കോവിഡ് ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധിക ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് കൊറോണ ബാധയില്‍ നിന്നു മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്കു പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്കു തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ അഡ്മിറ്റാക്കി. മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്നു മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്കു മാറ്റി. ഇവരെ രണ്ടുപേരെയുംവിദഗ്ധ ചികിത്സയെ തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് മുൻപ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടശേഷം ഒരിക്കല്‍കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്. എത്രയും വേഗം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്‌സിന് കൊറോണ രോഗം പിടിപെട്ടു. മന്ത്രി കെ.കെ.ശൈലജ ആ നഴ്‌സിനെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു.
പത്തനംതിട്ട കുടുംബത്തില്‍ നിന്നും മെഡിക്കല്‍ കോളജിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ മൂന്നംഗ കുടുംബത്തിലെ റോബില്‍ കഴിഞ്ഞ ദിവസം മന്ത്രിയെ വിളിച്ച് തന്റെ കുടുംബത്തെ രക്ഷിച്ചതിലുള്ള നന്ദിയറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ.ജയകുമാര്‍, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍എംഒ. ഡോ. ആര്‍.പി.രെഞ്ജിന്‍, എആര്‍എംഒ. ഡോ. ലിജോ, നഴ്‌സിങ് ഓഫിസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. 25 നഴ്‌സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.
English Summary: Kottayam medical college achievement in Covid treatment
നിസാമുദീനിൽ മതസമ്മേളനത്തിനെത്തിയ പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ. സലീം പനി ബാധിച്ചു മരിച്ചു. റിട്ട. അധ്യാപകനാണ് ഇദ്ദേഹം. നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശികളായ ഏഴ് പേരിൽ ഒരാളാണ് സലീം. സൗദിയിൽ നിന്നുമെത്തിയാണ് ഇയാൾ സമ്മേളനത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടർന്ന് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരാൻ സാധിക്കാത്തതിനാൽ ഡൽഹിയിൽ തന്നെയാണ് സംസ്കരിച്ചത്. ഹൃദയസംബന്ധമായ രോഗമുള്ളയാളായിരുന്നു സലീം.
കേരളത്തെ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രോഗിക്ക് അസുഖം ബാധിച്ചതിൽ സമൂഹികവ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി. പോത്തന്‍കോട് സ്വദേശി അസീസിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് നിഗമനമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
മരിച്ച അസീസ് മാർച്ച് ആദ്യവാരം മുതൽ തന്നെ നിരീക്ഷണത്തിലായിരുന്നു. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അസീസ് ഗള്‍ഫില്‍നിന്നു വന്നവരുമായി ഇടപഴകിയതുൾപ്പെടെ കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളിൽ നിന്നും ശേഖരിക്കുകയാണ്. എന്നാൽ മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണം, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ച രണ്ടു പേരും ഹൃദ്‌രോഗവും അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരുവർക്കും സാധ്യമായ എല്ലാ ചികിത്സയും നടത്തിയിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
അസീസ് മാര്‍ച്ച് രണ്ട് മുതല്‍ ഇദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 18നാണ് ഇദ്ദേഹത്തിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതിനു ശേഷവും ഇദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. മാര്‍ച്ച് 23ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. രാവിലെ 8.40നാണ് അവിടെയെത്തിയത്. വൃക്കകള്‍ തകരാറിലായിരുന്നു. ഒട്ടേറെ മറ്റ് അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച ഇദ്ദേഹം വിദേശയാത്ര ചെയ്യുകയോ വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല ഇദ്ദേഹമെന്നാണ് വിവരം. 68 വയസ്സാണ്. വെഞ്ഞാറമ്മൂട്ടിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരും പരിചരിച്ച നഴ്സുമാരും നിരീക്ഷണത്തിലാണ്. 12 ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടുന്നു. ആകെ ഇരുപതോളം പേര്‍ ആശുപത്രിയില്‍ മാത്രം നിരീക്ഷണത്തിലാണ്.
ഇതിന് പുറമെ അസീസ് നിരീക്ഷണത്തിലിരുന്ന കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തില്‍ പങ്കെടുത്തിരുന്നതായും മകള്‍ കെ.എസ്.ആര്‍.ടി ബസ് കണ്ടക്ടറാണെന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന ുെപാലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പരിശോധന തുടരുന്നു.
തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി.
രാജ്യത്ത് കൊവിഡ് 19 പടർന്ന് പിടിക്കുന്നത് തടയാൻ നടപ്പാക്കിയ ലോക്ക്ഡൗൺ സമ്പൂർണമാക്കുന്നതിനായി സംസ്ഥാനത്ത് ഇന്നു രാവിലെ മുതൽ വാഹന പരിശോധന കർശനമാക്കി. ആളുകൾ കൂട്ടം കൂടുന്നത് പൂർണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
പല ജില്ലാ പോലീസ് മേധാവി മാരും ഇന്നലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്ന് സംസ്ഥാന പോലീസ് വേധാവി ലോക് നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നിൽക്കാൻ അനുവദിക്കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ അടച്ചുപൂട്ടലിന്റെ പരിധിയിൽ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കട വൃത്തിയാക്കുന്നതിനും മറ്റുമായി ജീവനക്കാർ ഏഴുമണിക്കുമുൻപു തന്നെ എത്താറുണ്ട്.
അതുപോലെതന്നെ, വൈകിട്ട് അഞ്ചു മണിക്ക് കടകൾ അടച്ച ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തൽ, സൂക്ഷിക്കൽ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധജോലികളും ചെയ്തു വരുന്നുണ്ട്. ഇത്തരം ജോലികൾ തടസ്സപ്പെടുത്താൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.
ഇത്തരം ജോലികൾ പലയിടത്തും പോലീസ് തടയുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം.അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നു രാവിലെ 9.30 ന് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
പുണെയിലെ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുകയായിരുന്ന മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫ്, അപ്രതീക്ഷിത ലോക്ഡൗണ്‍ പ്രഖ്യാപനത്തില്‍ അങ്കലാപ്പിലായി. കോവിഡ് 19 രോഗഭീതി 12 വയസ്സുള്ള മകന്‍ റോഷനെ ചേര്‍ത്തുപിടിച്ച് പുണെയില്‍നിന്നു നാട്ടിലേക്കു തിരിക്കാന്‍ ചിന്തിപ്പിച്ചു. പ്രതിസന്ധികളെ ഓരോന്നായി മറികടന്ന് ആ അച്ഛനും മകനും ഇന്നലെ കോട്ടയത്തെത്തി. ഇരുവരെയും മുണ്ടക്കയത്തെ വീട്ടിലേക്ക് അയയ്ക്കണോയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ആശയക്കുഴപ്പം.
പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍, 25-ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുണെയില്‍നിന്നു തിരിച്ച അവര്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ വേണ്ടിവന്നത് 4 ദിവസം. ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ഫോണ്‍ യാത്രയ്ക്കിടെ പലവട്ടം ഓഫായി.
വെള്ളവും വഴിയരികിലെ കടകളില്‍നിന്നു ലഭിച്ച പഴങ്ങളുമായിരുന്നു പലപ്പോഴും ഭക്ഷണം. ഭാര്യ പുണെയില്‍ത്തന്നെ നഴ്‌സാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് മകന്‍ റോഷനൊപ്പം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.
യാത്ര തുടങ്ങിയത് എല്‍പിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു 26-ന് ഉച്ചയോടെ മംഗലാപുരത്തെത്തി. എല്‍പിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി. ലോറി ആലപ്പുഴ വഴിയായതിനാല്‍ 27-ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ഇറങ്ങി.
അവിടെ വൈറ്റില പൊലീസ് ഇടപാടു ചെയ്തു നല്‍കിയ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇവിടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി. തുടര്‍ന്ന് ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
യാത്രയ്ക്കിടയില്‍ ഒരിക്കല്‍ മാത്രമാണു നല്ല ഭക്ഷണം കഴിക്കാന്‍ സാധിച്ചതെന്നും അതു നല്‍കിയതു വൈറ്റില പൊലീസാണെന്നും ജോസഫ് പറഞ്ഞു. ‘ചോറും കറിയും കൂട്ടിയുള്ള ഊണാണ് വൈറ്റിലയില്‍നിന്നു കിട്ടിയത്. പിന്നാലെ തണ്ണിമത്തന്‍ ജ്യൂസും’ ജോസഫിന്റെ വാക്കുകള്‍. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സാഹസിക യാത്രയെപ്പറ്റി ചോദിച്ചപ്പോള്‍ റോഷന്റെ മുഖത്തു പുഞ്ചിരി മാത്രം.
പുത്തന്‍ കാര്‍ വാങ്ങിയപ്പോള്‍ ലോക്ക് ഡൗണ്‍ വിനയായി. കാത്തിരുന്ന് കാത്തിരുന്നു മുഷിഞ്ഞു. കാര്‍ റോഡിലിറക്കാന്‍ തന്നെ തീരുമാനിച്ചു. കാസര്‍കോട് ആലമ്ബാടി സ്വദേശി സിഎച്ച് റിയാസ് കാറെടുത്ത് റോഡിലിറങ്ങിയത്.
‘കാറോടിച്ച് കൊതി തീര്‍ക്കുക’ എന്നതായതിനാല്‍ സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയില്ലെന്നു മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ടു നിര്‍ത്തിയതുമില്ല. നിരത്തില്‍ മറ്റുവാഹനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അമിത വേഗത്തിലായിരുന്നു ഓട്ടം. തളിപ്പറമ്ബിലെത്തി സ്‌റ്റേറ്റ് ഹൈവേയില്‍ കയറിപ്പോള്‍ ഓടിക്കാന്‍ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ഒരു തടസവും മൈന്‍ഡ് ചെയ്തില്ല.
ഒടുവില്‍ ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
ഒടുവില്‍ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിനെ ഏല്‍പിച്ചത്. ഫോര്‍ റജിസ്‌ട്രേഷന്‍ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകര്‍ത്തു. തളിപ്പറമ്ബ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം .
ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന്‍ രാജസേനന്‍. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും ഇതൊരു അപേക്ഷയായി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും രാജസേനന്‍ പറഞ്ഞു. പായിപ്പാട് ഇതരസംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു രാജസേനന്റെ പ്രതികരണം .
ഒരു പത്തുവര്‍ഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാല്‍ ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം ഇവര്‍ക്ക് തുച്ഛമായ ശമ്പളം മതി. ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുതെന്നും രാജസേനന്‍ പറഞ്ഞു.
എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ.
സംസ്ഥാനത്ത് കൊവിഡ് 19 (കൊറോണ വൈറസ്) വ്യാപനം തടയുന്നതിനായി ബാറുകളും ബിവറേജസുകളും അടച്ചുപൂട്ടിയതോടെ മദ്യം ലഭ്യമല്ലാതായ സാഹചര്യത്തില്‍ വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മദ്യം കിട്ടാത്തതിനാല്‍ മാനസികപ്രശ്‌നങ്ങളുണ്ടാകുന്നവര്‍ക്ക് നിയന്ത്രിതമായ അളവില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് ഉണ്ടെന്ന് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രി, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സിംപ്റ്റവുമായി എത്തുന്നവര്‍ ഒ പി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അത് സമീപത്തുള്ള എക്‌സൈസ് റേഞ്ച് അല്ലെങ്കില്‍ സര്‍ക്കിള്‍ ഓഫീസില്‍ നല്‍കണം.
ആധാറോ വോട്ടേഴ്‌സ് ഐഡിയോ ഡ്രൈവിംഗ് ലൈസന്‍സോ നല്‍കി എക്‌സൈസ് ഓഫീസില്‍ നിന്ന് മദ്യം വിതരണം ചെയ്യുന്നതിനുള്ള പാസ് വാങ്ങണം. ഒരാള്‍ക്ക് ഒരു പാസ് മാത്രമേ കിട്ടൂ. ഈ വിവരം എക്‌സൈസ് ഓഫീസില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയെ അറിയിക്കണം. ഇപ്രകാരം പാസ് ലഭിക്കപവ്വ വ്യക്തിക്ക്, എക്‌സൈസ് ഓഫീസില്‍ നിന്ന് സന്ദേശം കിട്ടിയാല്‍ അബ്കാരി ആക്ട് പ്രകാരം അനുവദനീയമായ അളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നല്‍കാം. ഇതിനുള്ള നടപടി ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്വീകരിക്കണം. എന്നാല്‍ ഇതിനായി ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല. വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങള്‍ അതാത് ദിവസം എക്‌സൈസ് വകുപ്പിനെ അറിയിക്കണം. വിതരണം ചെയ്യുന്ന പാസിന്റെ വിവരങ്ങള്‍ എക്‌സൈസ് വകുപ്പിന്റെ ഐടി സെല്‍ രേഖപ്പെടുത്തണം. ഇരട്ടിപ്പും മറ്റ് ക്രമക്കേടുകളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
മദ്യം നൽകാൻ നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് കഴിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതിന് പിന്നാലെ ഡോക്ടർമാരോട് ഇത്തരത്തിൽ പറയാൻ ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ മരിച്ചതെല്ലാം പ്രായമുള്ളവരായിരുന്നു. എന്നാല്‍, ഗുജറാത്തില്‍ ഇന്ന് മരിച്ചത് 45കാരനാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ മരണം 30 ആയി.
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍.1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയില്‍ അഞ്ച്, മുംബൈയില്‍ മൂന്ന്, നാഗ്പൂരില്‍ രണ്ട്, കോലപൂരില്‍ ഒന്ന്, നാസിക്കില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.