Kerala

സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസ്(49) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയാഴം സ്വദേശിയായ യുവാവിന് ആര്‍മിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 മുതല്‍ പലതവണകളായി എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ബെംഗളൂരുവില്‍നിന്ന് പിടികൂടുകയായിരുന്നു.

വൈക്കം പോലീസ് സ്റ്റേഷന്‍ എസ്.ഐ. ജോര്‍ജ് കെ. മാത്യു, സി.പി.ഒമാരായ അജീഷ്, പ്രവീണോ, ലിജു തോമസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് അമ്പലപ്പുഴ സ്റ്റേഷനില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക.

സി.പി.എം. സംസ്ഥാന സമിതിയാണ് ഒ.ആർ. കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. വിവിധ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആര്‍. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്നുള്ള നിയമസഭാംഗമാണ്.

ജില്ലയിലും സംസ്ഥാനത്തും പട്ടികവര്‍ഗക്കാരെ പാര്‍ട്ടിയോടടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരന്റെ മന്ത്രിസഭാ പ്രവേശനം. ഇക്കഴിഞ്ഞ സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്.

രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000-ത്തില്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. പിന്നീട് 2005-ലും 2010-ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015-ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നുള്ള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പ്പിച്ച് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ശാന്തയാണ് ഭാര്യ. മക്കള്‍ മിഥുന, ഭാവന.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകള്‍ക്ക് ഇന്ത്യൻ എംബസി വഴി പണം കൈമാറാൻ കേന്ദ്രസർക്കാർ അനുമതി.

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്.
മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചർച്ചകള്‍ക്കായുള്ള പണം കൈമാറ്റത്തിനാണ് ഇപ്പോള്‍ കേന്ദ്രസർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.

നാല്‍പ്പതിനായിരം യു.എസ്. ഡോളർ എംബസി വഴി കൈമാറാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. പ്രാരംഭ ചർച്ചകള്‍ക്ക് പണം കൈമാറേണ്ടതുണ്ടെന്നും അത് എംബസി വഴി കൈമാറാൻ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടിരുന്നത്.

എംബസിയുടെ അക്കൗണ്ടില്‍ പണം ലഭിച്ചു കഴിഞ്ഞാല്‍, അത് യെമൻ തലസ്ഥാനമായ സനയില്‍, അവർ നിർദേശിക്കുന്നവർക്ക് പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.

ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകും. യുവാവിന് ആത്മഹത്യയിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും.

പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്ന ടത്തിയ അന്വേഷണത്തിൽ പോക്സോ കേസെടുക്കുകയും പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്. മൂന്നുപേര്‍ മരിച്ചു.

ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് രോഗബാധിതരായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി പടരുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി അടക്കമുള്ള മലയോരമേഖലകളില്‍ നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേഖലയിലും നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കുക, ചട്നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. അതിനാൽ കൊതുകു നശീകരണം ഊർജ്ജിതമാക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിക്കെതിരെ (22) പോക്‌സോ വകുപ്പ് ചുമത്തി പൂജപ്പുര പൊലീസ് കേസെടുത്തു.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു.

തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.

അടുത്തിടെ ബിനോയിയുമായുള്ള സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ക്കും റീലുകള്‍ക്കും താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ മകളുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇന്‍ഫ്‌ളുവന്‍സറെ സംശയിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യുന്നതിനിടെ ബിനോയ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട ബിനോയിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടില്‍ അയല്‍വാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കില്‍ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു.പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനൻ (60) ആണ് മരിച്ചത്. ഇദ്ദേഹം ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരിച്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ നടന്നിരുന്നു. അയല്‍ വീട്ടിലെ കുപ്പത്തറയില്‍ ചന്ദ്രൻ എന്ന‌യാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം. വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തി ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേര എടുത്തു ലളിതയെ അടിക്കുന്നത് കണ്ട് തടസം പിടിക്കാൻ എത്തിയപ്പോഴാണ് മോഹനൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ശരീരത്തില്‍ അക്രമം ഏറ്റതിന്റെ പാടുകള്‍ ഒന്നും ഇല്ലെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയു എന്നും പൊലീസ് പറഞ്ഞു. ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തു. ഷീലയാണ് മോഹനന്റെ ഭാര്യ. മക്കള്‍: ശ്യാം, ശ്യാമിലി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂൺ ഏഴാം തീയതി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രവചന സ്വഭാവമുള്ളതായിരിക്കുന്നു. പ്രിയങ്ക പ്രിയങ്കരിയായി കേരളത്തിലേക്ക്! ഇന്ദിരയുടെ കൊച്ചുമകൾ കേരളത്തിൽ ചരിത്രം സൃഷ്ടിക്കുമോ എന്നതായിരുന്നു മലയാളം യുകെ ന്യൂസിന്റെ വാർത്തയുടെ തലക്കെട്ട്. ഇന്ന് ഇന്ത്യ മാത്രമല്ല ലോകമെങ്ങുമുള്ള പത്രങ്ങളിൽ ഈ വാർത്ത വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമ്പോൾ ഇത് മലയാളം യുകെയുടെ അഭിമാന നിമിഷമാണ്. വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽഗാന്ധി വയനാട്ടിലെ എംപി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് പ്രിയങ്കയ്ക്ക് ഇവിടെ മത്സരിക്കാൻ കളം ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് നിർണ്ണായക തീരുമാനമെടുത്തത്.

ഇത് കേരള രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽ തന്നെ വൻ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ തമസ്യകൾക്കാണ് കോൺഗ്രസ് ഉത്തരം കണ്ടെത്തിയിരിക്കുന്നത്. പ്രിയങ്ക അല്ലാതെ വേറൊരു സ്ഥാനാർത്ഥി വയനാട്ടിൽ മത്സരത്തിന് എത്തിയിരുന്നെങ്കിൽ രാഹുൽ വയനാട്ടിലെ ജനങ്ങളെ കൈയ്യൊഴിഞ്ഞു എന്ന എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന് ശക്തി പകരുമായിരുന്നു. അമേഠിയയും റായ്ബറേലിയും പോലെ സമീപഭാവിയിൽ വയനാടും ഗാന്ധി കുടുംബത്തിൻറെ സുരക്ഷിത മണ്ഡലമെന്ന പട്ടികയിൽ ദീർഘകാലം ഉണ്ടാകും എന്നതാണ് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തോടെ ഉറപ്പായിരിക്കുന്നത്.

പ്രിയങ്ക കന്നി അങ്കം വയനാട്ടിൽ കുറിച്ചത് ഇടതുപക്ഷത്തെയും ബിജെപിയെയും വെട്ടിലാക്കിയിരിക്കുകയാണ്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം കവിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുപക്ഷവും ബിജെപിയും ആരെ സ്ഥാനാർത്ഥിയാക്കും എന്ന ആശയ കുഴപ്പത്തിലാണ്. സിപിഐയുടെ ആനി രാജയാണ് ഇവിടെ രാഹുലിനെതിരെ മത്സരിച്ചത്. ഇടതുപക്ഷം മത്സരംഗത്ത് ഉണ്ടാകുമെന്നും അല്ലെങ്കിൽ അത് ബിജെപിയെ സഹായിക്കുന്ന നിലപാട് ആയിരിക്കും എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്തുത വിഷയത്തോട് പ്രതികരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ആയിരുന്നു രാഹുലിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി. പ്രിയങ്കയ്ക്ക് എതിരെ ഒരുവട്ടം കൂടി മത്സരിക്കാൻ അദ്ദേഹം മുതിരാനുള്ള സാധ്യതയില്ല.

3.64 ലക്ഷം വോട്ടിനാണ് രാഹുൽഗാന്ധി ഇവിടെ വിജയിച്ചത്. പോൾ ചെയ്ത വോട്ടുകളിൽ 6,47,445 വോട്ടുകളാണ് രാഹുൽ നേടിയത്. ആനി രാജ 2,83,023 വോട്ടുകളും മൂന്നാം സ്ഥാനത്തു വന്ന കെ സുരേന്ദ്രൻ നേടിയത് 1,41,045 വോട്ടുകൾ മാത്രമാണ് . 2019 ലെ ലോക്സഭാ ഇലക്ഷനിൽ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 ആയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രാഹുലിനെ കവച്ചു വയ്ക്കുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് 72.69 ശതമാനമായിരുന്നു വയനാട്ടിലെ പോളിംഗ് ശതമാനം. രണ്ടാമത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കുക എന്നതായിരിക്കും ഇനി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി.

ജൂലൈ 4- ന് യുകെയിൽ ഉടനീളം നടന്ന തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ മലയാളം യുകെ ന്യൂസ് വാർത്തയാക്കിയിരുന്നു. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു. യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കാൻ എന്ന ലക്ഷ്യം വച്ചായിരുന്നു.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്‌. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു ആദിത്യ. എന്നാൽ കുറച്ചുനാളുകൾക്കു മുൻപ് പ്രണയബന്ധം അവസാനിപ്പിച്ചിരുന്നു. ഇത് അവസാനിച്ചതോടെ പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെഴ്‌സും ഉണ്ടായിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്.

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.ഇതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.

Copyright © . All rights reserved