India

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഇന്ന് 141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാതെയും ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സ്ഥിതി രൂക്ഷമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 9 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.

ഇന്ന് 60 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 275 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്

പത്തനംതിട്ട,                                                                                                                                                                പാലക്കാട്-2
ആലപ്പുഴ-19
തൃശൂര്‍-14
എറണാകുളം-13
തിരുവനന്തപുരം-4
കൊല്ലം-4
കോട്ടയം-8
മലപ്പുറം-11
കോഴിക്കോട്-6
കണ്ണൂര്‍-6
വയനാട്-2

.

തിരുവനന്തപുരം∙ പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാൻ ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ‘രോഗവ്യാപനത്തെക്കുറിച്ച് ഭീതി പരത്തി നാട്ടുകാരിൽ എതിർപ്പ് സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം. ഗൾഫിലെ പ്രവാസികൾ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സർക്കാർ സമീപനം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകൾ‌ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഇല്ലാതെ എത്രപേരെ വേണമെങ്കിലും എത്തിക്കാം’ – ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡിൽ രാഷ്ട്രീയം കലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിൽ പൂർണതോതിൽ സഹകരിച്ചു. മന്ത്രിമാരടക്കം കോവിഡ് മാർഗരേഖ ലംഘിച്ച് പരിപാടികളിൽ പങ്കെടുക്കുന്നു. പൊതുരംഗത്തുള്ളവർ എന്തു പറഞ്ഞാലും ജാഗ്രത പാലിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചു കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി കൈ കാലുകൾ ചലിപ്പിക്കാനും കരയാനും തുടങ്ങിയതായും ശസ്ത്രക്രിയക്ക് ശേഷമുള്ള ഇത്തരം പുരോഗതി പ്രതീക്ഷനല്കുന്നതായും ഡോക്ടർമാർ അറിയിച്ചു. ഇത്തരം പുരോഗതി അടുത്ത 24 മണിക്കൂർ നീണ്ടു നിൽക്കുക യാണ് എങ്കിൽ ആശവഹമാണ് കുട്ടി യുടെ അവസ്ഥ.തുടർ ചികിത്സയിലേക്ക് ഉടൻ പ്രവേശിക്കാനും കഴിയും.

ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവം നീക്കാൻ ചെയ്യാനുള്ള അടിയന്തര ശസ്ത്രക്രിയക്ക് കുഞ്ഞിനെ വിധേയയാക്കിയത്. അങ്കമാലി ജോസെപുരത് വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജുതോമസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 57 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ റിമാൻഡിലാണ്

കേരള കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ തീരുമാനം നടപ്പാക്കിയശേഷം ചര്‍ച്ചയെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണ്. യുഡിഎഫ് നിലപാടിനോടുള്ള ഇരുകൂട്ടരുടേയും നിര്‍ദേശങ്ങളില്‍ ചര്‍ച്ച അതിനുശേഷം നടത്താമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട യുഡിഎഫ് തീരുമാനത്തില്‍ ജോസ് കെ മാണി അതൃപ്തി അറിയിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ. എന്നാല്‍, മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകില്ല. യു ഡി എഫ് ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

കേരള കോൺഗ്രസിലെ പ്രശ്നത്തില്‍ യുഡിഎഫ് മുന്നോട്ടുവച്ച നിലപാടിനോടുള്ള അതൃപ്തി യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. നേതൃത്വം ഗൗരവത്തിൽ വിഷയത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷയെന്നും മുന്നണി മാറ്റത്തിന്റെ ചർച്ചകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഐ.ടി മേഖലയ്ക്ക് അടക്കം കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ കാരണമാകുന്ന വിസ നിയന്ത്രണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ വര്‍ഷം ഒടുവില്‍ വരെ എച്ച്-1ബി വിസയും വിദേശികള്‍ക്ക് നല്‍കുന്ന താത്കാലിക വര്‍ക്ക് വിസയും നിര്‍ത്തിവയ്ക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യന്‍ ഐ.ടി മേഖലയില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷിക്കുന്നതാണ് എച്ച്-1ബി വിസ.

എച്ച്-1ബി, എച്ച്-2ബി, എല്‍ വിസകളും ഇന്റേണ്‍, ടെയിനി, അധ്യാപകര്‍, കൗണ്‍സലര്‍ തുടങ്ങിയവര്‍ക്ക് അനുവദിക്കുന്ന ജെ വിസയും ഈ വര്‍ഷം ഡിസംബര്‍ 31 വരെയും നിര്‍ത്തി വയ്ക്കാനാണ് തീരുമാനം.

നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ വംശജരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ വിസ നിയന്ത്രണങ്ങള്‍ എന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ട്രംപിന്റെ തീരുമാനത്തിനെതിരെ ബിസിനസ് സംഘടനകള്‍, നിയമനിര്‍മാതാക്കള്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാണ്ടാക്കുന്നത് കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണ് ട്രംപ് നടത്തുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസിഡന്റിന്റെ പ്രഖ്യാപനം അനുസരിച്ച് യുഎസിന് പുറത്ത് ഇഷ്യു ചെയ്യുന്ന ഗ്രീൻ കാർഡുകൾക്ക് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തുകയും എച്ച് -1 ബി വിസകൾ ഉൾപ്പെടെ നിരവധി താൽക്കാലിക വർക്ക് വിസകൾ ഫ്രീസ് ചെയ്യുകയും ചെയ്യും. പ്രൊഫഷനലുകളെ ആവശ്യമുള്ള ജോലികളില്‍ വിദേശികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസയാണ് ഇത്. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ഐ.ടി കമ്പനികള്‍ അടക്കം എച്ച് 1ബി വിസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിനിടയിൽ യുഎസ് പൌരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്താനുള്ള മാർഗമായി ഭരണകൂടം ഈ നീക്കത്തെ കാണുന്നത്. ഈ നിയന്ത്രണങ്ങൾ പ്രകാരം അമേരിക്കക്കാർക്ക് വേണ്ടി 525,000 ജോലികൾ വരെ സ്വതന്ത്രമാകുമെന്ന് കണക്കാക്കുന്നത്.

അതേസമയം, പുതിയ പ്രഖ്യാപനത്തിനെതിരെ ആമസോൺ, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ രംഗത്തുവന്നു. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നത് അമേരിക്കയുടെ ആഗോള മത്സരശേഷിയെ അപകടത്തിലാക്കുമെന്ന്‌ ആമസോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് ഇമിഗ്രേഷൻ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും, അതാണ് അമേരിക്കയെ സാങ്കേതികവിദ്യയുടെ ആഗോള നേതാവാക്കിയാതെന്നും, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും പ്രതികരിച്ചു. പുതിയ പ്രഖ്യാപനത്തിൽ നിരാശിതനാണെന്നു പറഞ്ഞ അദ്ദേഹം, കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം നൽകുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നും പറഞ്ഞു.

ഈ പ്രഖ്യാപനം അമേരിക്കയുടെ ഏറ്റവും വലിയ സാമ്പത്തിക ആസ്തിയായ ‘അതിന്റെ വൈവിധ്യത്തെ’ ദുർബലപ്പെടുത്തുമെന്ന്‌ ട്വിറ്റർ വൈസ് പ്രസിഡന്റ് ജെസീക്ക ഹെരേര-ഫ്ലാനിഗനും പറഞ്ഞു. നിരോധനം താൽക്കാലികമാണെങ്കിലും, കുടിയേറ്റ തൊഴിലാളിളെയും ഹൈടെക് തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ദീർഘകാല മാറ്റങ്ങളുടെ ഒരു തുടക്കമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പുതിയ തീരുമാനമനുസരിച്ച് എച്ച്-1ബി വിസയില്‍ കുറഞ്ഞ കൂലിക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നതിനു പകരം ഉയര്‍ന്ന ശമ്പളത്തിന് വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രമായിരിക്കും കമ്പനികള്‍ക്ക് അമേരിക്കയില്‍ നിയമിക്കാന്‍ സാധിക്കൂ. അതുപോലെ താത്കാലിക ജോലികളില്‍ കുടിയേറ്റക്കാര്‍ക്ക് പകരം അമേരിക്കന്‍ പൌരന്മാരെ നിയമിക്കുകയും ചെയ്യണം.

അനുവദിക്കുന്ന എച്ച്-1ബി വിസയ്ക്ക് കഴിഞ്ഞ വര്‍ഷം അമേരിക്ക പരിധി ഏര്‍പ്പെടുത്തിയിരുന്നു. “ആകെ ലഭിച്ച 2.25 ലക്ഷം അപേക്ഷകളില്‍ നിന്നാണ് 85,000 പേര്‍ക്ക് വിസ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഇത് നറുക്കെടുപ്പ് മാതൃകയിലാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് അവസാനിപ്പിക്കാനും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിസ നല്‍കാനുമാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഇനി തെരഞ്ഞെടുക്കുന്ന 85,000 പേര്‍ ഈ 2.25 ലക്ഷം അപേക്ഷകളിലെ ഏറ്റവും കൂടിയ ശമ്പള ഇനത്തില്‍ ഉള്ളവരായിരിക്കും”, ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ മാര്‍ഗം പിന്തുടരുന്നതോടെ ശമ്പള ഇനത്തിലും വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലുമുള്ള അപേക്ഷകള്‍ വര്‍ധിക്കും. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന മത്സരവും കുറയും. അമേരിക്കയ്ക്ക് ഏറ്റവും മികച്ച വൈദഗ്ധ്യമുള്ളവരെ മാത്രം ജോലിക്കായി ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ചികിത്സ തേടിയെത്തിയ തമിഴ്‌നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്‍മുഖം ആണ് മരിച്ചത്.

കൊവിഡ് പരിശോധന നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സംസ്ഥാനപാത വഴി കടന്നുപോവുകയായിരുന്ന തമിഴ്‌നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.

തനിക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇസിജി എടുത്തതിനു തൊട്ടുപിന്നാലെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.

മലബാര്‍ ലഹള ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണം എന്ന ആവശ്യം ഉയര്‍ത്തി ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ബിജെപി നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.

ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.

മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും കേവലം ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ എന്നിവരെന്നും രാധാകൃഷ്ണ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തുമെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

1921 ല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്.
അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്.
കേവലം ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ എന്നിവര്‍.

അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണം. അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തും.
-ബി രാധാകൃഷ്ണമേനോന്‍

കോട്ടയം പുന്നത്തറയിലെ വൈദികന്‍ ഫാ.ജോര്‍ജ് എട്ടുപറയില്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വൈദികന്റെ മൃതദേഹത്തില്‍ അസ്വഭാവികമായ പരുക്കുകളില്ല. തലയിലും കയ്യിലും ചെറിയ പരുക്കുകളുണ്ടെങ്കിലും ഇത് വീഴ്ചയില്‍ ഉണ്ടായാകാമെന്ന് നിഗമനം.

കോട്ടയം അയര്‍ക്കുന്നത്തിനുസമീപം പുന്നത്തുറ പള്ളിയില്‍ ഇന്നലെ കാണാതായ വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളില്‍ മാനസികസമ്മര്‍ദത്തിലായിരുന്ന ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്റെ മരണം ആത്മഹത്യയെന്ന് തന്നെയാണ് സൂചന. വൈദികന്‍ വിഷാദരോഗിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ചങ്ങനാശേരി രൂപതയില്‍ ഉള്‍പ്പെട്ട പുന്നത്തുറ സെന്‍റ് തോമസ് പള്ളിയുടെ വികാരിയാണ് ഫാ.ജോര്‍ജ്.ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷമാണ് ഫാ.ജോര്‍ജിനെ കാണാതായത്. ചങ്ങനാശേരി ബിഷപ്പിനെ കാണാന്‍ മൂന്നുമണിക്ക് സമയം നിശ്ചയിച്ചെങ്കിലും അവിടെയും എത്തിയില്ല. മുറിയില്‍ തന്നെ ഉണ്ടാവുമെന്ന നിഗമനത്തിലായിരുന്നു അസിസ്റ്റന്റ് വികാരിയും ശുശ്രൂഷകനും. മൊബൈല‍് ഫോണും പള്ളിയിലെ സിസിടിവിയും ഓഫ് ആക്കിയിരുന്നു. ഇന്നു രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് െകട്ടിയിരുന്നു. ഇത് വൈദികന്‍ തന്നെ കെട്ടിയെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി സ്വയം ഓഫ് ചെയ്തതാണെന്നും കണ്ടെത്തി.

അമേരിക്കയിലായിരുന്ന വൈദികന്‍ ഫെബ്രുവരിയില‍് ലോക്ഡൗണിനു തൊട്ടുമുമ്പാണ് വികാരിയായി ചുമതലയേറ്റത്. ഇതിനുശേഷം പള്ളിയുടെ ഒരു മുറിയില്‍ തീപിടുത്തമുണ്ടായി നാലുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും കുറേ രേഖകള്‍ കത്തിനശിക്കുകയും ചെയ്തു. രക്തസമ്മര്‍ദരോഗിയായ ഫാ.ജോര്‍ജ് ഇതിനുശേഷം മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത അറിയിച്ചു. പള്ളിയുടെ കുരിശ് മാറ്റിയത് പഴയ കാര്യമാണ്. അതും മരണവുമായി ഒരു ബന്ധവുമില്ല.വൈദികന്‍ സ്ഥലംമാറ്റത്തിനുശ്രമിച്ചിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു.

ടേബിൾ ടെന്നീസ് പന്തുകൾ, ഷട്ടിൽകോക്കുകൾ, ബാഡ്മിന്റൺ, ടെന്നീസ് റാക്കറ്റുകൾ, റെസലിങ് മാറ്റുകൾ, ജാവലിൻ, ഹൈജമ്പ് ബാറുകൾ, ബോക്സിങ് ഹെഡ്ഗാർഡുകൾ, മൗണ്ടൻ ക്ലൈംബിങ് ആക്സസറീസ്, ജിം ഉപകരണങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ – ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കായിക ഉപകരണങ്ങളുടെ പട്ടിക നീളുന്നു.

എന്നാൽ ഇപ്പോൾ, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും ആപ്പുകളുമൊക്കെ ഇന്ത്യയില്‍ വിലക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. ഇത് ഇന്ത്യയിലെ കായിക താരങ്ങളെ കൂടുതൽ സങ്കീർണതയിലാക്കിയിരിക്കുകയാണ്. കാരണം, 2018-2019 ലെ വാണിജ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം ഇന്ത്യയുടെ കായിക ഉപകരണ ഇറക്കുമതിയുടെ പകുതിയിലധികം ചൈനയിൽ നിന്നുള്ളതാണ്.

“അവർക്ക് കായിക വിപണിയിൽ 50 ശതമാനത്തിലധികം ഓഹരിയുണ്ട്,” ആഭ്യന്തര നിർമാണ കമ്പനിയായ വാട്‌സ് മാനേജിങ് ഡയറക്ടർ ലോകേഷ് വാട്‌സ് പറയുന്നു. നാം ‘വോക്കൽ ഫോർ ലോക്കൽ’ എന്ന് പറയുന്നു. എന്നാൽ പതിറ്റാണ്ടുകളായുള്ള സർക്കാർ നയങ്ങൾ, ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ വിപണികളെ പൂർണ്ണമായും കൈയടക്കാൻ കാരണമായി.”

റാക്കറ്റുകളെയും ടേബിളുകളെയും സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വാശ്രയമാണെന്ന് ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരൻ പറയുന്നു, എന്നാൽ പന്തുകൾ നിർമ്മിക്കുന്നതിൽ ചൈന ഒരു കുത്തക പോലെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾക്ക് പുറമെ എല്ലാ ലോക ടൂർ പരിപാടികൾക്കും ഷാങ്ഹായ് ഡബിൾ ഹാപ്പിനെസ് (ഡിഎച്ച്എസ്) പന്തുകൾ വിതരണം ചെയ്യുന്നതായി അദ്ദേഹം പറയുന്നു. “എല്ലാ ഇന്ത്യൻ കളിക്കാരും ഒരേ സെറ്റ് പന്തുകളിലാണ് പരിശീലനം നടത്തുന്നത്. മറ്റ് തലങ്ങളിൽ, വ്യത്യസ്ത ബ്രാൻഡ് നാമങ്ങളുള്ള പന്തുകൾ നിങ്ങൾക്ക് കാണാം. നിങ്ങൾ സ്റ്റിഗ (സ്വീഡൻ) അല്ലെങ്കിൽ സ്റ്റാഗ് (ഇന്ത്യ) എന്നിവയിൽ നിന്ന് ഒരു സെറ്റ് വാങ്ങിയാലും അത് ചൈനയിലാണ് നിർമ്മിക്കുന്നത്,” ജ്ഞാനശേഖരൻ പറയുന്നു.

മറ്റ് ധാരാളം ബ്രാൻഡുകൾക്കും സമാനമായ അവസ്ഥയാണ്. ഇന്ത്യന്‍ ബോക്സര്‍മാരുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓസ്ട്രേലിയയുടെ സ്റ്റിങ് എന്നും എന്നാല്‍ ഇവ നിര്‍മ്മിക്കുന്നത് ചൈനയിലാണെന്നുമാണ് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജേ കൗലി പറയുന്നത്.

അതേസമയം, ആഭ്യന്തര തലത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് കൗലി നിർദേശിക്കുന്നു. ബോക്സിങ് ഉപകരണങ്ങളുടെ ശക്തമായ നിർമ്മാണ അടിത്തറ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, അവർക്ക് ഇന്ത്യയിൽ മതിയായ ബിസിനസ്സ് ഉള്ളതിനാൽ, അവർ രാജ്യാന്തര ഫെഡറേഷന്റെ സർട്ടിഫിക്കേഷൻ പ്രക്രിയയിലൂടെ കടന്നുപോയിട്ടില്ല. അതിനാൽ എലൈറ്റ് പരിശീലന കേന്ദ്രങ്ങൾക്കും മികച്ച ബോക്സർമാർക്കും നാം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യണം, ”അദ്ദേഹം പറയുന്നു.

2018-19 ലെ കണക്കു പ്രകാരം ഏകദേശം 3 കോടി രൂപയുടെ ബോക്‌സിങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതില്‍ ചൈനയില്‍ നിന്ന് ഉറക്കുമതി ചെയ്തത് 1.38 കോടി രൂപയ്ക്കാണ്.

ഉൽപ്പാദന കേന്ദ്രമായ ജലന്ധറിലെ സ്‌പോർട്‌സ് ആൻഡ് ടോയ്‌സ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷനിലെ അംഗമായ പ്രാൻ നാഥ് ചദ്ദ പറയുന്നു, ചൈനീസ് നിർമ്മാതാക്കൾ “മാറ്റുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും പോലുള്ള കായിക വസ്‌തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്.”

സ്‌പോര്‍ട്‌സ് വിപണികള്‍ വലിയോതോതില്‍ തന്നെ ചൈനയെ ആശ്രയിക്കുന്നത് കൊണ്ട് പറയുന്നപോലെ അത്ര എളുപ്പമാകില്ല ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും വിലക്കാനുള്ള തീരുമാനം.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജ്യതലസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കാശ്മീരില്‍നിന്നുളളവരാണെന്നും ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകരവാദികളില്‍ ചിലര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഭീകരവാദികള്‍ റോഡ് മാര്‍ഗം കാര്‍,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കാശ്മീര്‍ രജിസ്‌ട്രേഷനുള്ള കാറുകളില്‍ പരിശോധനയും നടത്തും. ബസ് സ്റ്റാന്ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അറിയിപ്പ് നല്കിയിട്ടുണ്ട്. അതീവ സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved