India

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 35 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്കൽ സ്വദേശി രാജൻ (50)നെയാണ് കോടതി ശിക്ഷിച്ചത്.

2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. ഏഴ് വയസ്സുകാരിയെ രണ്ട് തവണ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു പ്രതി. കുട്ടി താമസിക്കുന്ന വീട്ടിൽ വെച്ചും തട്ടിക്കൊണ്ടുപോയുമാണ് ബലാത്സംഗം ചെയ്തത്.

കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ഒരു വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സർക്കാർ. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പോലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി.റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള നോർക്കയുടെ ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരിൽ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്തും.

കൂടാതെ എൻജിഒ ആയ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ശുപാർശകൾ പ്രകാരം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കും. എൻആർഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എൻആർഐ സെല്ലിന് മാത്രമായി ഒരു സൈബർ സെൽ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും എൻആർഐ സെല്ലിലെ പോലീസ് സൂപ്രണ്ടിനും നിർദേശം നൽകി.വിദ്യാർഥികളുടെ കുടിയേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അസാധാരണമോ, സംശയാസ്പദമായതോ ആയ ഇടപാടുകൾ ബാങ്കുകൾക്ക് അധികൃതരെ അറിയിക്കാൻ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം തളളി പി.പി ദിവ്യ. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറഞ്ഞു. സംസാരം സദുദ്ദേശപരമായിരുന്നുവെന്നും അവര്‍ പറയുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പി.പി ദിവ്യ അപേക്ഷ നല്‍കിയിട്ടുണ്ട്.

മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരം ആണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ വിവരപ്രകാരം കണ്ണൂര്‍ ജില്ലാകളക്ടറും സംശയത്തിന്റെ നിഴലിലാണ്. ക്ഷണിക്കാതെ പോയതോ മറ്റ് ഉദ്ദേശങ്ങളോടെ പോയതോ അല്ല എന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ കളക്ടറും വിശദീകരണം നല്‍കേണ്ടി വരും.

യാത്രയയപ്പ് നല്‍കിയ ദിവസം രാവിലെ കളക്ടറേറ്റില്‍ നടന്ന പരിപാടിയിലാണ് ജില്ലാ കളക്ടര്‍ യാത്രയയപ്പ് വിവരം ദിവ്യയോട് പറഞ്ഞത്. അഴിമതിയുടെ കാര്യം കളക്ടറുമായി സംസാരിച്ചിരുന്നോ എന്ന കാര്യവും കളക്ടര്‍ ഇതോടെ വ്യക്തമാക്കേണ്ടി വരും.

എന്നാല്‍ ‘ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്’ എന്നായിരുന്നു പ്രസംഗത്തിലെ വാക്കുകള്‍. ഇതിന് വിപരീതമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം. ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും ഗുരുതരമായ രോഗാവസ്ഥയുള്ള പിതാവ് ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണം എന്നും പി.പി ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.

നവീന്‍ ബാബുവിനെതിരെയും ജാമ്യാപേക്ഷയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടെന്നും ഗംഗാധരന്‍ എന്ന വ്യക്തിയും പരാതി പറഞ്ഞിരുന്നു എന്നും ദിവ്യ ആവര്‍ത്തിക്കുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കണം എന്ന കാര്യമേ ഈ സംസാരം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ദിവ്യ പറഞ്ഞു. പ്രസംഗത്തിന്റെ മുഴുവന്‍ കോപ്പിയും ഹാജരാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.

ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നീക്കം.

നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്കും പമ്പിന് അപേക്ഷിച്ച പ്രശാന്തനുമെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നവീന്റെ കുടുംബം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ പൊലീസ് പത്തനംതിട്ടയിലെത്തി ഇവരുടെ മൊഴിയെടുത്തു.

കേസില്‍ ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. കൂടാതെ പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. പെട്രോള്‍ പമ്പ് കോഴ ആരോപണത്തെ സംബന്ധിച്ചുള്ള അന്വേഷണം വിജിലന്‍സ് ഇന്ന് ആരംഭിക്കും. മുസ്ലീംലീഗ് നേതാവിന്റെ അടക്കം രണ്ട് പരാതികളിലാണ് വിജിലന്‍സ് അന്വേഷണം.

ദിവ്യയെ ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. തുടര്‍ന്ന് അവര്‍ രാജി നല്‍കുകയായിരുന്നു. അഡ്വ. കെ.കെ രത്‌നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയതിന് പിന്നാലെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.

ഇന്ത്യൻ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് ആഗ്രയിൽ ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാർത്തകൂടി. പ്രിയപ്പെട്ടവൻ്റെ മരണം അറിഞ്ഞ ഞെട്ടൽ താങ്ങാനാവാതെ അദ്ദേഹത്തിൻ്റെ സൈനിക ഉദ്യോഗസ്ഥനായ ഭാര്യയും ഡൽഹി കൻ്റോൺമെൻ്റിലെ ഗസ്റ്റ് ഹൗസിൽ തൂങ്ങിമരിച്ചു.

ഭർത്താവ് ദീൻദയാൽ ദീപിനൊപ്പം തൻ്റെ മൃതദേഹവും “ഒരുമിച്ച് സംസ്‌കരിക്കാൻ” അഭ്യർത്ഥിച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബീഹാർ സ്വദേശിയായ ദീൻദയാൽ ആഗ്രയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിലും ഭാര്യ രേണു ഡൽഹി കൻ്റോൺമെൻ്റിലെ ഓഫീസേഴ്‌സ് ഗസ്റ്റ് ഹൗസിലുമാണ് താമസിച്ചിരുന്നത്. 2022-ൽ ആയിരുന്നു ഇരുവരുടെയും പ്രണയ വിവാഹം.

ബുധനാഴ്ചയാണ് ഡൽഹി പോലീസിന് സംഭവത്തിൻ്റെ വിവരം ലഭിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാത്രി ദീൻദയാൽ തൻ്റെ ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത നടപടി സ്വീകരിച്ചു, ഒരു ദിവസത്തിന് ശേഷം രേണുവും അദ്ദേഹത്തിനൊപ്പം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ഗസ്റ്റ് ഹൗസിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ രേണുവിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ദീൻദയാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് മരണങ്ങൾക്കും തമ്മിൽ മറ്റെന്തെങ്കിലും കാരണമോ ബന്ധമോ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും.

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി.

കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ.ജി. ബിനിൽ (39) ആണ് പിടിയിലായത്. ഭർത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയായ യുവതിയുടെ വീടിന്റെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇയാൾ പിടിയിലായത്.

വീടിന്റെ മതിൽ ചാടി കടക്കുന്നത് കണ്ട യുവതിയുടെ ബന്ധുവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞു വെച്ച് തിരുവല്ല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ, എ.എസ്.ഐ ബിനു കുമാർ, സീനിയർ സി.പി.ഒമാരായ വിജയൻ, മഹേഷ് കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന ഡോ. പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പി. സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന്‍ രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യതകല്‍പിക്കപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു സരിന്‍.

സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സരിനുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും പുറത്തുപോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നുമാണ് വിവരം.

സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയിൽ പിടിയില്‍. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ പറയുന്നു.

അതിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ​ഗതാ​ഗത പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോ​ഗം ചേർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതില്‍ ചില വിമാനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കുള്ളതായിരുന്നു.

ഇന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍, മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എന്നിവയ്ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തര ലാന്‍ഡിങ് നടത്തി.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം. ജീവനക്കാര്‍ മിക്കയിടത്തും അവധിക്ക് അപേക്ഷ നല്‍കി.

മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുക. അതേസമയം, കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ പ്രതികരിച്ചത്.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പിപി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു. തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ദിവ്യക്കെതിരെ ഉയരുന്നത്.

ശബരിമല ഡ്യൂട്ടിയിൽനിന്ന് എ.ഡി.ജി.പി. എം.ആർ. അജിത്ത്കുമാറിനെ മാറ്റി ഡി.ജി.പി.യുടെ ഉത്തരവ്. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ശ്രീജിത്തിനാണ് ചുമതല നൽകിയത്. എ.ഡി.ജി.പി. അജിത്ത്കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവാദസംഭവത്തിനും നടപടികൾക്കും പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം. ശബരിമല കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോർഡും ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു.

RECENT POSTS
Copyright © . All rights reserved