Kerala

ന്യൂഡല്‍ഹി: നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ന്യൂനപക്ഷ സമിതി അധ്യക്ഷ്യനായി തലവടി (ആലപ്പുഴ) വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ നാമനിര്‍ദ്ദേശം ചെയ്തു. ഗിന്നസ് ആന്റ് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍, റെഡ് ക്രോസ് ലൈഫ് മെമ്പര്‍, ജനകീയ ജാഗ്രത സമിതി ചെയര്‍മാന്‍,ഗ്ലോബല്‍ പീസ് വിഷന്‍ ജനറല്‍ സെക്രട്ടറി, ബെറ്റ്‌സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്നു.

കഴിഞ്ഞ 23 വര്‍ഷമായി ജീവകാരുണ്യ-സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള വിവിധ ദേശിയ അന്തര്‍ദ്ദേശീയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കോര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കോര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെേേക്കാര്‍ഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ്, സെക്കന്ദ്രബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റ ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ്, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ പ്രത്യേക പുരസ്‌ക്കാരം, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റന്‍ പുരസ്‌ക്കാരം എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് അല്‍ഖുര്‍മ ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് ഡയറക്ടര്‍ ജിജിമോള്‍ ജോണ്‍സണ്‍ ഭാര്യയും ബെന്‍ ജോണ്‍സണ്‍, ദാനിയേല്‍ തോമസ് എന്നിവര്‍ മക്കളുമാണ്.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തിന് മിക്ക മണ്ഡലങ്ങളിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. രാത്രി വൈകിയും ഡൽഹിയിൽ ചർച്ചകൾ തുടർന്നു. ആന്ധ്രയ്ക്ക് പോയ ഉമ്മൻ ചാണ്ടി മടങ്ങിയെത്തിയ ശേഷം ഇന്ന് നേതാക്കൾ തമ്മില്‍ അനൗപചാരിക ചർച്ചകൾ തുടരും. ഇതിനു ശേഷമാകും കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കേരളത്തിന്റെ പട്ടിക പരിഗണിക്കുക. തൃശൂരിൽ ടി.എൻ.പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ.ശ്രീകണ്ഠനും സ്ഥാനാർഥികളാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചാലക്കുടി, വയനാട് സീറ്റുകളുടെ കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾക്കിടയിൽ തർക്കം തുടരുന്നു. എറണാകുളത്ത് ഇരുഗ്രൂപ്പുകളും ഹൈബി ഈഡന്റ പേരാണ് നിർദേശിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കൾ മൽസര രംഗത്തുണ്ടാവില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുമ്പോഴും അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാവും.

തിരുവനന്തപുരം: നഴ്സുമാർക്കുവേണ്ടി സമരം ചെയ്ത് തൊഴിലവകാശങ്ങൾ പലതും നേടിയെടുത്ത സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണമാണ് ഉയരുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. നഴ്സുമാരുടെ മാസവരുമാനത്തിൽ നിന്നും സംഭാവനകളിൽ നിന്നും ശേഖരിച്ച പണം കാണാനില്ലെന്ന് യുഎൻഎ നേതൃത്വത്തിൽ തന്നെ ഉള്ള സിബി മഹേഷ്, ബെൽജോ ഏലിയാസ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. വൻ സാമ്പത്തിക അപഹരണം നടന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രമുഖ വാർത്ത മാധ്യമം പുറത്തുവിട്ട ചാറ്റ് ഷോയിൽ

സംഘടന നിലവിൽ വന്ന 2011 മുതൽ എല്ലാ വർഷവും ജനറൽ കൗൺസിൽ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകൾ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിൻ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു. എന്നാൽ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിൻവലിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്ക് ജാസ്മിൻ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

പ്രകടമായ അഴിമതിയാണ് ജാസ്മിൻ ഷാ അടക്കമുള്ള യുഎൻഎ നേതൃത്വം നടത്തിയിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. യുഎൻഎയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം ചൂഷണം നേരിടുന്ന നഴ്സിംഗ് സമൂഹത്തിന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. ഒപ്പം ലോകമെങ്ങുമുള്ള മലയാളി നഴ്സിംഗ് സമൂഹം നൽകിയ സംഭാവനയും അതിലുണ്ട്. അതിൽനിന്ന് ഒരു പൈസയെങ്കിലും തട്ടിപ്പ് നടത്തിയെങ്കിൽ സാമ്പത്തികാപഹരണം നടത്തിയവരെ കൈയ്യാമം വയ്ക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു.

കണക്ക് ചോദിച്ചപ്പോൾ താൻ മാസങ്ങൾക്ക് മുമ്പ് വാട്സാപ്പിൽ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ബെൽജോ ഏലിയാസ് പറഞ്ഞു. ഇതിനും കൃത്യമായ വിശദീകരണം ഇല്ലാതെ ജാസ്മിൻ ഷാ ചർച്ചക്കിടെ ഉരുണ്ടുകളിച്ചു. ചോദ്യം ചോദിക്കുന്നവരെ നിശ്ശബ്ദമാക്കുന്നതാണ് രീതിയെങ്കിൽ കേരളത്തിൽ ചെലവാകില്ല എന്നായിരുന്നു ചർച്ച നയിച്ച മാധ്യമ പ്രവർത്തകൻ പ്രതികരിച്ചു .

ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ വാങ്ങിയ കാറിന്‍റെ ലോൺ അടയ്ക്കുന്നത് യുഎൻഎയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും ചർച്ചയിൽ വെളിപ്പെട്ടു. ഭാര്യ കാർ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോൾ കാർ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിൻ ഷായുടെ ന്യായം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉപയോഗിക്കുന്ന ബൈക്ക് തന്‍റെ ഭാര്യയുടെ പേരിലല്ല വാങ്ങിയത് എന്നായിരുന്നു ചർ‍ച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ പ്രതികരണം. ഒരു സംഘടനക്കായി വാങ്ങുന്ന മുതലുകൾ അതിന്‍റെ ഭാരവാഹികളുടെ പേരിലാണ് വാങ്ങേണ്ടതെന്നും എ എ റഹീം പറഞ്ഞു.

പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ഇത്തരം സംഘടനകൾ എല്ലാ സംഘടനകളുടേയും വിശ്വാസ്യത തകർക്കുമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഐഎംഎ പ്രതിനിധി ഡോ. എൻ സുൾഫിയുടെ പ്രതികരണം. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കണക്കുകൾ കൃത്യമാണെന്നും ആവർത്തിച്ചതല്ലാതെ ജാസ്മിൻ ഷായ്ക്ക് മറ്റ് മറുപടികളൊന്നും ചർച്ചയിൽ ഇല്ലായിരുന്നു.

മാറാട് കലാപക്കേസിലെ പ്രതിയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നു.

കേസിലെ മുപ്പത്തിമൂന്നാമത്തെ പ്രതിയാണ് ഇയാള്‍. കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ നാലുവര്‍ഷമായി ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ടു ദിവസമായി ഇല്യാസിനെ കാണ്‍മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് മൃതദേഹം കണ്ടത്തിയത്. അതിനിടെ മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇല്യാസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് പോലീസ് തയ്യാറാക്കുകയാണ്.

തിരുവനന്തപുരം കരമനയിൽ അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളിൽ ഒരാളിന്റെ വെളിപ്പെടുത്തലാണ് തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. പ്രതികളിലെ ഒരാൾ അച്ഛനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായ അച്ഛൻ അടുത്ത സുഹൃത്ത് വഴി പൊലീസിനെ വിവരമറിയിച്ചു. ഇതിനെ തുടർന്നു പൊലീസ് ചില സ്ഥലങ്ങളിൽ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ തെറ്റായ വിവരം നൽകിയതാണെന്നു പൊലീസ് കരുതി. എന്നാൽ കൃത്യമായ സ്ഥലം പറഞ്ഞു കൊടുത്തതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ കുടുംബത്തിന് കൈത്താങ്ങാകാൻ അനന്തു ജോലി തേടി വിദേശത്തേക്ക് പറന്നേനെ. വിദേശത്ത് ജോലി നോക്കുന്ന അടുത്ത ബന്ധുവിന്റെ സഹായത്താൽ അവിടെ ജോലി തരപ്പെടുത്തുന്നതിന് ബയോഡേറ്റ തയ്യാറാക്കുന്നതിന് കരമനയിൽ പോയി മടങ്ങും വഴിയാണ് ബൈക്കിലെത്തിയ സംഘം അനന്തുവിനെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. അനന്തുവിന്റെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൊഞ്ചിറവിള പ്രദേശം.

ജംഗ്ഷനിൽ നിന്നു വീട്ടിലേക്കുള്ള ഇടവഴിയിൽ ചിരിക്കുന്ന മുഖത്തോടെയുള്ള അനന്തുവിന്റെ ചിത്രം പതിച്ചിട്ടുണ്ട്. അൽ‌പ ദൂരം അകലെയുള്ള അനന്തുവിന്റെ വീടിലുള്ളവർ കരഞ്ഞു കുഴഞ്ഞ അവസ്ഥയിലാണ്. ഓട്ടോഡ്രൈവറായ അച്ഛൻ ഗിരീശന്റെ വരുമാനത്തിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. ഐടിഐയിൽ നിന്ന് പമ്പ് ഓപ്പറേറ്റർ കോഴ്സ് പാസായ അനന്തു വിദേശത്ത് ജോലി തേടി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുവരെയുളള ഇടവേളയിൽ മിൽമയിൽ താൽക്കാലിക ജോലിക്ക് അപേക്ഷിക്കാനും കൂടി വേണ്ടിയാണ് ബയോഡേറ്റ തയ്യാറാക്കാൻ കരമനയിൽ പോയതെന്ന് ബന്ധുക്കൾ പറയുന്നു. പണി പൂർത്തിയാകാത്ത വീട് മോടി പിടിപ്പിക്കണം

എട്ടാം ക്ളാസിൽ പഠിക്കുന്ന അനുജന് മികച്ച പഠന സൗകര്യമൊരുക്കണം– ഇതൊക്കെയായിരുന്നു അനന്തുവിന്റെ മോഹങ്ങൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛൻ ഗിരീശൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്. ആശ്വസിപ്പിക്കാനെത്തുന്നവർ പറയുന്ന വാക്കുകൾ കാതുകളിലെത്തുന്നോയെന്ന് സംശയം. എല്ലാത്തിനും മൂളൽ മാത്രം മറുപടി. വീടിനകത്തെ സ്ഥിതി അതിനേക്കാൾ ഹൃദയ ഭേദകം.തളർന്നു കിടക്കുകയാണ് അമ്മയും സഹോദരനും. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ തന്നെ അനന്തുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. ഞായറാഴ്ച തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു

തട്ടിക്കൊണ്ടു പോയെന്ന് പരാതി ലഭിച്ചിട്ടും അനന്തുവിനെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ക്രിമിനൽ സംഘത്തിന്റെ കയ്യിൽ അനന്തു അകപ്പെട്ട ശേഷമുള്ള വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് പാഴാക്കിയെന്നാണ് ആരോപണം. കരമനയിലെ ബേക്കറിക്കു സമീപത്തു നിന്ന് അനന്തുവിനെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുന്നത് സുഹൃത്തുക്കളിൽ ചിലർ കണ്ടിരുന്നു. ഇവർ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു.

എന്നാൽ പൊലീസ് പരാതി ഗൗരവത്തോടെ എടുത്തില്ല. കുട്ടികളുടെ പരാതിയെന്ന കണക്കിൽ എഴുതി തള്ളി. പിന്നേട് അസിസ്റ്റന്റ് കമ്മീഷണർ തലത്തിൽ ഇടപെടൽ നടത്തിയ ശേഷം വൈകിട്ടോടെയാണ് പൊലീസ് ഉണർന്നത്. അനന്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. അടുത്ത ദിവസം രാവിലെ അനന്തു കൊല ചെയ്യപ്പെട്ട സ്ഥലത്തിനു സമീപത്ത് ക്രിമനൽ സംഘത്തിന്റെ ബൈക്ക് കണ്ടെത്തിയതാണ് നിർണായകമായത്

പൊലീസ് എത്തി പരിശോധന നടത്തുമ്പോഴേക്ക് അനന്തു മരണത്തിന് കീഴടങ്ങിയിരുന്നു. സ്റ്റേഷനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥല പരിചയക്കുറവും അന്വേഷണത്തെ ബാധിച്ചതായി ബന്ധുക്കൾ പറ‍‍ഞ്ഞു. കരമനയ്ക്ക് സമീപത്ത് ഇങ്ങിനൊരു സ്ഥലം ഉള്ളതു പോലും പൊലീസിന് അറിയില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പന്നി വളർത്തൽ ഫാം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇപ്പോൾ ക്രിമനൽ സംഘത്തിന്റെ താവളമാണ്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ ബി.ജെ.പിലേക്കു പോയതിനെ പരിഹസിച്ച് മന്ത്രി എംഎം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നാണ് എംഎംമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. ഇന്ന് ഉച്ചയോടെയാണ് വടക്കന്‍ ന്യൂഡല്‍ഹിയില്‍ വച്ച് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

ടോം വടക്കന്‍ പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ബിജെപി യുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പങ്കെടുത്ത് ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം. അതില്‍ ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്ന ഗുജറാത്തില്‍ നാലോ അഞ്ചോ പേര്‍ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞു.

നമ്മുടെ മത നിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു ആശങ്കയും ഉണ്ടാകില്ല. നല്ല കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഈ സാഹചര്യം അവര്‍ കൃത്യമായി മനസ്സിലാക്കി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിതിരിവിലേക്ക്. ഇടുക്കിയില്‍ തന്നെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ് രംഗത്ത്. താന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണ്. മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു. മാണി തന്നെ അപമാനിച്ചു. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കണമെന്ന വാശിയിലാണ് പി ജെ ജോസഫ്. ലീഗുമായിട്ടും മറ്റു കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയാക്കമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

വിജയസാധ്യതയുള്ള ഒരു സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാര്‍ട്ടിയിലെ പൊതു അഭിപ്രായം ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുക.

ഇന്നലെ കേരളത്തില്‍ പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോട്ടയം സീറ്റിലെ തര്‍ക്കം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. മറ്റു സീറ്റുകളിലെ വിജയസാധ്യതയെ തര്‍ക്കം ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. . ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും രംഗത്തെത്തിയിരുന്നു.

യുഡിഎഫില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പ് പി. ജെ ജോസഫിന് ലഭിച്ചിരുന്നതാണ്. കെ എം മാണിയും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞിരുന്നതായിട്ടാണ് വിവരം. അവസാനം തന്ത്രപരമായി മാണി നിലപാട് മാറ്റുകയായിരുന്നു.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടിക്ക് ഒരു കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയേക്കും. ഈ സ്ഥാനത്തിലേക്ക് രാജ്യസഭാ എംപിയും മകനുമായ ജോസ് കെ മാണിക്ക് ബദല്‍ പാടില്ലെന്നാണ് കെ എം മാണിയുടെ ആഗ്രഹം. പക്ഷേ ഈ കേന്ദ്ര മന്ത്രി സ്ഥാനം സ്വന്തമാക്കാനാണ് പി ജെ ജോസഫിന്റെ ലക്ഷ്യം.

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനവുമായി സന്യാസ സഭ. സഭയില്‍ നിന്ന് എത്രയും പെട്ടന്ന് സ്വമേധയാ പുറത്തുപോകാനാണ് ലൂസി കളപ്പുരയ്ക്കലിനോട് എഫ്.സി.സി. സന്യാസിനി സമൂഹം നിര്‍ദേശിച്ചിരിക്കുന്നത്. സഭയുടെ നിര്‍ദേശം അവഗണിച്ചാല്‍ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ലൂസി കളപ്പുരയ്ക്കലിന് പുറത്താക്കല്‍ ഭീഷണിയുമായി സഭ രംഗത്ത് വരുന്നത്.

വിഷയത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടാക്കാണിച്ച് രണ്ടാമതും സഭ പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സഭയുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനകളോട് മാപ്പ് പറയുകയെന്ന സമവായത്തിലേക്ക് ലൂസിയെ കൊണ്ടുവരികയെന്നതായിരുന്നു രണ്ടാമത്തെ നോട്ടീസിന് പിന്നിലെ പരോക്ഷ ലക്ഷ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ യാതൊരു കാരണവശാലും മാപ്പ് പറയില്ലെന്ന് ലൂസി കളപ്പുരയ്ക്കല്‍ പരസ്യമായി പ്രഖ്യാപിച്ചത് സഭാ നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചു. തുടര്‍ന്നാണ് അന്ത്യശാസനവുമായി സഭ രംഗത്ത് വന്നിരിക്കുന്നത്.

സഭയില്‍ നിന്ന് പുറത്ത് പോകണം, അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് തരും. പുറത്ത് പോകുന്നില്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണം. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാര്‍ വാങ്ങിയതും പുസ്തക പ്രകാശനം നടത്തിയതും മാധ്യമങ്ങളില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവര്‍ക്കെതിരെ സന്യാസിനി സമൂഹം ആരോപിച്ചിരിക്കുന്നത്. നേരത്തെ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച് നടന്ന കന്യാസ്ത്രീ സമരത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ പങ്കെടുത്തിരുന്നു. അതേസമയം സ്വമേധയാ പുറത്തുപോകില്ലെന്ന നിലപാടിലാണ് ലൂസി കളപ്പുരയ്ക്കല്‍.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം. സഭയില്‍ നിന്ന് പുറത്ത് പോകണമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നുമാണ് സിസ്റ്ററിന് നല്‍കിയ മുന്നറിയിപ്പ്. കാനന്‍ നിയമപ്രകാരം ഒരു കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ ലംഘിച്ചുവെന്നാണ് പ്രധാനകാരണമായി നോട്ടീസില്‍ പറയുന്നത്. ശമ്പളം സഭയ്ക്ക് നല്‍കാതിരിക്കുന്നതും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും കാര്‍ വാങ്ങിയതുമെല്ലാം നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏപ്രില്‍ 16 വരെയാണ് സിസ്റ്ററിന് സ്വയം പുറത്ത് പോകാനായി സഭ അനുവദിച്ച സമയം. അതേസമയം പുറത്ത് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുന്‍പ് നല്‍കിയ നോട്ടീസിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ക്കെതരെ വീണ്ടും നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സിസ്റ്ററുടെ പ്രതികരണം.

അതിക്രൂരമായ കൊലപാതകം നടന്നതു കൊലയാളികളിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനു ശേഷം. ലഹരിയിൽ കൂത്താടി പിറന്നാൾ ആഘോഷിക്കുന്ന കൊലയാളി സംഘത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തു തന്നെയാണു പിറന്നാൾ ആഘോഷവും. ലഹരിയിൽ മുങ്ങിയ പിറന്നാൾ ആഘോഷത്തിനു ശേഷം അനന്തുവിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണിവ. കൊലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. ആളൊഴിഞ്ഞ തോട്ടത്തിൽ വൃക്ഷങ്ങൾക്കിടയിൽ എന്തു നടന്നാലും പുറത്താരും അറിയില്ല. ദേശീയ പാതയോരത്തായിട്ടും കൊലപാതകം ആരും അറിയാതിരുന്നതിന്റെ കാരണമിതാണ്

വിഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. ഈ യുവാവിനെ പൊലീസിനു പിടികിട്ടിയിട്ടുമില്ല. കാവി മുണ്ടാണ് ഉടുത്തിരിക്കുന്നത്. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. തോട്ടത്തിനുള്ളിലെ തകർന്ന കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിൽ കയറിയിരുന്നാണു മദ്യപാനവും മയക്കുമരുന്നുപയോഗവും. വിഡിയോയിൽ എട്ടോളം പേരെ കാണാം. ഹാപ്പി ബർത്ത്ഡേ ടു യൂ എന്ന ഗാനവും ഇതിനിടെ സംഘാംഗങ്ങളിലൊരാൾ പാടുന്നുണ്ട്

കൃത്യമായ പദ്ധതി തയാറാക്കിയാണ് കരമനയിൽ അനന്തുഗീരീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുന്നോടിയായി കൊലപാതകം നടത്തിയ സ്ഥലത്ത് എട്ടംഗസംഘം ആഘോഷവും നടത്തി. ഇതിനു പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്നു പദ്ധതി തയ്യാറാക്കി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഡാലോചനയുടെ ഭാഗമായി.ആഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ മദ്യവും മയക്ക് മരുന്നുമുണ്ടായിരുന്നു.

ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിന് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടി നിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി സ്പാർക്ക് പ്ലഗിലേക്കുള്ള വയർ മുറിച്ചു കളഞ്ഞു

അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബല പ്രയോഗം നടത്തിയിരുന്നില്ല. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം അനന്തുവിനെ കാട്ടിലെ ഒളി സംഘത്തിൽ കൊണ്ടു പോയി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന ക്രൂരമായി മർദ്ദിച്ചു. വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞത്.

അനന്തുഗിരീഷിന്റെ കൈകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌് കൊലപാതക സംഘത്തിലെ വിഷ‌്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണ് കത്തി ഉപയോഗിച്ച് മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌് മൊഴി നൽകി. വിഷ‌്ണു ഉൾപ്പെട്ട എട്ട‌ു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്.ഇവർ സംസ്ഥാനം വിട്ടു കഴിഞ്ഞു. ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതിക്രൂര മർദനമാണ‌് അനന്തുവിന‌് ഏറ്റത‌്

അംഗ സംഘം പന്നിക്കൂട്ടിലിട്ട‌് വളഞ്ഞിട്ട‌് മർദിച്ചു. കരിക്ക‌്, തടി എന്നിവ ഉപയോഗിച്ച‌് തലക്കടിച്ചു. കൈകളിലെ ഞരമ്പ‌് ഉൾപ്പെടെയുള്ള ഭാഗം കത്തി കൊണ്ട‌് അറുത്തെടുത്തു. അനന്തു രക്തം വാർന്ന‌് പിടയുന്നത‌് കണ്ട‌് കൊലയാളികൾ രസിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌് സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു

തെളിവെടുപ്പിന് എത്തിച്ചപ്പോഴും കൂസലില്ലാതെ  പിടിയിലായ പ്രതികൾ. കഞ്ചാവ് ലഹരിയിൽ സമപ്രായക്കാരനെ അരുംകൊല ചെയ്തതിന് പിടിയിലായിട്ടും ഒട്ടും കുലുങ്ങാതെയാണ് തെളിപ്പെടുപ്പിന് അഞ്ചംഗ സംഘം പൊലീസിനൊപ്പം എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് അറസ്റ്റിലായ കിരൺകൃഷ്ണൻ , മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരെ തെളിവെടുത്തത്.

ഫോർട്ട് എസി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുക്കാൻ എത്തിച്ചത്. വലിയ ജനക്കൂട്ടത്തിന് നടുവിലും പൊലീസ് വലയത്തിൽ തല ഉയർത്തി നിന്ന പ്രതികൾ കൊലപാതക രീതികൾ ഉൾപ്പെടെ അഭിനയിച്ചു കാണിച്ചു. മാധ്യമ സംഘങ്ങൾക്ക് ഒപ്പം പൊലീസ് പ്രതികളുമായി എത്തിയതോടെ സംഭവം നടന്ന നീറണൺകരയിൽ വൻ ജനക്കൂട്ടവും തടിച്ചു കൂടി. കനത്ത പൊലീസ് വലയത്തിലാണ് ദേശീയ പാതയ്ക്ക് സമീപം നീറമൺകര ബിഎസ്എൻഎൽ പുറമ്പോക്ക് ഭൂമിയിലെ സംഭവ സ്ഥലത്ത് ഇവരെ എത്തിച്ചത്.

മാധ്യമ ക്യാമറകൾക്ക് നടുവിലൂടെ പ്രതികളുമായി പൊലീസ് സ്ഥലത്തെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും കാട്ടിനുള്ളിലാണ് കൊലയാളികളുടെ സങ്കേതം. റോഡിൽ നിന്ന് നോക്കിൽ ആർക്കും ഭയം തോന്നുന്ന വഴികളിലൂടെ രാത്രിയും പകലും കൊലയാളി സംഘം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. അനന്തുവിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് എത്തിച്ച പ്രതികളോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി

കൂടാതെ മർദിച്ച് അവശനാക്കി അനന്തുവിനെ കിടത്തിയ സ്ഥലവും കൊലപാതക രീതിയും പ്രതികൾ അഭിനയിച്ച് കാണിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഓരോരുത്തരോടും പൊലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചു. 40 മിനിട്ടോളം നീണ്ട തെളിവെടുപ്പിന് ശേഷവും പ്രതികൾക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. തുടർന്നു അനന്തുവിനെ തട്ടികൊണ്ടു പോയ അരശുംമൂട്ടിലും തെളിവെടുപ്പ് നടത്തി

RECENT POSTS
Copyright © . All rights reserved