തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള സമയമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്നും പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കി മാത്രമേ കഴിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിഷയത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. ചുമ പോലെയുള്ള നിപ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക മേഖല സജ്ജീകരിക്കണം. ഇവിടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക മാസ്‌കുകള്‍ നല്‍കണം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. പഴം തിന്നുന്ന വവ്വാലുകളില്‍ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് എത്തിയതെന്ന് നേരത്തേ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2018-മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച നിപ വൈറസ് ബാധയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടികൂടിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിന് മുന്നിൽ ചാടി മരിച്ചത്. പരീക്ഷാ കോപിയടി നടത്തിയ വിദ്ധ്യാർത്ഥ്നിയെ സ്ക്വാഡ് പിടികൂടിയതിനെ തുടർന്ന് മനംനൊന്ത് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
കൊല്ലം ഫാത്തിമാമാതാ കോളജിലെ അവസാന ഇംഗ്ലീഷ് വിദ്ധ്യാർത്ഥിനിയാണ് ഇരവിപുരം സ്വദേശിനി രാഖികൃഷ്ണ. പരീക്ഷാ ഹാളിൽ കോപ്പിയടിച്ചത് സ്ക്വാഡ് പിടികൂടിയിരുന്നു. തുടർന്ന് രാഖി കൃഷ്ണയെ പുറത്തുനിർത്തുകയും രക്ഷകർത്താക്കളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
കോളേജ് അധികൃതർ രക്ഷിതാക്കളുമായി സംസാരിക്കുന്നതിനിടയിൽ രാഖിയെ കാണാതാവുകയായിരുന്നു പിന്നീട് കൊല്ലം കമ്മീഷണറോഫീസിനു സമീപം റയിൽവേ ട്രാക്കിൽ രാഖിയെ ട്രയിൻ തട്ടിയ നിലയിൽ പരിക്കുകളോടെ കണ്ടെത്തി. പോലീസ് രാഖിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി.
ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി. സി. ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു.
വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശനത്തെ എതിർത്ത് പി.സി.ജോർജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുമായി സഹകരിക്കാൻ ജോർജിന്‍റെ ജനപക്ഷം പാർട്ടി തീരുമാനിച്ചിരുന്നു.
ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോർജ് അടുക്കുന്നു എന്ന പ്രചാരണങ്ങൾക്കിടയിലാണ് നിയമസഭയിൽ ബിജെപിക്കൊപ്പം നിൽക്കാനുള്ള ജോർജിന്‍റെ തീരുമാനം.
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്ന് സഭ ആരംഭിച്ചത്. സ്പീക്കര്‍ എല്ലാവരോടും ശാന്തമായി ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അനുസരിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പ്രതിഷേധവുമായി നടത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കി. തുടര്‍ന്നായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. ഇവരെ ഐ.സി ബാലകൃഷ്‌ണെ ഹൈബി ഈഡനും കെ.എം ഷാജിയും ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. ഇതോടെ സഭാ നടപടികള്‍ അവസാനിപ്പിച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ചോദ്യോത്തര വേളയുടെ അവസാനഘട്ടത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ചോദ്യോത്തര വേളയുടെ സമയത്ത് പ്രസംഗിച്ച മുഖ്യമന്ത്രി 45 മിനിറ്റെടുത്തെന്നും അത് മറ്റു അംഗങ്ങളുടെ സമയം കവര്‍ന്നെടുക്കുന്ന നടപടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ സഭ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ ബഹളം ആയതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്പീക്കര്‍ മറുപടി നല്‍കി. മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്ത് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയിരിന്നു. എന്നാല്‍ ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.
കെടുകാര്യസ്ഥയും നിറഞ്ഞ ഇരു മുന്നണികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രധിഷേധം നടത്തി. പ്രതിഷേത സമരം ആം ആദ്മി പാര്‍ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉത്ഘാടനം ചെയ്തു.
ഈ വര്‍ഷം തന്നെ രണ്ടാമത്തെ അധികാര മാറ്റം ആണ് സംഭവിക്കുന്നത്, വൃത്തികെട്ട രാഷ്ട്രീയ കളികളാണ് ഇരുഭാഗത്തു നിന്നും ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍ നടക്കുന്നത്. ജനക്ഷേമവും, വികസനവും വിഷയമല്ലാതെ ആയിരിക്കുന്നു, കേരളത്തിലെ തന്നെ ഏറ്റവും വരുമാനം ഉള്ള നഗരസഭയില്‍ പങ്കുവെക്കല്‍ താല്‍പര്യങ്ങള്‍ ആണ് കാര്യങ്ങള്‍ നയിക്കുന്നത്. അഴിമതിയും, കാലുമാറ്റവും കൂറുമാറ്റവും അഴിമതിപ്പണം പങ്കുവക്കാനെന്ന് ആം ആദ്മി പാര്‍ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ആം ആദ്മി പ്രതിഷേധം ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സമരത്തില്‍ തൃക്കാക്കര മണ്ഡലം കണ്‍വീനര്‍ ഫോജി ജോണ്‍, വിന്‍സന്റ് ജോണ്‍, നിപുണ്‍ ചെറിയാന്‍, ഡൊമനിക് ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പി.സി. ജോര്‍ജിന്‍റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയോടു ജോര്‍ജ് കാണിച്ച അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടുന്ന ബി.ജെ.പി. നേതൃത്വം പി.സി ജോര്‍ജിന്‍റെ ജനപക്ഷത്തെ അടക്കം കൊണ്ടുവന്ന് സീറ്റ് നേടാനുളള ശ്രമമാണ് നടത്തുന്നത്. അതേസമയം ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ജോര്‍ജിന്‍റെ പാര്‍ട്ടി എന്‍ഡിഎ ഘടകകക്ഷി ആയാല്‍ പത്തനംതിട്ടയില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കി പോരാടാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ക്കു പുറമെ ചാലക്കുടി, തിരുവനന്തപുരം സീറ്റുകളാണ് കേരളാ ജനപക്ഷം മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സാമുദായിക ഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ജനപപക്ഷം.
ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തിരയുന്നത്. ശബരിമല വിഷയത്തില്‍ പി. സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബി.ജെ.പിയെ അടുപ്പിക്കുന്നത്. കൂടാതെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും പി.സി ജോര്‍ജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്.
ബുധനാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. അടുത്തകാലത്തുയര്‍ന്ന ചില സാമുദായിക സംഭവവികാസങ്ങളില്‍ സ്വീകരിച്ച നിലപാടിന് ലഭിച്ച പിന്തുണ കൂടി പരിഗണിച്ചാണ് എന്‍ഡിഎയിലേക്ക് ചേക്കേറാമെന്ന ചിന്ത ജോര്‍ജിനുണ്ടായത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ജോര്‍ജ് ബിജെപി നേതാക്കളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമല വിഷയത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പി.സി.ജോർജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിശ്വാസികളെ ദ്രോഹിക്കുന്ന സിപിഎമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി.ജോർജ് എരുമേലിയിൽ പറഞ്ഞിരുന്നു.
ആം ആദ്മി പാര്‍ട്ടി രൂപംകൊണ്ട 6 വര്‍ഷമായ, നവംബര്‍ 26-ന് കൊച്ചി, പള്ളുരുത്തി 21-ാം ഡിവിഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പുതിയ കൊടിമരം ഉദ്ഘാടനം ചെയ്യുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. കേരളത്തില്‍ അഴിമതി രാഷ്ട്രീയത്തില്‍നിന്നും രക്ഷപ്പെടുവാന്‍ ആം ആദ്മി പാര്‍ട്ടി ഇവിടെ ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിയുടെയും, കേരളത്തില്‍ വളര്‍ന്നുവരുന്ന തലമുറയുടെയും ആവശ്യമാണെന്നും മുത്തശ്ശി പാര്‍ട്ടികളുടെ ഇടയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഡല്‍ഹി സംസ്ഥാനത്ത് 70ല്‍ 67 സീറ്റ് നേടുവാനും, പഞ്ചാബില്‍ ശക്തമായ പ്രതിപക്ഷം ആവാനും ജനങ്ങള്‍ ആംആദ്മിക്ക് വേണ്ട പിന്തുണ നല്‍കിയത് വളരെ ആശാവഹമാണെന്ന് ആം ആദ്മി നേതാക്കള്‍ ഭാരവാഹികള്‍ പറയുകയുണ്ടായി.
മുതിര്‍ന്ന ആം ആദ്മി പ്രവര്‍ത്തകന്‍ ആനന്ദ് പി.വി പതാക ഉയര്‍ത്തി കൊടിമരം ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ സി.പി., സോജന്‍ പുഷ്പന്‍, ഹനീഫ് എം,കെ, ബിനീഷ് ടി.പി. എന്നിവര്‍ സംസാരിക്കുകയുണ്ടായി.
സന്നിധാനം: ശബരിമലയില്‍ നവംബര്‍ 30 വരെ നിരോധനാജ്ഞ നീട്ടി. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ദര്‍ശനം നടത്താനെത്തുന്ന ഭക്തര്‍ക്ക് യാതൊരു തടസവും പോലീസ് സൃഷ്ടിക്കില്ല. സംഘമായോ അല്ലാതെയോ ദര്‍ശനത്തിനെത്താം. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശരണം വിളിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകില്ല. സമാധാനപരമായി ദര്‍ശനം നടത്തുന്ന തീര്‍ഥാടകരെയും അവരുടെ വാഹനങ്ങളെയും നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ശബരിമലയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 30 വരെ നീട്ടിയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് തിങ്കളാഴ്ച രാത്രി ഉത്തരവിറക്കിയത്. ശബരിമലയില്‍ സമാധാന അന്തരീഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് മണ്ഡല-മകരവിളക്ക് കാലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പോലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ശബരിമലയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതില്‍ പോലീസ് തടസം സൃഷ്ടിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.
ന്യൂസ് ഡെസ്ക്
കുറവിലങ്ങാട് ദേവമാതാ കോളജ് അദ്ധ്യാപകൻ കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു. ഇന്ന് രാവിലെ ആണ് അപകടമുണ്ടായത്. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ ജോർജ് തോമസ് (45) ആണ് മരണമടഞ്ഞത്. ഇന്നു രാവിലെ എട്ടരയ്ക്ക് കോളജിലെത്തിയ അദ്ധ്യാപകൻ സ്റ്റാഫ് റൂമിന്റെ ജനാല തുറന്നപ്പോൾ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുട്ടുചിറ കുഴിവേലിൽ ജോർജിന്റെ മകനാണ് ജോർജ് തോമസ്. ഭാര്യ അന്ന. മക്കൾ ജോർജ്, റോസ്മേരി, ആൻറണി.
സന്നിധാനം: യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. ഒമ്പതു ദിവസം നീണ്ട നിരോധനാജ്ഞക്കാണ് ഇന്ന് അവസാനമാവുക. അതേസമയം നിരോധനാജ്ഞ പിന്‍വലിക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി അക്രമങ്ങളാണ് മണ്ഡലകാലത്തിന് മുന്‍പ് രണ്ട് തവണ നട തുറന്നപ്പോഴും ഉണ്ടായത്. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ തന്നെ ഏതാണ്ട് 15,000ത്തോളം പോലീസ് സേനാംഗങ്ങളെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിയമിച്ചിരുന്നു. അക്രമങ്ങള്‍ തടയിടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ച നിരവധ സംഘ്പരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
നേരത്തെ നവംബര്‍ 22 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അത് പിന്നീട് 26 വരെ നീട്ടുകയായിരുന്നു. നിലവില്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ അക്രമങ്ങള്‍ തടയിടുന്നതിന് സഹായകമായിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കുന്നത് അക്രമങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. യുവതീ പ്രവേശനം സാധ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്.