India

ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച് വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റു ചെയ്തു.ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23), നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്തു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് സിബിനു സാലി (23), കണ്ണൂർ ഉരുവച്ചാൽ അടിയോട് വീട്ടിൽ റയാസ് (26), മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27) എന്നിവരെയാണ് തൃക്കാക്കര സി.ഐ. എ.കെ. സുധീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഡേറ്റിങ് ആപ്പിലൂടെ കെണിയിൽപ്പെടുത്തിയ യുവാവിനെ പ്രതികൾ താമസിച്ചിരുന്ന കാക്കനാട് പടമുകളിലെ വീടിനു സമീപത്തേക്ക് രാത്രി വിളിച്ചുവരുത്തി മർദിച്ച് മൊബൈൽ ഫോൺ കൈക്കലാക്കി. താൻ സ്വവർഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിക്കുന്ന വീഡിയോ ഇവർ പകർത്തുകയും ചെയ്തു.

ഈ വീഡിയോ വാട്സാപ്പ് വഴി പ്രചരിപ്പിക്കാതിരിക്കാൻ ഒരുലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം വൈകീട്ട് പണം നൽകാമെന്നു സമ്മതിച്ചതോടെ യുവാവിനെ വിട്ടയച്ചു.

വീട്ടിലെത്തിയ യുവാവ് സംഭവം പിതാവിനെ അറിയിച്ചതോടെ വീട്ടുകാർ തൃക്കാക്കര പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുപേരും വലയിലായത്.

പ്രതികളിൽനിന്ന്‌ പത്ത് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. സംഘം ഡേറ്റിങ് ആപ്പിലൂടെ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍മാതാവ് ദില്‍ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ജാമ്യഹര്‍ജിയും ഹൈക്കോടതി ഉടന്‍ പരിഗണിക്കാനിരിക്കുന്നതിനാല്‍ നടനെ ജയിലിലേക്ക് മാറ്റിയിരുന്നില്ല. ഇതിനുപിന്നാലെയാണ് നടന് ആശ്വാസമായി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് അല്ലു അര്‍ജുനെവെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തി തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികള്‍ക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്റ്റേഷനിലേക്ക് പോയത്.

പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്നും നടന്‍ പറഞ്ഞു. കാപ്പി കുടിച്ചതിന് പിന്നാലെ ഇനി പോകാം സര്‍ എന്നുപറഞ്ഞാണ് അല്ലു അര്‍ജുന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടന്നുനീങ്ങിയത്.

ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്നും ഒരുമിച്ചായിരുന്നു അവർ. കളിക്കാനാണെങ്കിലും പഠിക്കാനാണെങ്കിലും. ചങ്ങാത്തച്ചരടിൽ കോർത്തവർ‌. ചെറുള്ളി ഗ്രാമത്തിൽ അടുത്തടുത്തായി താമസിക്കുന്നവർ. അവധിദിവസങ്ങളിലടക്കം നാലുപേരും ഒത്തുകൂടും. മരണത്തിലും വേർപിരിയാത്ത ആ കൂട്ടുകാർ നാടിന്റെ തീരാനോവായി.

കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനികളായ പി.എ. ഇർഫാന ഷെറിൻ, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്.

അപകടസ്ഥലത്തുനിന്ന്‌ 300 മീറ്റർകൂടി പിന്നിട്ടാൽ ഇവർ വീടുകളിൽ എത്തുമായിരുന്നു.

മദ്രസപഠനംമുതൽ തുടങ്ങിയതാണ് നാലുപേർക്കിടയിലെ സൗഹൃദം. സ്കൂളിൽ എട്ടാംതരത്തിലെ വിവിധ ഡിവിഷനുകളിലായാണ് ഇവർ പഠിച്ചിരുന്നത്. അപകടത്തിൽപ്പെട്ട കുട്ടികളിൽ ചിലരെ തിരിച്ചറിയാനാകാതെയാണ് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് കുതിച്ചത്. പൊന്നോമനകൾക്ക് സംഭവിച്ച ദുരന്തം വീട്ടുകാർ അറിഞ്ഞതും വൈകിയായിരുന്നു. ഒരുകുട്ടിയുടെ വാച്ചുകണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. അതോടെ ചെറുള്ളിയൊന്നാകെ സങ്കടക്കടലിലായി.

മുൻപ്‌ ദേശീയപാതയിലൂടെ അല്ലാതെ മറ്റൊരുവഴിയിലൂടെയായിരുന്നു കുട്ടികൾ സ്കൂളിലേക്കെത്തിയിരുന്നത്. അടുത്തിടെയാണ് ദേശീയപാതയിലൂടെ സ്കൂളിലേക്ക് വന്നുതുടങ്ങിയത്. വീട്ടിൽനിന്ന് സ്കൂളിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്ററേ ദൂരമുള്ളൂ.

മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരിമ്പ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാർഥിയുടെ മൃതദേഹം വട്ടമ്പലം മദർ കെയർ ആശുപത്രിയിലുമാണുള്ളത്.

സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഈ സമയം സിമന്റുമായെത്തിയ ലോറി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കാസർകോട് സ്വദേശികളായ വർ​ഗീസ്, മഹേന്ദ്ര പ്രസാദ് എന്നിവരാണ് ലോറി ഡ്രൈവർമാർ. ഇവർ മണ്ണാർക്കാട് മദർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച് സ്വയം പ്രസവിച്ച യുവതിയുടെ നവജാത ശിശു മരിച്ചു. ഒഡിൽ സ്വദേശികളായ ഗുല്ലി- ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്.

തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചെന്നെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഒടുവിൽ വീട്ടിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ച് കുഞ്ഞിൻ്റെ പൊക്കിൾക്കൊടി മുറിച്ച് മാറ്റിയതും യുവതി ഒറ്റയ്ക്കായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം.

സംഭവം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തി ഗർഭിണിയായ വിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും ചികിത്സ തേടാൻ ഉപദേശിച്ചിരുന്നതായും ആശ വർക്കർ പറഞ്ഞു. ആശ വർക്കർ നിർദ്ദേശിച്ചിട്ടും യുവതി ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.

ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിനാ(29)ണ് പിടിയിലായത്. ചോദ്യംചെയ്യലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നടത്തിയ വാഹനമോഷണങ്ങളുടെ ചുരുളഴിഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആൻഡ് പാർക്കിൽനിന്ന്‌ കാർ മോഷണം പോയത്. കടയ്ക്കലിൽ വർക്ക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന്‌ ഇളക്കിയ നമ്പർ പ്ലേറ്റ് മോഷ്ടിച്ച കാറിൽ സ്ഥാപിച്ചു. തുടർന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനത്തിൽനിന്ന്‌ 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവർന്നു.

അടുത്തദിവസം പത്തനംതിട്ട പെരിനാട്ട് കാറിൽ എത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് കവർന്ന 400 കിലോയിലധികം റബ്ബർഷീറ്റ് പൊൻകുന്നത്ത് കൊണ്ടുപോയി വിറ്റു. പണവുമായി കോഴിക്കോട്ടുള്ള സ്നേഹിതയെ കാണാൻ പോകുംവഴി പാലായ്ക്കുസമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ചത് പോലീസ് വാഹനത്തിലാണെന്നു തെറ്റിദ്ധരിച്ച് അവിടെനിന്നു കടന്ന പ്രതി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കാർ ഉപേക്ഷിച്ച് ബസിൽ തിരുവനന്തപുരത്തേക്കു പോയി. മോട്ടോർ സൈക്കിളിൽ വീണ്ടും കോഴിക്കോട്ടേക്കു പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്‌ഷനിൽ ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പോലീസ് പിടികൂടുകയായിരുന്നു.

ഒട്ടേറെ ഇടങ്ങളിൽ സമാനമായി ഇയാൾ വാഹനമോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 2023-ൽ കല്ലമ്പലത്ത് കാർ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിൻ കഴിഞ്ഞ ജൂലായിലാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്.

ഓഗസ്റ്റിൽ നെടുമങ്ങാട്ടുനിന്ന്‌ കാർ മോഷ്ടിച്ചതായും പാലക്കാട് കുഴൽമന്ദം തേങ്കുറിശ്ശിയിൽ പെയിന്റുകടയിൽ മോഷണം നടത്തിയതായും പോലീസ് പറഞ്ഞു. സെപ്റ്റംബറിൽ ആലത്തൂരിലെ യൂസ്ഡ് കാർ ഷോറൂം, കാസർകോട്ടെ യൂസ്ഡ് കാർ ഷോറൂം എന്നിവിടങ്ങളിൽനിന്ന് കാറും ഷൊർണൂരിൽ വാഹന ഷോറൂമിൽനിന്നു പിക്കപ്പ് വാനും പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

ഇതുൾപ്പെടെ പ്രതി ഉൾപ്പെട്ട എട്ട് മോഷണക്കേസുകൾ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോൺ കോളുകളും പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളിൽ വലയിലാക്കിയത്. കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ, എസ്.ഐ.മാരായ എ.ആർ.അഭിലാഷ്, രജനീഷ്, വാസുദേവൻ, രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജു ഡി.തോമസ്, സി.പി.ഒ.മാരായ എൻ.രാജേഷ്, ശ്യാം കൃഷ്ണൻ, അരുൺ മോഹൻ, ഡി.ദീപക്, അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മൂന്ന് കൊല്ലത്തിനിടെ നൂറ് പെരുമ്പാമ്പുകളെ വലയിലാക്കിയ അപൂർവ നേട്ടവുമായി വനം വകുപ്പിലെ രോഷ്നി ജി.എസ്. ചൊവ്വാഴ്ച രാത്രി ആര്യനാട്, പുതുക്കുളങ്ങരയിലെ ഒരു വീട്ടിൽ നിന്ന് പിടികൂടിയതാണ് രോഷ്നിയുടെ പാമ്പ് പിടിത്ത കാലയളവിനിടയിലെ നൂറാമത്തെ പെരുമ്പാമ്പ്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും (ബി.എഫ്.ഒ) റാപ്പിഡ് റസ്പോൺസ് ടീം (ആർ.ആർ.ടി) അംഗവുമാണ് രോഷ്നി.

പരിശീലനവും ലൈസൻസും നേടി 2019 അവസാനം മുതലാണ് പാമ്പ് പിടിത്തം രോഷ്നി ആരംഭിച്ചത്. പരിശീലനശേഷം രോഷ്നി ആദ്യമായി എടുത്തതും പെരുമ്പാമ്പ് ആയിരുന്നു. പാമ്പുകളെ ഉപദ്രവി ക്കുന്നതും കൊല്ലുന്നതും വ്യാപകമായതോടെയാണ് ശാസ്ത്രീയമായി പാമ്പുകളെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥക്ക് അനുസരിച്ച് തുറന്ന് വിടാൻ വനം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. അതിന്റെ ഭാഗമാണ് ഇപ്പോൾ രോഷ്നിയും.

ഏറെപ്രതികൂലവും ദുഷ്കരവുമായ സാഹചര്യങ്ങളിൽ പോലും ധൈര്യമായി ഇറങ്ങി ചെന്ന് അതി സാഹ സികമായി പാമ്പുകളെ പിടികൂടാൻ രോഷ്നി കാട്ടുന്ന മിടുക്ക് ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം പുലർച്ചെ 4.30 ന് വന്ന ഫോൺ സന്ദേശം അനുസരിച്ച്, ഉറക്കം കളഞ്ഞാണ് രോഷ്നി തന്റെ 99ാ മത്തെ പെരുമ്പാമ്പിനെ പിടിക്കാൻ ഇറങ്ങിയത്. കഴിഞ്ഞമാസം രാത്രിയിൽ വിതുര, കളീക്കലിൽ തോട്ടിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വെള്ളത്തിൽ വീണുപോയ സംഭവവും ഉണ്ടായി. പെരുമ്പാമ്പിനെ പിടികൂടുന്ന സാഹചര്യങ്ങളില്ലൊം വലിയ പ്രതിബന്ധങ്ങളെ തരണം ചെയ്തഅനുഭവങ്ങളുമുണ്ട്.

പാമ്പുപിടിത്തം ഹരമാക്കിയ രേഷ്നി ആർ.ആർ.ടിയിൽ എത്തിയ ശേഷം പെരുമ്പാമ്പുകളെ കൂടാതെ, മൂർഖൻ, അണലി, ശംഖുവരയൻ, ചേര, കാട്ടുപാമ്പ്, ചുരുട്ട തുടങ്ങി നാന്നൂറോളം എണ്ണത്തെ ഇതിനകം പിടികൂടിയിട്ടുണ്ട്. കൂടാതെ മരപ്പട്ടി, മുള്ളൻപന്നി, മൂങ്ങ തുങ്ങിയവയെയും സാഹസികമായി വലയിലാക്കി യിട്ടുണ്ട്. പരസഹായം തേടാൻ കഴിയാത്ത രക്ഷാദൗത്യമാണ് പാമ്പ് പിടിത്തമെന്നും അതിനുസൃതമായി ഓരോസ്ഥലത്തെയും നാട്ടുകാരും സഹകരിക്കുന്നതാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നും രോഷ്നി പറയുന്നു.

ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെം​ഗളൂരുവിലെ രാമ​ന​ഗരയിലാണ് സംഭവം. കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമായ ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി.

ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിത ചെലവുകളും തള്ളി നീക്കുന്നതിൽ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വിൽക്കാമെന്ന് യുവതി ഭർത്താവിനോട് പറയുകയായിരുന്നു. എന്നാൽ ഭർത്താവ് യുവതിയെ പിന്തിരിപ്പിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവാവ് ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. സുഖമില്ലാത്തതിനാൽ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസിൽ നൽകുകയായിരുന്നു.

വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെം​ഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നൽകിയത്. ഉടനെ പോലീസ് ബെം​ഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.

രാജ്യസഭാധ്യക്ഷൻ എന്നനിലയിൽ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ച് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറിനെ നീക്കാൻ ഇന്ത്യസഖ്യത്തിന്റെ രാഷ്ട്രീയ നീക്കം.

ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകി. ഉപരാഷ്ട്രപതിയെ നീക്കാൻ നോട്ടീസ് നൽകുന്നത് ചരിത്രത്തിലാദ്യമായാണ്. പ്രമേയത്തിന് രാജ്യസഭയുടെയും ലോക്‌സഭയുടെയും അനുമതി വേണമെന്നിരിക്കേ നിലവിലെ പ്രതിപക്ഷ അംഗബലമുപയോഗിച്ച് ഉപരാഷ്ട്രപതിയെ നീക്കൽ അസാധ്യമാണ്‌.

ഉപരാഷ്ട്രപതിയെ നീക്കുന്ന പ്രമേയത്തിന് 14 ദിവസംമുൻപ് നോട്ടീസ് നൽകണമെന്നിരിക്കേ ഈമാസം 20-ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തിൽ ഇതുവരില്ലെന്നുറപ്പായി. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അസ്വാരസ്യങ്ങൾക്കിടെ ‘ഇന്ത്യസഖ്യ’ത്തിന്റെ ഐക്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കംകൂടിയാണ് നോട്ടീസിലൂടെ ലക്ഷ്യമിട്ടത്.

അറുപതോളം രാജ്യസഭാംഗങ്ങൾ ഒപ്പുവെച്ച നോട്ടീസാണ് കോൺഗ്രസ് നേതാക്കളായ ജയറാം രമേഷും നാസീർ ഹുസൈനും രാജ്യസഭാ സെക്രട്ടറിജനറൽ പി.സി. മോദിക്ക് നൽകിയത്. കോൺഗ്രസിനുപുറമേ തൃണമൂൽ കോൺഗ്രസ്, എ.എ.പി., ഡി.എം.കെ., ആർ.ജെ.ഡി., സി.പി.എം., ജെ.എം.എം., സി.പി.ഐ. അംഗങ്ങളാണ് ഒപ്പുവെച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ സഭയിലെ കക്ഷിനേതാക്കളും ഒഴികെയുള്ളവരാണ് ഒപ്പിട്ടത്.

ഉപരാഷ്ട്രപതിയെ നീക്കുന്നതിനെക്കുറിച്ച് ഭരണഘടനയുടെ 67-ബി അനുച്ഛേദത്തിലാണ് പറയുന്നത്. രാജ്യസഭയിലെ ആകെ അംഗങ്ങളിലെ ഭൂരിപക്ഷവും ലോക്‌സഭയിൽ അപ്പോഴുള്ള അംഗങ്ങളിലെ ഭൂരിപക്ഷവും പ്രമേയത്തെ പിന്തുണയ്ക്കണം. പ്രമേയാവതരണത്തിനുള്ള നോട്ടീസ് 14 ദിവസംമുൻപ് നൽകണം. അതേസമയം, എന്തെല്ലാം കാരണത്താൽ ഉപരാഷ്ട്രപതിയെ നീക്കാമെന്ന് ഭരണഘടനയിലില്ല. രാജ്യസഭാധ്യക്ഷൻ എന്നല്ല, ഉപരാഷ്ട്രപതി എന്നാണ് അനുച്ഛേദത്തിൽ പറയുന്നത്. അവിശ്വാസം എന്നോ ഇംപീച്ച്‌മെന്റ് എന്നോ അല്ല, ‘നീക്കംചെയ്യൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

പാർലമെന്റിൽ വിവിധ പ്രമേയങ്ങൾക്കുംമറ്റും അനുമതിതേടുന്ന നോട്ടീസുകളുടെ കാലാവധി അതത് സമ്മേളനങ്ങൾ കഴിയുന്നതോടെ ഇല്ലാതാവും. എന്നാൽ, ഉപരാഷ്ട്രപതിയെ നീക്കുന്ന വിഷയത്തിൽ ഇത് ബാധകമാണോ എന്നതിൽ അവ്യക്തതയുണ്ട്. ഉപരാഷ്ട്രപതിയെ നീക്കാനുള്ള നടപടികൾ സഭാചട്ടത്തിലല്ല, ഭരണഘടനയിലാണ് പറയുന്നത് എന്നതിനാൽ സഭാധ്യക്ഷന് ഏതുതരത്തിലും വ്യാഖ്യാനിക്കാനാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, നോട്ടീസിന് അടുത്ത സമ്മേളനത്തിലും സാധുതയുണ്ടാകുമെന്ന് എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രൻ, പി. സന്തോഷ് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. വേദനയോടെയാണെങ്കിലും ഇന്ത്യസഖ്യത്തിന് ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ്‌ പ്രതികരിച്ചു.

ജില്ലകളിലെ പ്രധാന നഗരത്തില്‍ ഒരു സ്റ്റോപ്പ് എന്ന വിധത്തില്‍ ചുരുക്കം സ്റ്റോപ്പുകള്‍ മാത്രമാണ് കെഎസ്‌ആർടിസി മിന്നല്‍ ബസ് സർവീസുകള്‍ക്കുള്ളത്. ദീർഘദൂര യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്.

തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വിവിധ ഭാഗങ്ങളിലേക്കായി മിന്നല്‍ ബസുകള്‍ സർവീസ് നടത്തുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തിരുവനന്തപുരം- കട്ടപ്പന കെഎസ്‌ആർടിസി മിന്നല്‍. തിരുവനന്തപുരത്ത് നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ കട്ടപ്പനയിലേക്കും തിരികെയും വരേണ്ടവർക്ക് ഈ ബസിനെ ആശ്രയിക്കാം. മുൻകൂട്ടി നിശ്ചയിച്ച ചുരുക്കം ചില ബസ് സ്റ്റേഷനുകളിലല്ലാതെ കയറുകയില്ലെന്നതിനാല്‍ അനാവശ്യമായി സമയം പോവുകയുമില്ല.

തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി 11.55 ന് പുറപ്പെടുന്ന കട്ടപ്പന- തിരുവനന്തപുരം കെ എസ് ആർ ടി സി മിന്നല്‍ സൂപ്പർ ഡീലക്സ് എയർ ബസ് (2355TVMKTP)രാവിലെ ആറ് മണിക്ക് കട്ടപ്പനയില്‍ എത്തും. വെറും ആറ് മണിക്കൂറും ആറ് മിനിറ്റുമാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം. തിരുവനന്തപുരം, കൊട്ടാരക്കര,, കോട്ടയം, തൊടുപുഴ, ചെറുതോണി വഴിയാണ് ബസ് പോകുന്നത്. ₹431 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങള്‍, വാരാന്ത്യങ്ങള്‍ തുടങ്ങിയ സമയങ്ങളില്‍ നിരക്കില്‍ വർധനവ് ഉണ്ടായേക്കാം.

തിരുവനന്തപുരത്ത് നിന്ന് ബസ് എടുത്താല്‍ നാലാമത്തെ സ്റ്റോപ്പാണ് കട്ടപ്പന. അതായത്, ഇരു നഗരങ്ങള്‍ക്കും ഇടയില്‍ വെറും മൂന്ന് സ്റ്റോപ്പ് മാത്രമാണുള്ളത്. കൊട്ടാരക്കര, കോട്ടയം, തൊടുപുഴ എന്നിവയാണവ.

തിരുവനന്തപുരം -23:55 PM

കൊട്ടാരക്കര – 01:05 AM

കോട്ടയം -02:40 AM

തൊടുപുഴ -03:50 AM

കട്ടപ്പന -06:00 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.

കട്ടപ്പന -തിരുവനന്തപുരം കെഎസ്‌ആർടിസി മിന്നല്‍

കട്ടപ്പനയില്‍ നിന്ന് എന്നാ ദിവസവും രാത്രി 10.30 ന് പുറപ്പെടുന്ന കെ എസ് ആർ ടി സി മിന്നല്‍ സൂപ്പർ ഡീലക്സ് എയർ ബസ് (2230KTPTVM)പിറ്റേന്ന് രാവിലെ 4.15 ന് തിരുവനന്തപുരത്ത് എത്തും. കട്ടപ്പന – തൊടുപുഴ – കോട്ടയം – കൊട്ടാരക്കര – തിരുവനന്തപുരം റൂട്ടിലാണ് യാത്ര.

കട്ടപ്പന -10:30 PM

തൊടുപുഴ – 112:45 AM

കോട്ടയം – 101:55 AM

കൊട്ടാരക്കര – 1 03:20 AM

തിരുവനന്തപുരം – 1 04:45 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.

Copyright © . All rights reserved