൽ സഹോദരങ്ങളായ മെറിൻ(18), മെഫിൻ(15) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. എബിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് 30 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

മാരാമണ്‍ കണ്‍വെൻഷനെത്തിയവരായിരുന്നു ഇവർ. എട്ടംഗസംഘമാണ് ചെട്ടികുളങ്ങരയിൽനിന്ന് മോട്ടോർ സൈക്കിളിൽ മാരാമൺ കൺവെൻഷനെത്തിയത്. കൺവെൻഷന്റെ ഭാഗമായി യുവവേദി നടത്തിയ ബൈക്കു റാലിക്കുശേഷമാണ് ഇവർ കുളിക്കാനിറങ്ങിയത്. ഇതിനിടെ മെഫിൻ നദിയുടെ മധ്യഭാഗത്തേക്കു നീങ്ങുമ്പോൾ കയത്തിൽ താഴ്‌ന്നുപോയി.കണ്ടുനിന്ന മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്കു ചാടിയെങ്കിലും അവരും കയത്തിലകപ്പെട്ടു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മൂവരും മുങ്ങിപ്പോവുകയായിരുന്നു.

കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെ മെറിന്റെയും മെഫിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. മെഫിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി അടുത്തുള്ള മോർച്ചറിയിലേക്ക് മാറ്റി. മെറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. എബിന്റെ മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തും.

ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ അനിയൻകുഞ്ഞിന്റെയും ലിജോമോളുടെയും മക്കളാണ് മെഫിൻ, മെറിൻ, ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലവ്‌ലിയുടെയും മകനാണ് എബിൻ മാത്യു(സോനു).

യു.എ.ഇയിലെ മലയാളി പണ്ഡിതനായ ആര്‍.വി. അലി മുസ്ലിയാര്‍ മരണപ്പെട്ടു.ഇന്നലെ (ശനിയാഴ്ച ) നോമ്പ് തുറന്ന് പള്ളിയില്‍ പോയി നമസ്കരിച്ച് വീട്ടിലെത്തിയ ഉസ്താദിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

യു.എ.ഇയിലെ പ്രത്യേകിച്ച് അജ്മാനില്‍ നാലര പതീറ്റാണ്ടോളം ദീനീ പ്രബോധന രംഗത്ത് സജീവമായി ഉണ്ടായിരുന്നു ഉസ്താദ് നാല്പത്തിയഞ്ച് വര്ഷം അജ്മാനിലെ മതകാര്യ വകുപ്പില്‍ ജോലി ചെയ്ത് അടുത്തിടെയാണ് വിരമിച്ചത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി സി3 കേരള സ്‍ട്രൈക്കേഴ്‍സ്. തെലുങ്ക് വാരിയേഴ്സുമായി ഏറ്റുമുട്ടിയ സ്ട്രൈക്കേഴ്സ് 64 റണ്‍സിനാണ് പരാജയപ്പെട്ടത്. സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്‍റെ ബാറ്റിംഗാണ് കേരളാ ടീമിന് വെല്ലുവിളിയായത്. തെലുങ്ക് താരങ്ങള്‍ മികച്ച ബാറ്റിംഗിൽ പിടിച്ചു നിന്നപ്പോൾ രാജീവ് പിള്ള ഒഴികെയുള്ള സ്‍ട്രൈക്കേഴ്‍സ് താരങ്ങള്‍ റണ്‍ കണ്ടെത്താൻ ബുദ്ധിമുട്ടി.

സ്‍ട്രൈക്കേഴ്‍സിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനാണ് ടീമിന് ആകെ സാധിച്ചത്. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 23 ബോളില്‍ 38 റണ്‍സാണ് രാജീവ് നേടിയത്.

ടോസ് നേടി കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിംഗിന് യോജിച്ചതാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ ക്യാപ്റ്റന്റെ പ്രതീക്ഷകൾക്ക് വിപരീതമായായിരുന്നു തെലുങ്ക് വാരിയേഴ്‍സിന്റെ പ്രകടനം. അഖില്‍ അക്കിനേനിയാണ് തെലുങ്ക് വാരിയേഴ്‍സിന്റെ ക്യാപ്റ്റൻ.

ജസ്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരനായ യുവാവിന് അറിയാമെന്നാണ് പോക്‌സോ കേസില്‍ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരന്റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് തടവുകാരന്‍ സിബിഐക്ക് മൊഴി നല്‍കി.

ജസ്നയെ കാണാതായിട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് കേസിലെ പുതിയ വെളിപ്പെടുത്തല്‍. ആദ്യം ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇപ്പോൾ സി.ബി.ഐക്ക് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ജസ്നയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

ഇതിനിടെയാണ് പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി, ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരന് അറിയാമെന്ന് സി.ബി.ഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ജസ്നയെ നേരത്തെ തന്നെ അറിയാം. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് നിർണായക വിവരങ്ങൾ അറിയാം’ എന്ന് സഹതടവുകാരൻ തന്നോട് പറഞ്ഞുവെന്നാണ് തടവുകാരന്റെ വെളിപ്പെടുത്തൽ.

നാല് മാസം മുമ്പാണ് സംഭവം നടക്കുന്നത്. പോക്സോ കേസിൽ നിലവിൽ പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയാണ് ജയിൽ സൂപ്രണ്ടിനോട് ഇക്കാര്യം ആദ്യം പറഞ്ഞത്. കൊല്ലം ജയിലിൽ തന്റെ കൂടെ കഴിഞ്ഞ സഹതടവുകാരനായ മോഷണക്കേസ് പ്രതിയും പത്തനംതിട്ട സ്വദേശിയുമായ പ്രതിയ്ക്ക് ജസ്നയെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം എന്ന് പറഞ്ഞതായി ഇയാൾ പറഞ്ഞത്. തുടർന്ന് സി.ബി.ഐ. പൂജപ്പുര ജയിലിൽ എത്തി തടവുകാരന്റെ മൊഴി രേഖപ്പെടുത്തി. ഇയാൾ പറഞ്ഞ വിലാസം അനുസരിച്ച് പത്തനംതിട്ട സ്വദേശിയായ തടവുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് കാണാതായത്. ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രി കാണാതായത്. ആധുനിക കൃഷിരീതി പരിശീലനത്തിനായാണ് 27 കർഷകരെ ഇസ്രയേലിൽ അയച്ചിരുന്നത്.

രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാനായി കാത്തു നിന്ന ബസിന് സമീപത്ത് ബിജു എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങടക്കം പരിശോധിച്ചു. കൈയിൽ പാസ്പോർട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.

സഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇയാൾക്കായി ഇസ്രയേൽ പൊലീസ് ആശുപത്രികളിലും മാളുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് . ഇസ്രയേലിലേക്കുള്ള ടിക്കറ്റിന്റെ പണം ബിജു നൽകിയിരുന്നെങ്കിലും വിസ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ളതാണ്.

മേയ് എട്ടുവരെയാണ് വിസ കലാവധി. സംഘത്തോടൊപ്പം മടങ്ങിയില്ലെങ്കില്‍ വിസ റദ്ദാവുകയും ഇസ്രയേൽ അധികൃതർക്ക് തടഞ്ഞുവെക്കാനും കഴിയും. കാണാതായ ബിജുവിനായി ഇസ്രയേൽ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. ബിജുവിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ മാസം 11ന് ശേഷം ബിജു വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. കൂടാതെ 16ന് ശേഷം മുറിയിലുണ്ടായിരുന്നയാളോടൊ ടീം ലീഡറുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും പറയുന്നു.

ഹെര്‍സ്ലിയന്‍ സിറ്റി സെന്ററിലേക്ക് ബിജുവിനെ പോലെ സാദൃശ്യമുള്ള ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്. ഇന്ന് മടങ്ങിയെത്തുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.

പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നിരിക്കുന്നത്. വിഷം ഉള്ളിൽ ചെന്നൊണ് കുട്ടി മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സൂചനയുള്ളത് എന്നാൽ അശ്വതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹപാഠികളും ബന്ധുക്കളും പറയുന്നു. അതേസമയം, മകളുടെ മരണത്തിന്റെ കാരണം അറിയാതെ കണ്ണീരൊഴുക്കുകയാണ് മാതാപിതാക്കൾ.

മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. സ്‌കൂളിൽ വച്ച് ഛർദ്ദിച്ചതിനെ തുടർന്ന് അധ്യാപകർ അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അശ്വതി മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്നു രാവിലെ സ്‌കൂളിൽ ഐടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് അശ്വതിയ്ക്ക് ഛർദി അനുഭവപ്പെട്ടത്. ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് കുട്ടിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില ഗുരുതരമായതിനാൽ അവിടെ നിന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. കുട്ടിയുടെ ആരോഗ്യ നില മോശമായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൂടുതൽ പരിശോധനയിൽ കിഡ്നി ഉൾപ്പടെ ആന്തരികാവയങ്ങൾ പ്രവർത്തനരഹിതമായതായി കണ്ടെത്തിയിരുന്നു.

അശ്വതി വീട്ടിൽ നിന്ന് പരീക്ഷയ്ക്കായി പോയത് സന്തോഷവതിയായിട്ടാണ് എന്ന് വീട്ടുകാർ പറയുന്നു. വിഷം എങ്ങനെ അശ്വതിയുടെ ശരീരത്തിൽ എത്തിയെന്നുള്ള വിവരമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അശ്വതിയുടേത് ആത്മഹത്യയായിരിക്കില്ലെന്നാണ് സഹപാഠികളുടെ മൊഴി.

കുട്ടമ്പുഴ സ്വദേശി കറുകടത്ത് മറ്റനായിൽ സിമിലേഷ്-ഉമ ദമ്പതിമാരുടെ മകളാണ് അശ്വതി. നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു അശ്വതി എന്നാണ് വിവരം. പെൺകുട്ടിയുടേത് ആത്മത്യാണെന്ന സംശയമുയർന്നിരുന്നെങ്കിലും സാഹചര്യത്തെളിവുകൾ അതിന് യോജ്യമല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

മൂന്നര മാസം മുൻപ് ദുബായിൽ നിന്നു കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ ദുബായില്‍ നിന്ന് കാണാതായത്.

മുറിയില്‍നിന്ന് വൈകിട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ എത്തിയിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്.

ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. ഇതിനിടെയാണ് അമലിനെ താമസസ്ഥലത്തുനിന്ന് കാണാതായത്. കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും ഊർജിതമായി അന്വേഷണം നടത്തിയിരുന്നു.

ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ് സതീശ് ദുബായിലെത്തിയിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുന്‍പാണ് അദ്ദേഹം തിരികെപോയത്.

ഇപ്പോള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

വ്യഭിചാരക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച മലയാളിക്ക് ഇളവ്. റിയാദ് ജയിലില്‍ കഴിയുന്ന മലപ്പുറം, ഒതായി സ്വദേശി സമീര്‍ പെരിഞ്ചേരിക്കാണ് (38) വധശിക്ഷയിൽ ഇളവ് ലഭിച്ചത്. തുടർച്ചയായി നടത്തിയ നിയമപോരാട്ടമാണ് സമീറിന് തുണയായത്. ഏകദേശം ഒരു വര്‍ഷം മുമ്പ് റിയാദിലെ ബത്ഹയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പിടിയിലായ സംഘത്തിനൊപ്പമുണ്ടായിരുന്ന സമീർ ജയിലിലാകുകയായിരുന്നു.

ഈ സംഘത്തിലെ ഇന്തോനേഷ്യന്‍ യുവതി സമീറിനെതിരെ മൊഴി നൽകിയതോടെയാണ് വ്യഭിചാരക്കുറ്റം ചുമത്തി ശരീഅത്ത് നിയമപ്രകാരം വധശിക്ഷക്ക് വിധിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നൽകിയെങ്കിലും സമീറിന്‍റെ വധശിക്ഷ ശരിവെക്കുകയാണുണ്ടായത്.

ഇതോടെ സമീറിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. സാമൂഹികപ്രവര്‍ത്തകന്‍ സുധീര്‍ മണ്ണാര്‍ക്കാടിന് കേസിന്‍റെ തുടര്‍നടപടികളില്‍ ഇടപെടാന്‍ എംബസി സമ്മതപത്രം നൽകി. ഇതേത്തുടർന്ന് വീണ്ടും മേൽക്കോടതിയെ സമീപിക്കുകയും നിയമപോരാട്ടം തുടരുകയും ചെയ്തതോടെ കേസ് പുനഃപരിശോധിക്കാൻ കോടതി തയ്യാറാകുകയായിരുന്നു.

സമീറിനെതിരായ കുറ്റം തെളിയിക്കാൻ ആവശ്യമായ സാക്ഷികളോ തെളിവുകളോ ഈ കേസിൽ ഇതുവരെയും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദമാണ് നിർണായകമായത്. ഈ വാദം അംഗീകരിച്ച റിയാദ് കോടതി കഴിഞ്ഞ വ്യാഴാഴ്ച വധശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ സമീറിന്റെ ജയിൽമോചനം സാധ്യമായിട്ടില്ല. സൌദി നിയമപ്രകാരമുള്ള തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷ സമീർ അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

Copyright © . All rights reserved