Kerala

കൊച്ചി: എ.കെ.ജിക്കെതിരായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സിനിമാതാരം ഇര്‍ഷാദ്. ഫേസ്ബുക്കിലൂടെയാണ് നടന്റെ രൂക്ഷമായ പ്രതികരണം. മോശം ഭാഷ ഉപയോഗിച്ചുള്ള ഇര്‍ഷാദിന്റെ ആദ്യ പ്രതികരണം വിവാദമായതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്ത് വന്നത്.

ഫെയ്സ്ബുക്ക് ലൈവിലെത്തിയ ഇര്‍ഷാദ് ബല്‍റാമിനെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ

‘ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.’

വീഡിയോ കാണാം

https://www.facebook.com/rahoof.pgdi/videos/1513223022128343/

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് കോടതി നടപടി. അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസ് ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരായാണ് സി.ബി.ഐ പുതിയ ഹര്‍ജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ ഇടപാട് നടക്കില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ നിന്ന് പിണറായിയെ മാറ്റിനിര്‍ത്തിയാല്‍ വിചാരണയെ ബാധിക്കുമെന്നും സിബിഐ പറയുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി പുനപരിശോധിക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടതായുണ്ടെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരായി ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഇവര്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുക.

മലപ്പുറം: പ്രകൃതി ചികിത്സയ്ക്ക് വിധേയയായ സ്ത്രീ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം വളന്നുര്‍ സ്വദേശിനിയായ യുവതിയാണ് അമിത രക്തസ്രാവം മൂലം മരണപ്പെട്ടത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടായി. നില ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

അതേസമയം കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചൊവ്വാഴ്ച്ച വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറം ലോകത്തെത്തുന്നത്. ബുധനാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കളക്ടര്‍ക്ക് കൈമാറും.

മരണപ്പെട്ട യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സ തേടാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫാമിലി ഹെല്‍ത്തിലെ വളണ്ടിയര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയും ഭര്‍ത്താവിന്റെ കുടുംബവും പ്രസവം വീട്ടില്‍വെച്ച് മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസവത്തിനു ശേഷം കൃത്യ സമയത്ത് മറുപിള്ള പുറത്തു വരാതിരുന്നതിനാല്‍ അമിത രക്തസ്രാവമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന് സമയത്ത് രക്തസ്രാവം മൂലം യുവതിയുടെ ശരീരം നീല നിറത്തിലായിരുന്നു.

2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ കേന്ദ്രം അടച്ചിടുകയും ചികിത്സകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ തന്നെയാണ് മഞ്ചേരിയിലും പ്രസവ ചികിത്സ നടത്തിയതെന്നും വിവരമുണ്ട്.

കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ജോസഫ് മാത്യു ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വെച്ച് തങ്ങള്‍ നാല് പേരും ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈന് മൊഴി നല്‍കിയിരുന്നു.

ഈ സംഭവം ചൈല്‍ഡ് ലൈന്‍ പാമ്പാടി പൊലീസിന് കൈമാറി. പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് അന്വേഷണം സജീവമായതോടെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കോട്ടയം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ജൂലൈയിലും സമാന കേസില്‍ ജോസഫ് മാത്യുവിനെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയാണ് അന്ന് ബലാത്സംഗത്തിനിരയായെന്ന പരാതി നല്‍കിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

നോട്ടിംങ്ഹാം: സന്തോഷ് ട്രോഫി കേരളാ ടീമിന്റെ മാനേജരായി തെരഞ്ഞെടുക്കപ്പെട്ട പി.സി ആസിഫിന് അഭിനന്ദനവുമായി യൂറോപ്പിലെ മലയാളി ഫു്ടബോള്‍ താരങ്ങള്‍. ഇംഗ്ലണ്ടിലെ മലയാളി കുട്ടികളുടെ കാല്‍പന്തുകളിയുടെ ആരവം നെഞ്ചിലേറ്റിയ ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് ഫുഡ്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ പി.സി ആസിഫിന് സ്വീകരണം നല്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഫുട്‌ബോളിനെ ഇത്രയധികം സ്‌നേഹിക്കുകയും ഫുട്‌ബോള്‍ മേഖലയുടെ വളര്‍ച്ചയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന  ആസിഫിനെ കേരളാ ടീമിന്റെ മാനേജരായി നിയമിച്ചത് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകുമെന്ന പൊതു അഭിപ്രായമാണ് കേരളത്തിനുള്ളിലും പ്രവാസികള്‍ക്കിടയിലുമുള്ളതെന്ന്‌  ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതര്‍ പറഞ്ഞു.

ഈ മാസം 18 ന് ബാംഗ്ലൂരില്‍ ആന്ധ്ര പ്രാദേശിനെതിരെ കേരളത്തിന്റെ അദ്യ മത്സരം.  പി സി ആസിഫ് കാസറഗോഡ് ഗവണ്മെന്റ് കോളേജിലുടെ അത്‌ലറ്റ് ക്‌സില്‍ നിന്ന് ഫുട്‌ബോള്‍ ലേക് കാസറഗോഡ് നാഷണല്‍ലിലൂടെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക് എത്തിയ ആസിഫി മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ കുന്ത മുന ആയി.മൊഗ്രാലിന്റെ ചരിത്ര വിജയങ്ങളില്‍ പങ്കാളി .സ്വത സിദ്ധമായ ലോംഗ് റേഞ്ചര്‍ ഷോട്ടുകളും  അതിവേഗവും ശരീര ഭാഷയും ഗോള്‍ അടി മികവും ആരാധകര്‍ക്കിടയില്‍ ഗോള്‍ അടി യന്ത്രം എന്ന ഓമന പേരും ചാര്‍ത്തി നല്‍കി. കാസർഗോഡ് ജില്ലക്ക്  വേണ്ടി നിരവധി തവണ ബൂട്ട് കെട്ടിയതോടൊപ്പം ഒരു വര്‍ഷം  ക്യാപ്റ്റനും ആയിരുന്നു.

വർഷങ്ങളോളം ജില്ലാ ലീഗിലെ ടോപ് സ്‌കോറര്‍. പ്രശസ്ത സെന്റ് അലോഷ്യസ് കോളേജിന്റെ ഫുട്‌ബോള്‍ ചരിത്രം മാറ്റി എഴുതിയ മംഗ്ലൂര് യൂണിവേഴ്‌സിറ്റിയിലെ നിറ സാന്നിധ്യം.. മാതൃഭൂമി ട്രോഫി അടക്കമുള്ള അന്തര്‍ സര്‍വ്വകലാശാല പ്രകടനങ്ങള്‍..  മംഗ്ലൂര് പ്രശസ്തമായ നെഹ്‌റു മൈതാനിയില്‍ നടത്തിയ പ്രകടനങ്ങള്‍.. തുടർച്ചയായി ഏഴു വര്ഷം മംഗളൂർ സ്‌പോര്‍ട്ടിങ്ങിനെ ദക്ഷിണ കന്നഡ ലീഗില്‍ ചാമ്പ്യന്മാരാക്കി. ഇന്നും ആരും തകര്‍ക്കാതെ ആ ഗോള്‍ റെക്കോര്‍ഡുകള്‍  കര്‍ണാടകയിലും പി സി ആസിഫിനെ പ്രശസ്തനാക്കി. മൊഗ്രാലിനോടൊപ്പം തന്നെ ഉപ്പള സിറ്റിസണ്‍ മംഗ്ലൂര്‍ സ്‌പോര്‍ട്ടിംഗ് തുടങ്ങിയ ക്ലബ്ബ്കള്‍ക് വേണ്ടി കര്‍ണാടകയില്‍ നിരവധി മത്സരങ്ങള്‍. ഫുട്‌ബോളില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു സംഘടനാ രംഗത്തേക്കുള്ള വരവ്. അത് കേരളാ സെവന്‍സ് ഫുട്‌ബോളില്‍ വിപ്ലവം ശ്രിഷ്ടിച്ചു. സഹോദരനും മുന്‍ ഐ ടി ഐ താരവുമായിരുന്ന എ എം ഷാജഹാന്റെ കയ്യും പിടിച്ചു സുഹൃത്തും മംഗ്ലൂര് ഗീത എലെക്ട്രിക്കല്‍സ് ഓണര്‍ അശോകും ചേര്‍ന്ന് 95 ല്‍ നടത്തിയ കേരളത്തിലെ ആദ്യത്തെ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ടൂര്‍ണമെന്റ് ലൂസിയ ഗ്രൂപ്പിന് വേണ്ടി നടത്തി പിന്നീട് അങ്ങോട് കേരളാ സെവന്‍സ് ഫുട്‌ബോളിന്റെ രൂപവും ഭാവവും മാറുന്നതാണ് കേരളാ സെവന്‍സ് ആരാധകര്‍ കണ്ടത്. ഇത്തരത്തില്‍ നിരവധി മികവുകള്‍ നേടിയ ആസിഫിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് വൈകി വന്ന അംഗീകാരം മാത്രമാണെന്നാണ് കായിക രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നത്.

 

യൂറോപ്പില്‍ പി.സി ആസിഫിന് സ്വീകരണം നല്കാനുള്ള തയാറെടുപ്പിലാണ്  ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാഡമി.  ജോസഫ് മുള്ളന്‍കുഴി ആണ് അക്കാഡമി മാനേജര്‍. അസി. മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്‌മെന്റ് മാനേജര്‍ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്‌നിക്കല്‍ ഡയറക്ടേഴ്‌സ് രാജു ജോര്‍ജ്ജ് കുറവിലങ്ങാട്, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ, ജിബി വര്‍ഗീസ്, എറണാകുളം, മാനേജർ ബിനോയ് തേവർ കുന്നേൽ രാമപുരം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒന്‍പത് പേര്‍ പൊലീസിന്റെ പിടിയിലായി. പിടിയിലായ രണ്ട് സ്ത്രീകളും സീരിയല്‍ നടിമാരാണ്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. ചിറക്കലിലെ എന്‍.പി. ബിജില്‍ (33), തളാപ്പിലെ എ. പി. സമിത് (30), പുഴാതിയിലെ പി. സജീഷ് (25), തുളിച്ചേരി കെ.കെ. ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്. വി. പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എ.വി. വിജില്‍ (25), വയനാട് അമ്പലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാരാകട്ടെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശികളാണ്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത് എന്നറിയുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ഫ്‌ളാറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.

തിരുവനന്തപുരം:ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിയെ പരിഹസിച്ച് ജേക്കബ് തോമസ്. ‘പാഠം 4 ഫണ്ട് കണക്ക്’ എന്ന പേരില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജേക്കബ് തോമസ് വിമര്‍ശനം രേഖപ്പെടുത്തിയത്.

തൃശൂരിലെ സിപിഎം സമ്മേളന വേദിയില്‍നിന്നു ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി നടത്തിയ യാത്രാച്ചെലവ് ഓഖി ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചാണെന്നാണ് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്ററായിരുന്നു യാത്രക്കായി മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്. ഇതിനായി തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്.

ഡിജിപി ജേക്കബ് തോമസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജീവന്റെ വില 25 ലക്ഷം
അല്‍പ്പജീവനുകള്‍ക്ക് 5 ലക്ഷം
അശരണരായ മാതാപിതാക്കള്‍ക്ക് 5 ലക്ഷം
ആശ്രയമറ്റ സഹോദരിമാര്‍ക്ക് 5 ലക്ഷം
ചികില്‍സയ്ക്ക് 3 ലക്ഷം
കാത്തിരിപ്പു തുടരുന്നത് 210 കുടുംബങ്ങള്‍
ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം

പോരട്ടേ പാക്കേജുകള്‍!

എംസി റോഡിൽ തുരുത്തി കാനയ്ക്കു സമീപം കാർ പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു. ഗർഭിണിയടക്കം ആറു പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

മലപ്പുറം പയ്യനാട് വടക്കേക്കുറ്റ് മനോജിന്റെ മകൻ റിച്ചു(മൂന്ന്) ആണ് മരിച്ചത്. മനോജ് (42), ഭാര്യ റീന(40), മകൾ റിന്റു (12), റീനയുടെ മാതൃസഹോദരിയുടെ പുത്രിയും തലവടി ചൂട്ടുമാലിൽ അട്ടിപ്പറമ്പിൽ ലിജുവിന്റെ ഭാര്യയുമായ ബിജിന(25), നിഖിൽ (24), ശശി (31) എന്നിവർക്കാണു പരുക്കേറ്റത്. ഇതിൽ റിന്റുവിന്റെ നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെയാണ് അപകടം.

കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള സോളർ ലൈറ്റിന്റെ പോസ്റ്റിൽ തട്ടിയ ശേഷം സമീപത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് കാർയാത്രക്കാരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ഗർഭിണിയായ ബിജിന മഞ്ചേരിയിൽ ലാബ് ടെക്‌നീഷ്യനായി ജോലിചെയ്തുവരികയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറുമാസം ബഡ്റെസ്റ്റ് എടുത്തശേഷം വീട്ടിലേക്കു വരികയായിരുന്നു. ബിജിനയുടെ വയറ്റിലുള്ള കുട്ടിക്ക് ചലനമുള്ളതായി ഡോക്ടർമാർ പറഞ്ഞു.

ബിജിനയെ തലവടിയിലെ വീട്ടിലെത്തിക്കാൻ ഇന്നലെ രാത്രി 10ന് ആണ് ഇവർ പുറപ്പെട്ടത്. ബിജിനയുടെ ഭർത്താവ് ലിജു വിദേശത്താണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

തൃശ്ശൂര്‍: ചെരിപ്പില്‍ മൊബൈല്‍ ക്യാമറയൊളിപ്പിച്ച് സ്‌കൂള്‍ കലോത്സവ നഗരിയില്‍ കറങ്ങി നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്പതുകാരനാണ് പൊലീസ് പിടിയിലായത്. കലോത്സവ വേദികളിലും പരിസര പ്രദേശങ്ങളിലും റോന്ത് ചുറ്റി ഇയാള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു.

കലോത്സവനഗരിയിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ ചിത്രങ്ങളെടുക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു. ചെരുപ്പിന്റെ സോളിന്റെ അടിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. കാമറയുടെ ഭാഗം മാത്രം പുറത്തുകാണും വിധമാണ് ഫോണ്‍ ക്രമീകരിച്ചിരുന്നത്. കൂടാതെ ഫോണിന് കേടുപറ്റാതിരിക്കാന്‍ ഇരുമ്പ് കവചവും ഫിറ്റ് ചെയ്തിരുന്നു.

ഈ മൊബൈലില്‍ നിന്ന് നൂറിലേറെ ചിത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താലെ കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പാലക്കാട്: തൃത്താലയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്. എകെജിക്കെതിരായ ബല്‍റാമിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

വിടി ബല്‍റാം സഞ്ചരിച്ച വാഹനത്തിനു നേരയും സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരെയും ലാത്തി വീശിയോടിച്ചു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

എകെജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കമന്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എകെജി-സൂശീല പ്രണയത്തെ തെറ്റായി വളച്ചൊടിക്കാന്‍ വിടി ശ്രമിച്ചതായി സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വവും ബല്‍റാമിന്റെ വ്യാഖ്യാനത്തെ തള്ളിയിരുന്നു. അതേസമയം കെ.എം.ഷാജി എംഎല്‍എ, കെ.സുധാകരന്‍, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved