തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിനെയും ഭരണ പരിഷ്‌കാര കമ്മീഷനെയും വിമര്‍ശിച്ച് സിപിഐ നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സി.ദിവാകരന്‍. വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാര്‍ക്ക് അവഗണ നേരിട്ടിരുന്നു.
ധനമന്ത്രിയായിരുന്ന തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ പിടിച്ചുവെച്ചുവെന്നും ദിവാകരന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് തോമസ് ഐസക്കിനെന്താ കൊമ്പുണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഡി സാജു അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഭരണപരിഷ്‌ക്കാര കമ്മീഷനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. വി.എസ് അധ്യക്ഷനായിട്ടുള്ള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും സി.ദിവാകരന്‍ പറഞ്ഞു.
എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കാന്‍ ഒരു ലക്ഷം രൂപ വീതം ആവശ്യപ്പെട്ട സംഭവത്തില്‍ മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്.
ഐ.സി.എസ്.ഇ സിലബസ്സിലുള്ള മലപ്പുറം ജില്ലയിലെ ചുരുക്കം സ്‌കൂളുകളിലൊന്നാണ് ചുങ്കത്തറയിലെ ഗുഡ് ഷെപ്പേഡ് സ്‌കൂള്‍. ഇവിടെ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം ടിസി ആവശ്യപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ മുന്നോട്ടുവച്ച വിചിത്രമായ ആവശ്യം നേരിടേണ്ടിവന്നിരിക്കുന്നത്. ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ ഏകജാലക നടപടികളിലൂടെ അപേക്ഷ നല്‍കിയതിനോടൊപ്പം സ്‌കൂളില്‍ നിന്നും ടിസി ആവശ്യപ്പെട്ട ഇവരോട് ഒരു ലക്ഷം രൂപയാണ് ഈയിനത്തില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ കൂടി സ്‌കൂളില്‍ തന്നെ പഠിക്കണമെന്നും, ഇത് നേരത്തേ തന്നെ പ്രോസ്പെക്ടസില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നുമാണ് മാനേജ്മെന്റ് ഈ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് ഉയര്‍ത്തുന്ന വാദം.
ഈ നിര്‍ദ്ദേശം സമ്മതിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നതെന്നും, ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണെങ്കില്‍ രണ്ടു വര്‍ഷത്തെ ഫീസ് തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നുമാണ് സ്‌കൂളിന്റെ പക്ഷം. പത്താം തരം പാസ്സായ 29 വിദ്യാര്‍ത്ഥികളില്‍ ആറു പേരുടെ രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഹയര്‍സെക്കന്ററി ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം പാടേ കുറഞ്ഞതോടെ, ക്ലാസ്സുകള്‍ നിലനിര്‍ത്താനാണ് മാനേജ്മെന്റ് ഭീഷണിയുടെ വഴി സ്വീകരിച്ചതെന്നാണ് പരാതി.
സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടികളെ ഭയന്ന് ഇതിനോടകം ഒരു ലക്ഷം രൂപ അടച്ച് ടിസി നേടിയവരും ഉണ്ടെന്ന് പരാതി ഉന്നയിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന്റെ നിലവാരത്തകര്‍ച്ച കാരണം തങ്ങളുടെ കുട്ടികളെ ഇനി ഇവിടെ പഠിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും, ടിസി ലഭിക്കുന്നതിനായി നിയമപരമായിത്തന്നെ നീങ്ങുമെന്നുമാണ് ഇവരുടെ പക്ഷം.
ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാല ക്യാപസില്‍ മലയാളി വിദ്യാർത്ഥി തുങ്ങിമരിച്ച നിലയിൽ . എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും 24 കാരനുമായ റിഷി ജോഷ്വായെ ആണ് ഭാഷാ ഡിപാർട്ട്മെന്റിലെ റീഡിങ്ങ് റൂമിൽ തുങ്ങിമരിച്ചത്. സംഭവത്തിൽ ഡൽഹി വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് വെല്ലൂരിൽ താമസമാക്കിയ മലയാളി കുടുംബാംഗമാണ് റിഷ് ജോഷ്വാ എന്നാണ് റിപ്പോർട്ടുകള്‍.
പഠന വകുപ്പിലെ ഒരു അധ്യാപകന് ഇ-മെയിൽ ആയി ലഭിച്ച ആത്മഹത്യാകുറിപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു വിദ്യാർഥിയെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ റീഡിങ്ങ് റൂം അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതിനുള്ളിലാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സർവകലാശാലയിലെ ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷം മൃതദേഹം സഫ്ദർജങ് ആശുപത്രിയിലേക്ക് മറ്റ് നടപടികൾക്കായി മാറ്റുകയായിരുന്നു.
അതേസമയം, കുറച്ച് ദിവസങ്ങളായി ജോഷ്വാ കടുത്ത വിഷാദത്തിലായിരുന്നെന്ന് സഹപാഠികൾ പ്രതികരിച്ചതായി വിദ്യാർത്ഥികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ ജോഷ്വാ സീറോ സെമസ്റ്റര്‍ പരീക്ഷയ്ക്ക അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തങ്ങളോട് പറഞ്ഞിരുന്നതായും സഹപാഠികൾ പറയുന്നു. ഇത്തരത്തിൽ സീറോ സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ചാൽ അടുത്ത സെമസ്റ്ററിനൊപ്പം പരീക്ഷ എഴുതാൻ കഴിയും. എന്നാൽ പഠന വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെ മികച്ച പിന്തുണയാണ് ജോഷ്വായ്ക്ക് നൽകിയിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥിയുടെ തീർത്തും ദുഃഖകരമാണെന്ന് ജെഎൻയു വിദ്യാർത്ഥി യൂനിയൻ ജനറല്‍ സെക്രട്ടറി ഐജാസ് അഹമ്മദ് റാത്തർ പ്രതികരിച്ചു. സംഭവത്തിൽ സർവകലാശാല സ്വതന്ത്ര അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് യൂനിവേഴ്സിറ്റി അധികൃതർ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിലേക്ക് തിരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
2016ൽ കനയ്യകുമാർ, ഉമ്മർഖാലിദ് തുടങ്ങിയ വിദ്യാർത്ഥി നേതാക്കൾക്കെ എതിരായ നടപടികളും, ഇതിന് പിറകെ നജീബ് അഹമ്മദ് എന്ന വിദ്യാർത്ഥിയ കാണാതായതും ജെഎൻയുവില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സിറോ മലബാർ സഭയിലെ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ തയാറാക്കിയതെന്ന് സംശയിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി തീരുമാനമെടുക്കൂ എന്ന് പൊലീസ് അറിയിച്ചു. മുരിങ്ങൂർ ഇടവക വികാരി ഫാദർ ടോണി കല്ലൂക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു. രാവിലെ പതിനൊന്നു മണിയോടെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഫാദർ ടോണിയെ രാത്രിയായിട്ടും വിടാഞ്ഞതിനെതിരെ ഒരു വിഭാഗം വൈദികരും നാട്ടുകാരും ചേർന്ന് ആലുവ ഡിവൈഎസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് എഎസ്പിയെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷം ഫാദർ ടോണിയെ വിട്ടയച്ചു. ഇതിനു ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്.
കോട്ടയം: പിജെ ജോസഫിനെ കക്ഷിനേതാവായും ജോസ് കെ. മാണിയെ വർക്കിംഗ് ചെയർമാനും നിയമിക്കണമെന്ന നിർദേശം ജോസഫ് വിഭാഗം മുന്നോട്ട് വച്ചു. അതേസമയം സിഎഫ് തോമസിനെ ചെയർമാനാക്കണമെന്ന നിർദ്ദേശം മാണി വിഭാഗം അംഗീകരിച്ചിട്ടില്ല.
കെഎം മാണിയുടെ 41-ാം ചരമദിനം കഴിഞ്ഞതോടെ പാർട്ടിയിലെ സ്ഥാനങ്ങൾക്കായി കേരള കോൺഗ്രസിലെ ഇരു വിഭാഗവും നിലപാട് കടുപ്പിച്ച് രംഗത്തെത്തി. 27ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപ് നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കണം.
25ന് മുൻപ് നേതാവാരെന്ന് സ്പീക്കറെ അറിയിക്കണം. ചെയർമാൻ സ്ഥാനം വേണ്ടെന്ന് പിജെ ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ നിയമസഭാകക്ഷിനേതൃ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല. ഇതിനായി വർക്കിംഗ് ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കാനും ജോസഫ് തയ്യാറാണ്.
വൈസ് ചെയർമാൻ ട്രഷർ സ്ഥാനങ്ങൾ മാണി വിഭാഗത്തിന് തന്നെയായിരിക്കും. എന്നാൽ ചെയർമാൻ സ്ഥാനത്തിൽ ഒരു വിട്ടുവീഴ്ചക്കും മാണി വിഭാഗം തയ്യാറല്ല. സി എഫ് തോമസ് കുറേനാളായി മാണിവിഭാഗത്തോട് അകലം പാലിക്കുന്ന നേതാവാണ്.
ഇതും ജോസഫിന്റ നിർദ്ദേശത്തെ എതിർക്കാൻ കാരണമായി മാണി വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. പാർലമെന്ററി പാർട്ടി നേതാവിനെ ഉടൻ തീരുമാനിച്ച ശേഷം ചെയർമാനെ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കാമെന്ന നിർദ്ദേശമാണ് മാണി വിഭാഗത്തിന്റേത്.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് നേതാക്കളുടെ നിലപാട്. തർക്കങ്ങളെക്കുറിച്ച് ഇതുവരെ പരസ്യഅഭിപ്രായപ്രകടനം നടത്താതിരുന്ന ജോസ് കെ മാണി ഇനി ശക്തമായി രംഗത്തവരുമെന്നാണ് സൂചന.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചന്ദ്രനെതിരെ നിർണായക മൊഴി. ചന്ദ്രന്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ലേഖ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സില്‍ വച്ച് ലേഖ ചന്ദ്രനെതിരെ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി. ആംബുലന്‍സിലെ ജീവനക്കാരുടെ മൊഴിയും രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും.
ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രനെയും ബന്ധു കാശിനാഥനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവര്‍ നാലുപേര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായർക്ക് മുന്നിൽ ഹാജരാകാൻ കാനറാ ബാങ്ക് മാനേജർക്കും മൂന്നു ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം ദുർമന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യൻമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെ.എം.മാണിയുടെ മൃതദേഹത്തോട് കുടുംബം അനാദരവ് കാട്ടിയെന്ന് പി.സി.ജോര്‍ജ്. മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടാല്‍ അത് മനസിലാകുമെന്നും മാണി അത്യാഹിതനിലയില്‍ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയില്‍ എത്തിയപ്പോഴാണ് പി.സി.ജോര്‍ജിന്റെ പ്രതികരണം. യോഗത്തില്‍ പ്രത്യേക ആവശ്യങ്ങളൊന്നും പറയാനില്ലെന്നും മുന്നണിയുടെ തുടര്‍ പരിപാടികളെക്കുറിച്ച് നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
മല ചവിട്ടിയതിന് പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തി ലിബി. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി തന്റെ വീട്ടില്‍ നിന്നുമാണ് യാത്രചെയ്തതെന്ന് പൊലീസിന് അറിയാമെന്ന് പറയുന്ന ലിബി ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ലെന്നും വെളിപ്പെടുത്തുന്നു. കോടതി വിധി നടപ്പിലാക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ശബരിമലയിലേക്ക് പോയതെന്നും ഇനിയും ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ലിബി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുന്നു
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ദൈവത്തിൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഓരിയിടുന്ന ചാണക ഡാഷ് മക്കൾ അറിയാൻ!
ബിന്ദുഅമ്മിണി എന്റെവീട്ടിൽനിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പോലീസ് ഡിപ്പാർട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല.
ശബരിമലയിൽ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കൽകോളേജിൽ നിരാഹാരം കിടന്നതും വരാൻവേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്പോൾ പോകുന്ന അസുഖമുണ്ടെങ്കിൽ കണ്ടവർക്ക് പോയും കാണുമായിരിക്കും.
ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാൻ വന്നതല്ല വിധിനടപ്പിലാക്കാൻ ചാണകങ്ങൾ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്.ഏതൊക്കെ ഊളകൾ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താൻ.
അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകൾ ശബരിമലയിൽ വരാൻ സന്നദ്ധരായാൽ അവർക്കൊപ്പം നിൽക്കുകയും ചെയ്യും.
പക്ഷെ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ശബരിമലയുടെ പേരിൽ സുവർണ്ണാവസരം സ്വപ്നംകണ്ടവരുടെ പരാജയഭീതി മറച്ചുവെക്കാനുള്ള കോപ്രായങ്ങളാണ് ശബരിമല നടതുറന്നപ്പോൾ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്നത്.
ബിന്ദു അമ്മിണിയുടെ പേരും പറഞ്ഞുനടക്കുന്ന ഈ കോപ്രായങ്ങളുടെ സത്യാവസ്ഥ ചാണകങ്ങളല്ലാത്തവർ മനസിലാക്കണം. പോകേണ്ട ഒരുസാഹചര്യം ഉണ്ടായാൽ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയിൽ പോയിരിക്കും. പക്ഷേ പത്തനംതിട്ടയിലെ വീട്ടിലേക്കുപോയ അവരുടെ പെരുംപറഞ്ഞു ദൈവത്തിൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ നാട്ടിൽ കലാപമുണ്ടാക്കുന്ന ഊളകളെ തിരിച്ചറിയേണ്ടതുണ്ട്.
ബ്രാഹ്മണിസത്തിനും നവഫ്യൂഡൽ മാടമ്പിത്തരത്തിനും എതിരെയുള്ള സമരം എല്ലാ ഒന്നാം തീയതിയും ശബരിമലയിൽ പോയി അയ്യപ്പനെക്കണ്ടു പ്രാർത്ഥിക്കൽ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങൾ. സ്ത്രീകളെ കണ്ടാൽ എന്തോ പോകുമെന്നും പറഞായിരുന്നല്ലോ സുപ്രീംകോടതി വിധിക്കെതിരെ നാട്ടിൽ കലാപമുണ്ടാക്കിയത്കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങൾ കാണിക്കാനും ഈ ജന്തുക്കൾക്ക് നാണമില്ലേ? ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്പോൾ ഞങ്ങൾപോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെർമിഷൻ ആവശ്യമില്ല. പോലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ഏതു ചാണകങ്ങൾ എവിടെ കിടന്നുകുരച്ചാലും ബിന്ദു അമ്മിണി അൽപ്പ സമയത്തിനുള്ളിൽ പതനതിട്ടയിലെ വീട്ടിൽ എത്തിയിരിക്കും. ഇത് ഗുജറാത്തല്ല കേരളമാണ് !
വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി തുറന്നുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തത്. ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും ഇതോടെ തുടക്കമായി. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയാണ് കിഫ്ബി സ്വന്തമാക്കിയിരിക്കുന്നത്. വിപണി തുറക്കൽ ചടങ്ങിൽ ധനകാര്യമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു.
ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഇടപടലുകള്‍ തുടങ്ങി നിരവധി പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന് ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തി നമുക്ക് വലിയ താങ്ങായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസ പദ്ധതികള്‍ സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കുന്നുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് അവ ഔദാര്യമായല്ല, മറിച്ച്, അവരുടെ അവകാശമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസം ഫാനി കൊടുങ്കാറ്റ് ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചതായി ഇവിടെ അറിയിക്കുകയാണ്. മനുഷ്യജീവനുകള്‍ക്ക് കാര്യമായ നഷ്ടമുണ്ടാകാതെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞത് ആവശ്യമായ മുന്നറിയിപ്പ് കിട്ടിയതുകൊണ്ടാണ്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ആഗോളതാപനം കാരണമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തി മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയന്‍ വനിതയെ കോഴിക്കോട് നഗരത്തില്‍ വച്ച് കാണാതായതായി പരാതി. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന (59) എന്ന് ഓസ്‌ട്രേലിയന്‍ വനിതയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പമാണ് വെസ്‌ന കോഴിക്കോട് എത്തിയത്. കോഴിക്കോട് കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് ജിം ബെന്നിയും ഓസ്‌ട്രേലിയന്‍ വനിതയും വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്. കോഴിക്കോട് തങ്ങാന്‍ ഇവര്‍ റൂം എടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വനിതക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.