ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. ഏഷ്യയില്‍ നിലിവില്‍ ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഇതില്‍, കേസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി ഏറെ മുന്നിലാണെങ്കിലും മരണനിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ തുര്‍ക്കിയുടെ നിരക്കിനോട് അടുത്താണ് നില്‍ക്കുന്നത്. ഒന്നര ലക്ഷത്തോളം കേസുകളുള്ള തുര്‍ക്കിയില്‍ മരണനിരക്ക് 4,171 ആണ്. 1.22 ലക്ഷം പേര്‍ക്കാണ് ഇറാനില്‍ രോഗബാധയുണ്ടായിട്ടുള്ളത്. ഇതില്‍ 7,057 മരണങ്ങളുമുണ്ടായി. രോഗം ഭാദമാകുന്നവരുടെ എണ്ണത്തില്‍ ഈ രണ്ട് രാജ്യത്തെക്കാളും പിന്നിലാണ് ഇന്ത്യ എന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ കഴിഞ്ഞദിവസം രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുതിയ 5,242 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനു പിന്നാലെ ആകെ കേസുകളുടെ എണ്ണം 1 ലക്ഷം കടന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഏറെ രൂക്ഷമായിരിക്കുന്നത്. മെയ് പതിനാറോടെ രാജ്യത്ത് കോവിഡ് ഇല്ലാതാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രവചനമെങ്കിലും അതിതീവ്രമായി വര്‍ധിക്കുന്നതാണ് കണ്ടത്. ലോക്ക്ഡൗണ്‍ കൊണ്ടും ഇതിനെ പ്രതിരോധിക്കാനായില്ല. അതെസമയം, സംസ്ഥാനങ്ങള്‍ക്കുള്ളിലുള്ള പൊതുഗതാഗതവും വിപണികളും ചെറിയ തോതില്‍ തുറന്നു തുടങ്ങാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. പലയിടത്തും ഇതിനകം ലോക്ക്ഡൗണ്‍ നിബന്ധനകളുടെ കാര്‍ക്കശ്യം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടിരിക്കുകയാണ്. അതതിടങ്ങളിലെ സാഹചര്യങ്ങളെ വിലയിരുത്തി തീരുമാനമെടുക്കാം. അതെസമയം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന കണ്ടെയ്ന്‍മെന്റെ സോണുകളില്‍ അവശ്യസേവനങ്ങള്ഡ മാത്രമേ അനുവദിക്കാവൂ എന്നുമുണ്ട്. മറ്റിടങ്ങളില്‍ ബസ്സുകളും മറ്റ് വാഹനങ്ങളും ഓടാം. എന്നാല്‍ വിമാനങ്ങള്‍, മെട്രോ എന്നിവയ്ക്ക് ഓടാനാകില്ല.
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളുടെ പേരിലും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് സിബിഐക്ക് കൈമാറണമെന്ന അര്‍ണാബിന്‍റെ ആവശ്യവും സുപ്രീം കോടതി നിരാകരിക്കുകയും ചെയ്തു. കേസുകള്‍ റദ്ദാക്കാന്‍ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയില്‍ അര്‍ണാബ് ഗോസ്വാമി റിട്ട് ഹര്‍ജി ആണ് ഫയല്‍ ചെയ്തത്. എന്നാല്‍ റിട്ട് ഹര്‍ജിയില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ ഗോസ്വാമിക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം അര്‍ണാബ് ഗോസ്വാമിക്കെതിരേ ഇതേ വിഷയത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഏപ്രില്‍ 21 ന് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഇനി ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേയ്ക്ക് കൂടി കോടതി തടയുകയും ചെയ്തു.
അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയാനുളള മൗലികമായ അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ച് പറയാനുള്ള അവകാശമല്ലിതെന്നും ഹര്‍ജിയില്‍ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.
കൊടുമണ്ണിലെ പത്താം ക്ലാസുകാരന്‍ അഖില്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂരിന്റേതാണ് ഉത്തരവ്. കുട്ടികള്‍ക്ക് ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാനുണ്ടെന്നും തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിടിയിലായവരുടെ അഭിഭാഷകര്‍ ജുവനൈല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
പിടിയിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തേ ജുവനൈല്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. കൊലപാതകസ്ഥലത്തെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പിടിക്കാനും പ്രചരിപ്പിക്കാനും കൂട്ടുനിന്ന പോലീസിന്റെ കസ്റ്റഡിയിലേക്ക് ഇരുവരേയും വീണ്ടും വിടുന്നത് സുരക്ഷിതമല്ലെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം ശരിവച്ചാണ് പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.
എന്നാല്‍, കുട്ടികളെ താമസിപ്പിച്ചിട്ടുള്ള കൊല്ലത്തെ ജുവനൈല്‍ നിരീക്ഷണ സെന്ററിലെത്തി വിവരങ്ങള്‍ ചോദിക്കാനും ശാസ്ത്രീയാന്വേഷണത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും അനുമതി നല്‍കി. ഇതിനിടെ അന്വേഷണച്ചുമതല കൊടുമണ്‍ സിഐയില്‍ നിന്ന് അടൂര്‍ ഡിവൈ.എസ്.പി. ഏറ്റെടുത്തു.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിൽ എട്ട് പേരും രോഗം മറച്ചുവച്ചവർ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാർ. 16ന് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശികളാണ് രോഗം മറച്ചുവച്ചത്. ഈ വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഉടൻ പരിശോധിക്കും. എന്നാൽ യാത്രക്ക് മുൻപും ശേഷവുമുള്ള പരിശോധനയിൽ രോഗം മറച്ചുവച്ചത് എങ്ങനെയെന്നത് ദുരൂഹമാണ്.
കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന് പേർക്കെതിരെയാണ് കോവിഡ് രോഗം മറച്ചുവച്ചതിന് കേസെടുത്തത്. അബുദാബിയിൽ വച്ച് തന്നെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് മറച്ചു വച്ച് ശനിയാഴ്ചത്തെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ഇവർ ഇവിടത്തെ പരിശോധനയിലും രോഗവിവരം അറിയിച്ചില്ല.
കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കായി സർക്കാർ ഏർപ്പെടുത്തിയ ബസിൽ കൊട്ടാരക്കര വരെ യാത്ര ചെയ്തു. ഇതിനിടെ ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവർ രോഗവിവരം സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇവർ മൂന്ന് പേരെ കൂടാതെ ഇതേ വിമാനത്തിൽ സഞ്ചരിച്ച 5 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
മൂന്ന് കൊല്ലം കാരും രണ്ട് തിരുവനന്തപുരം സ്വദേശികളും. ഇതിൽ തിരുവനന്തപുരത്തെ രണ്ട് പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ രോഗബാധിതർക്കൊപ്പമുള്ള വിമാനയാത്രയാണോ രോഗകാരണമായതെന്ന് സംശയിക്കുന്നുണ്ട്. അതിനാൽ ഈ വിമാനത്തിലെത്തിയ 12 കുട്ടികളടക്കം അവശേഷിക്കുന്ന 170 യാത്രക്കാരെയും ഉടൻ പരിശോധനക്ക് വിധേയമാക്കും.
എന്നാൽ ആന്റിബോഡി ടെസ്റ്റ് നടത്തിയ ശേഷം യാത്ര അനുവദിക്കുന്ന അബുദാബിയിൽ നിന്ന് ഇവർ എങ്ങിനെ രോഗവിവരം മറച്ചു വച്ചുവെന്നത് ദുരുഹമാണ്. തിരുവനന്തപുരത്തെത്തിയ ശേഷം നടത്തുന്ന പരിശോധനയിൽ രോഗമുള്ളവരെ പൊലും കണ്ടെത്തിയില്ലെന്നത് പരിശോധനയുടെ കാര്യക്ഷമതയിലും സംശയമുയർത്തുകയാണ്.
ബിബിസി വേള്‍ഡ് ന്യൂസില്‍ അതിഥിയായി എത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകത്താകമാനം പടര്‍ന്നുപിടിച്ച് കൊറോണ ജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈറസിനെ ഒരുപരിധിവരെ ചെറുത്ത് കേരളം കൈവരിച്ച മുന്നേറ്റം ആരോഗ്യമന്ത്രി ബിബിസി ചാനലുമായി പങ്കുവെച്ചു.
ബിബിസി വേള്‍ഡ് ന്യൂസില്‍ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മന്ത്രി അതിഥിയായി എത്തിയത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. കൊറോണയെ ചെറുക്കാനുള്ള കേരളത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു.
ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ടുചെയ്തപ്പോള്‍ത്തന്നെ സംസ്ഥാനത്തും പ്രത്യേക കണ്‍ട്രോള്‍ റൂ തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ ആദ്യഘട്ടത്തില്‍ രോഗവ്യാപന സാധ്യത തടയാന്‍ കഴിഞ്ഞുവെന്നു മന്ത്രി പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ രോഗനിര്‍ണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. രോഗലക്ഷണമുള്ളവരെ പ്രത്യേകം ക്വാറന്റീന്‍ ചെയ്തു. സ്രവസാംപിള്‍ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനോടകം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വാഷിങ്ടണ്‍ പോസ്റ്റും, പാകിസ്ഥാന്‍ പത്രമായ ഡോണിലും കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാട്ടിലിറങ്ങിയ പുള്ളിപുലിയെ തുരത്തിയ തെരുവുനായ്ക്കളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരെ ആക്രമിക്കാന്‍ ഒരുങ്ങുമ്പോഴാണ് നായ്ക്കളുടെ എന്‍ട്രി. മാസെന്നാണ് സോഷ്യല്‍മീഡിയയുടെയും അഭിപ്രായം.
പുള്ളിപ്പുലിയെ കണ്ട് രണ്ടു പേര്‍ ഭയന്നോടുന്നതാണ് വീഡിയോയില്‍ ആദ്യം. അതിലൊരാള്‍ ആദ്യം അടുത്തുണ്ടായിരുന്ന ലോറിയില്‍ ഓടിക്കയറി. രണ്ടാമത്തെയാള്‍ ലോറിയില്‍ കയറുമ്പോള്‍ പുള്ളിപ്പുലി അയാളുടെ കാലില്‍ പിടികൂടുകയായിരുന്നു. വലിച്ച് താഴെയിടാന്‍ നോക്കുന്നതിനിടെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ അയാള്‍ ശക്തിയില്‍ കാല്‍ കുടഞ്ഞു. പുള്ളിപ്പുലിയുടെ പിടി വിടുകയും അയാള്‍ ലോറിയില്‍ കയറുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
പിന്നെയാണ് ഏവരെയും ഞെട്ടിച്ച് ഒരു കൂട്ടം നായകളുടെ വരവ്. നായക്കൂട്ടത്തെ കണ്ട് പരുങ്ങുന്ന പുലി പിന്നീട് രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ട്. മതില്‍ചാടിക്കടക്കാന്‍ പുലി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പുലി ലോറിക്കടിയിലേക്ക് നടന്ന് മറയുകയായിരുന്നു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്.
#NDTVBeeps | Leopard attacks man in Hyderabad pic.twitter.com/Lv0ddxXACH
— NDTV (@ndtv) May 18, 2020
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.
ഇക്കാര്യത്തില്‍ സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് ബസ് ഉടമകള്‍ മാറ്റണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ഉമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തും. എന്നാല്‍ സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടത്. സര്‍വീസ് നടത്തുന്നില്ല എന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചാല്‍ ബുദ്ധിപൂര്‍വമാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സര്‍വീസുകള്‍ ഒരു സമരത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ചതല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബസുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
അത് പറഞ്ഞിരുന്നില്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ട് അവര്‍ സര്‍വീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. ഇത് പണിമുടക്കല്ലെന്നും പണിമുടക്ക് പിന്‍വലിക്കാനാണ് ചര്‍ച്ചകള്‍ വേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അവര്‍ പണിമുടക്ക് പ്രഖ്യാപിച്ചതല്ല എന്ന വസ്തുത സ്വകാര്യ ബസ് ഉടമകളും അവരുടെ കുടെയുള്ളവരും മനസിലാക്കണം. അത് മനസിലാക്കി സര്‍ക്കാരിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടുറോഡില്‍ കള്ളും കഞ്ചാവുമടിച്ച് വിളയാടിയ യുവാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. അരൂര്‍ അരൂക്കുറ്റി റോഡിലാണ് സംഭവം. മദ്യലഹരിയില്‍ റോഡില്‍ മണിക്കൂറുളോളം പരാക്രമം കാട്ടിയ അരൂര്‍ സ്വദേശികളായ പ്രഭജിത്ത് , രാകേഷ് എന്നിവരാണ് പോലീസ് പിടിയിലായത്.
കഞ്ചാവും കള്ളവാറ്റും അടിച്ച് എത്തിയ ഇരുവരും മണിക്കൂറുകളോളമാണ് നാട്ടുകാരെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. യുവാക്കളുടെ പരാക്രമം ചോദ്യം ചെയ്ത മിനി ലോറി ഡ്രൈവറിന്റെ തല 22 വയസ്സുകാരായ ഇരുവരും ചേര്‍ന്ന് അടിച്ചു പൊട്ടിച്ചു.
സമീപത്തെ കടകള്‍ അടിച്ചു തകര്‍ത്തു. ഒടുവില്‍ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അരൂര്‍ പോലീസ് ഇരുവരെയും കീഴ്‌പ്പെടുത്തി. പോലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് അരൂര്‍ പോലീസ് പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടികളാണ് ഇരുവരുമെന്നും പോലീസ് പറയുന്നു. എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്ന പോലീസുകാരന്റെ മകനാണ് പ്രതികളില്‍ ഒരാളായ പ്രഭജിത്ത്.
പലരോടായി സഹായം അഭ്യർത്ഥിച്ചിട്ടും കേരള, കർണാടക സർക്കാറുകളുടെ സഞ്ചാരത്തിനുള്ള പാസ് ഉണ്ടായിട്ടും ബംഗളൂരുവിൽനിന്ന് വയനാട്ടിലേക്ക് വാഹനം ലഭിക്കാതെ സംവിധായകൻ ശരത്ചന്ദ്രൻ വയനാട്. പാസ് ഉണ്ടായിട്ടും വാഹനം ലഭ്യമാകാതെ വന്നതോടെ തിങ്കളാഴ്ച രാവിലെ ഇദ്ദേഹം കാൽനടയായി യാത്ര തുടങ്ങി.
രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ഉൾപ്പെടെ നിരവധി പേരോട് താൻ സഹായം അഭ്യർത്ഥിച്ചെന്നും എന്നാൽ ആരും സഹായത്തിനെത്തിയില്ലെന്നു സംവിധായകൻ ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചു.
താൻ ഒരു പെണ്ണായിരുന്നെങ്കിൽ സഹായിക്കാൻ പലരും വന്നേനെ. അമ്മയെ കാണാനും ഡോക്ടറെ കണ്ട് ചികിത്സ തേടാനുമായാണ് നാട്ടിലേക്ക് വരുന്നത്. ബംഗളൂരു മുതൽ മുത്തങ്ങ വരെ നടക്കാനാണ് തീരുമാനം.
ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാമെന്നും ശരത്ചന്ദ്രൻ പറയുന്നു. ബംഗളൂരുവിൽനിന്ന് നടത്തം തുടങ്ങിയ ദൃശ്യങ്ങളും ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട്.
പഞ്ചാബിലെ ഭട്ടിൻഡയിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി ബസ് പുറപ്പെട്ടു. തിരുവനന്തപുരത്തേക്കാണ് ബസിൽ വിദ്യാർത്ഥികളെ എത്തിക്കുക. പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ രാഹുൽ ഗാന്ധി എംപി മുൻകൈ എടുത്തിട്ടാണ് ബസ് ഏർപ്പാട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബുധാനഴ്ച്ച ബസ് കേരളത്തിലെത്തിച്ചേരും. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര. സ്വന്തമായി വാഹന സൗകര്യം ഒരുക്കാൻ കഴിയാത്തവരെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആൽവാർ, ഭാരത്പൂർ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരുവാൻ 500 ബസ്സുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഏർപ്പാടാക്കിയിരുന്നു. ശനിയാഴ്ച തൊഴിലാളികളെ കൊണ്ടുവരുന്നതിന് വേണ്ടി 1000 ബസ്സുകൾ ഓടിക്കാൻ കോൺഗ്രസിന് അനുവാദം നൽകണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർത്ഥിച്ചിരുന്നു.