കാലാവസ്ഥമാറ്റം വിളവെടുപ്പിനെ ബാധിച്ചതോടെ വിലയില്‍ സെഞ്ച്വറിയടിച്ച്‌ തക്കാളി. അതിശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് തക്കാളിക്ക് വില കയറാന്‍ കാരണമായതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും തക്കാളി എത്തുന്നത്. കോയമ്ബത്തൂരിലെ മൊത്തവ്യാപാര കേന്ദ്രമായ എം.ജി.ആര്‍ മാര്‍ക്കറ്റുവഴിയാണ് എറണാകുളം ഭാഗങ്ങളിൽ കൂടുതല്‍ പച്ചക്കറികളും എത്തുന്നത്.

ബീന്‍സ് വില 250 കടന്നിട്ട് നാളുകളായി. ഹോട്ടലുകളിലെ ചൈനീസ് വിഭവങ്ങളില്‍ പേരിന് മാത്രം ബീന്‍സുണ്ട്. പച്ചമുളക് 160ല്‍ ഇടിച്ച്‌ നില്‍ക്കാന്‍ തുടങ്ങിയിട്ടും നാളുകളായി. ഹൊസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ ബീന്‍സ് കൂടുതലായി എത്തുന്നത്. ശൈത്യകാല കൃഷിയായി കാന്തല്ലൂരും ബീന്‍സുണ്ട്.

വില കൂടി നില്‍ക്കുന്ന പച്ചക്കറികള്‍ക്ക് പകരക്കാരെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഹോട്ടലുടമകള്‍. ബീന്‍സിന് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, തക്കാളിക്ക് പകരക്കാരനായുള്ള പരീക്ഷണങ്ങള്‍ പൊടിപൊടിക്കുകയാണ്. ചുവന്ന ക്യാപ്‌സികം തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയും ക്യാപ്സിക്കത്തിനുമുണ്ട്. ക്യാരറ്റും തക്കാളിക്ക് പകരക്കാരനാണ്. മധുരവും നിറവും നല്‍കാന്‍ ക്യാരറ്റിനും കഴിയും.

ക്യാരറ്റ് അരച്ച്‌ ചേര്‍ത്താല്‍ കറികള്‍ക്ക് കൊഴുപ്പും കിട്ടും. എന്നാല്‍ തക്കാളിയുടെ അതേ രുചി കിട്ടില്ല. പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ കറിപ്പുളി ചേര്‍ത്തും പോകുന്നവരുണ്ട്. കറിപ്പുളി ചേര്‍ത്ത ശേഷം ചുവന്ന ക്യാപ്സിക്കം ചെറുതായി അരിഞ്ഞ് ചേര്‍ത്താല്‍ തക്കാളിയുടെ ലുക്കും രുചിയും കിട്ടുമെന്ന് പറയുന്നു ചില ഹോട്ടലുടമകള്‍. പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ പകരമായി വയ്ക്കാവുന്ന മറ്റൊന്ന് വിനാഗിരിയാണ്. പഴുത്ത കുടംപുളി ചേര്‍ത്തും പകരം പരീക്ഷണം നടക്കുന്നുണ്ട്. നിറം ഒഴികെ മറ്റ് രീതിയില്‍ തക്കാളിക്ക് പകരമാകാന്‍ പഴുത്ത കുടംപുളിക്ക് കഴിയും.