സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി നടപടി ഹൈക്കോടതി ശരിവച്ചു. ക്രൈംബാഞ്ച് എസ്.പി. ആയിരുന്ന കെ.ടി.മൈക്കിളിനെ കേസിൽ നിന്ന് കോടതി ഒഴിവാക്കി.
ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഇരുവരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചത്.കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വിട്ടയച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കെ.ടി.മൈക്കിളിനെതിരായ ഉത്തരവിനെ അപക്വം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കെ.ടി. മൈക്കിളിനെ നിലവിൽ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നും വിചാരണവേളയിൽ വ്യക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അപ്പോൾ അക്കാര്യം പരിഗണിക്കാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റർ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കിയിട്ടുണ്ട്. അതേസമയം വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോഴും പ്രതിസന്ധിയിലാണ്. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണനിലയിലെത്തുന്നത് വരെ ഡയാലിസിസ് തുടരുമെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന മെഡിക്കല്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അണുബാധയാണ് നിലവിലെ പ്രധാന പ്രതിസന്ധിയായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ബന്ധുക്കള്‍ ഒഴികെ ആര്‍ക്കും സന്ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല.
മാണിയുടെ അഭാവം യു.ഡി.എഫിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ മാണിയുടെ സാന്നിധ്യം നിര്‍ണായകമാണ്. നേരത്തെ ചാലക്കുടി മണ്ഡലം യു.ഡി.എഫിന് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം സംഭവിച്ചിരുന്നു.
ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രിയിൽ മാത്രമാണ് വെന്റിലേറ്റർ സഹായം നൽകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എം മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ–വിഎംആർ പ്രീപോൾ അഭിപ്രായ സർവ്വേ ഫലം. സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും സർവ്വേ പ്രവചിക്കുന്നു. ഇരുപതിൽ 17 സീറ്റിൽ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് രണ്ട് സീറ്റിലൊതുങ്ങും. എൻഡിഎ ഒരിടത്ത് വിജയിക്കുമെന്നാണ് പ്രവചനം.
46.97 ശതമാനമായിരിക്കും കേരളത്തില്‍ യുഡിഎഫിന്റെ വോട്ട് വിഹിതം. എല്‍ഡിഎഫ് 28.11 ശതമാനം വോട്ട് നേടും. എന്‍ഡിഎ വോട്ട് വിഹിതം 20.85 ശതമാനമാണ്. മറ്റുള്ളവര്‍ 4.07 ശതമാനം വോട്ട് നേടുമെന്നും ടൈംസ് നൗ- വിഎംആര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ ഗുണകരമാകുമെന്നാണ് അഭിപ്രായസര്‍വ്വേ പറയുന്നത്.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം 12 സീറ്റ് നേടും. ബിജെപി ഇവിടെ 16 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കുട്ടികള്‍ക്കൊപ്പം അമ്മയേയും അരുണ്‍ ആനന്ദ് മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.
യുവതിയെ വൈദ്യപരിശോധനക്ക ്വിധേയമാക്കിയപ്പോഴാണ് അടിയേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയത്. വടികൊണ്ട് അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ ശരീരത്തിലുണ്ട്. ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്‍റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവില്‍ അമ്മ. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി ഇതുവരെ കോടതി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ മര്‍ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്‍റെ ആവശ്യം നാളെ കോടതി പരിഗണിക്കും. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. ഇവിടത്തെ തടവുകാരിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. ഇളയ കുട്ടിയുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍തൃപിതാവ് നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
അരുൺ ആനന്ദിന്റെ രാത്രികാല യാത്രകളെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അരുൺ ആനന്ദ്, ലഹരി വസ്തുക്കൾ കൈമാറുന്നതിനു യുവതിയെ മറയാക്കിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ കാറിനുള്ളിൽ നിന്നു കണ്ടെടുത്ത വസ്തുക്കളും വിശദമായി പരിശോധിക്കും.
യുവതിയുടെ പേരിലുള്ള ചുവന്ന കാറിലായിരുന്നു അരുണിന്റെയും യുവതിയുടെയും രാത്രികാല യാത്രകൾ. രണ്ടു മക്കളെയും രാത്രി വീട്ടിൽ തനിച്ചാക്കി, വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെയാണ് യുവതി, അരുണിനൊപ്പം പുറത്തിറങ്ങുക. പുലർച്ചെ 5 മണിയോടെയാണു ഇരുവരും തിരിച്ചെത്തുക. ഈ സമയം അരുൺ മദ്യപിച്ച് അവശനായ നിലയിലായിരിക്കും. യുവതിയാണു വാഹനമോടിച്ചിരുന്നത്. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ നഗരത്തിൽ നടത്തിയ പട്രോളിങിനിടെ പലപ്പോഴും ഇവരെ കണ്ടിരുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
കാറിനുള്ളിൽ നിന്നു പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയിൽ നിന്നു 2 വലിയ പ്രഷർ കുക്കറും ബക്കറ്റും പാറക്കല്ലുകളും പൊലീസ് കണ്ടെടുത്തിരുന്നു. കാറിനുള്ളിൽ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളിൽ കണ്ടെത്തിയ രക്തക്കറ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണു കാർ. തൊടുപുഴയിൽ അരുൺ ആനന്ദുമായി അടുപ്പം പുലർത്തിയിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അരുണും യുവതിയും നഗരത്തിലെ ഒരു ബാർ ഹോട്ടലിൽ രാത്രികാലങ്ങളിൽ സ്ഥിരമായി എത്തിയിരുന്നതായും ഇവിടെ വച്ച് പലതവണ വഴക്കിട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മൂന്നരവയസുകാരി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. പട്ടിണിക്ക് ഇട്ടതിനാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ല. പൂങ്ങോട് കോളനിയില്‍ മൂന്നരവയസുകാരിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത് സ്വന്തം അമ്മയുടെ അമ്മ. ദിവസങ്ങളോളം പട്ടിണിക്കിട്ടു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്. മെലിഞ്ഞ് എല്ലുംതോലുമായ നിലയിലാണ് പെണ്‍കുട്ടി. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടം. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്. രാത്രികാലങ്ങളില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കുട്ടിയേയും അമ്മയേയും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ രണ്ടാംവിവാഹത്തിലെ മൂത്ത കുട്ടിയ്ക്കാണ് മര്‍ദനമേറ്റത്. താഴെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരെ തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐഎഎസ് ആണെന്നു കരുതി ഒരുകൂട്ടം ആളുകള്‍, നടി അനുപമയുടെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ ചീത്തവിളി നടത്തുന്നു.
രാക്ഷസന്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് അനുപമ പരമേശ്വരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് പലരും ചീത്തവിളി നടത്തിയിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഒന്നരമാസം മുമ്പാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കെഎം മാണി.
മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു.
നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കെ എം മാണിയെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
സഡൻ ബ്രേക്കിന്റെ ശബ്ദമാണ് ആദ്യം കേട്ടത്. സ്ഥലത്തെ കാഴ്ച ദാരുണമായിരുന്നു. കരണം മറിഞ്ഞു കിടക്കുന്ന കാർ, ചിതറിത്തെറിച്ചതു പോലെ പലയിടത്തായി കിടക്കുന്ന മനുഷ്യർ. ആരാണ് എന്താണ് സംഭവിച്ചത് എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. തെറിച്ചുവീണു രക്തത്തിൽ കുളിച്ചു കിടന്നവരെ ഉടൻ തന്നെ റോഡിൽ നിന്നു നീക്കിക്കിടത്തി.
ആർക്കും അനക്കം ഉണ്ടായിരുന്നില്ല. മൂന്നു പേർ കാറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു മനസിലായതോടെ കമ്പിപ്പാര ഉപയോഗിച്ച് കാർ കുത്തിപ്പൊളിക്കാൻ ശ്രമിച്ചു. അൽപനേരത്തിനകം തന്നെ മൂവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞു. തുടർന്നു പിന്നാലെ വന്ന വാഹനങ്ങളിലാണ് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കയറ്റിവിട്ടത്. മൂന്നു പേർക്കു മാത്രമാണ് ശ്വാസമുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജോബിൻസിന്റെ (ടോണി) പിതാവ് ജോയി ജനറൽ ആശുപത്രിയിലെത്തി വിങ്ങിപ്പൊട്ടുന്ന കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളെപ്പോലും ഇൗറനണിയിച്ചു. 5 വർഷം മുൻപാണ് ഇവർ കടനാട്ടിൽ നിന്ന് വെള്ളിലാപ്പിള്ളിയിലെത്തിയത്.
ജോബിൻസിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ജോയിയെ പാലായിൽ ധ്യാനം കൂടാൻ 6ന് രാവിലെ കൊണ്ടുവിട്ടത് ജോബിൻസായിരുന്നു. മാതാവ് ലീലാമ്മയും ഒപ്പമുണ്ടായിരുന്നു. ജോബിൻസ് വീട്ടിൽ തനിച്ചായതിനാൽ വൈകിട്ട് ലീലാമ്മ മടങ്ങിപ്പോയി. ഇന്നലെ രാവിലെ ജോബിൻസിന് ഭക്ഷണം ഉണ്ടാക്കിയ ശേഷം ലീലാമ്മ ധ്യാനത്തിൽ പങ്കെടുക്കാൻ വീണ്ടും പോയി. വൈകിട്ട് അപകടവിവരം അറിഞ്ഞതോടെ ഇരുവരും തളർന്നുവീഴുകയായിരുന്നു.
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ നോട്ടിസ് നൽകിയതിനു പിന്നിൽ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കലക്ടർ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തത്. അതു ചെയ്തില്ലെങ്കിൽ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തിൽ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നൽകി അതു പരിശോധിക്കുന്നതുവരെ പറയാൻ പാടില്ലെന്നതു മര്യാദയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചെന്നു കാട്ടിയാണ് ജില്ലാ കലക്ടർ സ്ഥാനാർഥിക്കു നോട്ടിസ് നൽകിയത്. കലക്ടർ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ദാസ്യപ്പണി ചെയ്യുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള കലക്ടറാണു അനുപമയെന്നു സുരേഷ് ഗോപി പറഞ്ഞു. അവരുടെ ആത്മാർഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കലക്ടർ എന്റെയോ എതിർത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നതാണു നിലപാട്. നീക്കത്തിനു പിന്നിൽ രാഷ്ട്രീയം ആണെങ്കിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമെങ്കിലും അവർ പറയുമല്ലോ? ഇല്ലെങ്കിൽ വേണ്ട– സുരേഷ് ഗോപി വ്യക്തമാക്കി.
15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമോയെന്നു പറഞ്ഞത് പൊള്ളത്തരം വിളിച്ചുപറഞ്ഞ വർഗത്തിനുള്ള തന്റെ മറുപടിയാണ്. അവർ ഒരുപാടു പേരെ വഴി തെറ്റിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥയ്ക്ക് അവർ പറഞ്ഞ ഭാഷയിൽതന്നെ മറുപടി നൽകേണ്ടതുണ്ട്. അത്രയും ഹൃദയവിശാലത എനിക്കുണ്ട്– അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.
സ്വിസ് ബാങ്കിൽ കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം വച്ചു പങ്കുവയ്ക്കാനുള്ള പണമുണ്ടാകും എന്ന് പറഞ്ഞതിന്, മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റെ അര്‍ഥം? ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ– എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.