അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ശർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്.
വീട്ടിൽ നിന്ന് ഇഡ്ഡലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചികിത്സയിലുള്ള ബാക്കി മൂന്നുപേർക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. ശശീന്ദ്രന്റെ അമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല.
ഇയാൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്തെ വാഴക്കാട് വീടിൻ്റെ ടെറസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് മൊയ്തീൻ്റെ ഭാര്യ നജ്മുന്നിസയാണ് മരിച്ചത്.വീടിൻ്റെ ടെറസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. നജ്മുന്നിസയുടെ ഭർത്താവ് മൊയ്തീനാണ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്.
ഇവരുടെ ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീടിനു മുന്നിൽനിന്ന് കണ്ടെത്തി. മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തിന് അരികിലായി മുളകുപൊടിയുടെ കവറും കണ്ടെത്തി.
അതേസമയം നജ്മുന്നിസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം പോലീസിൽ പരാതി നൽകി. നജ്മുന്നിസ രാവിലെ സ്വന്തം വീട്ടിലേക്ക് പോയെന്നും അലാറം കേട്ട് മുകളിൽ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും ഭർത്താവ് മൊയ്തീൻ പോലീസിനു മൊഴി നൽകി.
വാഴക്കാട് പോലീസ്, ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസ്, കൊണ്ടോട്ടി എഎസ്പി വിജയ് ഭരത് റെഡി ഐപിഎസ്, വാഴക്കാട് എസ്ഐ ഷാഹുൽ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും.
ഗര്ഭിണിയായ 21കാരിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റില് തള്ളിയ സംഭവത്തില് ഒരാള് അറസ്റ്റില് . കൊങ്കൺ പാളയം സ്വദേശി ലോകേഷ് (23) ആണ് അറസ്റ്റിലായത്. ഗോപിചെട്ടിപ്പാളയത്തെ സ്വകാര്യ കോളേജിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.
സ്വകാര്യ ഐടി കമ്പനിയിലാണ് ലോകേഷ് ജോലി ചെയ്യുന്നത്. താൻ ഗർഭിണിയായ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ പ്രതികൾ വിസമ്മതിച്ചു. തുടർന്ന് മാതാപിതാക്കൾ അറിയാതെ ഗർഭച്ഛിദ്രം നടത്താൻ ഇരുവരും തീരുമാനിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച അവർ ആശുപത്രിയിൽ പോയിരുന്നുവെങ്കിലും ഗർഭം നാലുമാസം കഴിഞ്ഞതിനാൽ ഗർഭഛിദ്രം സാധ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ലോകേഷ് കാമുകിയോടൊപ്പം കൊങ്കർപാളയത്തുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് പോയി. കാമുകിയുടെ അമ്മ ഫോണിൽ വിളിച്ചെന്നും ഉടൻ വീട്ടിലെത്തുമെന്ന് പറഞ്ഞതായും പ്രതി പറഞ്ഞു.
ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് കാമുകിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നും പോലീസ് പറയുമോ എന്ന് ഭയന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. അവനെ അറസ്റ്റ് ചെയ്യുക. അതിനാൽ, അയാൾ അവളുടെ ശരീരം ഒരു ചാക്കിൽ നിറച്ച് കിണറ്റിലേക്ക് തള്ളി. എന്നാൽ ലോകേഷിന്റെ മൊഴി പൊലീസ് വിശ്വസിച്ചില്ലെന്നാണ് റിപ്പോർട്ട്.
ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെവിൻ (ആറ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടി നിർത്തിയ സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മകനെ ചുമലിലിരുത്തി കുളിക്കാനിറങ്ങിയപ്പോൾ കാൽ തെറ്റിവീഴുകയായിരുന്നു. മകൻ ചെളിയിൽ പുതഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവും അപകടത്തിൽപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും, ഇവർക്കായി തെരച്ചിൽ നടത്തുകയുമായിരുന്നു. ഇരുവരെയും കരയ്‌ക്കെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലിജിൻ ഇരിട്ടി എ ജെ ഗോൾഡിലെ ജീവനക്കാരനാണ്. തലക്കാണി യു പി സ്‌കൂളിലെ യു കെ ജി വിദ്യാർത്ഥിയാണ് നെവിൻ. ലിജിന്റെ ഭാര്യ സ്റ്റെഫി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. മകൾ: ശിവാനിയ.
തൃശൂരില്‍ നിന്നു വേളാങ്കണ്ണിക്കു പോയ വാഹനം മറിഞ്ഞു നാല് പേര്‍ മരിച്ചു. 40 പേര്‍ക്കു പരിക്ക്. തൃശൂര്‍ ഒല്ലൂരില്‍ നിന്നു പോയ വാഹനം വളവുതിരിയുന്നതിനിടെ സമീപത്തെ കുഴിയിലേക്കു മറിയുകയായിരുന്നു. അപകട സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നേയുള്ളു. കുരുത്തോലപ്പെരുന്നാള് ദിനത്തില്‍ ഉണ്ടായ ദുരന്തം നാടിനെ നടുക്കി. പുലർച്ചെ നാലുമണിയോടെയാണ് അപകടം. അപകടം നടക്കുമ്പോള് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. 55 വയസ്സുള്ള ഒരു സ്ത്രീയും, എട്ടു വയസ്സുള്ള ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. 40 പേർക്ക് പരിക്കുണ്ട്. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്.
ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണവും പള്ളികളിൽ നടക്കും.
ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. ഇതോട് കൂടി ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്. പള്ളികളിൽ ഒരുക്കങ്ങളെല്ലാം പൂർണ്ണമായി.
എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണം നടപ്പാക്കുന്നതിന് മുന്നോടിയായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുർബാനയർപ്പിക്കാനായി എത്തി. ഓശാന ഞായറിനോടനുബന്ധിച്ച് പള്ളികളിൽ കുരുത്തോല പ്രദിക്ഷണവും പ്രത്യേക ചടങ്ങുകളും നടക്കും.
സിറോ മബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതിന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കൊടുത്തിരിക്കുന്ന അന്ത്യശാസനം ഇന്നാണ്. ഓശാന ഞായർ മുതൽ ഏകാകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപാപ്പയുടെ നിർദേശം. ഏകാകൃത കുർബാന നടപ്പാക്കാൻ എട്ട് മാസം ആവശ്യമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത്. എന്നാൽ സിനഡ് ഈ നിർദേശം അംഗീകരിച്ചില്ല.
കർദ്ദിനാളിനൊപ്പം ബിഷപ്പ് ആന്റണി കരിയിലും കുർബാനയിൽ പങ്കെടുക്കുമെന്ന് സീറോ മലബാർ സഭ സിനഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഏകീകൃത കുർബാന നടപ്പാക്കാൻ സാവകാശം വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത. കർദ്ദിനാളിനൊപ്പം കുർബാനയിൽ പങ്കെടുക്കാൻ ബിഷപ്പ് ആന്റണി കരിയിൽ എത്തിയില്ല. ഏകീകൃത കുർബാന അംഗീകരിക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന അൽമായ മുന്നേറ്റക്കാരും ഇന്ന് ബസിലിക്കയിൽ കുർബാനയ്‌ക്കെത്തും. അതുകൊണ്ട് തന്നെ പള്ളിക്ക് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍ നിന്നും 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനയാണ് അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്ന് പരാതിയില്‍ പറയുന്നു.
മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. . വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്ശത്തിന്റെ അടിസ്ഥാനത്തില് അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
സമാനമായ രീതിയില്‍ ഒരാഴ്ച മുമ്പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അയൽവാസിയുടെ വീടിനുള്ളിൽ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പുലിമേൽ കൂമ്പളൂർ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ജിതേഷ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള പുലിമേൽ ശിവശൈലത്തിൽ രാമചന്ദ്രൻ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയിൽ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ നായർക്കും (76 ) മകൾ ആശയ്ക്കും (46) പൊള്ളലേറ്റിരുന്നു. ആശ ഇടപ്പോണുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിൽ തീ ആളിപ്പടർന്നിരുന്നു.
രണ്ടു നിലകളിലെയും ജനൽച്ചില്ലുകൾ പൊട്ടിച്ചിതറിയ നിലയിലാണ്. മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകൾ പൊട്ടിയിളകിയിട്ടുണ്ട്. ഫർണിച്ചറുകളും, ടെലിവിഷൻ, ഫാൻ തുടങ്ങിയവും കത്തിനശിച്ചു. വിവരം അറിഞ്ഞ് നൂറനാട് പോലീസും ഫയർഫോഴ്സും എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
പെട്രോൾ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എറണാകുളം,പുനലൂർ എന്നിവിടങ്ങളിലായി ഹെവി വാഹനം ഓടിക്കുകയാണ് അവിവാഹിതനായ ജിതേഷ്. രാമചന്ദ്രൻ നായരുടെ വീടുമായി വളരെ അടുപ്പമുള്ള ജിതേഷ് ഇവരുടെ സഹായി കൂടിയാണ്. ഇവരുടെ ഡ്രൈവറായും ജിതേഷ് ജോലി ചെയ്തിരുന്നു. 6 മാസം മുമ്പാണ് ഇവിടുത്തെ വാഹനം വിറ്റത്.
ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന ആശ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സംഭവ സമയം രാമചന്ദ്രൻ നായരും ഭാര്യ ഉമയമ്മയും ആശയും രണ്ട് ചെറുമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ജിതേഷ് വീട്ടിലുണ്ടായിരുന്നുവെന്നും ഉച്ച ഭക്ഷണം തയ്യാറായ സമയം ഒരു ഫോൺ വരുകയും ഭക്ഷണം കഴിക്കാതെ ബൈക്കുമെടുത്ത് പോകുകയുമായിരുന്നെന്ന് അമ്മ വസുമതി പറഞ്ഞു. നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ആലപ്പുഴ നിന്നെത്തിയ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.
മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും. കൂടുതൽ അന്വേഷണത്തിലേ സംഭവം സംബന്ധിച്ച വ്യക്തയുണ്ടാവൂ എന്ന് സി.ഐ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജിതേഷിന്റെ ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരുന്ന ജൂനിയർ റെഡ്ക്രോസ്സ് നെടുമങ്ങാട് സബ് ജില്ലാ കോർഡിനേറ്ററും അധ്യാപികയും ആയ മുംതാസ് ടീച്ചർ മരണത്തിനു കീഴടങ്ങി.
നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയും മരിച്ചു. അഴിക്കോട് വളപ്പെട്ടി സ്വദേശിനി മുംതാസാണ് മരിച്ചത്. മുംതാസിന്റെ മാതാവ് താഹിറ (67) പുലർച്ചെ തന്നെ മരിച്ചിരുന്നു. ഇരുവരെയും വെട്ടിയശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടർന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ നാളെ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് താഹിറയ്ക്ക് വെട്ടേറ്റത്.ഇയാൾ വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് താഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം.
പത്തു വർഷമായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടിൽ തന്നെയായിരുന്നു താമസം. താഹിറ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മുംതാസും മരണത്തിനു കീഴടങ്ങിയത്. ഒരു മകനുണ്ട്
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളിയായ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് ആണ് മരിച്ചത്. വഴിയില്‍ കേടായി നിന്ന വാഹനം പരിശോധിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കാറിടിക്കുകയായിരുന്നു.
ട്രാന്‍സ്‌പോര്‍ട്ടിങ് ജോലി ചെയ്യുന്ന ഇദ്ദേഹം കോള്‍ഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. യാത്ര ചെയ്യുന്നതിനിടെ എന്തോ തകരാര്‍ സംഭവിച്ച് വാഹനം വഴിയില്‍നിന്നുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
സുലൈമാന്‍ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പിന്നീട് പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി. 30 വര്‍ഷമായി റിയാദില്‍ പ്രവാസിയായ സുലൈമാന്‍ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.
പരേതനായ മൈതീന്‍ കുഞ്ഞ് ആണ് പിതാവ്. ഉമ്മ – മുത്തുബീവി, ഭാര്യ – ജമീല ബീവി, മക്കള്‍ – നിയാസ്, നാസില, പരേതനായ നാസ്മിദ്. മരുമകന്‍: ഷറഫുദ്ദീന്‍. സഹോദരങ്ങള് – അബ്ദുൽ അസീസ് (പരേതന്‍), അബ്ദുൽ കലാം, സൗദാ ബീവി (പരേത), അബ്ദുൽ മജീദ്, ഷാഹിദ, നസീമ, നൗഷാദ്, ഫാത്തിഷ.