Kerala

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയ കേസിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുന്ന കാർത്തികയെയാണ് സെൻട്രൽ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവർ തൃശ്ശൂരിലാണ് ഇപ്പോൾ താമസിക്കുന്നത്.

തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്. 2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്.

എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാൻ ആവശ്യമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷൻസ് അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിലെ പുക പടർന്നതിൽ അടിയന്തര മെഡിക്കൽ യോഗം നടക്കും. രാവിലെ പത്ത് മണിയോടെയാകും യോ​ഗം നടക്കുക. ആശുപത്രിയിൽ സാങ്കേതിക വിദഗ്ധരുടെ പരിശോധനയും രാവിലെ നടക്കും. മെഡിക്കൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ.

വിഭാഗത്തിൽ ഉണ്ടായിരുന്ന 14 ഓപ്പറേഷൻ യൂണിറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ പകരം സംവിധാനം ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചു. അപകടം ഉണ്ടായ ബ്ലോക്കിൽ ഉണ്ടായിരുന്ന രോഗികളെ പൂർണമായും വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ ഉണ്ടായ അഞ്ച് പേരുടെയും മരണത്തിൽ അസ്വഭാവിക മരണത്തിന് ബന്ധുക്കൾ പരാതി നൽകി.

കോഴിക്കോട് മെഡിക്കൽ കോളജിൽ പുക ഉയർന്നതിന് പിന്നാലെ രോഗികൾ മരിച്ചതിൽ ഔദ്യോഗിക വിശദീകരണവുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജീത്ത് കുമാർ രം​ഗത്തെത്തി. പുക ഉയർന്നതിൻ്റെ ഭാഗമായി രോഗികൾ മരിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജിൽ നാല് രോഗികൾ മരിച്ചുവെന്നും ആശുപത്രി അധികൃത‍ർ അറിയിച്ചു. മരിച്ച നാല് രോഗികളും നേരത്തെ ഗുരുതര അവസ്ഥയിൽ ആയിരുന്നു. അതിൽ രണ്ടുപേർ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇവർ ക്യാൻസർ ബാധിതർ ആയിരുന്നുവെന്നും മറ്റൊരാൾ ലിവർ പേഷ്യൻ്റ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോഴിക്കോട് താമരശ്ശേരിയിലും കിഴക്കന്‍ മലയോരമേഖലയിലും ഇടിമിന്നലോടുകൂടിയുള്ള മഴ തുടരുകയാണ്. അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

വൈകിട്ട് നാലുമണി മുതല്‍ തിരുവനന്തപുരത്ത് പെയ്ത മഴ മണിക്കൂറിലധികം സമയം തുടര്‍ന്നു. വൈകീട്ട് ആറരയോടെ നഗരത്തില്‍ മഴയ്ക്ക് നേരിയതോതില്‍ ശമനമുണ്ട്. വെള്ളായണിയില്‍ ഒന്നര മണിക്കൂറില്‍ പെയ്തത് 77 മില്ലീമീറ്റര്‍ മഴയാണ്.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു .മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമര്‍പ്പിച്ചത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിനിടെ ഇന്ത്യ മുന്നണിയേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസ്. ഇന്ത്യ മുന്നണിക്കെതിരേ മോശമായി സംസാരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതിനെതിരേ കെ.സി. വേണുഗോപാല്‍ എം.പി രംഗത്തെത്തി. ഇന്ത്യ മുന്നണിയുടെ നെടുംതൂണാണ് മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ആ നെടുംതൂണ്‍ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചില്ലല്ലോ എന്ന് വേണുഗോപാല്‍ പരിഹസിച്ചു.

പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.

ഇന്ന് രാവിലെ 9.45ന് പ്രധാനമന്ത്രി രാജ്ഭവനിൽ നിന്ന് വിഴിഞ്ഞത്തേക്ക് തിരിക്കും. 10.15ന് വ്യോമസേനാ ഹെലികോപ്ടറിൽ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തും. തുടര്‍ന്ന് തുറമുഖം നടന്ന് കാണും. ഇതിനുശേഷം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. പെഹൽഗാം ആക്രമണ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം.

കരയിലും കടലിലും പഴുതടച്ച സുരക്ഷ തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും.

രാവിലെ ഏഴ് മുതൽ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പ്രവേശനം പൊതുജനങ്ങളെ കടത്തിവിടും. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹവ്യൂഹം മാത്രമേ കടത്തിവിടൂ. വിഴിഞ്ഞം പരിസരത്ത് പാർക്കിംഗിനടക്കം നിയന്ത്രണം ഏ‌‌ർപ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിന്‍റെ വിശദാംശങ്ങൾ

10:30ന് പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും
25 മിനിട്ട് പദ്ധതി പ്രദേശത്ത് സന്ദർശനം
11 മണിക്ക് പ്രധാനമന്ത്രി വേദിയിലെത്തും
പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്യും
11:02 – 11:05 തുറമുഖം മന്ത്രി വി എൻ വാസവന്‍റെ സ്വാഗത പ്രസംഗം
11:05 -11:10 മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം
11:10 – 11:15 തുറമുഖം രാജ്യത്തിനു സമർപ്പിക്കും
11:15 – 12:00 പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
12: 00 -പ്രധാനമന്ത്രിയുടെ മടക്കം

വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തില്‍ 11 യുവതികളെ ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്.

പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ‘ആര്‍ട്ടിക്കി’ല്‍ ആദ്യം പരിശോധനയ്‌ക്കെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പോലീസിന്റെയും ഡാന്‍സാഫിന്റെയും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് സംശയത്തെ തുടര്‍ന്ന് വൈറ്റിലയിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്.

ഹോട്ടലില്‍ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്നവിവരം. അസി. കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിയായി ബെന്നി തടത്തിലിനെ തിരഞ്ഞെടുത്തു.
മുൻ എം. പി തോമസ് ചാഴികാടന്റെ പേഴ്‌സണൽ സ്റ്റാഫിൽ എം പി ഫണ്ട് പ്രോജക്ട് കോഓർഡിനേറ്റർ ആയിരുന്നു. യൂത്ത്ഫ്രണ്ട് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡണ്ട്, അതിരമ്പുഴ മണ്ഡലം പ്രസിഡണ്ട്, പ്രവാസി കേരള കോൺഗ്രസ് (സൗദി അറേബ്യ) രക്ഷാധികാരി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

റാപ്പർ വേടന്റെ പുലിപ്പല്ല് കേസില്‍ നിലപാട് മാറ്റി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വേടനെ പോലുളള ഒരു പ്രശസ്തനായ ഗായകന്റെ കേസ് കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച്‌ കൂടി സൂക്ഷ്മത വേണമായിരുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

‘കേസില്‍ എന്തെങ്കിലും നിയമവിരുദ്ധത നടന്നിട്ടുണ്ടോയെന്നും ധാമർമികമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. നടൻമാരായ മോഹൻലാലിനും സുരേഷ്‌ഗോപിക്കും കിട്ടിയ നീതി വേടനും ലഭിക്കും.

പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുളള ബാദ്ധ്യത വനം വകുപ്പിനുണ്ട്. കേസില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുന്നതിന് തടസമില്ല. സമൂഹത്തോട് പ്രതിബദ്ധതയുളള ഗായകനാണ്. അദ്ദേഹം നാടിന്റെ സ്വത്താണ്’- മന്ത്രി കൂട്ടിച്ചേർത്തു.

ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം ഉഴവൂരിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചേയായിരുന്നു അന്ത്യം. 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.

മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ് ഇന്ത്യ നേടിയത്. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയായ സണ്ണി തോമസ് 1993 മുതല്‍ 2012 വരെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു.

റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു സണ്ണി തോമസ്.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദേഹം വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഷൂട്ടിങില്‍ ഇന്ത്യ നേടിയ മെഡല്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അര്‍പ്പണവുമുണ്ട്.

പാല തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26 നാണ് സണ്ണി തോമസ് ജനിച്ചത്. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ അധ്യാപകനായിരുന്നു.

ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കള്‍: ജീസസ് യൂത്ത് അന്തര്‍ദേശീയ നേതാവ് മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി.

പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

പുല്ലിപ്പല്ല് കേസില്‍ കഴിഞ്ഞദിവസം വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് വേടനുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയുടെ നിര്‍ദേശമനുസരിച്ച് ബുധനാഴ്ച വൈകീട്ട് തിരികെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് വേടന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകര്‍ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞു. ഇത് യഥാര്‍ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണ്. മാത്രമല്ല, മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഈ ആരാധകരില്‍ രഞ്ജിത് എന്നയാളെ മാത്രമാണ് തനിക്ക് പരിചയമുള്ളതെന്നും വേടന്‍ പറഞ്ഞിരുന്നു. കേസില്‍ വേടനുമായി വനംവകുപ്പ് തെളിവെടുപ്പും നടത്തിയിരുന്നു.

Copyright © . All rights reserved