Kerala

ആലപ്പുഴയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര തൈവെളിയിൽ വീട്ടിൽ അനിലിന്റെ മക്കളായ അദ്വൈത്, അനന്തു എന്നിവരാണ് മരിച്ചത്. എട്ട്, ആറ് ക്ലാസിലെ വിദ്യാർഥികളാണ് ഇരുവരും. പറവൂർ കുറുവപ്പാടെത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിലായിരുന്നു ഇരുവരും.

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറുവ പാടത്തിനടുത്തുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് ഇരുവരും പോയതായി വിവരം ലഭിച്ചു.പാടത്തിന്റെ പുറം ബണ്ടിലൂടെ രണ്ട് പേരും ചേർന്ന് നടന്നുപോകുന്നതായി കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് ഫയർഫോഴ്സ് ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പാടത്ത് കൃഷിയില്ലാത്തതിനാൽ വെള്ളം കയറ്റിയിട്ടിരുന്നു. പുറം ബണ്ടിലെ കുഴിയും നീന്തി വേണം യാത്ര ചെയ്യാൻ. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.

അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് ഇയാൾ പിടിയിലായത്. അനുമോളെ കഴുത്ത് ഞെരിച്ച് കൊന്നു കട്ടിലിനടിയില്‍ പുതപ്പുകൊണ്ട് കെട്ടിവെച്ച് കടന്നു കളഞ്ഞ വിജേഷ് ആറു ദിവസത്തിനു ശേഷമാണ് കട്ടപ്പന പോലീസ് പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് വിജേഷിനു പിന്നാലെയായിരുന്നു. വിജേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്.

ദാമ്പത്യ കലഹങ്ങളാണ് ക്രൂരമായ കൊലയ്ക്ക് വഴിവെച്ചത് എന്നാണ് വിജേഷ് പോലീസിനോട് പറഞ്ഞത്. വിജേഷ് മര്‍ദ്ദിക്കുന്നത് പതിവായപ്പോള്‍ അനുമോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് പ്രകോപനമായത്. വിജേഷ് മദ്യപിച്ച് വരുന്നതിനെ ചൊല്ലി വിജേഷും അനുമോളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. അനുമോളെ കൊന്ന അന്നും വിജേഷ് മദ്യപിച്ചാണ് വന്നത്. പെട്ടെന്നുള്ള പ്രകോപനവും മദ്യവുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസിനോട് വിജേഷ് പറഞ്ഞത്. കൊല നടത്തിയതില്‍ പിടി വീഴും എന്ന് അറിയാമായിരുന്നുവെന്നും വിജേഷ് മൊഴി നല്‍കിയിട്ടുണ്ട്. തമിഴ്നാട് തേനിയിലും കമ്പത്തുമാണ് ഈ ദിവസങ്ങളില്‍ തങ്ങിയത്. തിരികെ കുമളിയില്‍ എത്തിയപ്പോഴാണ് വിജേഷിന് പിടി വീണത്.

വിജേഷിന്റെ മൊബൈല്‍ ഫോണ്‍ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. കാഞ്ചിയാർ ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ അനുമോൾ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ തിരക്കിലായിരുന്നു. പക്ഷേ, അന്നേ ദിവസം അനുമോൾ സ്കൂളിലെത്തിയില്ല. മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവർ വിളിച്ചപ്പോൾ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.

മകളെ കാണാതായി എന്ന് മനസിലാക്കി അനുമോളുടെ മാതാപിതാക്കള്‍ വന്നെങ്കിലും കിടപ്പുമുറിയില്‍ കടക്കാന്‍ സമ്മതിക്കാതെ വിജേഷ് ഗോപ്യമായി ഇവരെ ഒഴിവാക്കി. ഇതിനിടയില്‍ വിജേഷും മുങ്ങി. മാതാപിതാക്കള്‍ വീണ്ടും വീട്ടില്‍ വന്നപ്പോള്‍ വിജേഷ് ഇല്ലായിരുന്നു. ഇവര്‍ വീടിനു അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കട്ടിലിന്നടിയില്‍ മകളുടെ ജഡം പൊതിഞ്ഞുവെച്ചത് കണ്ടത്. അപ്പോഴേക്കും ദുര്‍ഗന്ധവും വമിച്ചിരുന്നു.

അനുമോളുടെ ഫോണ്‍ പിന്നെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടുകിട്ടിയത്. ഇത് ഒരാള്‍ക്ക് വിറ്റ്‌ അതിന്റെ പണവുമായാണ്‌ വിജേഷ് മുങ്ങിയത്. 5000 രൂപയ്ക്കാണ് ഫോൺ വിറ്റത്. ഒടുവില്‍ നിരന്തര അന്വേഷണത്തിന്നൊടുവില്‍ വിജേഷും പോലീസ് പിടിയിലായി.

 

ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ലോഡ്ജിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജു(40) ആണ് കായംകുളത്തെ ലോഡ്ജിൽ ജീവനൊടുക്കിയത്. യുവാവ് മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ വാസ്തവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ബെെജു രാജുവിൻ്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. യുവാവിൻ്റെ ഭാര്യയായ ഇലന്തൂർ സ്വദേശിനി ന്യൂസിലാൻഡിലേക്ക് തിരികെപോയതായാണ് പൊലീസ് പറയുന്നത്. ബൈജുവിൻ്റെ വീട്ടുകാരുടെയും ഭാര്യവീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം നടന്നുവരികയാണെന്നും അതേസമയം ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം ബെെജുവിൻ്റെ ഭാര്യവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈജുവിൻ്റെ പിതാവ് രാജു രംഗത്തെത്തി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബൈജുവിൻ്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ സംഭവങ്ങൾ രാജു വ്യക്തമാക്കുന്നുണ്ട്. ന്യൂസിലാൻഡിൽ ആദ്യം പോയത് ബെെജുവിൻ്റെ ഭാര്യയാണ്. രണ്ടുവർഷത്തിനുശേഷമാണ് മകൻ ന്യൂസിലാൻഡിൽ എത്തുന്നതെന്നും രാജു പറയുന്നു. ഇതിനിടയിൽ ബൈജുവിൻ്റെ ഭാര്യയും ടിജോ എന്നു പറയുന്ന വ്യക്തിയും തമ്മിൽ അരുതാത്ത ബന്ധങ്ങൾ ഉണ്ടാവുകയായിരുന്നു എന്നാണ് പിതാവ് പറയുന്നത്. മകൻ അവളെ എത്തിയശേഷം ഇക്കാര്യം അറിയുകയും ഇതു സംബന്ധിച്ച് ഇവർ തമ്മിൽ സംസാരം ഉണ്ടാവുകയും ചെയ്തതായും രാജു പറയുന്നുണ്ട്. അവൻ അവിടെ എത്തി ഒന്നര വർഷത്തിനുശേഷം അവർ തമ്മിൽ പിണങ്ങുന്നു. മറ്റൊരാളുമായുള്ള ഭാര്യയുടെ ബന്ധം അവൻ അറിഞ്ഞതാണ് പിണക്കത്തിന് കാരണം. ഇതിൻ്റെ പേരിൽ വഴക്കും മറ്റു പ്രശ്നങ്ങളുമുണ്ടായി. ഇതിൻ്റെ പേരിൽ ഭാര്യയുടെ സഹോദരനുമായി മകൻ വഴക്കായി. തുടർന്ന് മകനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങി. പിന്നീട് ന്യൂസിലാൻഡിൽ ഇരുവരും രണ്ട് വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടയിൽ മകളോട് പറയാതെ മകൻ്റെ ഭാര്യ കുഞ്ഞുമായി നാട്ടിലേക്ക് വരികയായിരുന്നു. അപ്പോൾ ആ റൂമിലുണ്ടായിരുന്ന മകൻ്റെ സാധനങ്ങൾ മറ്റൊരാളെ ഏൽപ്പിച്ച് മകൻ്റെ കയ്യിൽ കൊടുക്കുവാൻ പറഞ്ഞിട്ടാണ് അവർ നാട്ടിലേക്ക് വന്നത്. കുഞ്ഞിനെയും കൊണ്ട് അവർ നാട്ടിലേക്ക് വന്നത് മകൻ അറിഞ്ഞില്ല. പിന്നീട് ഈ സാധനങ്ങൾ കയ്യിൽ കിട്ടിയപ്പോഴാണ് മകൻ ഇക്കാര്യം അറിയുന്നത്. ഇതിനു മുൻപ് മകൻ്റെ സമ്പാദ്യം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കി എന്നും പിതാവ് ആരോപിക്കുന്നുണ്ട്. ഭാര്യയുടെ അമ്മ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഏജൻ്റ് ആയിരുന്നു. ഈ സ്ഥാപനത്തിലേക്ക് മകൻ 26 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു എന്നും പിതാവ് ആരോപിക്കുന്നുണ്ട്. എന്നാൽ ഈ സ്ഥാപനം പൊളിയുകയായിരുന്നു. മകൻ്റെ ആ പണം മുഴുവൻ നഷ്ടപ്പെട്ടു. വലിയ രീതിയിലുള്ള കമ്മീഷൻ കൈപ്പറ്റിക്കൊണ്ടാണ് മകൻ്റെ ഭാര്യയുടെ അമ്മ മകനെ ഈ കമ്പനിയിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചതെന്നും പിതാവ് പറയുന്നു. മകൻ്റെ ഭാര്യയുടെ സഹോദരന് നാട്ടിൽ പലിശയ്ക്ക് പണം നൽകുന്ന ഏർപ്പാട് ഉണ്ടായിരുന്നു. അതിനായി പലപ്പോഴും പണം വാങ്ങിയിരുന്നത് മകൻ്റെ കയ്യിൽ നിന്നാണ്. ആ പണവും നഷ്ടപ്പെട്ടെന്നും പിതാവ് പറയുന്നുണ്ട്.

നാട്ടിലേക്ക് തിരിച്ചുവന്നശേഷം ന്യൂസിലാൻഡിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു ബൈജു രാജുവിനെന്നും പിതാവ് പറയുന്നുണ്ട്. അവിടെ കേസും മറ്റുമായി പ്രശ്നങ്ങളായിരുന്നു. ന്യൂസിലാൻ്റിൽ നിന്നും നാട്ടിലെത്തിയ മകൻ വീട്ടിൽ വന്നില്ല. പകരം കായംകുളത്തെ ലോഡ്ജിൽ ആയിരുന്നു അവൻ താമസിച്ചിരുന്നത്. അവൻ്റെ അമ്മ മാനസിക പ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിഞ്ഞു വരികയാണ്. നാട്ടിലെത്തിയതിന് പിന്നാലെ മകൻ തന്നെയും കൂട്ടി അമ്മയെ ചികിത്സിക്കുന്ന ആശുപത്രിയിൽ എത്തിയിരുന്നുവെന്നും പിതാവ് പറഞ്ഞു. അമ്മയെ അവിടെ ആജീവനാന്തം നോക്കുവാനുള്ള സൗകര്യങ്ങളൊക്കെ ചെയ്തിട്ടാണ് മകനും അച്ഛനും മടങ്ങിയത്. ഏകദേശം 3.5 ലക്ഷം രൂപ അവിടെ അന്ന് ഡെപ്പോസിറ്റ് ചെയ്തു. ഇതിൽനിന്നെല്ലാം മകൻ ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും അച്ഛൻ ചൂണ്ടിക്കാട്ടുന്നു.

മകനെ പലതവണ താൻ വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും അച്ഛൻ പറയുന്നുണ്ട്. എന്നാൽ അവൻ വന്നില്ല. 24-ാം തീയതി തിരിച്ചു പോവുകയാണെന്ന് പറഞ്ഞു. എയർപോർട്ടിൽ താനും കൂടി വരാമെന്ന് പറഞ്ഞപ്പോൾ വേണ്ട എന്നാണ് അവൻ മറുപടി പറഞ്ഞത്. രാത്രിയിലാണ് താൻ പോകുന്നതെന്നും അച്ഛനും ബുദ്ധിമുട്ടാകുമെന്നും അവൻ പറഞ്ഞപ്പോൾ താൻ മറ്റൊന്നും കരുതിയില്ല. അവൻ്റെ മരണം നടന്നശേഷം ആറന്മുള പോലീസ് സ്റ്റേഷനിൽ നിന്നും അവൻ്റെ ഭാര്യയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഭാര്യ ന്യൂസിലാൻഡിൽ ആണെന്ന് മറുപടിയാണ് വീട്ടിൽ നിന്നും ലഭിച്ചത്.

മകൻ്റെ ഭാര്യയാണ് ആദ്യം ന്യൂസിലാൻഡിലേക്ക് പോയത്. അതുകഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് മകൻ ഇവിടെ നിന്നും പോകുന്നത്. ഈ രണ്ടു വർഷക്കാലയളവിൽ മകൻ്റെ ഭാര്യക്ക് ടോജോ എന്നു പറയുന്ന വ്യക്തിയുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് അവിടെ എത്തിയപ്പോൾ മകന് മനസ്സിലായത്. എന്നാൽ അതുവരെയുള്ള കാര്യങ്ങൾ എന്തായിരുന്നാലും അത് താൻ മറക്കാൻ ഒരുക്കമാണെന്നും ഇനിയുള്ള ജീവിതം നന്നായി മുന്നോട്ടു പോകണം എന്നുമാണ് മകൻ ആഗ്രഹിച്ചിരുന്നതെന്നും അച്ഛൻ പറയുന്നു. ഈ ബന്ധം മുന്നോട്ട് നന്നായി പോകുന്നില്ലെന്ന് കണ്ട താൻ പലതവണ വിവാഹമോചനം നടത്താൻ ഉപദേശിച്ചിരുന്നു. എന്നാൽ തന്നെക്കൊണ്ട് അതിന് കഴിയില്ല എന്നാണ് അവൻ പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട്, മാനസികമായി തകർന്ന്, ഇനി തിരിച്ചു വരാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് മകൻ ആത്മഹത്യ ചെയ്തതൊന്നും അച്ഛൻ പറയുന്നു. മകൻ്റെ ആത്മാവിന് നീതി വാങ്ങിക്കൊടുക്കുക എന്നത് തൻ്റെ ഉത്തരവാദിത്തമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് തൻ്റെ തീരുമാനമെന്നും പിതാവ് പറയുന്നു.

പാങ്ങലുകാട് ടൊണിൽ നടുറോഡിൽ വെച്ച് സ്ത്രീകൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ പകർത്തിയെന്ന് ആരോപിച്ച് യുവതി ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കൽ സ്വദേശി വിജിത്തിനെ ആക്രമിച്ച് കൈയ്യൊടിച്ചത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അൻസിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് അടിച്ചത്. ഇവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉള്ള കാലതാമസം കാരണം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പാങ്ങലുകാട് തയ്യൽക്കട നടത്തിവരികയാണ് അൻസിയ. ഇവരും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡിൽ വെച്ച് തല്ലുണ്ടായത്. തെറിവിളിയും കല്ലേറുമൊക്കെയായി സിനിമാ സ്‌റ്റൈലിൽ നടന്ന അടിയുടെ വീഡിയോ വിജിത്ത് പകർത്തിയെന്നായിരുന്നു അൻസിയയുടെ സംശയം.

ഇതേകുറിച്ച് ചോദിക്കാനായി അൻസിയ ഓട്ടോസ്റ്റാന്റിലെത്തി. വിജിത്ത് പകർത്തിയ ദൃശ്യങ്ങൾ കാണണം എന്നും മൊബൈൽ നൽകാനും അൻസിയ ആവശ്യപെടുകയായിരുന്നു. എന്നാൽ താൻ വീഡിയോ എടുത്തില്ലെന്നും മൊബൈൽ നൽകാൻ കഴിയില്ല എന്നും വിജിത്ത് പറഞ്ഞു. തുടർന്ന് ഓട്ടോയിലേക്ക് വിജിത്ത് കയറാൻ ശ്രമിക്കവേ
അൻസിയ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

വിജിത്തിനെ ആക്രമിച്ച ശേഷം മകനുമായി തയ്യൽക്കടയിലേക്ക് ഓടിക്കയറിയ അൻസിയ കടയുടെ ഷട്ടർ ഇട്ടു. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ, മകന്റെ തലയിൽ സിന്ദൂരം വാരി തേച്ച് പരിക്ക് പറ്റി എന്ന് വരുത്തിത്തീർക്കാൻ അൻസിയ ശ്രമിച്ചതായും തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയതായും വിജിത്ത് ആരോപിക്കുന്നു.

കൂടാതെ, അൻസിയ മർദിച്ചതായി കാട്ടി ഇതിന് മുൻപ് രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്.

കട്ടപ്പന കാഞ്ചിയാറില്‍ പിജെ വത്സമ്മ എന്ന അനുമോൾ (27) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കാഞ്ചിയാര്‍ പേഴുങ്കണ്ടം സ്വദേശി ബിജേഷിനെയാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളി അട്ടപ്പള്ളത്തിനു സമീപത്ത് നിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. ചൊവ്വാഴ്ച്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ച് ബിജേഷ് നാടുവിട്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലും അതിര്‍ത്തിമേഖലകളിലും ഇയാള്‍ക്കായി തിരച്ചില്‍ പൊലീസ് വ്യാപകമാക്കുകയായിരുന്നു.

കുമളിയിലെത്തി ഫോൺ ഉപേക്ഷിച്ച് ശേഷം കമ്പത്തേയ്ക്ക് കടക്കുകയായിരുന്നു. ഇവിടെ ഒളിവിൽ കഴിയാൻ തീരുമാനിച്ച ബിജേഷ് ചെറുതും വലുതുമായ ലോഡ്ജുകളിൽ തങ്ങാതെ ഉൾഗ്രാമത്തിലെ ഹോം സ്റ്റേയിലാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അന്വേഷണം കമ്പത്തെ മുഴുവൻ ലോഡ്ജിലും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. പിക് അപ്പ് ഡ്രൈവറായ ബിജേഷ് മുമ്പിവിടെ വന്നിട്ടുള്ള പരിചയമുണ്ടായിരുന്നോയെന്നും ഇവിടെ ആരുടെയെങ്കിലും സഹായം തേടിയിരുന്നോയെന്നും വ്യക്തമായിട്ടില്ല.

കൊലപാതക ശേഷം ഒളിവിൽ കഴിയാനായി കമ്പത്തേയ്ക്ക് തിരിച്ച ബിജേഷ് ബസ്റ്റാൻഡിലല്ല ഇറങ്ങിയതെന്നാണ് വിലയിരുത്തൽ. വന്ന ദിവസത്തെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പ്രധാന ജംഗ്ഷനിലേയും ബസ്റ്റാന്റിലേയും പരിശോധിച്ചെങ്കിലും ഇതിലൊന്നും ബിജേഷിന്റെ ദൃശ്യം പതിഞ്ഞിരുന്നില്ല. ഇത്തരത്തിൽ സി.സി. ദൃശ്യം പതിയാതിരിക്കാൻ പ്രധാന സ്റ്റോപ്പിൽ ഇറങ്ങാതെ പ്രതി ഇടവഴിയിൽ ഇറങ്ങിയതാണെന്നും സംശയമുണ്ട്. ഇവിടെയെത്തി മദ്യപിച്ച ശേഷം പിന്നീട് ഒളിവ് സ്ഥലം കണ്ടെത്തുകയായിരുന്നു.

തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി നാട്ടുകാർ. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് മരണപ്പെട്ടത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ വാഹന പരിശോധനയ്ക്കിടെ ബൈക്ക് മുന്നോട്ട് നീക്കിയാണ് നിർത്തിയത്. ഇതിൽ പ്രകോപിതരായ പൊലീസുകാർ മനോഹരന്റെ മുഖത്ത് മർദ്ദിച്ചുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്.

പൊലീസിനെ ഭയമാണെന്ന് മനോഹരൻ പറഞ്ഞുവെന്നും, തുടർന്ന് മദ്യപിച്ചോയെന്ന് അറിയാൻ പരിശോധന നടത്തിയെങ്കിലും ബ്രീത്ത് അനലൈസറിൽ മദ്യപിച്ചതായി തെളിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.രണ്ട് പൊലീസുകാരാണ് മനോഹരനെ തടഞ്ഞ് നിർത്തിയത്.

മദ്യപിച്ചില്ലെന്ന തെളിഞ്ഞതോടെ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് മനോഹരനെ ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിൽ എടുത്തത്.

ജീപ്പിൽ സ്റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാഞ്ചിയാറിലെ അധ്യാപികയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഒളിവിൽ പോയത് യുവതിയുടെ ഫോൺ വിറ്റതിന് ശേഷമെന്ന് പൊലീസ്. കാഞ്ചിയാർ വെങ്ങലൂർക്കട സ്വദേശിക്ക് 5,000 രൂപക്കാണ് ഫോൺ വിറ്റത്. ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവിൽ പോയത്. അനുമോളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതെ സമയം കൊലപാതകത്തിൽ ഭർത്താവ് ബിജേഷ് മൃതദ്ദേഹം വീട്ടിൽനിന്ന് മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നതായി വിവരം. പിക്കപ്പ് ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും ബിജേഷിന് വാഹനം നൽകാൻ തയ്യാറായില്ല.

മൃതദേഹം മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി മറവ് ചെയ്യുന്നതിനായിരുന്നു ബിജേഷ് വാഹനം ആവശ്യപ്പെട്ടതെന്നാണ് എന്നാണ് പോലീസ് കരുതുന്നത്. ഇതിനു സാധിക്കാതെ വന്നതോടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് കടന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21 ന്കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയുമായിരുന്നു.ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി ഫോൺ വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം ബിജേഷിൻ്റെ ഫോൺ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിജേഷിനായുള്ള അന്വേഷണം തുടരുകയാണ്.

പ്രതി തമിഴ്നാട്ടിലേയ്ക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടക്കുന്നത്. പിക്കപ്പ് ഡ്രൈവർ ആണെങ്കിലും തമിഴ്നാട് ഉൾപ്പടെയുള്ള വിദൂര സ്ഥലങ്ങളിലേയ്ക്ക് അധികം ഓട്ടം പോകാത്തയാളായിരുന്നു ഇയാൾ. ഇക്കാരണത്താൽ പ്രതിക്ക് തമിഴ്നാട്ടിൽ സ്ഥിരം പരിചിത സ്ഥലങ്ങൾ കുറവാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതുകൊണ്ടുതന്നെ അപരിചിത സ്ഥലങ്ങളിൽ ഒളിവിൽ കഴിയാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്.അനുമോൾ മരിക്കുന്നതിന് മുമ്പ് പിതൃ സഹോദരിക്കയച്ച വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശപ്പെട്ട രീതിയിൽ സംസാരിക്കുന്നതായി സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൽ ഭർത്താവിൽ നിന്നും പീഡനം അനുഭവിക്കുന്നതായി പറയുന്നുണ്ട്. അനുമോളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.

‘നമ്മള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവന്‍. നടന്റെ അപ്രതീക്ഷിത വിയോഗത്തിന് ഇന്നേക്ക് 7 വര്‍ഷമായിരിക്കുകയാണ്. ജിഷ്ണുവും സിദ്ധാര്‍ഥ് ഭരതുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. ഇപ്പോഴിതാ ജിഷ്ണുവിന്റെ ഓര്‍മ്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സിദ്ധാര്‍ഥ്.

നമ്മള്‍ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം ജിഷ്ണുവിന്റെ ചിത്രം പങ്കുവച്ചാണ് സിദ്ധാര്‍ത്ഥ് ഓര്‍മ്മ കുറിച്ചത്.’ഈ ദിനത്തില്‍ മാത്രമല്ല, പ്രിയപ്പെട്ട ജിഷ്ണുവിനെ സ്മരിക്കുന്നത്… നീണ്ട 7 വര്‍ഷത്തെ വേര്‍പാട്…’, എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.

2016 മാര്‍ച്ച് 25നാണ് ജിഷ്ണു എന്നന്നേക്കുമായി യാത്രയായത്. മലയാളസിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയ വേര്‍പാടിയിരുന്നു ജിഷ്ണുവിന്റേത്. കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികള്‍ എന്നും ഓര്‍ക്കുന്ന താരമാണ് ജിഷ്ണു. ക്യാന്‍സര്‍ മഹാമാരിയാണ് ജിഷ്ണുവിന്റെ ജീവനെടുത്തത്.

1987ല്‍ അച്ഛനായ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു അഭിനയത്തിലേക്ക് എത്തിയത്. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് ജിഷ്ണു അവസാനമായി അഭിനയിച്ചത്.

കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം.

ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം.

 

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാകാൻ ഇനി ആദം ഹാരിക്ക് തടസങ്ങളില്ല. ആദം ഹാരിക്ക് പഠനത്തിനായി നേരത്തേ അനുവദിച്ചതിൽ ബാക്കിയുള്ള തുകയും അധികമായി ആവശ്യമുള്ള തുകയും സാമൂഹികനീതി വകുപ്പാണ് അനുവദിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തികവർഷത്തിലെ ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടിൽനിന്നാണ് തുകയനുവദിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ: ‘വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ 23,34,400 രൂപയിൽ അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപ നൽകാൻ ഇതാ, ഉത്തരവായി. കൂടെ, അധികമായി ആവശ്യമുള്ള 7,73,904 രൂപയും നൽകുന്നു. അങ്ങനെ ആകെ 25,43,062 രൂപ 2022-23 സാമ്പത്തികവർഷം ട്രാൻസ്‌ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ തുകയിൽ നിന്നും അനുവദിച്ചിരിക്കുകയാണ് ആദം ഹാരിയുടെ മോഹസാക്ഷാത്ക്കാരത്തിന്.’

‘ഹാരിയ്ക്ക് സിവിൽ ഏവിയേഷൻ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണ്. നമ്മുടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ് ഹാരിയെ പുറംരാജ്യത്ത് വഴി തേടിച്ചത്. ദക്ഷിണാഫ്രിക്കയിൽ പത്തു മാസത്തെ വൈമാനിക പരിശീലനം പൂർത്തീകരിക്കാൻ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്.’

‘ട്രാൻസ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാൻ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്. അതിനു വേണ്ട തുക കണ്ടെത്താനാവാതെ പഠനാഗ്രഹം മാറ്റിവെക്കേണ്ടി വരികയെന്നത് ഹാരിയുടെ മാത്രം വേദനയായല്ല സർക്കാർ കണ്ടത്. ആദം ഹാരിയുടെ ഉജ്ജ്വല സ്വപ്നത്തിന് ഒപ്പംനിൽക്കൽ ട്രാൻസ് സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി സർക്കാർ ഏറ്റെടുത്തത് അതുകൊണ്ടാണ്.’

RECENT POSTS
Copyright © . All rights reserved