Kerala

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്‌ലിന്‍ ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്‌ക്കൊപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. അഭിഭാഷകയെ ഉപദ്രവിച്ച വിവരമറിഞ്ഞ് അവിടെ പോയി അവരെ കണ്ടുവെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. സംഘടന ഒപ്പമുണ്ടെന്ന് അവരോടു പറഞ്ഞു. പൊലീസ് നടപടികള്‍ക്കും അന്വേഷണത്തിനും ചികിത്സയ്ക്കും വേണ്ട സഹായം നല്‍കുമെന്നു അറിയിച്ചുവെന്നും സെക്രട്ടറി വ്യക്തമാക്കി. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കോടതി വളപ്പിനുള്ളില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്​ലിന്‍ ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബെയ്‌ലിന്‍ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍നിന്ന് പൊലീസിനെ തടഞ്ഞെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മറ്റൊരു ജൂനിയറുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. ‘‘കോടതിയില്‍ എത്തിയപ്പോള്‍ അടുത്തുചെന്ന് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു സീനിയറോട് പറഞ്ഞു. നീ പറയുന്നതൊന്നും എനിക്കു കേള്‍ക്കേണ്ടെന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ ഇറങ്ങിപോകാൻ തുടങ്ങി. സര്‍ തന്നെ ആ ജൂനിയറിന് മുന്നറിയിപ്പു നല്‍കണം. അല്ലെങ്കില്‍ എനിക്കു ചെയ്യേണ്ടിവരുമെന്നു അപ്പോൾ ഞാൻ പറഞ്ഞു. തുടര്‍ന്ന് എന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ജോലി ചെയ്യാൻ വന്നാൽ അതു ചെയ്താൽ മതിയെന്നും അടുത്തുനിന്ന ജൂനിയറിനോടു ഞാൻ പറഞ്ഞു. അപ്പോള്‍ നീ ഇത് ആരോടാണ് സംസാരിക്കുന്നതെന്നു ചോദിച്ച് അവരുടെ മുന്നില്‍ വച്ച് സർ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണിട്ട് വീണ്ടും അടിച്ചു.’’– ശ്യാമിലി പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. ക്രൈസ്തവ വിഭാഗത്തിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെത്തുന്നത് 21 വർഷത്തിന് ശേഷമാണ്.

സാമുദായിക സന്തുലനത്തിന്റെ ഭാഗമായി ഈഴവ വിഭാഗത്തിൽ നിന്നുള്ള അടൂർ പ്രകാശ് യുഡിഎഫ് കൺവീനറായും പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ‌ വർക്കിങ് പ്രസിഡന്റുമാരായും ചുമതലയേറ്റു.അതേസമയം സണ്ണി ജോസഫിൻ്റെ അധ്യക്ഷ പദവിയിൽ പരസ്യ അതൃപ്തിയുമായി ആന്റോ ആന്റണി രംഗത്തെത്തി.

അഭിമാനവും സന്തോഷവും നിറഞ്ഞ ദിവസമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. സൗമ്യനായ നേതാവാണ് സണ്ണി ജോസഫ്. ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിൽക്കുന്നയാൾ. വളരെ ധീരനായ നേതാവിനെ തന്നെയാണ് പുതിയ അധ്യക്ഷനാക്കിയത്. അടൂർ പ്രകാശിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെക്കുറെ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന കോൺഗ്രസിലെ പൊളിച്ചെഴുത്ത്. അനിവാര്യമായ പടിയിറക്കത്തെ പരമാവധി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കെ. സുധാകരൻ ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി.

മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് വാദിച്ച സണ്ണി ജോസഫ്, സുധാകരന് പകരക്കാരനായി എത്തിയെന്നതാണ് മറ്റൊരു രാഷ്ട്രീയ കൗതുകം. കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരൻ മാറിയപ്പോഴും പകരക്കാരനായത് സണ്ണി ജോസഫായിരുന്നു.

യുവാവിനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈ(36)-നെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിച്ചു. പീരുമേട് പോലീസിൽ പരാതിയും നൽകി.

ടൗണിന് സമീപം വാഗമൺ റോഡിൽ ബിവറേജ് ഔട്ട്‌ലെറ്റിനു സമീപത്തെ റോഡരികിലെ കാറിലാണ് ഷക്കീർ ഹുസൈനെ രാവിലെ ബന്ധുക്കൾ കണ്ടെത്തുന്നത്. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ ശനിയാഴ്ച രാത്രിമുതൽ അന്വേഷിക്കുകയായിരുന്നു. സ്വന്തം കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ഡോർ തുറന്ന നിലയിലായിരുന്നു. പീരുമേട് ഡിവൈഎസ്‌പി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി, ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ രക്തക്കറ കണ്ടെത്തി. സമീപത്തെ സിസിടിവി പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർയാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നവരാണ് മരിച്ചത്.

ട്രാവലറിലെ എട്ടു പേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടക സ്വദേശികളായിരുന്നു ട്രാവലിറിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (39), മക്കളായ അഭിനന്ദ് (9), അഭിനവ് (4), ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചതെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. വീടിന് എങ്ങനെ തീ പിടിച്ചെന്നും എപ്പോള്‍ തീപിടിച്ചെന്നും സംബന്ധിച്ച് വ്യക്തതയില്ല. കത്തിനശിച്ച വീടിന് സമീപം മറ്റ് വീടുകളൊന്നും തന്നെയില്ല.

ശനിയാഴ്ച വൈകുന്നേരം വീടിന് സമീപമെത്തിയ പ്രദേശവാസിയാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയടക്കം കത്തിനശിച്ച നിലയില്‍ കണ്ടത്. ഇവര്‍ നടത്തി പരിശോധനയില്‍ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന അഭിനവിനെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വയറിന്റെ ഭാഗത്താണ് പെള്ളലേറ്റിരുന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അഭിനവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച വിരളടയാള വിദഗ്ദരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിേശാധന നടത്തിയശേഷമേ സംഭവത്തെക്കുറിച്ച് വ്യക്തത വരുള്ളൂ എന്ന് പോലീസ് അറിയിച്ചു. കോവിഡ് കാലത്താണ് ഗൃഹനാഥനായ അനീഷ് മരിച്ചത്. കഴിഞ്ഞ ദിവസം അനീഷിന്റെ മൂന്നാം ചരമവാര്‍ഷികമായിരുന്നു. അനീഷിന്റെ മരണത്തില്‍ കുടുംബം അതീവ ദുഃഖത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടുംബത്തിന് കടബാധ്യതയോ മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളോ ഉള്ളതായി നാട്ടുകാര്‍ക്ക് അറിവില്ല.

സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. ആലപ്പുഴയിൽ വളർത്തു നായയിൽ നിന്ന് പേവിഷബാധയേറ്റതിനെ തുടർന്ന് വിദ്യാർഥി മരിച്ചു. വളർത്തു നായയുടെ നഖം കൊണ്ടുള്ള പോറലേറ്റ് പേവിഷബാധയുണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്ന തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്.

ബന്ധുവീട്ടിൽ വച്ച് സൂരജിന് വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റെരുന്നു. എന്നാൽ വിദ്യാർഥി വാക്സീൻ എടുത്തിരുന്നില്ല. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സൂരജിന്‍റെ മൃതദേഹം എംബാം ചെയ്ത് ബന്ധുക്കൾക്കു കൈമാറി.

സംസ്ഥാനത്ത് നാല് മാസത്തിനുള്ളിൽ നാല് കുട്ടികളുൾപ്പടെ 15 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേരായി മരണ സംഖ്യ ഉയർന്നു.

2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.

കഴിഞ്ഞ നാല് ദിവസമായി പനിയും ശ്വാസ തടസവും നേരിട്ടതിനെ തുടര്‍ന്നാണ് ഇവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിക്കുന്നത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

കെ. സുധാകരനു പിൻഗാമിയായി കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എം.എൽ.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കി.

പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാർ. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുയിയായ സണ്ണി ജോസഫിനെ നിയമിച്ചത്.

2011 മുതൽ പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്. കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ, ടി.സിദ്ദിഖ് എന്നിവരായിരുന്നു നിലവിൽ വർക്കിങ് പ്രസിഡന്റുമാർ.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുമുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റിയത്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ആശയവിനിമയത്തില്‍ മേല്‍ക്കൈ. എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവ വോട്ടുകള്‍ നേരിയതെങ്കിലും ബിജെപിയിലേക്ക് ചായുന്നെന്ന ചിന്തയുമുണ്ട്.

സുധാകരനെ മാറ്റുമ്പോള്‍ ഈഴവ വിഭാഗത്തില്‍നിന്നുണ്ടാകാവുന്ന എതിര്‍പ്പും കണക്കിലെടുത്തു. അതുകൊണ്ടാണ് ഈഴവ വിഭാഗത്തില്‍നിന്ന് പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിന് യു.ഡി.എഫ് കൺവീനർ സ്ഥാനം നൽകിയത്.

26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറിന്റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ നിലവിലെ തലവന്‍ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് കേരളവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ വളര്‍ത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുള്‍.

ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്.. ഇതിന് ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ ഇയാള്‍ അവിടെ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു.

ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നതിനിടെ 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍ഡിഎക്‌സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട സജ്ജാദ് പിന്നീട് 2017ലാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ പാകിസ്താനിലേക്ക് പോവുകയും ചെയ്ത ഐഎസ്‌ഐയുടെ ശിക്ഷണത്തിലും ഉപദേശത്തിലും റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിച്ച സംഘടനകള്‍ക്ക് പകരം ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് ഐഎസ്‌ഐ നടപ്പിലാക്കിയത്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു സംവിധാനമൊരുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. പുല്‍വാമയ്ക്ക് പിന്നാലെ പാകിസ്താന്‍ ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന രീതിയില്‍ ആഗോളതലത്തില്‍ ചര്‍ച്ചകള്‍ വരികയും ചെയ്തിരുന്നു. ഭാവിയില്‍ അത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ടി.ആര്‍.എഫിലൂടെ ഐഎസ്‌ഐ ലക്ഷ്യമിട്ടത്.

മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ടിആര്‍എഫിന്റെ പ്രവര്‍ത്തനം സജീവമായി. 2020 മുതല്‍ 2024 വരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍ ജമ്മു കശ്മീരില്‍ നടത്തി. കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആര്‍.എഫിന്റെ സ്വഭാവമായിരുന്നു. നിലവില്‍ 50 വയസുള്ള സജ്ജാദ് ഗൗളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2022ല്‍ തന്നെ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ജോലിക്ക് പോയ യുവതി വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം. യുവതിയുടെ മുൻ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു കൃഷ്ണന്‍ (36) ആണ് ഇന്നലെ മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ഇന്നലെ രാവിലെ 9നു ജോലിക്കു പോകുമ്പോള്‍ വെട്ടിക്കാവുങ്കല്‍ – പൂവന്‍പാറപ്പടി റോഡിലാണ് അപകടം.

വാഹനമിടിച്ച് അബോധാവസ്ഥയില്‍ കിടന്ന നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലൂടെ എത്തിയ വാഹനം ഇടിച്ചുവീഴ്ത്തിയെന്നാണു പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്കു പോകുന്നതു കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചു.

വാഹനം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ടു സമീപകാലത്തു നടന്ന സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നീതുവിന്റെ മക്കള്‍: ലക്ഷ്മി നന്ദ, ദേവനന്ദ. സംസ്‌കാരം പിന്നീട്.

Copyright © . All rights reserved