തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരീനാഥൻ രംഗത്ത്. എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് ഓഫീസ് മുറികൾ ഉണ്ടായിരിക്കെ, എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്ന ചോദ്യമാണ് ശബരീനാഥൻ ഉയർത്തുന്നത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എംഎൽഎ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത് തന്നെ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ടെന്നും, നല്ല മുറികളും കമ്പ്യൂട്ടർ സംവിധാനവും കാർ പാർക്കിങ്ങും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള ഈ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ, കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് തുടരുന്നത് എന്തിനാണെന്നുമാണ് ശബരീനാഥന്റെ ചോദ്യം. ഭൂരിഭാഗം എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ വാടക കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും, താനും ജനപ്രതിനിധിയായിരുന്നപ്പോൾ അങ്ങനെ തന്നെയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാർ, വാടക തുടങ്ങിയ കാര്യങ്ങൾ നഗരസഭ പരിശോധിച്ച് തീരുമാനിക്കട്ടെയെന്നും, നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രശാന്ത് മാറുന്നതാണ് ഉചിതമെന്നുമാണ് തന്റെ നിലപാടെന്നും ശബരീനാഥൻ പറഞ്ഞു. അതോടൊപ്പം, എല്ലാ കൗൺസിലർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ കുളനടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് പിടികൂടി. കുളനട–ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുന്നിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ദക്ഷിണ ദിനാജ്പൂർ ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ് ഘോഷ് (36) എന്നിവരാണ് പിടിയിലായത്.
KL 26 C 6593 നമ്പറിലുള്ള ടിവിഎസ് വേഗോ സ്കൂട്ടറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് 3.192 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികൾക്ക് ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നതടക്കം എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജി. അജികുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മനോജ്, പ്രിവന്റീവ് ഓഫീസർ ഗിരീഷ് ബി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത് എം., ജിതിൻ എൻ., രാഹുൽ ആർ., നിതിൻ ശ്രീകുമാർ, ഷഫീക്, സോജൻ, സുബലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോര്പ്പറേഷൻ കെട്ടിടത്തിൽ വട്ടിയൂര്ക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തിൽ മേയര് വി.വി. രാജേഷ് പ്രതികരിച്ചു. വിഷയത്തെ അനാവശ്യമായി രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും, എംഎൽഎയുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ആര്. ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നും മേയര് പറഞ്ഞു. ഇത്തരമൊരു ചര്ച്ച ഉയര്ന്ന സാഹചര്യത്തില് കോര്പ്പറേഷൻ കെട്ടിടങ്ങള് വാടകയ്ക്ക് നല്കിയതുമായി ബന്ധപ്പെട്ട രേഖകള് പരിശോധിക്കുമെന്നും, 300 സ്ക്വയർ ഫീറ്റ് മുറി 832 രൂപയ്ക്ക് നല്കിയതടക്കമുള്ള കാര്യങ്ങള് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ വ്യക്തികള്ക്ക് കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള് നല്കിയിട്ടുണ്ടോ എന്നതിലും സമഗ്ര പരിശോധന നടത്തുമെന്ന് മേയര് വ്യക്തമാക്കി.
സിപിഎമ്മിനെ പുറത്താക്കി ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോര്പ്പറേഷനില് ആദ്യത്തെ രാഷ്ട്രീയ തര്ക്കമായി മാറുകയാണ് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് വിവാദം. സ്ഥലം കൗണ്സിലറായ ആര്. ശ്രീലേഖ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ടതിനെ എംഎൽഎ വി.കെ. പ്രശാന്ത് തള്ളുകയായിരുന്നു. സഹോദരി സ്ഥാനത്ത് നിന്ന് അഭ്യര്ഥിച്ചതേയുള്ളുവെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. എന്നാല് കൗണ്സില് അനുവദിച്ച കാലാവധി മാര്ച്ച് 31 വരെയാണെന്നും അതുവരെ ഓഫീസ് ഒഴിയില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്.
ഇന്നലെ രാവിലെ ഫോണിലൂടെയാണ് ശ്രീലേഖ എംഎൽഎയെ ബന്ധപ്പെട്ടത്. വാര്ഡ് കൗണ്സിലറുടെ ഓഫീസില് സൗകര്യമില്ലെന്നും അതിനാല് എംഎൽഎ ഓഫീസ് ഒഴിയണമെന്നുമായിരുന്നു ആവശ്യം. വിഷയത്തില് തദ്ദേശ മന്ത്രി എം.ബി. രാജേഷും മുന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടപെട്ടതോടെ വിവാദം കൂടുതല് കടുപ്പമായി. ഇന്ന് ഓഫീസിലെത്തിയപ്പോള് ക്യാമറകള്ക്കു മുന്നില് ഇരുവരും സൗഹൃദം പ്രകടിപ്പിച്ചെങ്കിലും നിലപാടുകളില് ഇളവ് വന്നില്ല. കാലാവധി കഴിയുന്നതുവരെ മാറില്ലെന്ന നിലപാടിലാണ് പ്രശാന്ത്; അതുവരെ താനും അവിടെ തന്നെ ഉണ്ടാകുമെന്ന നിലപാടിലാണ് ശ്രീലേഖ.
തിരുവനന്തപുരം: സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നിന്ന് പിന്മാറാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ പലരും ഇടനിലക്കാരായി സമീപിക്കുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഈ സമ്മർദ്ദം തനിക്ക് സഹിക്കാനാകുന്നില്ലെന്നും അതിജീവിത വ്യക്തമാക്കി.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്കിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവമെന്ന് ചലച്ചിത്ര പ്രവർത്തക പറഞ്ഞു. തുടക്കം മുതൽ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ പ്രതിക്കൊപ്പമാണ് നിന്നതെന്നും, പരാതി നൽകിയിട്ടും കേസെടുക്കാൻ മനഃപൂർവം വൈകിയതായും അതിജീവിത ആരോപിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും, മുൻകൂർ ജാമ്യം ലഭിക്കുന്നതിന് സമയം അനുവദിച്ചതായും അവർ കുറ്റപ്പെടുത്തി.
കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ സർക്കാർ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി വനിതാ ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും, പൊലീസ് മൊഴി രേഖപ്പെടുത്തിയതിന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ഡബ്ല്യുസിസി ആരോപിച്ചു. കേരള വനിതാ കമ്മീഷൻ പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും തുടർനടപടികളിൽ വ്യക്തതയില്ലെന്നും സംഘടന വ്യക്തമാക്കി.
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം വീടിനുസമീപത്തെ കുളത്തിൽ നിന്ന് കണ്ടെത്തി. ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ കാണാതായ കുട്ടിയെ കണ്ടെത്താൻ 21 മണിക്കൂറോളം പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ദുഃഖകരമായ കണ്ടെത്തൽ ഉണ്ടായത്.
ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനാണ് സുഹാൻ. ശനിയാഴ്ച രാത്രിവരെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വീടിനുസമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ പൊലീസും ഡോഗ് സ്ക്വാഡും സമീപത്തെ പറമ്പുകളിലും കുളങ്ങളിലുമായി വ്യാപക പരിശോധന നടത്തിയിരുന്നു.
സംഭവസമയത്ത് സുഹാന്റെ പിതാവ് ഗൾഫിലായിരുന്നു. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുന്നതിനിടെ, അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. മുത്തശ്ശി അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വഴക്കിനെത്തുടർന്ന് പുറത്തേക്കിറങ്ങിയതായി സഹോദരൻ പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താനാകാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. മലയാള സിനിമയിലെ കലാസംവിധാന രംഗത്ത് തന്റെ വേറിട്ട ശൈലിയിലൂടെ ശ്രദ്ധേയനായ ശേഖർ, തിരുവനന്തപുരത്തെ വീട്ടിൽവച്ചാണ് അന്തരിച്ചത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെ ദൃശ്യസൗന്ദര്യത്തിന് പ്രത്യേക പ്രാധാന്യമുള്ള നിരവധി സിനിമകളുടെ കലാസംവിധാനം നിർവഹിച്ച് അദ്ദേഹം സിനിമാലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ചു.
ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം പടയോട്ടം എന്ന സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായാണ് ശേഖറിന്റെ സിനിമാപ്രവേശനം. തുടർന്ന് നവോദയയുടെ ചിത്രങ്ങളുടെ അണിയറയിൽ സജീവമായി പ്രവർത്തിച്ചു. ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെയും കലാസംവിധായകനായിരുന്നു അദ്ദേഹം.
ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഹിറ്റ് ഗാനത്തിനായി ഒരുക്കിയ കറങ്ങുന്ന മുറിയുടെ ഡിസൈൻ ശേഖറിന്റെ സൃഷ്ടിപരമായ കഴിവിന്റെ ഉദാത്ത ഉദാഹരണമായി ഇന്നും ഓർമ്മിക്കപ്പെടുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
പതിവുതെറ്റിക്കാതെ ഈ ക്രിസ്മസിലും മലയാളികളുടെ മദ്യ ഉപഭോഗം റെക്കോർഡിൽ. ക്രിസ്മസ് ആഘോഷ വേളയിൽ ബെവ്കോ വഴി വിറ്റഴിഞ്ഞ മദ്യത്തിന്റെ മൂല്യം 332.62 കോടി രൂപയായി. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെ നാല് ദിവസത്തിനുള്ളിലുണ്ടായ വിൽപ്പനയാണ് ഈ റെക്കോർഡായി മാറിയത്.
കഴിഞ്ഞ വർഷം (2024) ക്രിസ്മസ് കാലയളവിൽ 279.54 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഇതിനെക്കാൾ ഇത്തവണ 53.08 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ക്രിസ്മസിന് മുൻദിനമായ ഡിസംബർ 24ന് മാത്രം മദ്യവിൽപ്പന നൂറുകോടി കടന്ന് 114.45 കോടി രൂപയിലെത്തി. ഡിസംബർ 22ന് 77.62 കോടി, 23ന് 81.34 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി രൂപയുടെ മദ്യവിൽപ്പനയുമുണ്ടായി.
തൃശ്ശൂരും കോഴിക്കോടും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച പ്രീമിയം ഔട്ട്ലെറ്റുകൾ ബെവ്കോയ്ക്ക് അധിക നേട്ടമായി മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്സവകാല ആവശ്യകതയും വിപുലമായ വിൽപ്പന സൗകര്യങ്ങളും ചേർന്നതാണ് ഈ വിൽപ്പന വർധനവിന് കാരണമായതെന്ന് അധികൃതർ വിലയിരുത്തുന്നു.
തിരുവനന്തപുരം ∙ കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി. രാജേഷിന് ആദ്യ പരാതിയെത്തി. മുൻ മേയർ ആര്യ രാജേന്ദ്രന്റെ ഭരണകാലത്ത് നടന്നുവെന്ന ആരോപിക്കപ്പെടുന്ന അഴിമതികളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പുതിയ മേയറിന് ഔദ്യോഗികമായി പരാതി കൈമാറിയത്.
ആര്യ രാജേന്ദ്രന്റെ കാലഘട്ടത്തിൽ നഗരസഭയിൽ നടന്ന വിവിധ പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായതായി പരാതിയിൽ ആരോപിക്കുന്നു. പ്രത്യേകിച്ച് താൽക്കാലിക നിയമനങ്ങളിൽ പാർട്ടി ബന്ധം മുൻനിർത്തിയുള്ള ഇടപെടലുകൾ നടന്നുവെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്.എസ്.ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് പട്ടിക ആവശ്യപ്പെട്ട് നടത്തിയെന്ന ആരോപിക്കുന്ന പിൻവാതിൽ നിയമനം, കെട്ടിട നികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്–മെയിന്റനൻസ് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ ∙ റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ എറണാകുളം–പുണെ എക്സ്പ്രസാണ് വിദ്യാർഥികൾ നിർത്തിച്ചത്.
ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചാണ് വിദ്യാർഥികൾ ട്രെയിൻ നിർത്തിച്ചത്. ഇത് അപായസിഗ്നലാണെന്ന് കരുതിയ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. റീൽസ് ചിത്രീകരിക്കാനായിരുന്നു വിദ്യാർഥികളുടെ ശ്രമമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടയച്ചു. ഇവർ ചിത്രീകരിച്ച വിഡിയോ റെയിൽവേ പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർ അനുകരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലെ മേയർ–ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. രാവിലെ 10ന് മേയർമാരെയും ഉച്ചയ്ക്ക് 2.30ന് ഡെപ്യൂട്ടി മേയർമാരെയും തിരഞ്ഞെടുക്കും. കണ്ണൂർ, തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ മേയർസ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലായി മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു; ചിലിടങ്ങളിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഫലം അനിശ്ചിതത്വവും നിലനിൽക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ 101 അംഗങ്ങളിൽ 50 അംഗങ്ങളുള്ള എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല. ബിജെപിയുടെ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ആശാ നാഥിനെയും പ്രഖ്യാപിച്ചു. യുഡിഎഫിൽ കെ.എസ്. ശബരീനാഥനും മേരി പുഷ്പവും, എൽഡിഎഫിൽ ആർ.പി. ശിവജിയും മത്സരിക്കും. കൊല്ലത്ത് 56 അംഗ കോർപ്പറേഷനിൽ 29 പേരുടെ പിന്തുണ ലഭിക്കാതെ മൂന്ന് മുന്നണികളും കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ്. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി എ.കെ. ഹഫീസിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനത്ത് സസ്പെൻസ് തുടരുന്നു.
കൊച്ചിയിൽ 76 അംഗ കോർപ്പറേഷനിൽ യുഡിഎഫ് വൻഭൂരിപക്ഷം നേടിയെങ്കിലും മേയർസ്ഥാനത്തെച്ചൊല്ലി ഉണ്ടായ വിവാദങ്ങൾക്കൊടുവിൽ അഡ്വ. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലം വീതം മേയർ സ്ഥാനം വഹിക്കുമെന്ന് ധാരണയായി. തൃശ്ശൂരിൽ 56 അംഗ കോർപ്പറേഷനിൽ യുഡിഎഫ് 33 സീറ്റുകൾ നേടി അധികാരത്തിലേക്ക്; ഡോ. നിജി ജസ്റ്റിനാണ് മേയർ സ്ഥാനാർഥി. കോഴിക്കോട് എൽഡിഎഫ് 34 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കെ ഒ. സദാശിവനും ഡോ. എസ്. ജയശ്രീയും മേയർ–ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളായി. കണ്ണൂരിൽ 56 അംഗ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് ആധികാരികവിജയം നേടി; പി. ഇന്ദിര മേയറായും കെ.പി. താഹിർ ഡെപ്യൂട്ടി മേയറായും മത്സരിക്കും.