Kerala

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനുമെതിരേ പരാതി നല്‍കി വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ.കെ ശൈലജ പറഞ്ഞതോടെയാണ് പരാതിയുമായിഷാഫി മുന്നോട്ടുപോയത്.

ഏപ്രില്‍ 16-ന് കെ.കെ ശൈലജ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നാണ് ആരോപിച്ചത്. ഈ വീഡിയോകളും ഫോട്ടോകളും വോട്ടര്‍മാരെ പ്രത്യേകിച്ച് മുസ്ലിം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പറഞ്ഞിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയും അനുയായികളും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ പറഞ്ഞു. എംവി ഗോവിന്ദന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിക്കുകയും അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 24-മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അറിയിച്ച് വക്കില്‍ നോട്ടീസ് അയച്ചു. എന്നാല്‍ ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.

ഇത് എതിര്‍ സ്ഥാനാര്‍ഥിയ്‌ക്കെതിരേ വ്യാജപ്രചാരണം നടത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനം മാത്രമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണെന്നുമാണ് ഷാഫി പരാതിയില്‍ പറയുന്നത്.

മുൻ ഇടത് എം.പി.യും നടനുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്ഗോപിയുടെ പ്രചാരണ ബോര്‍ഡ്. സംഭവത്തില്‍ എല്‍.ഡി.എഫ്. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. ബസ്സ്‌ സ്‌റ്റാന്റ് എ.കെ.പി. റോഡിനടുത്ത് സ്ഥാപിച്ച ബോർഡുകൾ വിവാദമായതോടെ എൻ.ഡി.എ.നേതൃത്വം ഇടപെട്ട് നീക്കംചെയ്യിച്ചു.

ഒരുമാസംമുമ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ ഇന്നസെന്റിനൊപ്പമുള്ള ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. പിന്നീടാണ് തൊട്ടപ്പുറത്ത് അതിലും വലുപ്പത്തില്‍ ഇന്നസെന്റും സുരേഷ് ഗോപിയുംകൂടി നില്‍ക്കുന്ന ബോര്‍ഡ് എന്‍.ഡി.എ. സ്ഥാപിച്ചത്. കൂടല്‍മാണിക്യം ഉത്സവ ആശംസകളോടെ എന്നെഴുതിയ ബോര്‍ഡിൽ ‘എല്ലാത്തിനുമപ്പുറം സൗഹൃദം’ എന്നും എഴുതിയിരുന്നു.

ചാലക്കുടി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. എം.പി.യും ഇടതു സഹയാത്രികനുമായിരുന്നു ഇന്നസെന്റ്. ഒരു സിനിമാനടനെന്നനിലയില്‍ ബോര്‍ഡുവെക്കുന്നതുകൊണ്ട് തെറ്റില്ലെന്നും എന്നാല്‍, എല്‍.ഡി.എഫ്. നേതാവും എം.പി.യുമായിരുന്ന ഇന്നസെന്റിന്റെ ചിത്രംവെച്ച് വോട്ടുതേടുന്നത് ശരിയല്ലെന്നും എല്‍.ഡി.എഫ്. പ്രതികരിച്ചു.

അനുമതിയില്ലാതെയാണ് ചിത്രം സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുബം പറഞ്ഞു.‌ സുരേഷ് ഗോപിയുടെ ബോര്‍ഡിന്റെ കാര്യത്തില്‍ ഇടതുമുന്നണിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. അനുവാദത്തോടെയാണ് സുനില്‍കുമാറുമൊത്തുള്ള ബോര്‍ഡ് സ്ഥാപിച്ചതെന്നും അവർ വ്യക്തമാക്കി.

അതേസമയം, സുരേഷ്ഗോപിയും ഇന്നസെന്റും തമ്മിലുള്ള സൗഹൃദം അടയാളപ്പെടുത്താന്‍വെച്ച ബോര്‍ഡുകളാണവയെന്ന് എന്‍.ഡി.എ. പ്രതികരിച്ചു.

കളരി പഠിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പരിശീലകന് 64 വർഷം തടവും 2.85 ലക്ഷം രൂപ പിഴയും. എരൂർ എസ്എംപി കോളനിയിൽ താമസിക്കുന്ന എംബി സെൽവരാജിനാണ് ശിക്ഷ.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പോക്സോ, ബലാത്സം​ഗം തുടങ്ങി ശെൽവരാജിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

സ്വയം പ്രതിരോധത്തിനായി കളരി അഭ്യസിക്കാനാണ് മാതാപിതാക്കൾ കുട്ടിയെ കളരിയിൽ ചേർത്തത്. 2016 ഓ​ഗസ്റ്റ് മുതൽ 2018 ഓ​ഗസ്റ്റ് വരെ സെൽവരാജൻ കുട്ടിയെ പല തവണ പീഡിപ്പിച്ചു. ഫോണിൽ അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ച കുറ്റവും തെളിഞ്ഞിട്ടുണ്ട്.

എരൂരിൽ പ്രതി നടത്തിയ കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു പീഡനം. വിവരമറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിരമ്പുഴ : എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ആനമല ജംഗ്ഷന് സമീപമുള്ള പൂവന്നികുന്നേൽ അപ്പച്ചന്റെ ഭവനത്തിൽ നടത്തിയ കുടുംബസംഗമം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു.

കോട്ടമുറി ജംഗ്ഷൻ മുതൽ ആനമല ജംഗ്ഷൻ വരെ എൽ ഡി എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തിയതിന് ശേഷമാണ് കുടുംബസംഗമം ആരംഭിച്ചത്. 22, 23, 24 ലെ ബൂത്തുകളിലെ എൽ ഡി എഫ് കുടുംബങ്ങളിൽ നിന്നായി 200 ഓളം പ്രവർത്തകർ പങ്കെടുത്തു. സി പി ഐ എം ലോക്കൽ സെക്രട്ടറി പി. എൻ സാബു അദ്ധ്യക്ഷത വഹിച്ചു. എൽ ഡി ഫ് നേതാക്കളായ ജോസ് ഇടവഴിക്കൽ, ബെന്നി തടത്തിൽ, സിനി ജോർജ് കുളംകുത്തിയിൽ, നെറ്റോ, സി. ജെ. മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.

കുണ്ടായിത്തോട്ടിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചുമണിയോടെയാണ് സംഭവം. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സർക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. കൊല്ലേരിപ്പാറ ഭാ​ഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്നാണ് വിവരം. നിസാറാണ് നസീമയുടെ ഭർത്താവ്.

തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ നല്‍കിയ പരാതിയില്‍ നടപടിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

രാജീവ് ചന്ദ്രശേഖറിനെതിരെ പ്രാഥമിക തെളിവുണ്ടായിട്ടും തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാലും രഞ്ജിത്ത് തോമസുമാണ് ഹര്‍ജിക്കാര്‍.

അതേസമയം, തിരഞ്ഞെടുപ്പ്നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആദായനികുതി വകുപ്പാണ് അന്വേഷണം നടത്തും. ആദായനികുതി വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് സ്വത്ത് വിവരം മറച്ചുവെച്ചുവെന്ന പരാതി അന്വേഷിക്കുക.

രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങളിലെ വസ്തുത പരിശോധിക്കാൻ ആദായ നികുതി വകുപ്പിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരുന്നു.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാല്‍ ആണ് ആദ്യം ഉന്നയിച്ചത്. ഇതു ചൂണ്ടിക്കാട്ടി ഇവര്‍ വരണാധികാരിയായ ജില്ലാ കലക്ടറിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചിരുന്നു.

നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ ജയിച്ചവർക്ക് ഇനിമുതൽ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം. ഇവർക്ക് ജെ.ആർ.എഫ്. ഇല്ലാതെതന്നെ പിഎച്ച്.ഡി. നേടാനാകുമെന്നും യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.

നിലവിൽ നെറ്റ് പരീക്ഷയ്ക്ക് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമായിരുന്നു യോഗ്യത. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുപകരം ഓഫ്‌ലൈൻ മോഡിലാണ് ഈവർഷത്തെ പരീക്ഷ നടത്തുന്നത്. എല്ലാ വിഷയങ്ങൾക്കുമുള്ള പരീക്ഷ ജൂൺ 16-ന് നടത്തും.

സംവരണവിഭാഗത്തിലെ വിദ്യാർഥികൾക്ക് മാർക്കിൽ അഞ്ചുശതമാനത്തിന്റെ ഇളവ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങി. മേയ് പത്താണ് അവസാന തീയതി.

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പു വൃത്തങ്ങൾ അറിയിച്ചു. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ മൂന്ന് പോളിംങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് പോളിങ് ഓഫിസര്‍മാരെയും ബിഎല്‍ഒയെയുമാണ് സസ്‌പെന്‍ഡു ചെയ്തത്. ബിഎല്‍ഒ അമ്പിളി ദേവി, പോളിങ് ഓഫിസര്‍മാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

മരിച്ചയാളുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. കള്ളവോട്ട് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഈ വോട്ട് അസാധുവായി കണക്കാക്കും. ആറു വര്‍ഷം മുന്‍പ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകള്‍ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ വ്യക്തമാക്കി. എന്നാല്‍ സീരിയല്‍ നമ്പര്‍ മാറിപ്പോയതാണെന്നും അബദ്ധവശാല്‍ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യുഡിഎഫും പ്രതികരിക്കുന്നത്.

തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.

പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന്‌ ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകൾക്ക് നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

RECENT POSTS
Copyright © . All rights reserved