തൊടുപുഴയില്‍ ബസില്‍ നിന്നും തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ (34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. ഇവരുടെ എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. ബസില്‍ കയറിയ എട്ട് മാസം ഗര്‍ഭിണിയായ നാഷിദയ്ക്ക് സഹയാത്രികര്‍ ആരും സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് നിന്ന് യാത്രചെയ്യുകയായിരുന്നു.
തീക്കോയി അക്ഷയ കേന്ദ്രത്തില്‍ പോയി വീട്ടിലേക്കു മടങ്ങാന്‍ ബസില്‍ കയറിയ നാഷിദയ്ക്ക് സഹയാത്രികര്‍ ഗര്‍ഭിണിയാണെന്നുള്ള പരിഗണന പോലും നല്‍കിയില്ല. ബസില്‍ കയറി മുന്‍വാതിലിനു സമീപം നിന്ന നാഷിദ ഒരു കിലോമീറ്ററോളം പിന്നിട്ടു വളവു തിരിയുന്നതിനിടെ ഡോര്‍ തുറന്ന് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ മുന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. ഇതാണ് അപകടത്തിന് വഴിവെച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച നാഷിദയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയാണ് ആണ്‍കുഞ്ഞിനെ പുറത്തെടുത്തത്.
നാഷിദയുടെ കബറടക്കം നടത്തി. ഫനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
സ്വകാര്യ ബസുകളില്‍ വാതിലുകളില്ലാത്തതും ഉള്ളവാതിലുകള്‍ അടച്ചുവെക്കാത്തതിനും എതിരേ സംസ്ഥാനത്തുടനീളം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിരവധി വാതിലുകളുള്ള ബസുകള്‍ തുറയ്ക്കാനും അടയ്ക്കാനുമുള്ള ജീവനക്കാരുടെ മടി കാരണം കയര്‍ വെച്ച് കെട്ടിവെച്ചതിനെതിരേയും ആളുകളും രംഗത്തുവന്നിരുന്നു.
ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഓട്ടോമാറ്റിക് വാതിലുകള്‍ കെഎസ്ആര്‍ടിസി ബസുകളിലടക്കം വ്യാപകമായ സാഹചര്യത്തില്‍ പണം മുടക്കാനുള്ള സ്വാകാര്യ ബസുടമകളുടെ താല്‍പ്പര്യമില്ലായ്മയും ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് കര്‍ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്ന് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
വൈദിക സമിതി യോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കാതെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞതായും വൈദികര്‍ ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദിനാള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വൈദികര്‍ വ്യക്തമാക്കി. യോഗം നടത്തുന്നതില്‍ നേരത്തെ അല്‍മായ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
അലക്സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.
മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ജില്ലാ കലക്ടറുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പരിഗണിച്ചാണ് നടപടി.
എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷന്റെ മറ്റു സ്‌കൂളുകള്‍ക്കും ബാധകമാണോയെന്ന് അടുത്ത ദിവസം പുറത്തിറങ്ങുന്ന ഉത്തരവിലേ വ്യക്തതയുണ്ടാവൂ.

ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം അക്ബറിനെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകായണ് പൊലീസ് ഇപ്പോള്‍.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നതാണ് പോലീസിന്റെ പ്രഥമിക റിപ്പോര്‍ട്ടിലുള്ളത്. വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍സിഇആര്‍ടിയോ, സിബിഎസ്ഇയോ, എസ്‌സിഇആര്‍ടിയോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് തസ്രിഫ. കോളേജില്‍ പോകാന്‍ രാവിലെ 7.15ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെറുവത്തൂര്‍ മംഗളൂരു പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയിരുന്നു.
എന്നാല്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തസ്രിഫയുടെ കാല്‍ തെറ്റി. വീഴ്ചയിലും വാതിലില്‍ പിടിച്ചുനിന്ന തസ്രിഫയെ കുറച്ചുദൂരം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. പിന്നാലെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ തൊട്ടുപിറകിലെ കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍ അപായച്ചങ്ങല വലിച്ചതോടെ് ട്രെയിന്‍ നിന്നു.
ഉടന്‍ തന്നെ ഓടിക്കൂടിയവരും റെയില്‍വേ പൊലീസും ചേര്‍ന്ന് ട്രെയിനിന്റെ അടിയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരുവിധം വലിച്ച് പുറത്തേക്കെടുത്തു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിലെ 165 പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം എല്ലാ ജില്ലകളിലെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും പാലം വിഭാഗം എന്‍ജിനീയര്‍മാരുമാണ് പരിശോധന നടത്തിയത്.
2249 പാലങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയില്‍ 603 പാലങ്ങള്‍ മാത്രമാണ് പൂര്‍ണ്ണമായും സുരക്ഷിതമെന്ന് പറയാവുന്നവ. 165 പാലങ്ങള്‍ അടിയന്തരമായി പൊളിച്ച് പുതിയവ നിര്‍മിക്കണമെന്നാ ണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മറ്റ് നിരവധി പാലങ്ങള്‍ നവീകരിക്കുകയോ പൊളിച്ച് പണിയുകയോ വേണം.
പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പാലങ്ങളാണ് അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയത്. അതേസമയം നൂറ് വര്‍ഷത്തിനു മേല്‍ പഴക്കമുള്ള പല പാലങ്ങളും യാതൊരും പ്രശ്‌നവുമില്ലാതെ നില്‍ക്കുന്നുണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ജോലികഴിഞ്ഞ് മടങ്ങിയ യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാരായമുട്ടും തോപ്പിൽ വീട്ടിൽ അരുൺ (21), വടകര തേരിയിൽ വീട്ടിൽ വിപിൻ (22) എന്നിവരെയും ഇവരെ ഒളിവിൽ പാർക്കാൻ സഹായിച്ച മാരായമുട്ടം മണലുവിള ലക്ഷം വീട് കോളനിയിൽ വിജീഷിനെയുമാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30ന് വൈകിട്ട് മാരായമുട്ടം ചപ്പാത്ത് പാലത്തിന് സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയെ പത്തടി താഴ്ചയുള്ള വാഴത്തോപ്പിലേക്ക് തള്ളിയിടുകയും ഒച്ചവയ്ക്കാൻ ശ്രമിച്ച ഇവരുടെ വായപൊത്തി പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് അതു വഴി വന്ന ബൈക്ക് യാത്രികൻ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ വിജീഷ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ബാലരാമപുരം എസ്.ഐ വി.എം. പ്രദീപ് കുമാർ, മാരായമുട്ടം എസ്.ഐ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ 216 പേരെന്ന് കേരളം. 141 കേരളീയരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 പേരുമാണ് കേരള തീരത്ത് നിന്ന് കാണാതായതെന്നാണ് കണക്ക്. കേരളീയരായ 141 പേരെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ബോട്ടുകളില്‍ പോയ 75 ഇതര ലസംസ്ഥാനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.
ലത്തീന്‍ കത്തോലിക്കാ സഭയുടെ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് കാണാതായവരുടെ എണ്ണം 149 ആണ്. കന്യാകുമാരി ജില്ലയില്‍ നിന്ന് 149 പേരെയും കാണാതായിട്ടുണ്ടെന്നാണ് സഭ പറയുന്നത്. ഇതനുസരിച്ച് 298 പേരെ കടലില്‍ കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറോളം തൊഴിലാളികളും കേരള തീരത്തു നിന്നാണ് കടലില്‍ പോയതെന്നും സഭ വ്യക്തമാക്കുന്നു.
അതേ സമയം വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്കുള്‍പ്പെടെ അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി യോജിച്ച് വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ട്രെയിനിൽ ഉടമസ്ഥനില്ലാതെ ബാഗ് കണ്ടതിനെത്തുടർന്ന് റെയിൽവേ പോലീസ് ബാഗ് പരിശോധിച്ചപ്പോൾ കണ്ടത് പെരുമ്പാമ്പിനെ. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കാരയ്ക്കല്‍-കോട്ടയം ട്രൈനിൽനിന്നാണ് പെരുമ്പാമ്പുള്ള ബാഗ് കണ്ടെത്തിയത്.റെയില്‍വേ സ്റ്റേഷന്റെ പരിധിയിലുള്ള പ്ളാച്ചേരി വനംവകുപ്പ് ഓഫീസ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.വി.രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. ഇതിലെ മേല്‍വിലാസം വച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ്(29) സംഭവത്തിൽ പിടിയിലായത്.ബാഗ് കിട്ടിയതിന്റെ പിറ്റേദിവസം പുളിങ്കുന്നിലെ വീട്ടില്‍നിന്നും ജിജോയെ പിടികൂടുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് പാമ്പിനെ കിട്ടിയതെന്നും എറണാകുളത്ത് എത്തിയപ്പോള്‍ ട്രെയിനിൽനിന്നു പുറത്തിറങ്ങി, മടങ്ങിയെത്തിയപ്പോള്‍ ട്രെയിൻ വിട്ടുപോയി എന്നും ജിജോ പറഞ്ഞു.പാമ്പിനെ കറിവെച്ച് കഴിക്കാനാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. വന്യജീവി സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
മില്‍മാ പാലില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ച് നവമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം കൊച്ചുകറുകത്തറ കിഴക്കേതില്‍ ശ്യാം മോഹന്‍ (24) നെയാണ് പുന്നപ്ര പോലീസ് പിടികൂടിയത്.
മില്‍മാ പാലില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് തിളപ്പിച്ച ശേഷം പാലിനെതിരെ അപവാദ പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വാട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
മില്‍മ പുന്നപ്ര യൂണിറ്റ് മാനേജര്‍ സജീവ് സക്കറിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുന്നപ്ര എസ്.ഐ ശ്രീജിത്തും സംഘവും ശ്യാം മോഹനെ പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
ബവ്‌റിജസ് കോര്‍പ്പറേഷന്റെ ക്രിസ്മസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ 67.91 ലക്ഷം രൂപയുടെ മദ്യം വിറ്റ് കണ്ണൂര്‍ പാറക്കണ്ടിയിലെ ചില്ലറ വില്‍പ്പന ശാല മുന്നില്‍. എറണാകുളം പാലാരിവട്ടത്തെ ചില്ലറ വില്‍പ്പന ശാലയാണ് 66.71 ലക്ഷം രൂപയുടെ മദ്യം വിറ്റ് രണ്ടാമത്. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള വില്‍പ്പന കണക്കുകളാണിത്.
ഇക്കാലയളവില്‍ 62.14 ലക്ഷം രൂപ മദ്യ വില്‍പ്പനയിലൂടെ നേടി പട്ടാമ്പി കൊപ്പം വില്‍പ്പനശാലയാണ് മൂന്നാമത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ 22 മുതല്‍ 31 വരെ റെക്കോര്‍ഡ് വര്‍ധനയാണ് ഇത്തവണ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ വില. 2016ല്‍ ഇതേകാലയളവില്‍ 402 കോടിയുടെ മദ്യ വില്‍പ്പന നടന്നപ്പോള്‍ 2017ല്‍ ഇത് 480 കോടി രൂപയായി.
പുതുവത്സര തലേന്നാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 61.74 കോടി രൂപയ്ക്കുള്ള മദ്യം കുടിച്ചാണ് കേരളം പുതുവര്‍ഷത്തെ വരവേറ്റത്.