Kerala

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലേതുപോലെ ഈ തിരഞ്ഞെടുപ്പിലും എൻഎസ്എസിന്റേത്  സമദൂരം യുഡിഎഫിലേക്കുള്ള ദൂരമോ? തിരഞ്ഞെടുപ്പടുത്തപ്പോള്‍ എന്‍എസ്എസിന്റെ സമദൂര നിലപാട് പ്രഖ്യാപനം ചിലരെയെങ്കിലും അങ്കലാപ്പിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസില്‍ നിന്ന് വ്യാപക പിന്തുണ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചവര്‍ക്ക് ഇത് തിരിച്ചടിയായി. വിശ്വാസ സംരക്ഷണത്തിനും ആചാരസംരക്ഷണത്തിനുമായി എന്നും വിശ്വാസികള്‍ക്കൊപ്പമുണ്ടാവുമെന്ന് വ്യക്തമാക്കിയാണ് എന്‍എസ്എസ് സമദൂരത്തിലേക്ക് ചുവട് മാറ്റിയത്. കാലങ്ങളായി സമദൂര സിദ്ധാന്തം തുടരുകയും ഇടതിനും വലതിനും വോട്ടുകള്‍ മാറ്റിയും മറിച്ചും നല്‍കിയും നില്‍ക്കുന്ന എന്‍എസ്എസ് ഇത്തവണ സമദൂരം പ്രഖ്യാപിച്ചത് മറ്റ ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്ന വിവരങ്ങളാണ് യൂണിയന്‍ അംഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ചെങ്ങന്നൂര്‍ ആവര്‍ത്തിക്കേണ്ട എന്ന് ഉറച്ച തീരുമാനവും ഇടത് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള വഴികള്‍ അടക്കാതിരിക്കുക എന്ന ഉദ്ദേശവുമാണ് ഇത്തവണത്തെ സമദൂര നിലപാട് വെളിപ്പെടുത്തലില്‍. യൂണിയന്‍ ഭാരവാഹികളുടെ യോഗത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ച് പറഞ്ഞതും ഇക്കാര്യങ്ങള്‍ തന്നെ.

ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് അടുപ്പം കാട്ടാതെ എല്‍ഡിഎഫിനോടും യുഡിഎഫിനോടും സമദൂരം പ്രഖ്യാപിച്ച് നിന്നിരുന്ന സമുദായ സംഘടനയാണ് എന്‍എസ്എസ്. തിരഞ്ഞെടുപ്പിലും അല്ലാതെയും എന്‍എസ്എസിന്റെ പിന്തുണക്കായി പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ബിജെപിയ്‌ക്കോ മറ്റ് സംഘപരിവാര്‍ സംഘടനകള്‍ക്കോ അകറ്റിനിര്‍ത്തലുകളും അവഗണനകളും മാത്രമാണ് എന്‍എസ്എസ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. യുവതീ പ്രവേശനം അനുവദിക്കാനാവില്ലെന്നും ആചാരം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ട് ആദ്യം രംഗത്തെത്തിയതും നായര്‍ സര്‍വീസ് സൊസൈറ്റിയാണ്. പിന്നീട് പ്രക്ഷോഭ രംഗത്തിറങ്ങിയ ആര്‍എസ്എസും ബിജെപിയുമടക്കമുള്ളവര്‍ വിധിയെ അനുകൂലിക്കുകയും ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയെ സ്വാഗതം ചെയ്യുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് ഇവരെക്കൊണ്ട് മാറ്റി ചിന്തിപ്പിക്കുന്നതിലടക്കം എന്‍എസ്എസിന്റെ പങ്ക് വളരെ വലുതാണ്. സ്ത്രീകളെ അണിനിരത്തി നാമജപ ഘോഷയാത്രകളും നാമജപ യജ്ഞങ്ങളും സംഘടിപ്പിച്ച് എന്‍എസ്എസ് വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സമുദായത്തിന് പുറത്തു നിന്നുള്ള സ്ത്രീകളടക്കം ഈ പ്രതിഷേധ സംഗമങ്ങളിലും നാമജപയജ്ഞത്തിലും പങ്കെടുത്തു. നായര്‍ സര്‍വീസ് സൊസൈറ്റിയും പന്തളം കൊട്ടാരവുമായി സഹകരിച്ച് നടത്തിയ പന്തളം നാമജപ റാലിയില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്. അപ്രതീക്ഷിതമായ ജനക്കൂട്ടം എന്‍എസ്എസിന് പരോക്ഷമായി പിന്തുണ നല്‍കിയിരുന്ന ആര്‍എസ്എസ്,ബിജെപി പ്രാദേശിക ഘടകങ്ങളെപ്പോലും ഇരുത്തി ചിന്തിപ്പിച്ചു. ദേശീയ തലത്തില്‍ തന്നെ ബിജെപി ആര്‍എസ്എസ് നിലപാട് മാറാനും വിശ്വാസ സംരക്ഷണത്തിനായി നിരത്തിലിറങ്ങാനും ഇത് കാരണമായി.

തുടര്‍ന്നങ്ങോട്ട് എന്‍എസ്എസും സംഘപരിവാര്‍ സംഘടനകളും ഒന്നിച്ചുള്ള പ്രവര്‍ത്തനവും പ്രതിഷേധങ്ങളുമാണ് കേരളത്തില്‍ നടന്നത്. പ്രതിഷേധ പ്രകടനങ്ങളും ഭക്തജന സംഗമങ്ങളും നാമജപഘോഷയാത്രകളും വിജയമാക്കുന്നതില്‍ എന്‍എസ്എസിന്റെ വ്യക്തമായ പങ്കാളിത്തമുണ്ടായിരുന്നു. 72 ഹിന്ദു സംഘടനകള്‍ ചേര്‍ന്നുള്ള അയ്യപ്പകര്‍മ്മ സമിതി രൂപീകരണത്തിലും അയ്യപ്പ ജ്യോതിയിലും എന്‍എസ്എസ് പ്രാതിനിധ്യം ശ്രദ്ധേയമായി. ഒരു വശത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും മറുവശത്ത് ശബരിമല പ്രക്ഷോഭത്തിന് ആശിര്‍വാദങ്ങള്‍ നല്‍കുകയും ചെയ്ത എന്‍എസ്എസ് വെളിപ്പെടുത്തിയത് രാഷ്ട്രീയനിലപാടാണെന്ന് വിലയിരുത്തപ്പെട്ടു. മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്ത് നടത്തിയ നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസിനെ പ്രത്യേകമായി ക്ഷണിച്ചുവെങ്കിലും ആ യോഗത്തില്‍ നിന്ന് എന്‍എസ്എസ് വിട്ടു നിന്നു. വനിതാ മതില്‍ തീര്‍ക്കാനുള്ള തീരുമാനത്തെ ആദ്യം വിമര്‍ശിച്ച് രംഗത്തെത്തിയതും സുകുമാരന്‍ നായരായിരുന്നു. എന്‍എസ്എസ് വിമര്‍ശനം അവസാനിപ്പിച്ച് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയാവണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടെങ്കിലും സുകുമാരന്‍ നായര്‍ വഴങ്ങിയില്ല. പകരം വനിതാ മതില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തന്ത്രമാണെന്ന വിമര്‍ശനമുന്നയിക്കുകയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച എന്‍എസ്എസ് കോണ്‍ഗ്രസിനേയും വെറുതെ വിട്ടില്ല. ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിനനുകൂലമായാണ് കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നതെങ്കിലും ഇത് രാഷ്ട്രീയ മുതലെടുപ്പായി മാത്രമാണ് കാണുന്നതെന്ന വിമര്‍ശനമാണ് എന്‍എസ്എസ് ഉന്നയിച്ചത്. ഇക്കാലയളവിലെല്ലാം ബിജെപിയോട് അനുകൂല നിലപാടാണ് സമുദായ സംഘടന സ്വീകരിച്ചതും. ശബരിമല യുവതി പ്രവേശനത്തില്‍ ബിജെപിയോടൊപ്പമോ അതിലേറെ വാശിയോടെയോ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത എന്‍എസ്എസിന്റെ രാഷ്ട്രീയം സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പമായിരുന്നു. ശബരിമല വിഷയത്തില്‍ കൈമെയ് മറന്നു കൊണ്ടുള്ള സഹകരണമായിരുന്നു.

എന്‍എസ്എസിന്റെ പിന്തുണ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനായി ഒരുക്കം കൂട്ടിയത്. തെക്കന്‍ ജില്ലകളില്‍ എന്‍എസ്എസിന്റെ സ്വാധീനത്തില്‍ വിജയം നേടുകയോ വോട്ട് ശതമാനം വലിയ തോതില്‍ വര്‍ധിപ്പിച്ചുകൊണ്ട് മണ്ഡലങ്ങളില്‍ അടിത്തറയുറപ്പിക്കുകയോ ചെയ്യാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പത്തനംതിട്ടയിലും തിരുവന്തപുരത്തും എന്‍എസ്എസ് നിര്‍ദ്ദേശിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കുക എന്ന താത്പര്യം ബിജെപി സംസ്ഥാന നേതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തൊഴികെ എന്‍എസ്എസ് താത്പര്യങ്ങള്‍ക്കനുസരിച്ചായിരുന്നില്ല സ്ഥാനാര്‍ഥി നിര്‍ണയം. സീറ്റ് വിഭജനത്തെ തുടര്‍ന്നുണ്ടായ ആശയവിനിമയത്തില്‍ എന്‍എസ്എസ് ആവശ്യങ്ങളെ ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞതാണ് സമുദായത്തെ പ്രകോപിപ്പിച്ചത്. നായര്‍ സമുദായത്തിന് ഏറെ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ ശ്രീധരന്‍പിള്ളയെയോ ബി രാധാകൃഷ്ണന്‍ മേനോനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം എന്‍എസ്എസ് മുന്നോട്ട വച്ചെങ്കിലും കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളിക്കളയുകയും വളരെ വൈകി കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എല്‍ഡിഎഫ് മാവേലിക്കര സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയതിന്റെ പേരില്‍ മാവേലിക്കര യൂണിയന്‍ പിരിച്ചു വിട്ടിരുന്നു. പിരിച്ചുവിടലിനെ തുടര്‍ന്ന് യൂണിയന്‍ ഭാരാഹിയുടെ വെളിപ്പെടുത്തല്‍ എന്‍എസ്എസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പത്തനംതിട്ടയും തിരുവനന്തപുരത്തും ബിജെപിയ്ക്ക് പിന്തുണ നല്‍കാന്‍ എന്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട് എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഇതോടെ ഇതേവരെ സമദൂര നിലപാടില്‍ ഉറച്ച് നിന്ന എന്‍എസ്എസിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍ക്കുമെന്ന ആശങ്കയിലാണ് വീണ്ടും സമദൂര നിലപാടുമായി എന്‍എസ്എസ് നേതൃത്വം രംഗത്തെത്തിയതെന്നാണ് യൂണിയന്‍ നേതാക്കള്‍ നല്‍കുന്ന വിവരം. സ്വന്തം സമുദായാംഗമല്ലാത്ത കെ സുരേന്ദ്രനെ പിന്തുണക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഒടുവില്‍ എന്‍എസ്എസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനൊഴികെ മറ്റൊരു മണ്ഡലത്തിലും ബിജെപിയ്ക്ക് വോട്ട് നല്‍കേണ്ട എന്ന നിര്‍ദ്ദേശം നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വിജയിച്ചില്ലെങ്കില്‍ നായര്‍-ഹിന്ദു വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നല്‍കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് കൂടുതല്‍ ഗുണം നല്‍കുമെന്ന വിലയിരുത്തലും സമുദായ നേതൃത്വത്തിനിടയിലുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കാതിരിക്കാനായി വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന നിര്‍ദ്ദേശമാണ് യൂണിയന്‍ നേതാക്കള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതിനായി ജയസാധ്യതയില്ലാത്ത ബിജെപിക്ക് വോട്ട് നല്‍കുന്നതിനേക്കാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാണ് രഹസ്യ നിര്‍ദ്ദേശം. ‘സമദൂരം എന്ന് പറയും. എന്നാല്‍ സമദൂരം എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അതെന്തായാലും എല്‍ഡിഎഫിന് വോട്ട് പോവുന്ന തരത്തിലാവരുത്’ എന്ന നിര്‍ദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികളിലൊരാള്‍ പറയുന്നു. ഇതിന് പുറമെ എസ്എന്‍ഡിപി ഭാരവാഹിയും വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ബിജെപി അമിത പ്രാധാന്യം നല്‍കുന്നതും യൂണിയന്‍ അംഗങ്ങളെ ചൊടിപ്പിച്ചതായാണ് വിവിരം.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് സുകുമാരന്‍ നായര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രധാന വിഷയമാക്കി ഉയര്‍ത്തിക്കാട്ടുമെന്ന് ബിജെപി നേതാക്കള്‍ പറയുകയും ചെയ്തു. രാഷ്ട്രീയ മുതലെടുപ്പിനായാണ് ബിജെപി ശബരിമല വിഷയത്തെ ഉപയോഗിക്കുന്നതെന്ന് എന്‍എസ്എസ് മുഖപത്രത്തിലൂടെ സംഘടന വിമര്‍ശിക്കുകയും ചെയ്തു. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു എങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താതെ കൈകഴുകിയെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു കോണ്‍ഗ്രസും എന്ന വിമര്‍ശനമുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിനേയോ ബിജെപിയേയോ വിമര്‍ശിക്കുന്നത് പോലെ ശക്തമായ വിമര്‍ശനമല്ല കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്നത്. സമദൂരം പ്രഖ്യാപിച്ചതോടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രതീക്ഷയിലാണ്. വടക്കന്‍ കേരളത്തില്‍ രാഹുലിന്റെ വരവോടെ ട്രെന്‍ഡ് അനുകൂലമായി എന്ന് അവകാശപ്പെടുന്ന യുഡിഎഫിന്, എന്‍എസ്എസ് നിര്‍ണായക ശക്തിയായ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പ്രതീക്ഷ നല്‍കുന്നതാണ് എന്‍എസ്എസിന്റെ നീക്കം.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ വയനാട് സ്ഥാനാർഥിത്വവും റോഡ് ഷോയും അടിസ്ഥാനമാക്കി നിരവധി വാർത്തകളും പ്രചാരണങ്ങളും സോഷ്യൽ മീഡിയയിലുനീളമുണ്ട്. വിമർശനങ്ങളും ട്രോളുകളുമായി ബിജെപി അക്കൗണ്ടുകളും ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്. ഒപ്പം വ്യാജപ്രചാരണങ്ങളും.

അത്തരത്തിലൊരു വ്യാജപ്രചാരണമാണ് ബോളിവുഡ് നടി കൊയേൻ മിത്ര ട്വിറ്ററിൽ പങ്കുവെച്ചത്. മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പതാകയെ പാക്കിസ്ഥാൻ പതാകയായും ‘ഇസ്‌ലാം പതാക’യായും ചിത്രീകരിച്ചുകൊണ്ടാണ് മിത്രയുടെ ട്വീറ്റ്. മുസ്‌ലിം ലീഗ് പതാകകളുയർത്തിയ പ്രവർത്തകരുടെ ചിത്രം പങ്കുവെച്ച് മിത്ര ട്വിറ്ററിൽ കുറിച്ചതിങ്ങനെ: തീവ്രവാദിയായ ജിന്നയാണ് ആദ്യ വിഭജനത്തിന് നേതൃത്വം നൽകിയത്. രണ്ടാം വിഭജനം നടത്തുക രാഹുൽ ഗാന്ധിയാകും. കേരളത്തിൽ രാഹുൽ ഗാന്ധിയെ വരവേറ്റത് ഇസ്‌ലാമിക പതാകകളാണ്. കോൺഗ്രസിന്റെ പ്രകടനപത്രിക ജിഹാദിനെ പിന്തുണക്കുന്നു, ഇന്ത്യ വിരുദ്ധവും ജവാന്മാർക്കെതിരെയുമാണത്.”

അധികം വൈകാതെ തിരുത്തെത്തി. മിത്രയെ തിരുത്തിയത് മറ്റാരുമല്ല, രാഹുൽ ഈശ്വർ ആണ്. ”ഇത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പതാകയാണ്. വിഭജനസമയത്ത് ഇന്ത്യക്കൊപ്പം നിന്ന പാരമ്പര്യമുള്ളവർ. ജിന്നയുടെ പാക്കിസ്ഥാനെ തിരഞ്ഞെടുക്കാതെ ഗാന്ധിജിയുടെ ഇന്ത്യയെ തിരഞ്ഞെടുത്ത ഞങ്ങളുടെ മുസ്‌ലിം സഹോദരങ്ങൾ ആണവർ.”-രാഹുൽ കുറിച്ചു. കുറിപ്പിന്റെ വാലറ്റത്തായി ‘ഞാനും മോദിജിക്കാണ് വോട്ട് ചെയ്യുന്നത്. പക്ഷേ വോട്ടിനേക്കാൾ പ്രധാനമാണ് വസ്തുതകള്‍’ എന്നും ചേർത്തിട്ടുണ്ട്.

മിത്ര പങ്കുവെച്ച ചിത്രത്തിന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയുമായി യാതൊരു ബന്ധവുമില്ല. മൂന്ന് വർഷം മുന്‍പ്, 2016 ജനുവരി 30ന് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത മുസ്‌ലിം ലീഗിന്റെ പരിപാടിക്കിടെ പകർത്തിയ ചിത്രമാണിത്.

അപ്നാ സപ്നാ മണി മണി എന്ന ചിത്രത്തിലെ നായികയാണ് മിത്ര. ബിജെപി അനുകൂല ട്വീറ്റുകളിലൂടെ മുൻപും മിത്ര വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.

 

ക്രൂരമായി മര്‍ദിച്ചശേഷം അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്‍റെ ചികില്‍സ മനപൂര്‍വ്വം വൈകിപ്പിക്കാനും പ്രതി അരുണ്‍ ആനന്ദ് ശ്രമിച്ചതിന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവ്. മദ്യലഹരിയില്‍ ആശുപത്രിലെത്തിയ പ്രതി ഡോക്ടര്‍മാരുമായി വഴക്കിടുകയും പിന്നീട് കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നെന്ന് പ്രമുഖ ദൃശ്യ മാധ്യമം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്

പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷര്‍ട്ട് അഴിച്ചിട്ടിരുന്ന അരുണിന്‍റെ കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്ട്രെച്ചറില്‍ യുവതി കുട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക്. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് സജ്ജരായി എത്തിയെങ്കിലും അരുണ്‍ ആനന്ദ് ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു.

അമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഫോണ്‍ വിളിച്ച് ആശുപത്രിക്ക് ചുറ്റിനടന്നു യുവതിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോടെ അരുണ്‍ ആനന്ദും യുവതിയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ കുട്ടിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ അമ്മയും അരുണ്‍ ആനന്ദും തയാറായില്ല.

പൊലീസിനോടും ജീവനക്കാരോടും തര്‍ക്കിച്ച് പിന്നേയും അരമണിക്കൂര്‍ പുറത്ത്. ഒടുവില്‍ അരുണിനെ പൊലീസ് ബലമായി ആംബുലന്‍സില്‍ കയറ്റി. കാര്‍ എടുക്കാന്‍ പോയ യുവതിയേയും പിന്നീട് പൊലീസ് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. ചുരുക്കത്തില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാമായിരുന്ന ഒന്നരമണിക്കൂറിലധികം അരുണും യുവതിയും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു

കടപ്പാട്; മനോരമ ന്യൂസ്

ഡോക്ടര്‍ ശ്രീകുമാറിന്റെ വാക്കുകള്‍ പകുതിയില്‍ മുറിഞ്ഞു. കുട്ടിയുടെ ആരോഗ്യനില അന്വേഷിച്ചുള്ള ആ കോളിനു പിന്നാലെയാണ് രാവിലെ ഞങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിെലത്തിയത്. വെന്റിലേറ്റര്‍ മുറിയുടെ പുറത്ത് സാമാന്യം തിരക്കുണ്ടായിരുന്നു. ആ ഏഴുവയസുകാരന്റെ ബന്ധുക്കള്‍ക്കായി കണ്ണുപരതി. പത്തുദിവസമായി വെന്റിലേറ്ററിലുള്ള കുഞ്ഞിനായി കരുതലുള്ള മുഖങ്ങളൊന്നും കണ്ടില്ല. കന്റീനില്‍നിന്ന് ചായക്കുടിച്ച് ഡോക്ടര്‍ ശ്രീകുമാര്‍ എത്തുകയാണ്. ” പത്തുമിനിറ്റ് കൂടി . ഇ.സി.ജിയില്‍ ഒരു ചെറിയ സിഗ്നലുണ്ട്. അതുകൂടി കഴിഞ്ഞാല്‍….”. പതിഞ്ഞ വാക്കുകള്‍ മുഴുമിപ്പിക്കാെത നടന്നുനീങ്ങിയ ഡോക്ടറുടെ മുഖത്ത് വിഷമം മറച്ചുവയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. കൂടുതല്‍ ചോദ്യങ്ങളുണ്ടായില്ല. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്ക് നീങ്ങി.പത്തുമിനിറ്റിനപ്പുറം അവന്‍ വാര്‍ത്തകളില്‍നിറയും. നിയമം അവന് നല്‍കിയ ‘പരിരക്ഷ’യില്‍ അവിടെയെങ്കിലും അവന്‍ സംരക്ഷിക്കപ്പെടും. പേരും മുഖവുമില്ലാതെ.

പുറത്ത് കൊടുംചൂടാണ്. ആശുപത്രിക്കുള്ളില്‍ വാര്‍ത്താശേഖരണത്തിന്റേതായ ഒരു തിരക്കുമുണ്ടാക്കാതെ മാധ്യമപ്രവര്‍ത്തകര്‍ ആ ചൂടിലേക്ക് ഒതുങ്ങിനിന്നു. വെന്റിേലറ്റര്‍ മുറിയില്‍നിന്ന് പുറത്തേക്കുള്ള ആ ഇടനാഴിയില്‍ എവിടെനിന്നൊക്കെയോ എത്തിയവര്‍ നടന്നുനീങ്ങുന്നു. നിരത്തിയിട്ട കസേരകളില്‍ ഇരിപ്പുറപ്പിച്ചവര്‍ക്ക് മുന്നിലെ ടെലിവിഷനില്‍ തിരഞ്ഞെടുപ്പു വാര്‍ത്തകളാണ്. ഇടനാഴിയുെട അങ്ങേയറ്റം അതാ ഡോക്ടര്‍ ശ്രീകുമാര്‍. ഡോക്ടര്‍ക്കും ഞങ്ങള്‍ക്കുമിടയിലുള്ള ദൂരം കുറഞ്ഞു. ഒരാഴ്ച മുന്‍പേ പ്രതീക്ഷിക്കപ്പെട്ട ക്ളീനിക്കല്‍ ഡെത്തിനും ഒരു ദുരന്തമുഖത്തേക്കാള്‍ ദുഃഖമുണ്ടാക്കാന്‍ കഴിയുെമന്ന് പറഞ്ഞുവയ്ക്കുന്നതായിരുന്നു ഡോക്ടറുടെ വാക്കുകള്‍ . ഏഴുവര്‍ഷം മാത്രം ജീവിച്ച ഒരു കുഞ്ഞിന്റെ അവസാനയാത്ര അവിടെ തുടങ്ങുകയാണ്.

ആശുപത്രി പരിസരം നിറയുകയാണ്. അവരാരും അവന്റെ രക്തബന്ധങ്ങളായിരുന്നില്ല. നാട്ടുകാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ , പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ , രാഷ്ട്രീയപ്രവര്‍ത്തകര്‍ അങ്ങനെകൂടിയ എല്ലാവരും അവനെ അറിഞ്ഞുതുടങ്ങിയിട്ട് ആഴ്ചയൊന്നേ കഴിഞ്ഞിട്ടുള്ളു. ” ദിനു …കുട്ടിയുടെ അമ്മയോ അല്ലെങ്കില്‍ മറ്റ് ബന്ധുക്കളോ അങ്ങനെ ആരെങ്കിലും അവിടെ….” ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ആ ചോദ്യമുന്നയിച്ചത് വാര്‍ത്തവായിച്ച ഡെന്‍സില്‍ ആന്റണിയാണ്. അവര്‍ ഈ ആശുപത്രിയിലുണ്ടെന്ന് ഡോക്ടര്‍ പറയുന്നുെവന്നും പ്രതികരിക്കാന്‍ തയാറല്ലെന്നുമുള്ള മറുപടിയില്‍ ലൈവ് അവസാനിപ്പിക്കുമ്പോള്‍ അവരെയാരെയെങ്കിലും കണ്ടെത്താനായി ശ്രമം.

” T 3 വാര്‍ഡിലെ സ്യൂട്ട് റൂമിലുണ്ട് അവര്‍….ആ അമ്മ ” . നിസംഗമായാണ് ആശുപത്രിയിലെ ജീവനക്കാരന്‍ അത് പറഞ്ഞത്. പടിക്കെട്ടുകള്‍ കയറി ഞാനും ക്യാമറാന്‍ അഖിലും T 3യുടെ ഇടനാഴിയിലേക്കെത്തി. ” ഒന്ന് ചോദിക്കട്ടെ കേട്ടോ ….അവര്‍ എങ്ങനെ പെരുമാറുമെന്ന് അറിയില്ലല്ലോ..” സെക്യുരിറ്റി ജീവനക്കാരന്‍ അത് പറഞ്ഞ് T 3യിലെ സ്യൂട്ടിലേക്ക് നടന്നുനിങ്ങുമ്പോള്‍ അങ്ങ് ദൂെര ആ വാതില്‍ക്കല്‍ മൊബൈല്‍ ഫോണില്‍ ചിരിച്ച് സംസാരിച്ചുനീങ്ങുന്ന സ്ത്രീയെ ശ്രദ്ധിക്കുകയായിരുന്നു ഞങ്ങള്‍. വാതില്‍ക്കലെത്തിയ സെക്യുരിറ്റി ജീവനക്കാരനെ അവര്‍ അകത്തേക്ക് വിളിച്ചുസംസാരിച്ചു. തിരികെവരുമ്പോള്‍ അവരുടെ മറുപടി അയാളുടെ മുഖത്ത് വായിക്കാം. “അമ്മയും അമ്മൂമ്മയും അവിടുണ്ട്. കാണാന്‍ താല്‍പര്യമില്ലാന്ന്….”.

ഒരാഴ്ചമാത്രം സമാധാനമായി കിടന്ന വെന്റിലേറ്റര്‍മുറിയില്‍നിന്ന് അവനെ പുറത്തേക്ക് കൊണ്ടുവരികയാണ്. ഇരുമ്പുപെട്ടിയില്‍ അടക്കംചെയ്ത കുഞ്ഞിനെ ഡോക്ടര്‍ ശ്രീകുമാര്‍ അനുഗമിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റിനായി ഉത്തരവാദിത്തപ്പെട്ടവര്‍ എത്തുന്നതുവരെ മോര്‍ച്ചറിയിലേക്ക് മാറ്റുകയാണ്. വൈകിയില്ല. തൊടുപുഴ ഡി.ൈവ.എസ്.പിയടക്കം എത്തിയതോടെ ഇന്‍ക്വസ്റ്റ് വേഗത്തില്‍ പുരോഗമിച്ചു. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ പ്രതിപക്ഷനേതാവടക്കം പ്രമുഖര്‍ വന്ന് കണ്ടുമടങ്ങി. ജനക്കൂട്ടത്തിന്റെ നിശബ്ദതമുറിച്ച് മോര്‍ച്ചറിയുടെ ഷട്ടര്‍ സന്ദര്‍ശകര്‍ക്കായി ഉയര്‍ന്നുതാഴ്ന്നു. അകത്ത് പൊലീസ് ഫോട്ടോഗ്രാഫറുടെ ക്യാമറ ഫ്ളാഷ് ഇടയ്ക്കിടെ മിന്നി. ഇതിനിടെയാണ് ഇന്‍ക്വസ്റ്റ് മുറി തുറന്ന് പുറത്തിറങ്ങിയ ആ പൊലീസുകാരിയെ കണ്ടതും. നിറഞ്ഞ കണ്ണുകള്‍ ജനലിനപ്പുറംനിന്ന എന്നെ ഒന്നേ നോക്കിയുള്ളു.

നിശബ്ദമുറിച്ച് ഒരിക്കല്‍കൂടി മോര്‍ച്ചറിയുടെ ഷട്ടര്‍ ഉയര്‍ന്നു. മടക്കത്തിന് മുന്‍പേ അവനെ കാണേണ്ടവര്‍ക്ക് കാണാം. അതിന് അവസരമൊരുക്കുകയാണ്. സ്ട്രെച്ചറില്‍ പുറത്തേക്കുതള്ളിയ കണ്ണുകളും നീര്‍നിറഞ്ഞ മുഖവുമായി അവന്‍ . വെള്ളമൂടിയ ശരീരത്തിലേക്കുനോക്കി മടങ്ങുന്നവരെല്ലാം അവനെ അറിഞ്ഞത് ഒരാഴ്ച മുന്‍പാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സിലേക്ക് അവനെ എടുത്തുവയ്ക്കുമ്പോള്‍ T 3യിെല സ്യൂട്ടിലായിരുന്നു ആ ‘അമ്മ’ യും ഒരു അമ്മൂമ്മയും.

മണ്‍മറഞ്ഞ അച്ഛന്റെയടുക്കലേക്ക് മടങ്ങുമ്പോള്‍ അവന്റെ കുഞ്ഞനുജന്‍ ഇവിടെ ഒറ്റയ്ക്കാണ് . ”ബന്ധുക്കളാരും കൂടെ കയറാനില്ലേ ? ” ആംബുലന്‍സിന്റെ വാതിലടയ്ക്കുമുന്‍പ് അയാള്‍ ചോദിച്ച ആ ചോദ്യം േവദനയാണ്. കാഴ്ചകള്‍ ഭയം നിറയ്ക്കുകയാണ്.

കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് സംസ്കാരം നടന്ന തൊടുപുഴയിലെ വീട്ടിൽ എത്തിയത്. ജനതിരക്കേറിയതോടെ പൊതുദര്‍ശനത്തിന്‍റെ നിയന്ത്രണം പൊലീസേറ്റെടുത്തു.

കുഞ്ഞിന്‍റെ മൃതദേഹം എത്തുന്നതിന് വളരെ മുന്‍പേ തന്നെ വീടും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. വീടിന് മുന്നിലൂടെയുള്ള വഴിയിലൂടെ വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് പാടുപെട്ടു. തേങ്ങി കരഞ്ഞും കണ്ണു നിറച്ചും നൂറുകണക്കിന് പേരാണ് കുഞ്ഞിന്റെ അമ്മയുടെ വീടിന് ചുറ്റും കൂടി നിന്നത്. നാട്ടുകാരും ബന്ധുക്കളും അങ്ങനെ കുഞ്ഞിനെ നേരത്തെ അറിയുന്നവരും വാര്‍ത്തകളിലൂടെ അറിഞ്ഞവരും അവനെ അവസാനമായി ഒരു നോക്ക് കാണാനെത്തി.

ഏഴ് വയസുകാരനെയും വഹിച്ചുള്ള ആംബുലൻസ് രാത്രി എട്ടേമുക്കാലിന് എത്തിയതോടെ കൂടി നിന്ന സ്ത്രീകളുടെ തേങ്ങലുകള്‍ നിലവിളികളായി. ആദ്യം അകത്തേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് വീടിന് പുറത്ത് പൊതുദർശനത്തിന് വച്ചു. മുക്കാൽ മണിക്കൂറിന് ശേഷം മുറ്റത്ത് സംസ്കരിക്കുമ്പോഴും അടക്കിപിടിച്ചുള്ള കരച്ചിലുകള്‍ അടങ്ങിയിരുന്നില്ല.സംസ്കാരത്തിന് എത്തിയവരെല്ലാം ഒറ്റസ്വരത്തിൽ ആവശ്യപ്പെട്ടത് ഒന്നുമാത്രം. കുരുന്നിന്‍റെ ജീവനെടുത്ത കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകണം. എത്രയും വേഗം.

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ജനവിധി തേടുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 242 ആണ്. ആകെ സമര്‍പ്പിച്ച 303 നാമനിര്‍ദേശ പത്രികകളില്‍ 242 എണ്ണമാണ് അംഗീകരിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് വയനാട്ടിലാണ്. മണ്ഡലത്തില്‍ 22 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അപരന്‍മാരുടെ നാമനിര്‍ദേശ പത്രികകള്‍ക്ക് അംഗീകാരം ലഭിച്ചു.

വയനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ അംഗീകരിക്കപ്പെട്ടത് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. 21 എണ്ണം. ഏറ്റവും കുറവ് പത്തനംതിട്ട, ആലത്തൂര്‍, കോട്ടയം മണ്ഡലങ്ങളിലാണ്. മൂന്നിടത്തും ഏഴ് വീതം നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട്15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

നാലാം തീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19 പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73,000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189. തിരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷുഭിതനായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി. താരത്തെ കണ്ടതും പള്ളിയിലെ കുട്ടികള്‍ ഓടികൂടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥി ശ്രമിച്ചത്. പുറകില്‍ നിന്നിരുന്ന വിദ്യാര്‍ഥി സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈവച്ചതും സുരേഷ് ഗോപി ക്ഷുഭിതനായി.

വിദ്യാര്‍ഥിയുടെ കൈ അദ്ദേഹം തട്ടിമാറ്റുന്നതും രൂക്ഷമായി വിദ്യാര്‍ഥിയെ നോക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് ചുറ്റും കൂടിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ഏതാനും സമയം ചെലവഴിച്ചാണ് പിന്നീട് സുരേഷ് ഗോപി അവിടെ നിന്ന് മടങ്ങിയത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ എന്ന് അദ്ദേഹം പ്രസംഗത്തിനിടെ ചോദിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.

അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴ് വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. തൊടുപുഴയ്ക്കടുത്തെ ഉടമ്പന്നൂരില്‍ അമ്മയുടെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. നൂറ് കണക്കിന് പേരാണ് കുഞ്ഞിന് കണ്ണീരോടെ ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്.

പത്ത് ദിവസമാണ് വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ച് ഏഴു വയസ്സുകാരന്‍ കിടന്നത്. ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നു. ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യമയതോടെ സ്ഥിതി വഷളായി. രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ സന്ദര്‍ശിച്ചുവെങ്കിലും കുട്ടി വെന്റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച രാവിലെ പതിനൊന്ന് മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. പതിനൊന്ന് മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അരുണ്‍ ചികിത്സ വൈകിപ്പിച്ചതായി ആശുപത്രി അധികൃതര്‍. അതേസമയം കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് മുന്നിലും പിന്നിലും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നും വീഴ്ചയില്‍ സംഭവിക്കുന്നതിനെക്കാള്‍ ഗുരുതരമായ ക്ഷതങ്ങളാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടയില്‍ ആശുപത്രി അധികൃതരുമായി തര്‍ക്കിച്ച് അരമണിക്കൂറോളം നേരം കളഞ്ഞുവെന്നും ഓപറേഷന്‍ നടത്താമെന്ന് പറഞ്ഞിട്ടും സഹകരിച്ചില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. മദ്യലഹരിയിലാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറുന്നതിന് പ്രതി അരുണും കുട്ടിയുടെ അമ്മയും തയ്യാറായില്ല. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അരുണാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ അമ്മയും സഹകരിക്കാതിരുന്നതോടെ ദുരൂഹത തോന്നിയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. മെഡിക്കല്‍ കോളെജിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റിപ്പോഴും ഇരുവരും സഹകരിച്ചില്ലെന്നും അധികൃതര്‍ പറയുന്നു.

മർദ്ദനം നടന്ന് മുക്കാൽ മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊണ്ടുവന്നത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തിയപ്പോഴേക്ക് വിദഗ്‍ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂർ നേരം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി നിന്ന് തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല.

 

തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മൃതദേഹം കണ്ടെത്തി. ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. അഞ്ചുനില കെട്ടിടത്തിനു മുകളിലെ ജലസംഭരണിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചീഞ്ഞ് അഴുകി ദുര്‍ഗന്ധം പടര്‍ന്നിരുന്നു. മരിച്ചയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പരിശോധനകള്‍ക്കുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി.

ന്യൂസ് ഡെസ്ക്

തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചാലക്കുടിയിൽ വെച്ചാണ് അപകടമുണ്ടായത്. എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു കാർ അനുപമയുടെ കാറിൽ ഇടിക്കുകയായിരുന്നു. അനുപമ ഉൾപ്പെടെ ആർക്കും പരിക്കില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കളക്ടർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

പ്രണയത്തിനൊടുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച നീതുവെന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ വീട്ടില്‍ കയറി തീകൊളുത്തി കൊല്ലുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇപ്രകാരമായിരുന്നു. നീതു തന്നില്‍ നിന്ന് അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിതീഷ് സംശയിച്ചിരുന്നു. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിട്ടു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം.

ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. നിതീഷ് ഉറങ്ങിപ്പോയി. പുലര്‍ച്ചെ നിതീഷ് എത്തിയപ്പോള്‍ നീതു വാതില്‍ തുറന്നുകൊടുത്തു. ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്‌നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി.

രാവിലെ 6.30ന് വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു.മുറിയില്‍ കണ്ട നീതുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി. മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.പൊലീസ് കസ്റ്റഡിയില്‍ മകനെ കാണാനെത്തിയ അമ്മ രത്‌നകുമാരിയോട് നിതീഷ് ഒന്നും സംസാരിച്ചില്ല. തലകുമ്പിട്ടിരുന്ന ഇയാള്‍ ഒടുവില്‍ അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു.

പൊതുവേ ശാന്ത സ്വഭാവക്കാരനായ മകന്റെ ചെയ്തിയില്‍ നിന്നും നിധീഷിന്റെ മാതാപിതാക്കള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് നിധീഷിന്റെ അച്ഛന്‍. ശാന്ത സ്വഭാവക്കാരനായ മകന്‍ ഈ ക്രൂരകൃത്യം ചെയ്തെന്ന് നിധീഷിന്റെ അമ്മയ്ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഫേസ്ബുക്ക് വഴിയായിരുന്നു യാത്രകളോട് പ്രിയമായിരുന്ന ഇരുവരും പരിചയപ്പെടുന്നത്. ഒരു ദിവസം നീതുവിനെ നിധീഷ് തന്നെയാണ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയത്. ആദ്യം നീതുവിനെ അംഗീകരിക്കാനായില്ലെങ്കിലും അവളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം കാരണം പെട്ടെന്ന് തന്നെ ഇഷ്ടമാവുകയായിരുന്നെന്ന് നിധീഷിന്റെ അമ്മ പറയുന്നു.

‘പിന്നെ സ്വന്തം മരുമകളായി തന്നെയാണ് നീതുവിനെ കണ്ടത്. വീട്ടില്‍ ഇടയ്ക്കിടെ വരുമായിരുന്നു. വീട്ടില്‍ വരുമ്‌ബോള്‍ ഞാന്‍ ഭക്ഷണം വാരിക്കൊടുത്താലേ അവള്‍ കഴിക്കൂ. വടക്കേക്കാട് വീട്ടിലെ എല്ലാ ചടങ്ങുകള്‍ക്കും മോള് വരാറുണ്ട്. ഓണമായാലും വിഷുവായാലും പുതിയ ഡ്രസെടുത്ത് കോളേജില്‍ വച്ചോ തൃശ്ശൂരില്‍ വച്ചോ അവന്‍ മോള്‍ക്ക് നല്‍കുമായിരുന്നു. മരുമോളായി നീതുവിനെ ഞങ്ങളെന്നേ സങ്കല്‍പ്പിച്ചുകഴിഞ്ഞതാണ്. മോളെന്നേ ഞങ്ങള്‍ വിളിക്കാറുള്ളു. കഴിഞ്ഞ ദിവസവും മോള് മെസേജിട്ടു: ‘വാച്ച് ഇഷ്ടായിട്ടോ അമ്മേ’ എന്ന്. പിന്നീട് എന്താ സംഭവിച്ചത് എന്നറിയില്ല. അവര്‍ തമ്മില്‍ വളരെ ഇഷ്ടത്തിലായിരുന്നു’- കണ്ണീരു തോരാതെ ഈ അമ്മ പറയുന്നു.

നീതുവിനെ നിധീഷ്‌കൊലപ്പെടുത്തിയത് ടിവിയിലൂടെയാണ് ഇവരും അറിഞ്ഞത്. മകന്‍ എറണാകുളത്തു നിന്നും തൃശ്ശൂരെത്തിയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത് എന്താണെന്നു ഇപ്പോഴും ഈ മാതാപിതാക്കള്‍ക്ക് അറിയില്ല. അതേസമയം, അമിതരക്ത സമ്മര്‍ദ്ദം കാരണം ഞരമ്ബുകള്‍ പൊട്ടുന്ന തരത്തിലുള്ള അസുഖമുണ്ടായിരുന്നു നിധീഷിനെന്ന് അമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുമ്ബ് അതിനുള്ള സര്‍ജറിയും കഴിഞ്ഞിരുന്നു. അച്ഛന് സുഖമില്ലാത്തതിനാല്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് വെച്ച് തന്നെയാണ് സര്‍ജറിക്ക് നിധീഷ് വിധേയനായതെന്നും ഈ സര്‍ജറിക്ക് ശേഷം മകന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിരിക്കാം എന്നുമാണ് ഈ അമ്മ പറയുന്നത്. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന പ്രകൃതമായത് ഈ സര്‍ജറിക്ക് ശേഷമാണെന്ന് അമ്മ പറയുന്നു.

അതേസമയം യാത്രകളിലുള്ള താല്‍പര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങള്‍ പതിച്ചിരുന്നു. ഫോണില്‍ നിറയെ ഇരുവരുടെയും ടിക് ടോക് വീഡിയോകളായിരുന്നു. ഇരുവീട്ടുകാര്‍ക്കും ബന്ധത്തില്‍ താത്പര്യമുള്ളതായും പെണ്‍കുട്ടിയുടെ പഠനം കഴിഞ്ഞ് കല്യാണം നടത്താനുള്ള തീരുമാനത്തിലാണെന്നുമാണ് നിധീഷ് കൂട്ടുകാരോട് പറഞ്ഞിരുന്നത്.

 

പൊലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തിയ ആലപ്പുഴയിലെ 15 അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. പീഡനക്കേസ് പ്രതിയെ ആണ് അഭിഭാഷകർ രക്ഷിച്ചത്.അഭിഭാഷകര്‍ നല്‍കിയ സ്വകാര്യഹര്‍ജിയില്‍ പൊലീസിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു.

പീഡനക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യാന്‍ മൂന്നാറില്‍നിന്ന് എത്തിയ എസ്.ഐയെയും സംഘത്തെയുമാണ് ഇരുപതോളം അഭിഭാഷകര്‍ ചേര്‍ന്ന് മുറിയില്‍ തടഞ്ഞുവച്ചത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടും അഭിഭാഷകർക്കെ‌തിരെ കേസെടുക്കാതെ ആലപ്പുഴ നോര്‍ത്ത് പൊലീസ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു.

മൂന്നാറിലെ ഒരു പീഡനക്കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി സൈനോജ് ശിവനെ അറസ്റ്റുചെയ്യാനാണ് മഫ്തിയില്‍ പൊലീസ് സംഘം എത്തിയത്. ആലപ്പുഴ ജില്ലാക്കോടതിക്ക് സമീപത്തെ വക്കീല്‍ ഓഫിസില്‍ പ്രതി എത്തുമെന്നറിഞ്ഞ് എസ്.ഐയും സംഘവും കാത്തുനിന്നു. പ്രതി വക്കീല്‍ ഓഫിസിലേക്ക് കയറിയ ഉടനെ പൊലീസുകാര്‍ അകത്തേക്ക് കയറി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല. പിന്നെ പൊലീസുമായി ഉന്തും തള്ളുമായി ഇരുപതോളം അഭിഭാഷകര്‍ ചേര്‍ന്ന് മൂന്നാര്‍ സ്റ്റേഷനില്‍നിന്നെത്തിയ നാലംഗ പൊലീസ് സംഘത്തെ വളഞ്ഞുവയ്ക്കുകയും പ്രതിയെ ഓടി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു.

ബഹളമായതോടെ ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ സഹായം തേടി. എന്നാല്‍ നോര്‍ത്ത് സിഐയും സംഘവും എത്തി അഭിഭാഷകരുമായി സംസാരിച്ച് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. നേരത്തെ ആലപ്പുഴയിലെ മറ്റൊരു പീഡനക്കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ആഴ്ചകള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഈ പ്രതിയെയാണ് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി അറസ്റ്റുചെയ്യാന്‍ സമ്മതിക്കാതെ അഭിഭാഷകര്‍ രക്ഷപ്പെടുത്തിയത്.

RECENT POSTS
Copyright © . All rights reserved