കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ ഓര്‍മ്മകള്‍ നിറയുന്ന സൃഹൃത്തിന്റെ കുറിപ്പ് നീറ്റലാകുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദേഹം മുമ്പു പറഞ്ഞ കാര്യങ്ങള്‍ സിആര്‍പിഎഫുകാരനായ ഷിജു കണ്ണീരോടെ ഓര്‍ത്തെടുത്തത്.
പോസ്റ്റിന്റെ പൂർണ്ണരൂപം
എടാ മോനേ ..ഷിജു… നിന്റെ നാടൊക്കെ എന്ത്… നീ വയനാട്ടില്‍ വാ….അതാണ് സ്ഥലം..ലക്കിടി ഒന്ന് കണ്ട് നോക്ക്….സൂപ്പര്‍ അണ് മോനേ……. നീ നാട്ടില്‍ വരുമ്പോള്‍ വിളി വസന്തെ… അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും….അങ്ങനെ വര്‍ഷങ്ങള്‍ കഴിഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല…, ഇപ്പൊള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു … നീ വിളിക്കാതെ …നിന്നോട് പറയ്‌തെ… നീ ഇല്ലാത്ത നിന്റെ നാട്ടില്‍…. ഞങ്ങള്‍ എല്ലാവരും…..നിന്നെയും കാത്ത് ഇരിക്കുന്നു….
അന്ന് ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞു ഗ്ലാമര്‍ ഉളളവര്‍ ചിരിക്കണ്ട കാര്യം ഇല്ലന്ന്. ഓ… പിന്നെ വയനാടന്‍ മമ്മൂട്ടി എന്ന് ഞാനും…ഇന്നലെ f b ലും watsappilum മുഴുവന്‍ ഈ ഫോട്ടോ ആയിരുന്നു…രാവിലെ വന്ന പത്രത്തിലും…
കമ്പനിയിലെ നേവി ഗേറ്റര്‍… ഛതതീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു…വിളിച്ചപ്പോള്‍ നീ പറഞ്ഞു ചത്തില്ല മോനേ…ചന്തുന്റെ ജീവിതം ഇനിയും ബാക്കി..എന്ന്….. മരിക്കുന്നെങ്കില്‍ ഒറ്റ വെടിക്ക് ചാവണം ..അതും നെറ്റി ക്കു… ഒന്നും ചിന്തിക്കാന്‍ സമയം കിട്ടരുത്..അളിയാ പുറകില്‍ എങ്ങാനും അണ് വേടി കൊള്ളുന്നതെങ്കില്‍ നാട്ടുകാര് പറയും അവന്‍ പേടിച്ച് ഓടിയപ്പോള്‍ vedi കൊണ്ടതനന്ന് …പിന്നെ. കൈയ്യും കാലും പോയി കിടന്നാല്‍…അയ്യോ….എന്ന് ഞാനും..തമാശക്ക് പറഞ്ഞ കാര്യങ്ങള്….പക്ഷേ ഇപ്പൊള്‍ ചിന്നി ചിതറി യ ശരീരവും ആയി.. വസന്താ.. നീ….
ജീവതത്തില്‍ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരന്‍….ഒരു ബിയര്‍ പോലും കുടിക്കില്ല … കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടില്‍ ഉണ്ടന്ന് ഉത്തരം…
ദിവസവും 10 20 km ഓടും…അതും രാവിലെ 4 മണിക്ക് എഴുനേറ്റു…..അത് കഴിഞ്ഞ് pt ക്ക് വന്നു ഞങ്ങടെ കൂടെയും….കമ്പനിയില്‍ carrom ബോര്‍ഡില്‍ വസന്തിനെ തോല്‍പ്പിക്കാന്‍ ആരും ഇല്ല.. …അതും വീട്ടില്‍ ഫോണ്‍ വിളിച്ച് കൊണ്ട്….ഒരു 100 തവണ ഷീന..ഷീന….എന്ന് പറഞ്ഞ് കൊണ്ട്….
നീ വലിയ ഓട്ടക്കരന്‍ അല്ലെ…ഞങ്ങളെ എല്ലാം പിന്നില്‍ ആക്കി ഓടുന്നവന്‍…..മരണ കാര്യത്തിലും. അങ്ങനെ…അയല്ലോ…. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാന്‍ ഉള്ളതാണെന്ന് അറിയാം..എങ്കിലും…ഒത്തിരി സ്വപ്നങ്ങള്‍ ഉള്ള നിന്നോട് ഇത്… വേണ്ടരുന്ന് എന്ന് തോന്നുന്നു ….
നീ ഇപ്പൊള്‍ ഈ രാജ്യത്തിന്റെ അഭിമാനം ആണ്…നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂര്‍വം ഓര്‍ക്കും…വസന്ത…….നിന്റെ കുട്ടികളും അഭിമാനപൂര്‍വം ജീവിക്കും…..കൂടെ ഞങ്ങളും ഈ നാടും…നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും….മറക്കില്ല ഒരിക്കലും….ജയ് ഹിന്ദ്…..കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരന്‍……ഷിജു സി യു
[ot-video][/ot-video]
തിരുവനന്തപുരം: 600 കോടി രൂപ ചെലവില്‍ രാജ്യത്തെ മൂന്നാമത്തെ വന്‍ തുരങ്കപാത നിര്‍മ്മിക്കാനൊരുങ്ങി കേരളം. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പുതിയ തുരങ്കപാത. ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. പദ്ധതിക്കായി ഏകദേശം 600 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വലുപ്പത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്ക പാതയാണിത്.
നിലവില്‍ കുറ്റ്യാടിച്ചുരം, താമരശ്ശേരിച്ചുരം, തലശ്ശേരിച്ചുരം എന്നിവയാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ വയനാടുമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ തലശ്ശേരി, കുറ്റ്യാടി ചുരങ്ങള്‍ വഴി വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല. യാത്രാ വാഹനങ്ങളാണ് പ്രധാനമായും ഇതുവഴി പോകുന്നത്. താമരശ്ശേരിച്ചുരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കള്‍ സ്ഥിരസംഭവമായി മാറുകയും ചെയ്തിട്ടുണ്ട്. മഴക്കാലങ്ങള്‍ മണ്ണിടിഞ്ഞും വാഹനങ്ങള്‍ കേടായും മണിക്കൂറുകളാണ് യാത്രക്കാരും ചരക്ക് വാഹനങ്ങളും വഴിയില്‍ കിടക്കേണ്ടി വരുന്നത്.
പുതിയ തുരങ്കം വയാനാട്ടിലേക്കുള്ള യാത്രക്ലേശം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. 2014ലാണ് പദ്ധതിയുടെ സാധ്യതാ പഠനം നടക്കുന്നത്. ശേഷം 2016ല്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. തുരങ്കപാത നിര്‍മ്മിക്കുന്നതോടെ 30 കിലോമീറ്ററോളം ലാഭിക്കാന്‍ കഴിയും. കൊങ്കണ്‍ കോര്‍പ്പറേഷനാവും പദ്ധതി നടപ്പിലാക്കുക. രണ്ടു വരി പാതയാണ് നിര്‍മ്മിക്കുക. ഇത് കൂടാതെ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും.
തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കേസില്‍ വൈദികന് കടുത്ത ശിക്ഷ നല്‍കി നീതിപീഠം. കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാ.റോബിന്‍ വടക്കുംഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുു ലക്ഷം രൂപ പിഴയും തലശേരി പോക്സോ കോടതി ജഡ്ജി പി.എന്‍ വിനോദ് വിധിച്ചു. ബലാത്സംഗം, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ.പി.സി 376(2(എഫ്) പോക്‌സോ 3,5 വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ. മൂന്നു വകുപ്പുകള്‍ പ്രകാരവും 20 വര്‍ഷങ്ങള്‍ വീതം ഉള്ള ശിക്ഷ അനുസരിച്ച് 60 വര്‍ഷം തടവുശിക്ഷ ആണ് വിധിച്ചത്. എന്നാല്‍ ഇവയെല്ലാം കൂടി ചേര്‍ത്ത് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
പ്രതി മൂന്നു ലക്ഷം രൂപ പിഴയായി നല്‍കണം. ആ തുകയുടെ പകുതി ഇരയ്ക്ക് സംരക്ഷണത്തിന് നല്‍കണം. കുഞ്ഞിന്റെ സംരക്ഷണ ചുമതല ലീഗല്‍ സര്‍വീസ് സൊസൈറ്റി ഏറ്റെടുക്കണം. കൂറുമാറിയ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടി പീഡനത്തിന്റെ കാലമത്രയും അനുഭവിച്ച മാനസിക പീഡനം കണക്കിലെടുത്താണ് കൂറുമാറിയിട്ടും കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. കേസിലെ മുഖ്യസാക്ഷി കൂടിയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അടക്കം മൊഴി മാറ്റുകയും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായി എന്ന് പ്രതിഭാഗം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ പ്രതിക്ക് കോടതി നല്‍കി. പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയാണ് ഫാ.റോബിന് വിധിച്ചിരിക്കുന്നത്.
തെളിവുകൾ എല്ലാം നശിപ്പിച്ചിട്ടും, പ്രധാന പ്രതിയെ രക്ഷിക്കാനായി ഇര ഉൾപ്പെടെ കൂറ് മാറുകയും ചെയ്‌തിട്ടും ഇത്തരമൊരു വിധി നേടാനായതിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു. ചില വിഭാഗങ്ങളുടെ അടിമത്തത്തിൽ നിന്നുള്ള പീഡനങ്ങൾക്കെതിരെയുള്ള ചരിത്രപ്രധാനമായ വിധിയെന്നാണ് വിധിക്കുശേഷം അവർ പ്രതികരിച്ചത്. അതേസമയം തലശ്ശേരി രൂപത കോടതിവിധിയെ സ്വാഗതം ചെയ്‌തു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയതിനുള്ള പ്രതികാരം ശക്തമാകും. സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. കാരക്കാമല എഫ്‌സി കോണ്‍വന്റിലെ സിസ്റ്റര്‍ ലൂസിക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കുമെന്നാണു മുന്നറിയിപ്പ്. മുന്‍പത്തെ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു.
അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിക്ക് നോട്ടിസ് ലഭിച്ചിരുന്നു.
പതിനൊന്ന് അച്ചടക്കലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ സുപ്പീരിയര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
കൊട്ടിയൂർ പീഡനക്കേസിൽ തലശേരി പോക്സോ കോടതി ഇന്ന് വിധി പറയും. വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരാണ് പ്രതികൾ.
കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ് സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.
2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും. ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ഇതോടെ റോബിൻ വടക്കുംചേരി അടക്കം ഏഴ് പ്രതികളാണ് നിലവിൽ.
ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരാണ് പ്രതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളി.
പത്തനംതിട്ട: സഹോദരന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ റാന്നി കീക്കൊഴൂര്‍ സ്വദേശി തോമസ് ചാക്കോയ്ക്ക് വധശിക്ഷ. സഹോദരനായ ഷൈബുവിന്റെയും ബിന്ദുവിന്റെ മക്കളായ മെബിന്‍(ഏഴ്), മെല്‍ബിന്‍(മൂന്ന്) എന്നിവരെയാണ് തോമസ് ചാക്കോ വീട്ടില്‍ കയറി അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അതിക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ഹരികുമാറാണ് വിധി പ്രസ്താവിച്ചത്.
2013 ഒക്ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ 7.30 ഓടെ തന്റെ കുടുംബ വീട്ടിലെത്തിയ പ്രതി വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെബിനെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനായി ഓടിയെത്തിയ ബിന്ദുവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞു. കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷം ബിന്ദുവിനെ അക്രമിക്കുകയും ചെയ്തു. പിന്നീട് അകത്ത് കയറിച്ചെന്ന് കസേരയില്‍ വിശ്രമിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ മെബിനെയും കൊലപ്പെടുത്തി.
കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2017-ലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. അമ്മയുടെ കണ്‍മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വാദി ഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.മനോജാണ് ഹാജരായത്.
നഴ്‌സ് ആന്‍ലിയയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. അതേസമയം, ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ് എസി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25ന് ബംഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനായിരുന്നു.
ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ യുവാവും മോഷണവസ്തുക്കൾ വിൽപന നടത്താൻ സഹായിച്ച അമ്മയും പിടിയിലായി. മാമ്മൂട് മുണ്ടുകുഴി സന്തോഷിന്റെ മകൻ രതീഷ് (20), അമ്മ സരള (48) എന്നിവരെയാണു തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാമ്മൂട് ഭാഗത്തുള്ള കോൺവന്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണു രതീഷ് പിടിയിലായത്.
മല്ലപ്പള്ളിയിലുള്ള കോൺവന്റ് കുത്തിത്തുറന്നുപണം മോഷ്ടിച്ച സംഭവത്തിലും മാമ്മൂട്, ചൂരനോലി ഭാഗങ്ങളിൽ വീടിന്റെ ജനൽ തുറന്നു ബാഗുകൾ പുറത്തെടുത്തു സ്വർണവും പണവും മോഷ്ടിച്ച കേസുകളിലും ചാഞ്ഞോടിയിലുള്ള വീട്ടിൽ നിന്ന് ആറേമുക്കാൽ പവൻ സ്വർണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. ചൂരനോലി ഭാഗത്തു മോഷണം നടന്ന വീട്ടിൽ നിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു. ചെരിപ്പു ധരിക്കാത്ത, കാൽപാദം വലുപ്പം കൂടുതലുള്ള ആളാണു മോഷണം നടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു സമാനമായ രീതിയിൽ മുൻപു പിടിയിലായിട്ടുള്ള രതീഷിനെ പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്.
ഇയാളുടെ വീട്ടിൽ പുതുതായി വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ വാങ്ങിയതായി കണ്ടെത്തിയതോടെ പൊലീസ് രതീഷിനെ അന്വേഷിച്ചു വീട്ടിൽ എത്തിയെങ്കിലും തിരുപ്പൂരിൽ ജോലിക്കു പോയിരിക്കുകയാണ് എന്ന മറുപടിയാണു ലഭിച്ചത്. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ മാമ്മൂട് ഭാഗത്തു തന്നെ ഉണ്ടെന്നു കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണമുതൽ വിൽപന നടത്തുകയും പണയം വയ്ക്കുകയും ചെയ്തതിനാണു സരള അറസ്റ്റിലായത്.
ചങ്ങനാശേരിയിലെയും റാന്നിയിലെയും സ്വർണക്കടകളിൽ നിന്നു 13 പവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രതീഷിന്റെ പിതാവ് സന്തോഷ് മോഷണക്കേസിൽ മാവേലിക്കര സബ്ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, എഎസ്ഐമാരായ സാബു സണ്ണി, ചന്ദ്രബാബു, ഷാജിമോൻ, സാബു, കെ.കെ. റെജി, ബിജു, രഞ്ജീവ് ദാസ്, ബെന്നി ചെറിയാൻ, ഷൈജു ആഞ്ചലോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ മലയാളി ജവാൻ വി.വി.വസന്തകുമാറിന് ആദരാഞ്ജലിയുമായി ജന്മനാട്. നാട്ടിൽനിന്നു മടങ്ങി ഒരാഴ്ച കഴിയും മുൻപാണു വസന്തകുമാർ മരിച്ചെന്ന സങ്കട വാർത്ത എത്തിയത്. വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിൽ അവധിയാഘോഷം കഴിഞ്ഞ് ഒൻപതിനാണു മടങ്ങിയത്. 2001ൽ സിആർപിഎഫിൽ ചേര്‍ന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു.
സിആർപിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ– ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വർഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു.
ബറ്റാലിയൻ മാറ്റത്തെത്തുടർന്ന് അവധി ലഭിച്ചപ്പോഴാണു നാട്ടിലെത്തിയത്. ഭൗതികശരീരം വിമാനത്താവളത്തിൽ എത്തുന്ന സമയം സംബന്ധിച്ച അന്തിമവിവരം ലഭ്യമായിട്ടില്ല. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ശരീരം, പൂർണ ബഹുമതികളോടെ ആയിരിക്കും സംസ്കരിക്കുക
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാര്‍ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് അർധ സഹോദരന്‍ സജീവന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് വസന്തകുമാര്‍ കൊല്ലപ്പെട്ട വിവരം ഭാര്യാസഹോദരന്‍ വിളിച്ചു പറയുന്നത്.
ഡൽഹിയിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് അറിയാനായി. ഭീകരാക്രമണത്തിൽ മരിച്ചവരുടെതേന്നു പറഞ്ഞു വാട്സാപ്പില്‍ വസന്തകുമാറിന്‍റെ ഫോട്ടോ പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടു. അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്– സജീവന്‍ പറഞ്ഞു
തെക്കൻ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ജമ്മു–ശ്രീനഗര്‍ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം
അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആര്‍പിഎഫ് ജവാന്മാര്‍. വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തിൽ 44 ജവാന്മാർ കൊല്ലപ്പെട്ടു
സോഷ്യല്‍ മീഡിയയിൽ സദാ സമയവും വിമര്‍ശനത്തിന് വേണ്ടി കണ്ണുതുറന്നു വെക്കുന്ന സദാചാരക്കാര്‍ക്കും ഞരമ്പന്മാർക്കും കിടിലന്‍ മറുപടിയുമായി എത്തിയ ജോമോൾ ജോസഫ് തന്റെ സ്വകാര്യ ജീവിതത്തിന്റെ കണക്കെടുപ്പുകള്‍ നടത്തുന്ന ഞരമ്പുരോഗികളെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീ ശരീരത്തെക്കുറിച്ച് പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകളെ പൊളിച്ചടുക്കുകയാണ് തന്റെ പുത്തന്‍ പോസ്റ്റിലൂടെ ജോമോള്‍.
ഞാന്‍ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവള്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെന്നും, വെളുത്തവര്‍ക്ക് മാത്രമേ പൊതു സമൂഹത്തില്‍ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷന്മാര്‍ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവര്‍ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ജോമോൾ.
ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
സ്ത്രീ ശരീരം – നിലനിൽക്കുന്ന അബദ്ധ ധാരണകൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പോസ്റ്റുകൾക്ക് അടിയിൽ വന്ന കമന്റുകൾ വായിച്ചു നോക്കിയാൽ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്, അതൊന്ന് പറഞ്ഞുപോയേക്കാം. പ്രധാനമായും ലൈവിനടിയിൽ വന്ന് ധാരാളം പേർ പറഞ്ഞ ആക്ഷേപം, ഞാൻ കറുത്തിട്ടാണ് എന്നതാണ്. ഞാൻ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവൾ അകറ്റിനിർത്തപ്പെടേണ്ടവരെന്നും, വെളുത്തവർക്ക് മാത്രമേ പൊതു സമൂഹത്തിൽ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷൻമാർ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവർ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണ് ഈ ലോകം.
കേരളത്തിലെ ആളുകൾ വടക്കേഇന്ത്യയിലേക്ക് ചെല്ലുമ്പോൾ ഒരു കാലത്ത് വിളിച്ചിരുന്നത് മദ്രാസി എന്നാണ്. ആ മദ്രാസി വിളിയിൽ കറുത്തവനെന്ന പ്രയോഗം നിഴലിച്ചിരുന്നു എന്നത് പലരും കാണാതെ പോകുന്നു, അതായത് മലയാളി കറുത്തവനെന്ന പൊതുബോധം നിലനിന്നിരുന്നു. കേരളത്തിൽ കറുത്തവനെന്നും വെളുത്തവനെന്നും മേനിപറയുന്ന മലയാളി, വിദേശരാജ്യങ്ങളിൽ ചെന്ന് കഴിയുമ്പോൾ ഇതേ വർണ്ണ വിവേചനം അവന് അന്നാട്ടുകാരിൽ നിന്നും നേരിടുന്നു. ഇന്നും സായിപ്പിന് കറുത്തവരോടുള്ള, മലയാളികളോടുള്ള, ഇന്ത്യക്കാരോടുള്ള സമീപനം ഒന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്കും ഇതേ വിവേചനം നേരിട്ടനുഭവിക്കുന്നതിനുള്ള യോഗം ഉണ്ടായിക്കാണും എന്നാണ് എന്റെ തോന്നൽ. അപ്പോൾ ആണായാലും പെണ്ണായാലും കറുത്തവരെന്നോ വെളുത്തവരെന്നോ ഉള്ള നിങ്ങളുടെ വിലയിരുത്തലും, കറുത്തവരോട് കാണിക്കുന്ന ആക്ഷേപ നിലപാടും വർണ വിവേചനത്തിന്റെ അങ്ങേ തലക്കലുള്ള നീചതയുടെ വിഷം തുപ്പൽ മാത്രമാണ്.
അടുത്തതായി കേട്ട ആക്ഷേപം, എന്റെ കാലുകളിൽ പാടുകളുണ്ട്, എന്നതാണ്. എന്റെ കാലിൽ മാത്രമല്ല, കൈകളിലും പാടുകളുണ്ട്. ആ പാടുകൾ ഞാൻ ജീവിക്കാനായി അധ്വാനിക്കുന്നതിലൂടെ ലഭിച്ചതാണ്. വീട്ടിലെ ജോലികളും, അത്യാവശ്യം കൃഷിപ്പണികളും ഒക്കെ ചെയ്യുന്ന ഒരു സാധാരണ മലയാളി സ്ത്രീയാണ് ഞാൻ. ഭക്ഷണം പാകം ചെയ്യുമ്പോൾ പലതവണ കൈ പൊള്ളിയിട്ടുണ്ട്, കൈകൾ മുറിഞ്ഞിട്ടുണ്ട്, സ്കൂട്ടർ പുറകോട്ട് എടുക്കുമ്പോൾ സ്റ്റാന്റ വന്ന് തട്ടി എന്റെ കാൽപാദം മുറിഞ്ഞ് തുന്നിക്കെട്ടിടേണ്ടിവന്നിട്ടുണ്ട്, കാൽവിരലുകൾ വെച്ചു കുത്തി മുറിഞ്ഞിട്ടുണ്ട്, കൃഷിപ്പണി എടുക്കുമ്പോൾ കാലിന്റെ മുട്ടിന് താഴെ കമ്പ് കൊണ്ട് മുറിഞ്ഞിട്ടുണ്ട്.
ആ പാടുകളിൽ ചിലത് ഇന്നും എന്റെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. ഇതേ പാടുകൾ നിങ്ങളുടെ വീടുകളിൽ അടുക്കളയിലും തൊടിയിലുമായി ജീവിതം തള്ളിനീക്കുന്ന നിങ്ങളുടെ ഭാര്യമാരിലും, അമ്മമാരിലും ഒക്കെ കാണാം. ആ പാടുകൾ ഉള്ളതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ അമ്മയോടോ ഭാര്യയോടോ സഹോദരിയോടോ പുച്ഛം തോന്നുകയും പാണ്ടുള്ളവളെന്ന് മുദ്രകുച്ചി മാറ്റി നിർത്തുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ എത്രയും പെട്ടന്ന് മാനസീക രോഗ വിദഗ്ധനെ കാണേണ്ടതാണ്, കാരണം നിങ്ങൾക്ക് വെച്ചു വിളമ്പി തരുന്നതിന്റെ പ്രതിഫലം മാത്രമാണ് അവരുടെ ശരീരത്തെ പാടുകളെന്ന തിരിച്ചറിവ് പോലുമില്ലാത്ത നിങ്ങൾ പിന്നെ മാനസീകരോഗികളല്ലാതെ വേറെന്താണ്?
അടുത്തതായി കേട്ട ഒരു ആക്ഷേപം എന്റെ മുലകൾ തൂങ്ങിയതോ ഇടിഞ്ഞതോ ആണെന്നാണ്. ഒരു മഹാൻ കുറച്ചു കൂടി കടന്ന്, അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിട് കാണുന്ന പുച്ഛമാണ് എന്റെ മുലകളോട് എന്നും പറഞ്ഞ് പോസ്റ്റുമിട്ടത് കണ്ടു.
അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..
ഇനി വിഷയത്തിലേക്ക് വരാം, ഒരു സ്ത്രീയുടെ മുലകൾ ഉരുണ്ട് തുടുത്ത് നേരേ നിൽക്കണം എന്ന പൊതുബോധം ആണ് ഒന്നാമത്തെ വിഷയം. ഈ പൊതുബോധം യഥാർത്ഥത്തിൽ സ്ത്രീയുടെ ശരീരത്തോട് നീതി പുലർത്തുന്നതല്ല. അതിനാൽ തന്നെ ഈ പൊതുബോധത്തിനടിമയായ പുരുഷൻ ഏതു സ്ത്രീയുടെ അടുത്ത് പോയാലും തൃപ്തനാകുകയില്ല, കാരണം അവന്റെ സ്വപ്നത്തിലുള്ള സ്ത്രീശരീരവും, അവൻ കാണുന്ന സ്ത്രീ ശരീരവുമായി വലിയ അന്തരം വരുമ്പോൾ അവന്റെ പ്രതീക്ഷകൾ തെറ്റുന്നു, അവൻ നിരാശനാകുന്നു, അവന് ലൈംഗീക അഭിനിവേശം അണയാതെ വരുന്നു, അവൻ സെക്ഷ്വൽ ഫ്രസ്ട്രേഷനിലേക്ക് പോകുന്നു, അവന്റെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ അവനെ കടുത്ത ലൈംഗീക ദാരിദ്ര്യത്തിലേക്ക് വലിച്ചിടുന്നു, അവനൊരു മാനസീക രോഗിയായി മാറുന്ന വിവരം അവനു പോലും അറിയാതെ പോകുന്നു. ഇതല്ലേ സെക്ഷ്വലി ഫ്രല്ട്രേറ്റഡ് മലയാളിയുടെ പ്രധാന പ്രശ്നം?
ഇനി പ്രസവിച്ച്, കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകളുടെ മാറിടം ഇടിഞ്ഞ് തൂങ്ങാനായി സാധ്യതയുമുണ്ട്, ഓരോ സ്ത്രീയും പ്രസവിച്ച് കുട്ടികളെ മുലയൂട്ടി വളർത്തുന്നതിന് അവളുടെ ശരീരം അവൾക്ക് സമ്മാനിക്കുന്നതാണ് അവളിലെ ഈ ശാരീരികമായ മാറ്റം. അവളിലെ ആ ശാരീരികമായ മാറ്റത്തോട് പോലും പുച്ഛമുള്ള പുരുഷൻമാരുടെ മനോനില എന്തായിരിക്കും? അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിടിനോട് പുച്ഛമുള്ള പുരുഷന് അതേ പുച്ഛമല്ലേ ഇടിഞ്ഞ് തൂങ്ങിയ മാറിടമുള്ള സ്ത്രീകളോടും? അതായത് തനിക്ക് മുലപ്പാൽ ചുരത്തിയ സ്വന്തം അമ്മയുടെ മാറിടത്തോട് പോലും പുച്ഛമുള്ളവരാണ് ചില പുരുഷൻമാരെന്നത് വലിയൊരു ചിന്തതന്നെയാണ് എന്നിലേക്ക് പകർന്നത്!! ഞെട്ടിക്കുന്ന ചിന്ത!!
എന്റെ പോസ്റ്റിനടിയിൽ ഇനിയുമുണ്ട് പലതും, കോടിയ മുഖമാണ്, അങ്ങനെ പല പല വർണ്ണനകളും അധിക്ഷേപങ്ങളും. എന്റെ മുഖം കോടിയതോർത്ത് എന്തിനാണ് പ്രിയ്യപ്പെട്ട പുരുഷ കേസരികളേ നിങ്ങൾ വേദനിക്കുകയോ ആകുലപ്പെടുകസോ നിരാശപ്പെടുകയോ ചെയ്യുന്നത്? എന്റെ ജീവിത പങ്കാളിയും ലൈംഗീക പങ്കാളിയുമായ പുരുഷനില്ലാത്ത ആകുലത, എന്റെ ശരീരത്തെയോർത്ത് നിങ്ങൾ പ്രകടിപ്പിക്കുന്നതെന്തിനാണ്? ഇതല്ലേ പ്രിയ്യ പുരുഷൂസ്, നിങ്ങളുടെ ഭാര്യമാരേക്കാൾ, കാമുകിയേക്കാൾ, കൂടുതലായി അന്യന്റെ ഭാര്യയെ ഓർത്ത് വേദനിക്കുന്ന നിങ്ങളുടെ നിസഹായാവസ്ഥ? ആ നിസഹായാവസ്ഥയിലുള്ള നിങ്ങളോട് സഹതാപം മാത്രമേ എനിക്കുള്ളൂ.
ഇത്തരം അബദ്ധ ധാരണകളെല്ലാം നിലിനിൽക്കുന്നത്, ഇത്തരമാളുകൾക്ക് സ്ത്രീ ശരീരത്തെ കുറിച്ച് കൃത്യമായ അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. കൂടാതെ വയറുചാടിയ പുരുഷന് പോലും ആലില വയറുള്ള സ്ത്രീയെ ഭോഗിക്കണം, അവളുടെ ശരീരം കൃത്യമായ അഴകളവുകളിൽ തന്നെ തളച്ചിടണം, അവളുടെ മേനിയഴകിന് മാനദണ്ഡം കൽപ്പിക്കുന്ന പുരുഷാ, നീ നിന്റെ മേനിഴകിനായി എന്ത് മാനദണ്ഡമാണ് കൽപ്പിച്ചിരിക്കുന്നത്? അവളെ ലൈംഗീകമായി തൃപ്തിപ്പെടുത്താൻ നീളവും വണ്ണവും കൂടിയ ലിംഗമോ, സിക്സ്പാക്ക് ശരീരമോ, നിർത്താതെ അരമണിക്കൂറോ ഒരുമണിക്കൂറോ ശാരീരികമായി അവളിൽ അധ്വാനിക്കാൻ ഉള്ള കഴിവും അല്ല പുരുഷാ വേണ്ടത്, പകരം അവളുടെ മനസ്സറിഞ്ഞ്, അവളെ ഒന്ന് ചേർത്ത് പിടിക്കാനുള്ള മനസ്സുമാത്രമാണ്. ആ മനസ്സു കാണിക്കുന്ന പുരുഷമുഖത്തിന്റെ വൈരൂപ്യമോ, അവന്റെ മേനിയാഴകോ ആയിരിക്കില്ല അവളുടെ പരിഗണനാ വിഷയം, മറിച് അവന്റെ മാനവീകതയും സ്നേഹമുള്ള മനസ്സും, അവൾക്കായി അവന്റെ മനസ്സിലുള്ള കരുതലും, സ്നേഹവും മാത്രമാണ്.
കൂടെയുള്ളവളെ പതിയെ നെഞ്ചോട് ചേർത്തു നോക്കു, അവളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ കടൽ കാണാനാകും, അതിനുമപ്പുറം നീയീ കാണിച്ചു കൂട്ടുന്നതൊക്കെ, അവളിൽ വെറുപ്പിന്റെ വിത്തുമുളപ്പിക്കുക മാത്രമേയുള്ളൂ.
NB- എന്റെ പോസ്റ്റിനടിയിലെ ഒരു തെറി കമന്റ് പോലും ഡിലീറ്റ് ചെയ്തിട്ടില്ല, അതിനൊന്നും മറുപടി പറയുന്നില്ല, ലൈംഗീക ദാരിദ്ര്യമുള്ള, സ്ക്ഷ്വലി ഫ്രസ്ട്രേറ്റഡായ പുരുഷൻമാരുടെ ദാരുണ അവസ്ഥ മനസ്സിലാക്കാനായി ആ തെറികൾ ധാരാളം, ഗോവിന്ദച്ചാമിയും ആമിറുൾ ഇസ്ലാമും ഒക്കെ ഇവരുടെ മുമ്പിൽ വെറും പാവങ്ങൾ മാത്രം!! അവസരമൊത്തു കിട്ടിയാൽ ഇവരൊക്കെ അവരെക്കാൾ വലിയ ക്രിമിനലുകൾ ആണെന്നത് തെളിയിക്കും..