ദൈവത്തിനും രാജ്യത്തിനുമായുള്ള സേവനങ്ങളെ സമന്വയിപ്പിച്ചു ’ദൈവരാജ്യ’സൃഷ്ടിയിൽ അഭിമാനത്തിന്റെ മുദ്ര ചാർത്തി ഒരു വൈദികൻ. തിരുവസ്ത്രങ്ങളണിഞ്ഞു തിരുവൾത്താരകളിൽ ബലിയർപ്പിക്കുന്ന ജീവിതം, ഇനി രാജ്യസേവനത്തിന്റെ സൈനികവേഷത്തിൽ നിറസാന്നിധ്യമാകും. പൗരോഹിത്യശുശ്രൂഷയ്ക്കൊപ്പം ഇന്ത്യൻ കരസേനയിൽ അംഗമായി സേവനവഴികളിൽ പുത്തനധ്യായം തുറക്കുന്നതു സിഎസ്ടി സന്യസ്ത സമൂഹാംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ.
കരസേനയിൽ നായിബ് സുബേദാർ (ജൂണിയർ കമ്മീഷൻഡ് ഓഫീസർ) തസ്തികയിലാണു ഫാ. ജിസ് ജോസ് കിഴക്കേൽ സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങൾ പൂർത്തിയാക്കി പൂന നാഷണൽ ഇന്റഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. സൈന്യത്തിലെ റിലീജിയസ് ടീച്ചർ എന്ന ദൗത്യമാകും ഫാ. ജിസ് നിർവഹിക്കുക. 15 വർഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളിൽ സേവനം ചെയ്യും.
സിഎസ്ടി സന്യസ്ത സമൂഹത്തിന്റെ ആലുവ സെന്‍റ് ജോസഫ് പ്രോവിൻസ് അംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ കോതമംഗലം രൂപതയിലെ കല്ലൂർക്കാട് ഇടവകാംഗമാണ്. പരേതനായ ജോസ് വർഗീസും വൽസ ജോസുമാണു മാതാപിതാക്കൾ. 2015 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. ആലുവ ലിറ്റിൽ ഫ്ളവർ, വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരികളിലായിരുന്നു വൈദിക പരിശീലനം. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നു തത്വശാസ്ത്രത്തിൽ ബിരുദവും ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നു ബിസിഎ, എംസിഎ ബിരുദങ്ങളും നേടി. ഇടുക്കി കാഞ്ചിയാർ ജെപിഎം കോളജിന്റെ അസിസ്റ്റന്റ് മാനേജരും വൈസ് പ്രിൻസിപ്പലുമായി സേവനം ചെയ്യുന്നതിനിടെയാണു സൈന്യത്തിലേക്കെത്തുന്നത്.
വൈദികവൃത്തിയിൽ നിന്നുകൊണ്ടുതന്നെ രാജ്യത്തിനായി സേവനം ചെയ്യണമെന്നതു ദീർഘനാളത്തെ ആഗ്രഹമായിരുന്നുവെന്നു ഫാ. ജിസ് പറഞ്ഞു. ആർമിയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളോടും സിഎസ്ടി സുപ്പീരിയറിന്റെ അനുമതിയോടും കൂടിയാണു സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഫാ. ജിസിനെ ഫോണിലൂടെ അനുമോദനം അറിയിച്ചു.
സൈന്യത്തിലെ മതപരമായ വിഷയങ്ങളിൽ കമാൻഡിംഗ് ഓഫീസറുടെ ഉപദേശകൻ എന്ന നിലയിലാണു നായിബ് സുബേദാർ റിലീജിയസ് ടീച്ചർ പ്രവർത്തിക്കുക. സേനാംഗങ്ങൾക്കു ധാർമികവും ആത്മീയവുമായ ഊർജം പകരുക, മതപരമായ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും നേതൃത്വം നൽകുക, മതസൗഹാർദം വളർത്തുക, സ്ട്രസ് മാനേജ്മെന്റ്, കൗണ്‍സലിംഗ്, രോഗീസന്ദർശനം എന്നിവയെല്ലാം ചുമതലകളിലുണ്ട്. എല്ലാ ദിവസവും ദിവ്യബലിയർപ്പിക്കാനും വിശ്വാസ ആവശ്യങ്ങൾ നിർവഹിക്കാനും സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ സൈന്യത്തിലെ വിശ്വാസികൾക്കായി ആഘോഷമായ ദിവ്യബലിയർപ്പണവുമുണ്ട്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അവരുടെ ആത്മീയകാര്യങ്ങൾ നിർവഹിക്കാൻ അവ കാശം ഇന്ത്യൻ സൈന്യം നല്കു ന്നുണ്ട്.
രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രസ്ഥാവനക്കെതിരെ സൈബർ ലോകത്തും രോഷം കടുക്കുകയാണ്. ഷാഫി പറമ്പിൽ എംഎൽഎയും മോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘ആർട്ടിസ്റ്റ് മോദി ഇത്ര ചീപ്പാണെന്ന് തന്നെയാ വിചാരിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും ‘ഷൂവർക്കർമാർക്ക്’ മനസ്സിലാവില്ല’ ഷാഫി കുറിച്ചു. പ്രസ്ഥാവനക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു.
മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്കുമേല്‍ ചാരേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.’പരാമര്‍ശങ്ങള്‍ കൊണ്ട് മോദിക്ക് രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ കെട്ടിപ്പിടുത്തവും– രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോദിക്ക് അമേഠി മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂട്ടിച്ചേര്‍ത്തു. മോദി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകര്‍ക്ക് രാജ്യം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞത്.
തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുലിന്റെ ലക്ഷ്യം തനിക്കുള്ള ജനസമ്മതി തകർക്കലാണ്. ‘മിസ്റ്റർ ക്ലീൻ’ എന്നായിരുന്നു നിങ്ങളുടെ പിതാവിനെ സേവകർ വിളിച്ചിരുന്നത്. പക്ഷേ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം ഇതായിരുന്നു.
കോഴിക്കോട്: എംഇഎസ് സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂറിന് വധ ഭീഷണി. വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇതു സംബന്ധിച്ച് ഫസല്‍ ഗഫൂര്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു.
ഗള്‍ഫില്‍ നിന്നാണ് വധഭീഷണി ലഭിച്ചതെന്നാണ് ഫസല്‍ ഗഫൂര്‍ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് സ്ഥാപനങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രധാരണം വിലക്കിക്കൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എംഇഎസ് തീരുമാനമെടുത്തത്.
തന്റെ പേരില്‍ വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചെന്ന പരാതിയും ഫസല്‍ ഗഫൂര്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്ക് ഫെയിസ്ബുക്ക് പേജില്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഉദ്ദേശ്യത്തിലാണ് തന്റെ പേരില്‍ ആരോ പേജ് നിര്‍മിച്ചിരിക്കുന്നതെന്നും പരാതിയില്‍ ഫസല്‍ ഗഫൂര്‍ പറയുന്നു.
ക്രൈസ്തവ ദേവാലയത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങല്‍ മോഷ്ടിച്ചു. കാട്ടാക്കട സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ സൂക്ഷിച്ചിരുന്ന പൂജാ ദ്രവ്യങ്ങളാണ് മോഷ്ടിച്ചത്. സത്താൻ സേവകരാണ് തിരുവോസ്തികള്‍ മോഷ്ടിച്ചതെന്ന് ഇടവ വികാരി ആരോപിച്ചു.
വൈദികരുടെ കുര്‍ബാന വസ്ത്രങ്ങളും അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍ സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കെലെടുത്താണ് പൂജദ്രവ്യങ്ങള്‍ മോഷ്ടിച്ചത്. സാത്താൻ സേവകരും ആഭിചാര മന്ത്രവാദികളുമാണ് മോഷണത്തിന് പിന്നിലെന്നാണ് ഇടവകയുടെ ആരോപണം.
ആരാധനക്കായി പള്ളി തുറന്നിട്ടിരുന്നപ്പോഴാണ് കള്ളൻ അകത്ത് കടന്നത്. കാട്ടാക്കട സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ആലപ്പുഴയിലും എറണാകുളത്തും പള്ളികളിൽ സമാനമായ മോഷണം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊളളാച്ചിയിലെ അനധികൃത റിസോർട്ടിൽ നടത്തിയ റെയിഡില്‍ റേവ് പാര്‍ട്ടിക്കിടെ മദ്യവും ലഹരി വസ്തുക്കളും പിടികൂടി. തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ കോളേജുകളിൽ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പിടിയിലായതായാണ് വിവരം.
തമിഴ്നാട്ടിലെ വിവിധ കോളേജുകളില്‍ നിന്നുള്ള മലയാളികളായ 150 വിദ്യാർത്ഥികള്‍ പിടിയിലുള്ളതായി ആനമല പൊലീസ് പറയുന്നു. ഇവര്‍ ഏതൊക്കെ കോളേജുകളില്‍ നിന്നുള്ളവരാണെന്ന് ചോദ്യം ചെയ്യുകയാണ്. ചില തമിഴ് വിദ്യാര്‍ത്ഥികളും അറസ്റ്റിലായവരിലുണ്ട്.
പൊളളാച്ചിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അണ്ണാനഗറിലെ സേത്തുമടയിലാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്. റിസോർട്ട് ആനമല പൊലീസ് സീൽ ചെയ്തു. വിദ്യാർത്ഥികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. വിദ്യാർത്ഥികൾ ഒത്തുകൂടിയത് സമൂഹമാധ്യമ കൂട്ടായ്മ വഴിയെന്ന് പൊലീസ് പറഞ്ഞു. വാട്സാപ്പ്, ഇന്‍സ്‍റ്റാഗ്രം കൂട്ടായ്മകളുടെ അഡ്മിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
റിസോര്‍ട്ടില്‍ നിന്ന് മദ്യവും മയക്കുമരുന്നുകളും പിടികൂടിയതായാണ് വിവരം. പൊലീസിന് നേരത്തെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നിരീക്ഷണത്തിലായിരുന്നു. പൊള്ളാച്ചിയില്‍ ആദ്യമായാണ് ഇത്തരമൊരു ലഹരി പാര്‍ട്ടി നടക്കുന്നതെന്നും പാര്‍ട്ടിയില്‍ സംഗീതവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായും ആനമല പൊലീസ് പറഞ്ഞു.
എറണാകുളം കളമശേരിയിൽ ഭാര്യയെയും ഒന്നര വയസുകാരൻ മകനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭാര്യാമാതാവിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കളമശേരി കൊച്ചി സർവകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാൽ നഗറിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് സജിയും കുടുംബവും.
ഭാര്യ ബിന്ദുവും ഒന്നര വയസുകാരൻ മകനും നിലത്ത് പായയിൽ കിടന്നുറങ്ങുമ്പോൾ ഇരുവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ യോ പെട്രോളോ പോലുള്ള ഇന്ധനം ഒഴിച്ച ശേഷം സജി തീകൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും.
നിലത്ത് കത്തിക്കരിഞ്ഞ പായയിൽ കിടക്കുന്ന നിലയിലാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് നിഗമനം. വീട്ടിൽ സജിയും ബിന്ദുവും തമ്മിൽ വഴക്കു പതിവായിരുന്നെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.കളമശേരി പൊലീസ് സംഭവത്തെ പറ്റി വിശദമായ അന്വേഷണം തുടങ്ങി
കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റിൽ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.
അന്തർ സംസ്ഥാന കുറ്റവാളിയായ കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. തമിഴ്നാട്ടില്‍ `മരിയാർ ഭൂതം’ എന്നറിയപ്പെടുന്ന ഗോപി ലോറൻസ് ഡേവിഡിനെയാണ് പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. നാനൂറിലധികം മോഷണക്കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെയുളളത്.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗോപി ലോറൻസ് ഡേവിഡ് മോഷണം നടത്തിവന്നത്. 40 വർഷത്തിനിടെ 67കാരനായ ലോറന്‍സിനെതിരെ ചെന്നൈയില്‍ മാത്രം നാനൂറിലധികം മോഷണക്കേസുകളുണ്ട്. രാത്രികാലങ്ങളില്‍ വീടുകളും ,കടകളും കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് രീതി. തമിഴ്നാട് ,പോണ്ടിച്ചേരി, എന്നിവിടങ്ങളിലായി വിവിധ കുറ്റകൃത്യങ്ങളിൽ ഇരുപതു വർഷത്തെ തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം മുന്പ് കൊച്ചിയിലെത്തിയ പ്രതി സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ന്യൂ ജനറേഷൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിവരികയായിരുന്നു.
പട്രോളിങ്ങിനിടെ പാലാരിവട്ടം പൊലീസാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും മോഷ്ടിച്ച 25 പവനിലധികം സ്വർണ്ണവും 5 ലക്ഷം രൂപയുടെ ഡയമണ്ടും പിടിച്ചെടുത്തതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പി എസ് സുരേഷ് പറഞ്ഞു.
മൂര്‍ച്ചയുളള ഇരുന്പുകന്പി, ടോര്‍ച്ച്, സ്ക്രൂ ഡ്രൈവര്‍ എന്നിവയാണ് ഇയാളുടെ പ്രധാന ആയുധം. മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് അസാന്മാർഗിക ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ.
കൊച്ചി കടവന്തറയില്‍ വീടിന് മുന്നില്‍ നിന്ന ലോ കോളജ് വിദ്യാര്‍ഥിയ്ക്ക് പൊലീസിന്‍റെ മര്‍ദനം. കടവന്തറ സ്വദേശി പ്രേംരാജിനെ ജീപ്പില്‍ വലിച്ചിഴച്ച് കയറ്റി സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കടവന്തറ കരീത്തല റോഡില്‍ രാത്രി ഏഴരയോടെയാണ് സംഭവം. കടവന്തറ എസ്.ഐ അഭിലാഷും സംഘവും റോഡില്‍ നിന്ന യുവാവിനോട് വീട്ടില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ജീപ്പിലേയ്ക്ക് വലിച്ചിഴച്ച് കയറ്റിയ പ്രേംരാജിനെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയും ലോകോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ് മര്‍ദനമേറ്റ പ്രേംരാജ്. സംഭവം അറിഞ്ഞ് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സ്റ്റേഷനിലേയ്ക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നടപടിയായത്. പൊലീസിന്റെ കൃത്യനിര്‍വഹണ തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു. ഇനി മുതല്‍ ബറേ തൊപ്പികളായിരിക്കും പോലീസ് ഉദ്യോഗസ്ഥര്‍ ലഭ്യമാക്കുകയെന്ന് ഡി.ജി.പി അറിയിച്ചു. ഡിജിപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ ഉന്നത തസ്തികയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ബറേ തൊപ്പികള്‍ ധരിക്കാനുള്ള അവകാശമുള്ളു.
നിലവില്‍ ഉപയോഗിക്കുന്ന തൊപ്പി അസൗകര്യമുള്ളതാണെന്ന് പോലീസുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം പോലീസ് സംഘടനകള്‍ ഡി.ജി.പിയെ ബോധ്യപ്പെടുത്തുകയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാനായി എത്തുന്ന പോലീസുകാര്‍ക്ക് നിലവിലെ തൊപ്പി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ചൂടേറിയ കാലാവസ്ഥയ്ക്ക് പി-തൊപ്പി അനുയോജ്യമല്ലെന്നും സംഘടനകള്‍ ഡിജിപിയെ അറിയിച്ചു. തുടര്‍ന്നാണ് ബറേ തൊപ്പികളിലേക്ക് മാറാമെന്ന് ധാരണയായിരിക്കുന്നത്.
നിലവില്‍ ഡി.വൈ.എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് ബറേ തൊപ്പികള്‍ ഉപയോഗിക്കുന്നത്. പുതിയ മാറ്റം നിലവില്‍ വരുന്നതോടെ സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാനാകും. പുതിയ മാറ്റം ഉടന്‍ നിലവില്‍ വരുമെന്നാണ് പോലീസ് സംഘടനകള്‍ നല്‍കുന്ന സൂചന.