Kerala

കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവയുടെ മൃതദേഹം ഖബറടക്കി. 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ്​ ഖബർസ്​ഥാനിലാണ് ഖബറടക്കിയത്.

പുലർച്ചെ 3.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. തുടർന്ന് കൊടുങ്ങല്ലൂർ മേത്തലയിൽ അൻസിയുടെ വീട്ടിലെത്തിച്ച മൃതദേഹം പ്രാർഥനക്ക് ശേഷം കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനത്തിന് ശേഷം 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ്​ ഖബറടക്കി.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഇന്നസെന്‍റ് എം.പി, എം.എൽ.എമാരായ ടി.വി ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, റോജി എം. ജോൺ, അൻവർ സാദത്ത്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ അടക്കം നൂറിലധികം പേർ അന്തിമോപചാരം അർപ്പിച്ചു. അൻസിയുടെ ഭർത്താവ്​ അബ്​ദുൽ നാസറും ബന്ധുവും നേരത്തേ നാട്ടിലെത്തിയിരുന്നു.

ഭർത്താവ് അബ്ദുൽ നാസറിനൊപ്പം ക്രൈസ്​റ്റ് ചർച്ചിലെ പള്ളിയിലെത്തിയ അൻസി, ഭീകര​​​​​െൻറ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലൻഡിൽ കാർഷിക സർവകലാശാല വിദ്യാർഥിനിയായിരുന്നു അൻസി.

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി, കൊലക്കേസ് ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വെട്ടേറ്റ് മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

തലസ്ഥാന നഗരമധ്യത്തില്‍ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണ് നഗരത്തെ ഞെട്ടിച്ച മൂന്നാം കൊലപാതകമുണ്ടായത്. കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്. അനിയാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ അയല്‍വാസിയായ ജീവന് വേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏതാനും വര്‍ഷം മുന്‍പ് കൊലപാതകകേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏതാനും മാസം മുന്‍പ് , ജീവന്റെ സഹോദരിയെ അനി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നും കരുതുന്നു.

എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. അനിയുടെ മരണത്തോടെ തുടര്‍ച്ചയായ മൂന്നാം കൊലയ്ക്കാണ് നഗരം വേദിയായിരിക്കുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ട് കൊലപാതകങ്ങള്‍.

ഇതിനെല്ലാം പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടി കൊന്നത് പൊലീസിന്റെ നാണക്കേടും നാട്ടുകാരുടെ ആശങ്കയും വര്‍ധിപ്പിക്കുകയാണ്

ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കിൽ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളിൽ വേണുഗോപാലിന്റെ മകൻ ഡോ. അനീഷിന്റെ (32) മൃതദേഹമാണു മുതുകുളം സബ് ട്രഷറിക്കു സമീത്തെ ഡന്റൽ ക്ലിനിക്കിൽ ഇന്നലെ സന്ധ്യയോടെ കാണപ്പെട്ടത്. മുറിയിൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

2 ദിവസമായി ക്ലിനിക് തുറന്നിരുന്നില്ല. വാതിൽ പൂർണമായി അടച്ചിരുന്നുമില്ല. സുഹ‍ൃത്ത് ഇന്നലെ സന്ധ്യയോടെയെത്തി തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. പലപ്പോഴും അനീഷ് ക്ലിനിക്കിൽ താമസിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടിട്ടു കിട്ടാതിരുന്നതിനാൽ പിതാവ് വേണുഗോപാൽ അന്വേഷിച്ച് എത്തിയിരുന്നു. അവിവാഹിതനാണ്. രാധയാണു മാതാവ്.

കേരളത്തില്‍ നാല് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 35 ശതമാനം മഴകുറഞ്ഞതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് കൂടാന്‍കാരണമെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍

കേരളത്തെ ചുട്ട് പൊള്ളിക്കുന്ന ചൂട് വരുന്ന വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. ഇന്നും നാളെയും ഈ ജില്ലകള്‍ അതീവ ജാഗ്രത പാലിക്കണം. പാലക്കാട് താപനില 40. 2 , പുനലൂരില്‍ 37, തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും 36 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും താപനില 2 മുതല്‍മൂന്ന് ഡിഗ്രിവരെ ഉയര്‍ന്നേക്കാം. ഉഷ്ണജല പ്രവാഹമായ എല്‍നിനോയുടെ സാന്നിധ്യവും മഴ 35 ശതമാനം കുറഞ്ഞതും വേനല്‍ചൂട് ഉയരുന്നതിന് കാരണമായി.

ഒരാഴ്ചക്കിടെ 61 പേര്‍ക്ക് സൂര്യാതപം ഏറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനും ഇടയുള്ളതിനാല്‍ പകല്‍ കഴിവതും വെയിലേല്‍ക്കാതെ ശ്രദ്ധിക്കണം. തൊഴില്‍സമയം പുനക്രമീകരിച്ച സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. സാംക്രമിക രോഗങ്ങള്‍ക്കെതിരെയും ജാഗ്രതപാലിക്കണം.

 

തിരുവനന്തപുരം: കരമന സ്വദേശിയായി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന സുമേഷ് എന്നയാള്‍ കൂടി പിടിയിലായതോടെയാണ് പ്രതികള്‍ മുഴുവന്‍ അറസ്റ്റിലായതായി അന്വേഷണസംഘം അറിയിച്ചത്. അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചതായി കാണിച്ച് കൊല്ലപ്പെട്ട അനന്തുവിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 13-ാം തിയതിയാണ് അനന്തുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കരമന ടൗണില്‍ വെച്ച് അനന്തുവിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി ലഭിച്ച മണിക്കൂറുകള്‍ക്ക് ശേഷമാണ് അനന്തുവിന്റെ മൃതദേഹം ലഭിക്കുന്നത്. നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവും സംഘവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം കൊലപാതക ദിവസം ഉച്ചയ്ക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് കൃത്യം നടത്തിയത്. നീറമണ്‍കരയ്ക്ക് സമീപത്തുള്ള കാട്ടില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

അനന്തുവിനെ അതിക്രൂരമായിട്ടാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കരിക്ക്, കരിങ്കല്ല്, കമ്പി, വടി തുടങ്ങിയവ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. അനന്തുവിനെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രതികള്‍ മാറി മാറി മര്‍ദ്ദിച്ചു. ഇരു കൈകളുടെയും ഞരമ്പുകള്‍ അറുത്തു മാറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകളാണ് മരണകാരണമായിരിക്കുന്നത്. കൂടാതെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. കണ്ണുകളില്‍ സിഗരറ്റ് കുറ്റികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം: കാണക്കാരിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് പെട്രോളും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മകൻ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിന് സമീപത്തെ പറമ്പിൽ ചിന്നമ്മയുടെ മൃതദേഹം ഉണ്ടെന്ന വിവരം ബിനുരാജ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. ബിനുരാജും ചിന്നമ്മയും തമ്മിൽ കുറേകാലമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.

പറവൂരില്‍ കോടതി മുറിയില്‍ മൂത്രമൊഴിച്ച് പ്രതിയായ സ്ത്രീ.മുനമ്പം മനുഷ്യക്കടത്ത് കേസിലെ പതിനഞ്ചാം പ്രതിയായ സ്ത്രീക്കാണ് ഈ അവസ്ഥ നേരിടേണ്ടിവന്നത്. കേസ് വിസ്താരത്തിനിടെ പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കവെ സ്ത്രീ മൂത്രമൊഴിക്കുകയായിരുന്നു.

നാലു വയസ്സുള്ള ഇളയ മകനെയും എടുത്ത്നി നിസ്സഹായയായി നിൽക്കുകയായിരുന്നു അവര്‍. മൂന്ന് വനിതാ പൊലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, സ്ത്രീയുടെ നിസ്സഹായവസ്ഥയെ പരിഹസിക്കാനല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പ്രതികളുടെ അവകാശങ്ങളും വ്യക്തമായി പാലിക്കപ്പെടണമെന്ന നിയമം നിലനില്‍ക്കവെയാണ് കോടതി മുറിയില്‍ തന്നെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

സുപ്രീംകോടതിയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് മുനമ്പം കേസിലെ പതിനഞ്ചാം പ്രതിയുടെ അറസ്റ്റ് എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മൂന്നിടത്ത് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നാണ് ആരോപണം. കോടതി നടപടികള്‍ക്ക് ശേഷം സ്ത്രീയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

കൊച്ചി: തനിക്കെതിരെ കൊലയാളി പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മറുപടിയുമായി വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍. തനിക്ക് നേരിട്ട ആക്രമണത്തെക്കുറിച്ച് വിവരിച്ചു കൊണ്ടാണ് ജയരാജന്‍ വിശദീകരണ കുറിപ്പ് എഴുതിയിരിക്കുന്നത്. 1999ല്‍ ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടില്‍ ഓം കാളി വിളികളുമായെത്തിയ ആര്‍എസ്എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്. എന്റെ ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളര്‍ന്നു. നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും ജയരാജന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

തന്റെ ഭാര്യയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസാന്നിധ്യമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബ്രീട്ടിഷുകാര്‍ വേട്ടയാടിയത് പോലെയാണ് ഇന്ന് ആര്‍എസ്എസ് സിപിഎമ്മിനെ വേട്ടയാടുന്നതെന്നും നെറികെട്ട കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോവാതിരിക്കാനാണ് താനീകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കുറിച്ചു. 1999ല്‍ വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നാല്പത്തിയേഴാം വയസ്സുവരെ താന്‍ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു, എന്ന് പറഞ്ഞു കൊണ്ടാണ് 1999ലെ തിരുവോണ നാളില്‍ താന്‍ നേരിട്ട ആര്‍എസ്എസ് ആക്രമണത്തെ കുറിച്ചും ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.

പി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ,

പി. ജയരാജനെ വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ പോലും എന്നെ അറിയുന്നയാളെന്നോണം നിര്‍ലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.

ഒരു കമ്യുണിസ്റ്റിന്റെ ജീവിതം പരവതാനി വിരിച്ചതാവില്ലെന്ന ബോധ്യമുള്ളതിനാല്‍ ഇതുവരെ ഇതിനൊന്നും ഒരു മറുപടിയും നല്‍കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ എന്നെ വിമര്‍ശിക്കുന്നവര്‍ സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും വസ്തുത അന്വേഷിക്കണമെന്ന അഭ്യര്‍ത്ഥന വെയ്ക്കുന്നു. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സത്യമറിയാം. എന്നാല്‍ ചിലരെങ്കിലും വലതുപക്ഷം നടത്തുന്ന നെറികെട്ട ഇത്തരം കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോവരുതെന്നതുകൊണ്ടുമാത്രം ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

എന്റെ നാല്പത്തിയേഴാം വയസ്സുവരെ ഞാന്‍ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു. അതിനുശേഷം എനിക്ക് തള്ളവിരലുണ്ടായിട്ടില്ല. സൂചിപ്പിച്ച വയസ്സുവരെ ഏതൊരാളെയും പോലെ ആരോഗ്യവാനായിരുന്നു ഞാനും. എല്ലാവരേയും പോലെ ഭക്ഷണം കഴിക്കാനുള്‍പ്പടെ സാധിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1999ല്‍ ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടില്‍ ഓം കാളി വിളികളുമായെത്തിയ ആര്‍എസ്എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്. എന്റെ ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു.വലതു കൈ വെട്ടിപ്പിളര്‍ന്നു. എന്റെ നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി. എന്നാല്‍ എന്റെ പാര്‍ട്ടി സഖാക്കളും ഭാര്യ യമുനയും അന്ന് പതറാതെ കൂടെ നിന്നത് കൊണ്ട് ഞാനിന്നും ജീവിച്ചിരിക്കുന്നു. ഞാന്‍ മരിക്കാത്തതിലെ നിരാശ പലവട്ടം അവര്‍ പിന്നീടും പ്രകടമാക്കിയത് നാട് കണ്ടതാണല്ലോ. എന്റെ അല്പം ശേഷിയുള്ള കൈയും വെട്ടുമെന്നും ജീവനെടുക്കുമെന്നുമെല്ലാം പിന്നെയും അവര്‍ ആവര്‍ത്തിച്ചത് തെളിവുസഹിതം വാര്‍ത്തയായതുമാണല്ലോ.

എന്റേതുപോലെ ആഴത്തില്‍ ശരീരമാസകലം മുറിവേറ്റ ഒരാള്‍ക്ക് ആന്ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സ എത്രമാത്രം പ്രയാസകരമാണെന്നത് വിമര്‍ശിക്കുന്നവര്‍ ഏതെങ്കിലും ഡോക്ടറോട് അന്വേഷിക്കണം. അത്രയേറെ പ്രയാസപ്പെട്ടാണ് ഡോക്ടര്‍ എന്റെ ജീവന്‍ രക്ഷിച്ചത്. അസുഖം വരുന്നത് ആരുടേയും തെറ്റോ കുറ്റമോ അല്ല. എന്റെ അസുഖം ബോധ്യപ്പെട്ടിട്ടും ബോധ്യമാവാതെ, യാത്രചെയ്യാന്‍ ശാരീരിക അവശതമൂലം സാധിക്കാത്ത സാഹചര്യത്തിലും എന്നെ തിരുവനന്തപുരം വരെ യാത്ര ചെയ്യിച്ചു. ജില്ലയ്ക്ക് പുറത്തേക്ക് ഇതുവരെ വാഹനമോടിച്ചിട്ടില്ലാത്തയാളെ ആംബുലന്‍സ് ഡ്രൈവറാക്കിയും എന്റെ ജീവന് ഭീഷണിതീര്‍ക്കാന്‍ ശ്രമിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പാടാക്കിയ ആ ആംബുലന്‍സാവട്ടെ അര്‍ദ്ധരാത്രി അപകടത്തില്‍ പെടുകയും ഭാഗ്യംകൊണ്ട് ഞാന്‍ രക്ഷപ്പെടുകയുമായിരുന്നു എന്നത് പുറത്തുവന്ന കാര്യമാണ്. എന്റെ സഖാക്കള്‍ ആംബുലന്‍സിന് പിറകില്‍ മറ്റൊരു വാഹനത്തില്‍ ഒപ്പമുണ്ടായതുകൊണ്ട് വിവരം അപ്പോള്‍ത്തന്നെ പുറം ലോകമറിയുകയുകയും യാത്രാമധ്യേ തൃശ്ശൂരില്‍ ചികിത്സ ലഭിക്കുകയും ചെയ്തു. ഓരോ ആശുപത്രികളിലേക്കും ചികിത്സയ്ക്ക് കൊണ്ടുപോയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. എന്നിട്ടും ചിലര്‍ കണ്ണില്‍ ചോരയില്ലാത്തവിധം അസുഖം വന്നതുപോലും ആക്ഷേപത്തിന് വിഷയമാക്കുന്നു. അത് അവരുടെ സംസ്‌ക്കാരം എന്നേ കരുതുന്നുള്ളൂ.

വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ആര്‍എസ്എസിന്റെ കിരാതമായ ആക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് ഇതുവരെ എത്തിയത്.ഒരു കാലത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ആയുധങ്ങള്‍ കൊണ്ടാണ് വേട്ടയാടിയത് എങ്കില്‍ പില്‍ക്കാലത്ത് യുഡിഎഫ് ഗവണ്മെന്റ് കേസുകളില്‍ കുടുക്കി തളച്ചിടാനാണ് ശ്രമിച്ചത്. അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ സാധിക്കുമോ എന്ന് നിരന്തരം ശ്രമിക്കുകയാണ്.

എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചവര്‍ അതിനു ന്യായീകരണമായി പറഞ്ഞിരുന്നത് ജയരാജനാണ് എല്ലാ ആക്രമണങ്ങളുടെയും സൂത്രധാരന്‍ എന്നാണ്. ഈ ആര്‍എസ്എസ് പ്രചാരണം ഇന്ന് കോണ്‍ഗ്രസ്സും ലീഗും ഏറ്റെടുത്തിരിക്കുന്നു എന്ന വ്യത്യാസം മാത്രം. ഇടതുപക്ഷ വിരുദ്ധരാകെ എന്നെ ഗൂഡാലോചനക്കാരനായി ചിത്രീകരിക്കുകയാണ്. എന്റെ 45 വര്‍ഷത്തെ പൊതുജീവിതം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമാണ്.

കമ്മ്യുണിസ്റ് പാര്‍ട്ടി ഇന്ത്യയില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് അന്നത്തെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായി പെഷവാര്‍,കാണ്‍പൂര്‍,മീററ്റ് ഗൂഡാലോചന കേസുകള്‍ ചുമത്തിയത്. ഇന്ന് സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രണത്തിലാണ് ഗൂഡാലോചന കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് യാതൊരു തെളിവും ഇല്ലാതെ ഒരു കേസില്‍ എന്നെ പ്രതിചേര്‍ത്തത്.

രാജ്യത്തെ നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഈ കള്ളക്കേസുകളില്‍ നിന്ന് രാജ്യത്തെ നീതിന്യായ സംവിധാനം എന്നെ കുറ്റവിമുക്തനാക്കുമെന്ന ഉറച്ച ബോധ്യമുണ്ട്.

വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കിരാതമായ ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ രാഷ്ട്രീയവൈരാഗ്യം മൂലം ചിലര്‍ പ്രചരിപ്പിക്കുന്നത്.

ചെങ്കോടിപ്രസ്ഥാനം എന്നെപ്പഠിപ്പിച്ചത് അക്രമിക്കാനല്ല, ഏവരെയും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനാണ്. അതുകൊണ്ടുകൂടിയാണ് ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും മുസ്ലിം ലീഗില്‍ നിന്നുമെല്ലാം ശരിയായ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ചെങ്കൊടിക്ക് കിഴിലേക്ക് അണിനിരക്കാനെത്തുന്നവരെ എനിക്കുള്‍പ്പെടെ സ്വീകരിക്കാന്‍ കഴിയുന്നത്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇരുട്ട് പരത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ,കോണ്‍ഗ്രസ്സുകാര്‍ പടിപടിയായി ബിജെപിയാകുന്ന ഈ കാലത്ത് , ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷമാണ് ശരിയെന്ന് ന്യുനപക്ഷ ജനതയുള്‍പ്പടെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. ചില പഴയകാലകോണ്‍ഗ്രസ്സുകാരും മതനിരപേക്ഷത അപകടപ്പെടുന്നതില്‍ വലിയ ആശങ്ക പങ്കുവെച്ചിട്ടുമുണ്ട്. ഇവിടെ,പരാജയ ഭീതിയിലായ യുഡിഎഫും ബിജെപിയും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനകീയ കോടതിക്ക് മുന്‍പില്‍ ഈ വസ്തുതകള്‍ ഞാന്‍ അവതരിപ്പിക്കും.

കോണ്‍ഗ്രസ്സും ബിജെപിയും എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ നടത്തിയാലും അതെല്ലാം വോട്ടര്‍മാര്‍ പരിഹസിച്ച് തള്ളും. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്.

ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കാനിറങ്ങി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്.

നശിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചായിരുന്നു രാവിലെ കവടിയാർ കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ശേഷം സ്ഥാനാർഥിക്ക് പറയാനുണ്ടായിരുന്നത്. ശേഷം കാഴ്ച ഇതായിരുന്നു. കാവി മുണ്ട് കയറ്റിക്കെട്ടി, വെള്ള ബനിയനില്‍ തനിനാടൻ ലുക്കിൽ കുമ്മനം കുളത്തിലെ വെള്ളത്തിലേക്കിറങ്ങി.

സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകരും വെള്ളത്തിൽ ചാടി.ചിറ്റാറ്റിൻകര കോട്ടൂർകോണം കുളത്തിലെ ആന്പൽ വള്ളികളും മാലിന്യങ്ങളും ചാക്കിലേക്ക് നിറച്ചു. കുളത്തിലെ വെള്ളത്തിൽ മാത്രല്ല, കുളം പരിസരം വൃത്തിയാക്കാൻ കുമ്മനം തൂന്പയുമെടുത്തു.

എല്ലാം കഴിഞ്ഞ് രണ്ട് പ്ലാവിൻ തൈകളും നട്ടശേഷം തിരിച്ചെത്തിയ കുമ്മനത്തിനും കൂട്ടർക്കും ക്ഷീണമകറ്റാൻ ചക്കപ്പുഴുക്ക്. ഇതുവരെ ക്ഷേത്രങ്ങളിലും കോളേജുകളിലും സ്ഥാനാർത്ഥികളെ കണ്ട വോട്ടർമാക്ക് കൗതുകമായിരുന്നു കുളത്തിലിറങ്ങിയ കുമ്മനം.

ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി സൗദി അറേബ്യയില്‍ നിന്നെത്തിയ പ്രവാസി കുടുംബത്തെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് ആലപ്പുഴ ജില്ല കളക്ടര്‍ എസ് .സുഹാസ് .ആലപ്പുഴ ബീച്ച് റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമും കുടുംബവുമാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയത്. സലീമിന്റെയും കുടുംബത്തിന്റെയും സമ്മതിദാനം നിവഹിക്കാനുള്ള മനസ് തികച്ചും മാതൃകാപരമാണെന്നും മറ്റുള്ള പ്രവാസികളും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ മുന്നോട്ട് വരണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ റിയാദിനടുത്തു സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന സലീം കഴിഞ്ഞ 35 വര്‍ഷമായി പ്രവാസിയാണ്. ഇതിനിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മിക്കവാറും കുടുംബത്തോടൊപ്പം നാട്ടിലെത്തി വോട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും കളക്ടറുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും സലീമും കുടുംബവും പറഞ്ഞു.

മക്കളും മരുമക്കളും അടക്കം എട്ടു പേരാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved