Kerala

കണ്ണൂർ∙ പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ പ്രതികളുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി ചതിക്കുകയായിരുന്നെന്ന് തിരിച്ചറിയാന്‍ വൈകി. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് ഉറപ്പു നല്‍കിയാണ് പൊലീസിനു പിടികൊടുക്കാന്‍ ആവശ്യപ്പെട്ടത്. അക്രമിസംഘം പയ്യോളിയിലെത്തിയതു സിബിഐ കസ്റ്റഡിയിലെടുത്ത ജില്ലാനേതാവിന്റെ അറിവോടെയാണെന്നും പേരു വെളിപ്പെടുത്താതെ കേസിലെ ഒരു പ്രതി തുറന്നു പറയുന്നു.

പ്രതി പറഞ്ഞത്: ഞങ്ങളോടു പറഞ്ഞത് മൂന്നു മാസം കൊണ്ട് ഇറക്കും എന്നാണ്. ചന്തുമാഷ് പറഞ്ഞിട്ടാണ് പൊലീസിനു പിടികൊടുത്തത്. മനോജിന്റെ കുടുംബത്തിന് പണം കൊടുത്തു കേസ് ഒതുക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിങ്ങള്‍ വെറുതെ പോയാല്‍ മതി ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും ബിജെപി കൊടുത്ത ലിസ്റ്റാണെന്നുമാണു പാര്‍ട്ടി പറഞ്ഞത്. പക്ഷേ അറസ്റ്റിലായ ശേഷം മനസ്സിലായി, അങ്ങനെയൊരു ലിസ്റ്റില്ല. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മനസ്സിലായി. പൊലീസിനു പിടികൊടുത്തശേഷം പാര്‍ട്ടി പറഞ്ഞ ഉറപ്പുകളെല്ലാം പാഴ്‌‌വാക്കുകളായി.

സിബിഐ അന്വേഷണത്തിനെതിരെ സിപിഎം രംഗത്തെത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായിരുന്നു. ജീവനില്‍ കൊതിയുള്ളതു കൊണ്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ സാധ്യമല്ല. കേസ് നടത്തി, മുന്‍ പ്രതികളായ ആറു പേരും കടക്കെണിയിലായെന്നും പ്രതി തുറന്നു സമ്മതിക്കുന്നു. ഇനിയൊരു കേസോ പ്രശ്നങ്ങളോ വന്നാല്‍ സഹിക്കാന്‍ പറ്റില്ലെന്നും അവർ വ്യക്തമാക്കുന്നു.

 

പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ സമീപത്തെ ഒരു പാറമടയില്‍ നടന്ന കൊലപാതകം നേരിട്ടുകണ്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ജിഷ കേസ് അന്വേഷിച്ച പൊലീസ് പരിശോധിച്ചില്ലെന്നും ആക്ഷേപം. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെവി നിഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്.

പെരുമ്പാവൂരൂള്ള ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെന്‍ കാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നു. ജിഷയുടെ അമ്മായിക്ക് ഇക്കാര്യത്തില്‍ പല സത്യങ്ങളും പറയാനുണ്ടെന്ന് നിഷ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാം മാത്രമാണ് കുറ്റക്കാരന്‍ എന്നു കരുതുന്നില്ല. ജഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങള്‍ എല്ലാം അറിയാം. പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ട്.

പാറമടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചത് തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ്. കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും പൊലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നതു വരെ ആര്‍ക്കു വേണമെങ്കിലും അവിടെ കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നുവെന്ന് നിഷ പറഞ്ഞു.

ജിഷയുടെ കൊലപാതക അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിഷ പറഞ്ഞു.

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് നടപടികളില്‍ സാങ്കേതികപ്പിഴവുണ്ടായെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യം സിനഡിനെയാണ് മാര്‍ ആലഞ്ചേരി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഒഴിവാക്കണമെന്ന് സിനഡ് സഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഭൂമയിടപാടില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് അയച്ചു കൊടുക്കാന്‍ വൈദിക സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായി നടത്തിയ ഭൂമി വില്‍പനയില്‍ സഭയ്ക്ക് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.

ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയക്കുകയും ചെയ്തു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ വി.ജെ ഹെല്‍സിന്തിന്റെ പേരിലായിരുന്നു കത്ത്. കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നെന്ന ആരോപണവും കത്തില്‍ ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം : പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുദോഹ പരിഹാര പൂജ നടന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടു വരെ ആയിരുന്നു ശത്രുദോഷ പരിഹാരപൂജയെന്നാണ് വാര്‍ത്ത.

വിശ്വാസ കാര്യങ്ങളില്‍ മറ്റു പാര്‍ട്ടി നേതാക്കളെക്കാള്‍ ഒരുപടി മുന്നിലാണ് കോടിയേരി എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശ്ശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രി കുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ എന്നിവയാണ് നടത്തിയത്. എട്ടോളം തന്ത്രി പ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തുവെന്ന സൂചനയും പത്രം നല്‍കുന്നുണ്ട്. വീടിന് സമീപത്തെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര്‍ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെ കുറിച്ച് സൂചന ലഭിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താത്കാലികമായി ഒഴിപ്പിപ്പ് വൈദീകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു.

തറവാട് ജോത്സ്യരുടെ നിര്‍ദേശം അനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. പൂജയില്‍ പങ്കുകൊള്ളാനായി കോടിയേരി ബാലകൃഷണന്‍ വീട്ടിലെത്തിയതായും സൂചനയുണ്ട്.ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിച്ച പാര്‍ട്ടിയുടെ സെക്രട്ടറിയുടെ വീട്ടില്‍ പൂജ നടത്തിയതിലെ വിരോധാഭാസവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുന്നു. കേസിലെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ സുപ്രധാനമായ ചില രേഖകളും മൊഴികളും നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്.

രേഖകള്‍ കൈമാറാത്ത പോലീസിന്റെ നടപടി ബോധപൂര്‍വമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും അതിന്റെ ശാസ്ത്രീയ പരിശോനാ രേഖകളും വേണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ നടപടികള്‍ സുഗമമായി മുന്നോട്ട് പോകാന്‍ ഇവ ആവശ്യമാണെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.

കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില വിവരങ്ങള്‍ ദിലീപ് വാങ്ങിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. അതേ സമയം കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ വിവരങ്ങള്‍ അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ദിലീപും വാദിച്ചിരുന്നു.

കരുനാഗപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ആള്‍ട്ടോ കാര്‍ ബൈക്കിനെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാടിനെ ഞെട്ടിച്ച അപകടത്തില്‍ പരിക്കേറ്റത് പത്തോളം പേര്‍ക്കാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

റോഡില്‍ നല്ല തിരക്കുള്ള സമയത്താണ് അപകടം ഉണ്ടായത്. അപകടത്തെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും, പരിക്കേറ്റ സ്ത്രീയെ നോക്കികൊണ്ടിരുന്ന സ്ത്രീ ബോധരഹിതയായി റോഡിലുരുളുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടം സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിലാണ് യുവതി ബോധം കെട്ടു വീഴുന്നത്. എന്നാല്‍ കാറിലുള്ളവര്‍ക്ക് പരിക്കുകളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്

വാഹന പരിശോധനയ്ക്ക് പോലിസ് കൈകാണിച്ച് നിര്‍ത്തിയ ബൈക്കില്‍ പിന്നാലെ വന്ന കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്റാഹിമിന്റെ മകന്‍ സുഹൈല്‍ (20) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ പരിശോധനയ്ക്കായി പോലിസ് കൈകാണിക്കുകയായിരുന്നു. ബൈക്ക് പരിശോധിക്കുന്നതിനിടെ പിന്നാലെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കടക്കം സുഹൈലിനെ ഇടിച്ചുതെറിപ്പുക്കുകയായിരുന്നു. അപകടം വരുത്തിയ കാര്‍ പോലിസ് പിടിച്ചെടുത്തു.

അബിയുടെ മരണം കഴിഞ്ഞ് ഏതാണ്ട് ഒരു മാസം പിന്നിടുകയാണ്. ജീവിതത്തിലെ വലിയ നഷ്ടത്തിന്റെ ദുഖത്തില്‍നിന്ന് പതുക്കെ സാധാരണ ജീവിതത്തിലേക്ക് വരികയാണ് ഷെയ്ന്‍ ഇപ്പോള്‍. ഷെയ്ന്‍ നായകനായി എത്തുന്ന ഈട ഉടന്‍ റിലീസിനും എത്തുകയാണ്. ഈ സാഹചര്യത്തില്‍ ഒരു മാസികയ്ക്ക്  നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ മനസ്സ് തുറന്നത്. .

അബിയുടെ മരണവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ പറഞ്ഞത് ഇങ്ങനെ.

വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചുനാള്‍ മുമ്പായിരുന്നു അത്. അന്ന് ഒപ്പം ഞാനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാ പിഴവാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല.

പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്പോള്‍ അതില്‍നിന്ന് ബീഡി കത്തിക്കുന്നു എന്ന് കേട്ടിട്ടില്ലേ, ചിലരുടെ കുറിപ്പുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. വാപ്പച്ചിയെക്കുറിച്ച് എഴുതിയാല്‍ വായിക്കാനായി ആളുണ്ടാകുമെന്നുള്ളത് കൊണ്ടാകാം അത്തരത്തില്‍ അവര്‍ എഴുതിയത്.

വാപ്പച്ചി മരിക്കുന്ന ദിവസം ചെന്നൈയിലായിരുന്നു ഞാന്‍. പുതുമുഖ സംവിധായകനായ ഡിമല്‍ ഡെന്നീസിന്റെ വലിയപെരുന്നാളാണ് അടുത്ത സിനിമ. അതിന് വേണ്ടിയുള്ള ഒരു ട്രെയ്‌നിംഗ് പ്രോഗ്രാമിലായിരുന്നു. അന്ന് പകല്‍ എന്നെ വാപ്പച്ചി വിളിച്ചിരുന്നു. ഞാനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് പറഞ്ഞത്. ‘അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട് എന്തുവേണം’ എന്ന് ചോദിച്ചു. വാപ്പച്ചി തീരുമാനിച്ചോളാന്‍ ഞാന്‍ മറുപടിയും പറഞ്ഞു.

പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയ്‌നിംഗിനെ പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍-ആരോഗ്യം നോക്കണം, ഭക്ഷണം ശ്രദ്ധിക്കണം… അങ്ങനെ ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

ഷെയ്ന്‍ നിഗം എന്ന പേര് എവിടുന്ന് കിട്ടിയെന്ന് വാപ്പച്ചിയോട് ചോദിച്ചിട്ടുണ്ട്. ദുബൈയില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയപ്പോള്‍ സുഹൃത്ത് നിര്‍ദ്ദേശിച്ച പേരാണത്രെ ഷെയ്ന്‍. പേരിന്റെ ഗമ കുറച്ചു കൂട്ടാനാടാ ഞാന്‍ നിഗം എന്ന് കൂട്ടി ചേര്‍ത്തത് എന്ന് അന്ന് വാപ്പച്ചി പറഞ്ഞു.

കൊച്ചി: ബി.ജെ.പി. പ്രവര്‍ത്തകനായ പയ്യോളി മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് പയ്യോളിയിലെ സി.പി.എം. പാര്‍ട്ടി ഓഫീസിലെന്ന് സി.ബി.ഐ. വധിക്കാനുള്ള ലോക്കല്‍ കമ്മറ്റി തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നും സി.ബി.ഐ. റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. വ്യക്തിെവെരാഗ്യമല്ലെന്നും രാഷ്ട്രീയ കൊലപാതകമെന്നും വ്യക്തമാക്കുന്നു.

ഒന്നും രണ്ടും പ്രതികളായ അജിത് കുമാര്‍, ജിതേഷ് എന്നിവരെയാണ് പാര്‍ട്ടി പ്രാദേശികനേതാക്കള്‍ കൃത്യം നടത്താന്‍ ഏല്‍പിച്ചത്. ഇവര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ സമ്മര്‍ദം ചെലുത്തിയാണ് കൊലപാതകം നടപ്പാക്കിയതെന്നും സി.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നു.

പ്രതികളില്‍ പലര്‍ക്കും മനോജിനെ മുന്‍ പരിചയം ഉണ്ടായിരുന്നില്ല. മനോജിന്റെ വീടിനു മുന്നില്‍ സംഘടിച്ച ഇരുപതുപേരില്‍ ഏഴുപേരാണ് കൃത്യം നടപ്പാക്കിയത്. സി.ഐ.ടി.യുക്കാരനായ ഓട്ടോ ഡ്രൈവര്‍ ബാബുവിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണ് സി.ടി. മനോജിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.

ഇരുപത്തിരണ്ടാം പ്രതിയായ അനൂപാണ് ആയുധങ്ങള്‍ എത്തിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം. നേതാക്കളടക്കം ഒന്‍പതു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ വിദേശത്താണെന്നും സി.ബി.ഐ., കോടതിയെ ബോധിപ്പിച്ചു.

കേസ് ആദ്യമന്വേഷിച്ച പോലീസ് സംഘം തയാറാക്കിയ പ്രതിപ്പട്ടികയ്ക്കു പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയതയെന്ന് മൂന്നാം പ്രതിയായിരുന്ന ബിജു വടക്കയിലിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയിലെ ഒരുപക്ഷത്തിനു താല്‍പ്പര്യമില്ലാത്തതിന്റെ പേരില്‍, നിരപരാധികളാണ് അന്നു പ്രതിചേര്‍ക്കപ്പെട്ടത്. നേരത്തേ പോലീസ് പാര്‍ട്ടിയില്‍നിന്നു െകെമാറിക്കിട്ടിയ പട്ടിക പ്രകാരമാണ് അറസ്റ്റ് നടത്തിയത്. പാര്‍ട്ടിയിലെ വിഭാഗീയത ചിലര്‍ മുതലെടുക്കുകയായിരുന്നു. ഇപ്പോഴത്തെ അറസ്‌റ്റോടെ കാര്യങ്ങള്‍ വ്യക്തമായി.

കേസനേഷണം ക്രൈംബാഞ്ച് ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കേസ് സി.ബി.ഐയുടെ പക്കലെത്തിയതോടെ ആദ്യ കുറ്റപത്രം റദ്ദാക്കി. സി.ബി.ഐയുടെ അന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടുപോകുന്നതെന്നും സി.പി.എം. പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.െവെ.എഫ്‌ഐ. മുന്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ബിജു പറഞ്ഞു. ഇപ്പോള്‍ സി.ബി.ഐ. നടത്തിയ അറസ്റ്റുകള്‍ അന്ന് ആരോപിക്കപ്പെട്ട പല കാര്യങ്ങളും ശരിവയ്ക്കുന്ന വിധത്തിലുള്ളതാണ്.

ക്രൈംബ്രാഞ്ചും സി.ബി.ഐയും തന്നെ വിളിപ്പിച്ചിരുന്നുവെന്നും ബിജു പറഞ്ഞു. ലോക്കല്‍ പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ബിജു അടക്കം 15 പേരെയാണു പ്രതിചേര്‍ത്തത്. കോഴിക്കോട് ജില്ലാ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ഇവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ തുറന്നടിച്ചതോടെ കേസിന്റെ ഗതി മാറി.

കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു. ജനുവരി 12 വരെ റിമാന്‍ഡ് ചെയ്ത ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജനുവരി 10 വരെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍. ശേഷാദ്രിനാഥ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

 

സീറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തില്‍ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇന്ന് ക്രൈസ്തവ സഭകളിലുണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ അറ്റം മാത്രമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്. ചില സഭകളും പുരോഹിതരുമുള്‍പ്പെടെ യാതൊരു കുറ്റബോധവുമില്ലാതെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് സഭകള്‍ക്ക് വന്നുഭവിച്ച ഈ പരിണാമത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്ന് ക്രൈസ്തവ സഭകളിൽ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങൾ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകൾ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവൽക്കരിക്കപ്പെടുന്നതിന്റെ പ്രശ്നങ്ങളാണിത്. പല സഭകളും (ചില പുരോഹിതർ ഉൾപ്പെടെ ) ഈ കാലത്ത് യാതൊരു കുറ്റബോധവും ഇല്ലാതെ റിയൽ എസ്‌റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏർപ്പെടുന്നത് സഭകൾക്ക് വന്നു ഭവിച്ചിരിക്കുന്ന ഈ പരിണാമത്തിന്റെ ദുരന്തഫലമാണ്. യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവർക്കെതിരെ യേശു ക്രിസ്തു ചാട്ടവാർ എടുത്തത് സഭകൾ ഓർക്കേണ്ടതാണ്. “നിങ്ങൾക്ക് സമ്പത്തിനെയും ദൈവത്തെയും ഒരേ സമയം സേവിക്കുവാൻ കഴികയില്ല” എന്ന ക്രിസ്തു പ്രബോധനവും സഭകൾ നഷ്ടപ്പെടുത്തുന്നു. ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വർദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നു.

 

RECENT POSTS
Copyright © . All rights reserved