മേയ് നാല് മുതൽ നടപ്പാക്കിയ മാർഗനിർദ്ദേശങ്ങളിൽ മദ്യവിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകുകയും ബാറുകൾ തുറക്കാൻ അനുമതി നൽകാതിരിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ, കോവിഡ് ലോക്ക് ലോക്ക് ഡൗണിൻ്റെ നാലാം ഘട്ടത്തിലും ബാറുകൾ തുറക്കാൻ അനുമതി നൽകുന്നില്ല എന്ന് വ്യക്തമാക്കി. മേയ് 31 വരെ രാജ്യത്ത് ബാറുകൾ തുറക്കില്ല.
വിവാഹച്ചടങ്ങുകൾക്ക് പരമാവധി 20 പേർ പങ്കെടുക്കാം, ഇതിൽ കൂടുതൽ പാടില്ല എന്നായിരുന്നു ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലെ നിയന്ത്രണം. നാലാം ഘടത്തിലെത്തുമ്പോൾ വിവാഹച്ചടങ്ങുകൾ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാനേ അനുവാദമുള്ളൂ. മത, സാമുദായിക, സാമൂഹിക, രാഷ്ട്രീയ പരിപാടികളും ആരാധാനായലങ്ങൾ തുറന്നുപ്രവർത്തിക്കുന്നതും മതപരമായ കൂട്ടായ്മകളും കായിക മത്സരങ്ങളും പരിപാടികളുമെല്ലാം കർശനമായി വിലക്കിയിട്ടുണ്ട്.
സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും നിലവിലെ നിയന്ത്രണങ്ങൾ തുടരും. അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് അനുമതി നൽകിയപ്പോൾ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾക്കും മെട്രോ റെയിൽ സർവീസുകൾക്കും അനുമതിയില്ല. റെഡ് സോണുകളിൽ പെടാത്ത മേഖലകളിൽ മെട്രോ സർവീസുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോണുകൾ തീരുമാനിക്കാനും അവയിലെ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കാനും സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുണ്ട് നാലാം ഘട്ടത്തിൽ ആരോഗ്യമന്ത്രാലയത്തിൻ്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കരുത് എന്ന് മാത്രം പറയുന്നു.
ലണ്ടൻ ∙ ഗാർഡിയൻ പത്രം അഞ്ചുകോളം തലക്കെട്ടിൽ ഫുൾപേജ് അഭിമുഖം നൽകിയപ്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അതുവഴി കേരളത്തിനും ലഭിച്ച മൈലേജ് ചില്ലറയല്ല. എന്നാൽ അതിലേറെയാണ് ഈ ഒറ്റ വാർത്തകൊണ്ട് ഗാർഡിയൻ പത്രം നേടിയത്. ഇരുന്നൂറു വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമാണ് ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിനുള്ളത്.
സമൂഹമാധ്യമങ്ങളിൽ ഈയാഴ്ച ഏറ്റവുമധികം ലൈക്കും ഷെയറും നേടിയ വാർത്തകളിലൊന്നായി മാറിയിരിക്കുകയാണ് ടീച്ചറുമായുള്ള ഗാർഡിയനിലെ അഭിമുഖം. വ്യാഴാഴ്ച ഗാർഡിയൻ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഏറ്റവുമധികം ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവയിൽ ഏഴാം സ്ഥാനത്താണ് ടീച്ചറുടെ ഈ അഭിമുഖം.
ശൈലജ ടീച്ചർ അർഹിക്കുന്ന അംഗീകാരമാണിതെന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ പോലും ട്വിറ്ററിലൂടെ ഈ വാർത്ത ഷെയർ ചെയ്തു. തരൂർ മാത്രമല്ല, രാഷ്ട്രീയം നോക്കാതെ ഇതിന് ലൈക്കും കമന്റും ഇട്ട പ്രമുഖർ നിരവധിയാണ്. കൊറോണയുടെ ഘാതകയെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ കേരളത്തിന്റെ റോക്ക് സ്റ്റാറെന്നാണ് ടീച്ചറെ വിശേഷിപ്പിച്ചിരിക്കുന്നത്.
മൂന്നരക്കോടി വരുന്ന കേരളീയരെ വൈറസിൽനിന്നും ടീച്ചർ സംരക്ഷിച്ചുനിർത്തുന്നതാണ്, ഇന്റർവ്യൂവിലൂടെ, ഗാർഡിയൻ ജേർണലിസ്റ്റായ ലോറ സ്പിന്നി ലോകത്തോടു പങ്കുവച്ചത്. കേവലം നാലുപേരുടെ മരണങ്ങളിൽ ഒതുക്കി, സമൂഹവ്യാപനമില്ലാതെ കേരളത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയ രീതിയും അതിന് ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജ നൽകിയ നേതൃത്വവുമെല്ലാം റിപ്പോർട്ടിൽ വിശദമായുണ്ട്.
വ്യാഴാഴ്ച രാവിലെ പത്രത്തിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വാർത്തയുടെ ലിങ്കിന് ഇതിനോടകം ലഭിച്ച ലൈക്കുകൾ പതിനെണ്ണായിരത്തിന് അടുത്താണ്. ഒമ്പതിനായിരത്തി ഇരുന്നൂറിലധികം പേരാണ് ഈ ലിങ്ക് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. വാർത്തവായിച്ച് കമന്റ് ചെയ്തിരിക്കുന്നവരും നാലായിരത്തി അഞ്ഞുറിലേറെപ്പേർ.
2018ൽ നിപ്പ വൈറസിനെ വരുതിയിലാക്കിയ ടീച്ചറുടെ വിജയകഥയും ഇപ്പോൾ കൊറോണയ്ക്കെതിരേ, പ്ലാൻ എയും ബിയും സിയുമായി നടത്തുന്ന പോരാട്ടവുമെല്ലാം വിവരിക്കുന്ന അഭിമുഖം, വിദേശികളേക്കാളും ലോകമെമ്പാടുമുള്ള മലയാളികൾതന്നെയാണ് ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. ഗാർഡിയനും ടീച്ചർക്കും ഇടതുസർക്കാരിനും ഒരുപോലെ ഗുണപ്രദമായ ഈ വാർത്തകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു ലഭിച്ച മൈലേജും ചില്ലറയല്ല. ഇനിയും ഉണ്ടാകണം, ലോകത്തിനു കാട്ടിക്കൊടുക്കാൻ കേരളത്തിൽനിന്നും, ഇത്തരം, ഒട്ടേറെ മാതൃകകൾ.
രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ളയും, കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ളയുമാണ് കൊവിഡ് ബാധിച്ച മരിച്ചത്.
ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ള ദുബായിലാണ് മരിച്ചത്. 61 വയസായിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ള സൗദി അറേബ്യയിലെ റിയാദില്‍ വച്ചാണ് മരിച്ചത്. രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവിങ് പരിശീലകന്‍ ആയി ജോലി ചെയ്യുകയായിരുന്നു.
ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 81 ആയി. യുഎഇയില്‍ മാത്രം 53 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ 7 പേര്‍ തമിഴ്നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.
രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.
വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്. 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവില്‍ 23 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക്. മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. കൂടുതല്‍ ഇളവുകളോടെയാവും ലോക്ക് ഡൗണ്‍ നടപ്പാക്കുക. നാലാം ഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചുള്ള അന്തിമ മാര്‍ഗനിര്‍ദേശം കേന്ദ്രഅഭ്യന്തരമന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ പുറത്തു വരും.
രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.
ബസ്, വിമാന സര്‍വ്വീസുകള്‍ക്ക് നാലാം ഘട്ട ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിമാനസര്‍വ്വീസിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എല്ലാത്തരം ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ക്കും പുതിയ ഘട്ടത്തില്‍ അനുമതി നല്‍കുമെന്നാണ് സൂചന. കൂടാതെ തീവ്രമേഖലകള്‍ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന സൂചനയും ഉണ്ട്.
കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നേരത്തെ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു.
മേയ് ഒമ്പതിനാണ് പ്രവാസിയായ കൊല്ലേങ്കാട് ആനമാറി വടുകമ്പാടത്തെ വിജയകുമാറിെൻറ ഭാര്യ ഗീത (46) ഹൃദയാഘാതംമൂലം മരിച്ചത്. അകാലത്തിൽ വിടപറഞ്ഞ പ്രിയതമയുടെ മുഖം ഒരു നോക്കുകാണാൻ വിമാന ടിക്കറ്റ് കിട്ടാതെ ദുബൈയിൽ കുടുങ്ങിയ വിജയകുമാറിന്റെ വേദന നാടിെനയൊന്നടങ്കം നൊമ്പരപ്പെടുത്തിയിരുന്നു. ടിക്കറ്റിനായി ഇദ്ദേഹം മുട്ടാത്ത വാതിലുകളില്ലായിരുന്നു. സംസ്കാരം, താൻ വന്നശേഷം മതിെയന്ന വിജയകുമാറിെൻറ വാക്കുകൾ കണ്ണീരോടെയാണ് ബന്ധുക്കളും സുഹൃത്തുകളും കേട്ടത്.
അവസാനമായി ഭാര്യയെ കാണാനായി ഓടിയെത്തിയപ്പോൾ നെഞ്ച് തകർന്നുപോയി ആ കാഴ്ച്ച. എന്റെ മുത്തേ.. എന്താ എന്നെ വിട്ട് പോയതെടീ, ഒന്ന് എണീക്ക്, കണ്ണുതുറക്ക്…’ പ്രിയസഖിയുടെ ചേതനയറ്റ ദേഹത്തോട് വിജയകുമാർ പൊട്ടികരഞ്ഞുകൊണ്ട് കേണപേക്ഷിച്ചു. ഗീതയുടെ മൗനത്തിൽ പ്രിയതമന്‍റെ അടക്കിപിടിച്ച ദു:ഖം കണ്ണീർചാലുകളായി ഒഴുകി. കവിളിൽ തലോടിയും നെറ്റിയിൽ ഉമ്മ വെച്ചും വിജയകുമാർ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.
സ്നേഹനിധിയായ ഭാര്യക്ക് മുമ്പിൽ സങ്കടങ്ങൾ പെയ്തിറങ്ങുേമ്പാഴും ഫ്രീസറിെൻറ തണുപ്പിൽ ഗീത ഒന്നുമറിയാതെ കിടന്നു. വിജയകുമാർ തലയിൽ കൈവെച്ച് പിന്നെയും വാവിട്ടുകരയുന്നതിനിടെ, ബന്ധുക്കളുടെ കൂട്ടകരച്ചിൽകൂടിയായതോടെ പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മാശനത്തിെൻറ മുറ്റം വിലാപക്കളമായി.
വിജയകുമാറിന്റെ കോവിഡ് പരിശോധന നെഗറ്റീവ് ആയിട്ടും വിജയകുമാർ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ പൊലീസിെൻറ പ്രത്യേക അനുമതിയോടെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
വിജയകുമാറിനെ എങ്ങിനെയും നാട്ടിലെത്തിക്കാൻ വഴിയുണ്ടാക്കണമെന്ന ആവശ്യം നാനാദിക്കുകളിൽനിന്നും ഉയർന്നു. ഇദ്ദേഹത്തിെൻറ കരഞ്ഞു കണ്ണുകലങ്ങിയ ചിത്രം ഒടുവിൽ അധികൃതരുടെ കണ്ണുതുറപ്പിച്ചു. 16ന് ദുബൈയിൽനിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിന് ടിക്കറ്റ് ലഭിച്ചു. ശനിയാഴ്ച വൈകീട്ട് നെടുമ്പാശ്ശേരിയിൽ ഇറങ്ങി, രാത്രി ഒമ്പതോടെയാണ് വീട്ടിലെത്തിയത്.
വിദേശത്തുനിന്നും വന്നതിനാൽ ക്വാറന്‍റീനിലായ വിജയകുമാർ, ഞായറാഴ്ച രാവിലെ സുരക്ഷ വസ്ത്രമണിഞ്ഞ ആരോഗ്യപ്രവർത്തകരോടൊപ്പം 108 ആംബുലൻസിലാണ് വൈദ്യുതി ശ്മശാനത്തിലെത്തിയത്. അൽപം കഴിഞ്ഞ് ഗീതയുടെ മൃതദേഹവുമായി മറ്റൊരു ആംബുലൻസ് എത്തി. വിജയകുമാറിനും അടുത്ത ബന്ധുക്കൾക്കും കാണാനായി മൃതദേഹം കുറച്ചുനേരം ശ്മാശന കവാടത്തിൽ കിടത്തി. ബന്ധുക്കൾ കണ്ടശേഷമാണ് വിജയകുമാറിനെ ഇറക്കികൊണ്ടുവന്നത്.
പ്രിയതമയുടെ മുഖം കാണണമെന്ന ആഗ്രഹം സഫലമായപ്പോഴും അകാലത്തിലുള്ള ഗീതയുടെ വേർപാട് വിജയകുമാറിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മക്കളില്ലാത്തതിന്റെ വേദനക്കിടയിലും ആശ്വാസവും സ്നേഹവും പകർന്നുനൽകിയ നിറപുഞ്ചിരിയാണ് പെട്ടന്ന് മാഞ്ഞുപോയിരിക്കുന്നത്. സുഖ, ദു:ഖങ്ങളിൽ രണ്ട് പതിറ്റാണ്ടോളം ഒപ്പം നിന്നവൾ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയിരിക്കുന്നു. ഈ സത്യം വിജയകുമാർ തിരിച്ചറിയുേമ്പാഴും സങ്കടങ്ങൾ വിങ്ങലുകളായി പുറത്തുവരുന്നു. ഇനി ജീവിതയാത്രയിൽ വിജയകുമാറിന് താങ്ങായി പ്രായമായ അമ്മ മാധവി മാത്രം.
ഗോവയില്‍ അഞ്ജന ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ (21) മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരിക്കുന്നത്
കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല.
ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാര്‍ പറയുന്നത്. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.
നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി.
എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി.
കോഴിക്കോട് ചില അര്‍ബന്‍ നക്‌സലുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാതെ കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്.
അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് യുവതി എഴുതി നല്‍കിയിരുന്നു. മാര്‍ച്ച് 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്.
അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ആവശ്യമുയരുന്നുണ്ട്.
ബിഹാറിലെ നവാഡയില്‍ നിന്നു കേരളത്തിലേക്കു മടങ്ങവെ അപടത്തില്‍പ്പെട്ടു മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു.
തെലങ്കാനയിലെ നിസാമാബാദില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി ചെമ്ബുകാവ് മഞ്ചേരിയില്‍ അനീഷ് (33), മകള്‍ അനാലിയ (ഒന്നര വയസ്), ഉഡുപ്പി സ്വദേശി സ്റ്റെനി (23) എന്നിവരാണ് മരിച്ചത്.
കാര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. കാറില്‍ ഒപ്പമുണ്ടായിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ (28) മകള്‍ അസാലിയ (നാല്) എന്നിവരെ പരുക്കുകളോടെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദിവ്യയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഭര്‍ത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല. പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്കു കൊണ്ടുവരുന്നുണ്ട്. നവാഡ വാസ്‌ലിഗഞ്ച് സെന്‍റ് തെരേസാസ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരാണ് മരിച്ച അനീഷും സ്റ്റെനിയും.
വാസ്ലിഗഞ്ചിലാണ് ഇവര്‍ താമസിച്ചിരുന്നത്. നവാഡയില്‍ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മരിച്ച അനീഷിന്റെ സഹോദരന്‍ അനൂപും ഭാര്യയും മറ്റൊരു കാറില്‍ പിറകിലുണ്ടായിരുന്നു.
അനൂപിന്‍റെ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. രാത്രിയില്‍ റോഡിനു നടുക്കു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.
കേടായ ലോറി ലൈറ്റൊന്നുമിടാതെ റോഡിനു കുറുകെ നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. ലോറിക്കു മുന്നിലായി കുറച്ചു കല്ലുകളിട്ടിരുന്നുവെന്നു മാത്രം. കേരളത്തിലേക്കു പട്നയില്‍ നിന്നു ട്രെയിന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നോര്‍ക്കയില്‍ ഇവര്‍ പേരു റജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നിട്ടും ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന സൂചനകളൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കാറില്‍ യാത്ര തിരിച്ചത്.
റോഡു മാര്‍ഗം കേരളത്തിലെത്താനാണ് നോര്‍ക്കയില്‍ നിന്നു നിര്‍ദേശമുണ്ടായതും. ഞായറാഴ്ച പട്നയില്‍ നിന്നു കോഴിക്കോട്ടേക്കു മറ്റൊരു സംഘം ബസില്‍ യാത്ര തിരിക്കുന്നുണ്ട്.
ഒരാഴ്ചയായി കാണാതായ പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ തടപ്പറമ്പ് വീട്ടില്‍ മുച്ചുണ്ടി തൊടിയില്‍ മുഹമ്മദ് സലീമിനെ(39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ മരണകാരണം വ്യക്തമല്ല. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് ദമാമില്‍ താമസിച്ചിരുന്നത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കും. ഭാര്യ: ഹൈറുന്നീസ, മകന്‍: മുഹമ്മദ് നാസിഫ്.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 22 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.
എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലുമാണ്.
182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4644 സാമ്പിളുകള്‍ നെഗറ്റീവ് ആയി.