കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവിൽ കടുവയെ പോലെ തോന്നിയ അജ്ഞാത ജീവിയെ കണ്ടതായി ജോലിക്കെത്തിയവർ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലത്തെത്തി. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ 35 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിലാണ് സംഭവം നടന്നത്. ജോലിക്കാർ കിണറിനകത്ത് നിന്ന് വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ വാലുള്‍പ്പെടെ പിൻഭാഗം മാത്രം കാണപ്പെട്ടതായും ജീവി ഗുഹയിലേക്ക് കയറിപ്പോയതായും അവർ പറഞ്ഞു.
വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ഡിഎഫ്ഒ ആഷിഖ് അലി, താമരശ്ശേരി റെയ്ഞ്ച് ഓഫീസർ പ്രേം ഷമീർ എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്ത് പരിശോധന നടത്തി. മൂന്ന് തവണ ക്യാമറ ഇറക്കിയെങ്കിലും ജീവിയെ കണ്ടെത്താൻ സാധിച്ചില്ല. കിണറിനുള്ളിൽ ഗുഹയുള്ളതിനാൽ അതിനകത്ത് ജീവി ഒളിച്ചിരിക്കാമെന്ന സംശയം ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കിണറിനകത്ത് പ്രത്യേക ക്യാമറയും മുകളിൽ സുരക്ഷാ നെറ്റും സ്ഥാപിച്ചു. ജീവിയുടെ സ്വഭാവം തിരിച്ചറിയാൻ ക്യാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രധാന പ്രതികളിൽ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന. ഇന്ന് രാവിലെയാണ് പോലീസ് അദ്ദേഹത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് . ഇപ്പോൾ അയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നു . അറസ്റ്റ് രേഖപ്പെടുത്തിയോയെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദേവസ്വം വിജിലൻസ് മുമ്പ് പോറ്റിയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റിയുടെ കൈവശം എത്ര സ്വർണ്ണമാണ് എത്തിയതെന്നും മറ്റുള്ളവർക്ക് എത്ര പങ്ക് ലഭിച്ചുവെന്നുമൊക്കെ ചോദ്യം ചെയ്യലിലൂടെ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. ചോദ്യം ചെയ്യൽ തിരുവനന്തപുരം അല്ലെങ്കിൽ പത്തനംതിട്ടയിലായിരിക്കാമെന്നാണ് വിവരം.
അതേസമയം കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ നേരത്തെ തന്നെ നടപടി നേരിട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകൾക്കും അവസാനമുണ്ടാകണമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു. 1998 മുതൽ ബോർഡ് എടുത്ത എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം ക്രൈസ്തവ സഭകൾ തള്ളി. എൻഎസ്എസിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സർക്കാരിന്‍റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് സഭകളുടെ എക്യുമെനിക്കൽ യോഗം വ്യക്തമാക്കി. കോടതി വഴിയല്ല, സർക്കാർ തന്നെ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ സമവായ തീരുമാനമെടുത്തത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നതാണ് സർക്കാരിന്‍റെ നിലപാട്. ഇതിനെ തുടർന്നാണ് കെസിബിസി ആദ്യം തീരുമാനം സ്വാഗതം ചെയ്തത്. പാലാ ബിഷപ്പ് ഹൗസിൽ ചേർന്ന എക്യുമിനിക്കൽ യോഗം മാത്രമല്ല, ഓർത്തഡോക്സ്, മാർത്തോമ, യാക്കോബായ, സിറോ മലങ്കര, ക്നാനായ, സിഎസ്ഐ, കൽദായ സഭകളുടെ പ്രതിനിധികളും ഇതിൽ പങ്കെടുത്തു.
സർക്കാരിന്റെ സുപ്രീംകോടതി നീക്കം വിധി ലഭിക്കുന്നതുവരെ നീണ്ടുനിൽക്കുന്ന നിയമപ്രക്രിയയാകും എന്നതിനാൽ അത് പ്രശ്നപരിഹാരമാകില്ലെന്നാണ് സഭകളുടെ വാദം. സഭകളുടെ പുതിയ നിലപാടോടെ പ്രശ്നം വീണ്ടും സങ്കീർണമായിരിക്കുകയാണ് . എൻഎസ്എസിന് പിന്നാലെ ക്രൈസ്തവ സഭകളെയും അനുനയിപ്പിക്കാമെന്ന കരുതിയ സർക്കാർ ഇപ്പോൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.
കേരളത്തില്‍ തുലാവര്‍ഷം ഔദ്യോഗികമായി തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വരെ പെയ്തിരുന്നത് തുലാവര്‍ഷത്തിന് മുമ്പുള്ള മഴയായിരുന്നുവെന്നും ഇനി സംസ്ഥാനത്താകെ ശക്തമായ മഴ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റും രൂപപ്പെട്ടതിനാല്‍ മഴയുടെ തീവ്രത കൂടി വരാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിരുവനന്തപുരം മുതല്‍ വയനാട് വരെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കായി ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കന്‍ കേരളത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായി മഴ ലഭിച്ചതെങ്കിൽ ഇനി സംസ്ഥാനത്താകെ വ്യാപകമായ മഴ പ്രതീക്ഷിക്കാം.
തുലാവര്‍ഷ മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുകയും വേണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒക്ടോബര്‍ 18 വരെ സംസ്ഥാനത്ത് സജീവമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം.
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചെന്നും, പുറത്താക്കി എന്ന് പറഞ്ഞ് ചിലർ പടക്കം പൊട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ആ ആഘോഷങ്ങളിൽ സജി ചെറിയാനും പങ്കാളിയായിരുന്നുവെന്ന് സുധാകരൻ ആരോപിച്ചു. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും, “പാർട്ടിയാണ് എന്നെ കുറിച്ച് നല്ലത് പറയേണ്ടത്, വ്യക്തികളല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാന്റെ കൂട്ടുകാരാണ് തന്നെ ബിജെപിയിലേക്ക് വിടാൻ ശ്രമിച്ചതെന്നും ജി സുധാകരൻ ആരോപിച്ചു. “തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല, അത് നല്ലതിനല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ വന്ന പരാതികൾക്ക് പിന്നിൽ സജി ചെറിയാനാണ് എന്നും അദ്ദേഹം പറഞ്ഞു . “സജി ചെറിയാൻ അറിയാതെ പരാതി പോകുമോ? പാർട്ടിക്ക് യോജിക്കാത്ത പ്രസ്താവനകൾ പലതും നടത്തിയിട്ടും സജിക്കെതിരെ നടപടി ഉണ്ടായിട്ടില്ല. എനിക്കു ഉപദേശം നൽകാൻ അദ്ദേഹത്തിന് അർഹതയില്ല; അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ല,” എന്നും ജി സുധാകരൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു.
പള്ളുരുത്തിയിലെ സെൻറ് റീത്താസ് പബ്ലിക് സ്കൂൾ ഹിജാബ് വിവാദത്തെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്കുശേഷം വീണ്ടും തുറന്നു. പരാതി ഉയർത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനി ഇന്ന് സ്കൂളിൽ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് അവധി എടുത്തതെന്ന് രക്ഷിതാക്കൾ അറിയിച്ചു. സ്കൂളിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ കുട്ടി ഇവിടെ പഠനം തുടരുമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് വ്യക്തമാക്കിയതായി എം.പി. ഹൈബി ഈഡൻ പറഞ്ഞു. ഹൈബി ഈഡൻ എം.പി.യും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മധ്യസ്ഥത വഹിച്ച ചർച്ചയ്ക്കുശേഷമാണ് രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും തമ്മിൽ ധാരണയിലെത്തിയത്.
ഹിജാബ് വിഷയത്തെ ചുറ്റിപ്പറ്റി ചില വർഗീയശക്തികൾ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ഹൈബി ഈഡൻ എം.പി. ആരോപിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും, സ്കൂൾ നിർദേശിച്ച യൂണിഫോം പാലിക്കുമെന്നുമാണ് രക്ഷിതാവിന്റെ നിലപാട്. സ്കൂളിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക തന്നെയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നതും നേതാക്കൾ വ്യക്തമാക്കി. വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ മരുതുംകാട് പ്രദേശത്ത് നടന്ന വെടിവെപ്പ് സംഭവം ഞെട്ടലുണ്ടാക്കി. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു (42) അയൽവാസിയും കളപ്പുരയ്ക്കല്‍ ഷൈലയുടെ മകനുമായ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണപ്രകാരം, നിധിനെ വെടിവെച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്തെന്നാണ് പൊലീസ് നിഗമനം. റോഡരികിൽ ബിനുവിന്റെ മൃതദേഹവും സമീപത്ത് നാടൻ തോക്കും കണ്ടെത്തി. വീടിനുള്ളിൽ നിധിന്റെ മൃതദേഹവും കണ്ടെത്തിയതായി എസ്പി അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. റബ്ബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് ആദ്യം ബിനുവിന്റെ മൃതദേഹം കണ്ടത്. പിന്നാലെ പൊലീസ് എത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ തർക്കം തന്നെയായിരിക്കാമെന്നാണു പ്രാഥമിക നിഗമനം.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. അധ്യക്ഷനാക്കാത്തതിൽ ഐ ഗ്രൂപ്പിന് അമർഷമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
പുതിയ ഭാരവാഹികളെ ഗ്രൂപ്പ് താൽപ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പ്രഖ്യാപിച്ചത്. ഒജെ ജനീഷിനൊപ്പം കെ.സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വർക്കിങ് പ്രസിഡന്റായും നിയമിച്ചു. പ്രസിഡന്റാവുമെന്ന് കരുതിയ അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരാക്കി. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ വൈസ് പ്രസിഡന്റായതിനാൽ പ്രസിഡന്റ് സ്ഥാനം സ്വാഭാവികമായും തനിക്കെന്ന നിലപാടിൽ അബിൻ വർക്കി അനുയായികളും ഉറച്ചുനിന്നിരുന്നു.
എ ഗ്രൂപ്പും ഐ ഗ്രൂപ്പും കെ.സി ഗ്രൂപ്പും തമ്മിലുണ്ടായ ശക്തമായ ബലപരീക്ഷണങ്ങൾക്കൊടുവിലാണ് ഒ.ജെ. ജനീഷിന്റെ പേര് സമവായമായി മുന്നോട്ടുവന്നത്. തർക്കം തീർക്കാനായി സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് വർക്കിങ് പ്രസിഡന്റിന്റെ സ്ഥാനം സൃഷ്ടിച്ചത്. ബിനു ചുള്ളിയിലിനെ ആ പദവിയിലേക്ക് കെ.സി വേണുഗോപാൽ പക്ഷം കൊണ്ടുവന്നപ്പോൾ, കെ.എം. അഭിജിത്തിനെയും അബിൻ വർക്കിയെയും ദേശീയ സെക്രട്ടറിമാരാക്കി സമതുലിത നിലപാട് സ്വീകരിച്ചു. ഈ നീക്കത്തിലൂടെ എ, ഐ, കെ.സി ഗ്രൂപ്പുകൾക്കും ഷാഫി പറമ്പിൽ വിഭാഗത്തിനും തൃപ്തികരമായ പരിഹാരമെന്ന നിലയിലാണ് അന്തിമ തീരുമാനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
15ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, 16, 17 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (14/10/2025) വൈകുന്നേരം 05.30 മുതൽ 16/10/2025 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
കൊല്ലം ∙ നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും മറ്റ് രണ്ടു പേർക്കും ദാരുണമായി ജീവൻ നഷ്ടമായി . കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. പുലർച്ചെയോടെ സംഭവിച്ച ദുരന്തത്തിൽ ഒരു നാട് മുഴുവൻ ദുഃഖത്തിൽ ആയി.
പുലർച്ചെ 12.15ഓടെയാണ് അപകട വിവരം ഫയർഫോഴ്സിന് ലഭിച്ചത്. അർച്ചനയുടെ കുട്ടികളാണ് അമ്മ കിണറ്റിൽ വീണതായി അറിയിച്ചത്. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സോണി കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞാണ് അപകടം നടന്നത് . അതേസമയം, കിണറിന്റെ അരികിൽ നിന്നിരുന്ന ശിവകൃഷ്ണനും ബാലൻസ് തെറ്റി കിണറ്റിലേക്ക് വീണു.
മൂന്ന് കുട്ടികളുടെ അമ്മയായ അർച്ചനയും ശിവകൃഷ്ണനും കുറച്ച് നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിലുണ്ടായ തർക്കമാണ് അർച്ചന കിണറ്റിലേക്ക് ചാടാൻ കാരണം എന്നതാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്ന വിവരവും പൊലീസ് അറിയിച്ചു.