കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനവുമായി സന്യാസ സഭ. സഭയില്‍ നിന്ന് എത്രയും പെട്ടന്ന് സ്വമേധയാ പുറത്തുപോകാനാണ് ലൂസി കളപ്പുരയ്ക്കലിനോട് എഫ്.സി.സി. സന്യാസിനി സമൂഹം നിര്‍ദേശിച്ചിരിക്കുന്നത്. സഭയുടെ നിര്‍ദേശം അവഗണിച്ചാല്‍ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ലൂസി കളപ്പുരയ്ക്കലിന് പുറത്താക്കല്‍ ഭീഷണിയുമായി സഭ രംഗത്ത് വരുന്നത്.

വിഷയത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടാക്കാണിച്ച് രണ്ടാമതും സഭ പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സഭയുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനകളോട് മാപ്പ് പറയുകയെന്ന സമവായത്തിലേക്ക് ലൂസിയെ കൊണ്ടുവരികയെന്നതായിരുന്നു രണ്ടാമത്തെ നോട്ടീസിന് പിന്നിലെ പരോക്ഷ ലക്ഷ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ യാതൊരു കാരണവശാലും മാപ്പ് പറയില്ലെന്ന് ലൂസി കളപ്പുരയ്ക്കല്‍ പരസ്യമായി പ്രഖ്യാപിച്ചത് സഭാ നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചു. തുടര്‍ന്നാണ് അന്ത്യശാസനവുമായി സഭ രംഗത്ത് വന്നിരിക്കുന്നത്.

സഭയില്‍ നിന്ന് പുറത്ത് പോകണം, അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് തരും. പുറത്ത് പോകുന്നില്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണം. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാര്‍ വാങ്ങിയതും പുസ്തക പ്രകാശനം നടത്തിയതും മാധ്യമങ്ങളില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവര്‍ക്കെതിരെ സന്യാസിനി സമൂഹം ആരോപിച്ചിരിക്കുന്നത്. നേരത്തെ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച് നടന്ന കന്യാസ്ത്രീ സമരത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ പങ്കെടുത്തിരുന്നു. അതേസമയം സ്വമേധയാ പുറത്തുപോകില്ലെന്ന നിലപാടിലാണ് ലൂസി കളപ്പുരയ്ക്കല്‍.