യുവജന കമ്മീഷൻ ചിന്താ ജെറോമിന് ഡോക്ട്രേറ്റ് ലഭിച്ച പ്രബന്ധത്തിൽ ഗുരുതര തെറ്റ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തിയ ചിന്തയുടെ പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയെ കുറിച്ച് പ്രതിപാതിക്കുന്നുണ്ടെങ്കിലും ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളിയുടെ വാഴക്കുല എന്നാണ് എഴുതിയിരിക്കുന്നത്. കവിതയുടെ രചയിതാവിന്റെ പേര് പോലും തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്താ ജെറോമിന് ഡോക്ട്രേറ്റ് ലഭിച്ചത്.
നവലിബറൽ കാലഘട്ടത്തിലെ മലയാളസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ജെറോം പ്രബന്ധം തയ്യാറാക്കിയത്. പ്രിയദർശൻ തുടങ്ങി രഞ്ജിത്ത് വരെയുള്ള നിരവധി സംവിധായകരുടെ സിനിമകളെ കുറിച്ച് പറയുന്നതിനിടയിലാണ് വൈലോപ്പിള്ളിയുടെ വാഴക്കുല എന്ന പൊട്ടത്തെറ്റ് എഴുതി വെച്ചിരിക്കുന്നത്.
കുറെ വർഷങ്ങളെടുത്താണ് ചിന്താ ജെറോം ഗവേഷണം പൂർത്തിയാക്കി പ്രബന്ധം തയ്യാറാക്കിയത്. പ്രബന്ധം നിരവധി കമ്മറ്റികളുടെ മുന്നിൽ എത്തിയിട്ടും ഒരു കമ്മിറ്റിയും തെറ്റ് കണ്ടുപിടിച്ചില്ല. 2021 ലാണ് ഈ പ്രബന്ധത്തിന് ചിന്ത ജെറോം ഡോക്ട്രേറ്റ് നേടിയത്.
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്. കോഴിക്കോട് മുത്താമ്പി സ്വദേശി രവീന്ദ്രൻ (46) ആണ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
കോഴിക്കോട് മുത്താമ്പി സ്വദേശിനിയായ ഇയാളുടെ ഭാര്യ ലേഖയ്ക്ക് മറ്റൊരു പുരുഷനുമായി അവിഹത ബന്ധമുണ്ടെന്ന് രവീന്ദ്രൻ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുള്ളതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ഇക്കാര്യം പറഞ്ഞ് ലേഖയുമായി രവീന്ദ്രൻ വഴക്കിടുകയും വഴക്കിനിടയിൽ ലേഖയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ രവീന്ദ്രൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തുകയും ലേഖയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മൂന്നാം ക്ലാസുകാരിയായ മകൾ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബദീഅയിൽ കാസർഗോഡ് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ബത്തൂർ കുണ്ടംകുഴി സ്വദേശി മണികണ്ഠൻ (35) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മണികണ്ഠൻ. സ്‌പോൺസറുടെ കൃഷിയിടത്തിൽ പോയി മടങ്ങുന്നതിനിടെയാണ് മണികണ്ഠന്റെ കാർ വാദിലബനിൽ വെച്ച് അപകടത്തിൽപെട്ടത്.
ചാറ്റൽ മഴയിൽ കാർ തെന്നി അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ സ്ഥലത്ത് കാർ മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മണികണ്ഠൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അടുത്ത മാസം നാട്ടിലേക്ക് വരാനായുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്.
നടുറോഡില്‍ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്‌റ്റൈലില്‍ കയ്യോടെ പിടികൂടി നടനും പോലീസുകാരനുമായ ജിബിന്‍ ഗോപിനാഥ്. തന്റെ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ പിടികൂടിയ കാര്യം ജിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തിരുവനന്തപുരം പിഎംജിക്ക് സമീപത്തെ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനാണ് ജിബിന്‍ ഗോപിനാഥ്. മിന്നല്‍ മുരളി, കോള്‍ഡ് കേസ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 16 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ആദ്യമായാണ് ഒരു കള്ളനെ പിടികൂടുന്നതെന്ന് ജിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വീടിനുള്ളിലേക്ക് വാഹനം കയറാത്തതിനാല്‍ പട്ടം പ്ലാമൂട് റോഡിന് സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിന്‍ സ്ഥിരമായി കാര്‍ പാര്‍ക്ക് ചെയ്യുന്നത്. ഇന്നലെ വൈകിട്ട്, കുട്ടിക്ക് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയില്‍ പോയി ഇരുചക്ര വാഹനത്തില്‍ മടങ്ങി വരുമ്പോള്‍ കാറിനോട് ചേര്‍ന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതും കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതും കണ്ടതായി ജിബിന്‍ പറയുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കാറിലെ സ്റ്റീരിയോ കിറ്റുമായി ഇയാള്‍ പുറത്തിറങ്ങി വന്നു. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്‌കളങ്കമായി മറുപടി തന്നു. കൈയില്‍ എന്താണ് എന്ന് ചോദിച്ചപ്പോള്‍ സ്റ്റീരിയോ ആണെന്നും പറഞ്ഞു. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോള്‍ ‘സാറേ ഒരബദ്ധം പറ്റിയതാണ്, ക്ഷമിക്കണം’ എന്ന് പറഞ്ഞെന്നും ഇയാളെ മ്യൂസിയം പോലീസിന് കൈമാറിയെന്നും ജിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ….
ഇന്നൊരു സംഭവം ഉണ്ടായി.എന്റെ 16 വര്‍ഷത്തെ police ജീവിതത്തില്‍ ഇതുവരെ ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല.ഇനി കഥയിലേക്ക്,
വൈകിട്ട് 6.20 മണിയോടെ ന്റെ ചെക്കന്റെ chocolate കൊതി നിര്‍ബന്ധം കാരണം, അത് വാങ്ങാന്‍ two വീലറില്‍ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികില്‍ കുറച്ച് അടുത്തായാണ് എന്റെ car park ചെയ്തിരുന്നത്.. ചെറിയ gate അടഞ്ഞു കിടന്നതിനാല്‍ തുറക്കാന്‍ ചെന്ന ഞാന്‍, car നോട് ചേര്‍ന്ന് കാറിനു road ലേക്ക് ഇറങ്ങാന്‍ പറ്റാതെ ഒരു auto park ചെയ്‌തേക്കുന്നത് കണ്ട്,അടുത്തൊന്നുമില്ലാത്ത അതിന്റെ driver നെ മനസ്സില്‍ തെറി പറഞ്ഞു ചെറിയ gate open ആക്കി തിരിഞ്ഞ ഞാന്‍, എന്തോ ഒരു അസ്വാഭാവികത feel ചെയ്തിട്ട് കാറിലേക്ക് നോക്കി.ഒരു നിമിഷം സംശയിച്ചു എന്റെ car അല്ലെയെന്നു.കാരണം driving seat ല്‍ വേറൊരാള്‍ അതിനകത്തിരിപ്പുണ്ട്.അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാള്‍ പുറത്തിറങ്ങാന്‍ wait ചെയ്തു.ഒരു മിനിറ്റില്‍ അദ്ദേഹം car ലേ audio video മോണിറ്റര്‍ system എല്ലാം കൈയില്‍ പിടിച്ചു വളരെ നൈസര്‍ഗികമായ ഒരു ചിരിയോടെ എന്നെ നോക്കി.എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്‌കളങ്കമായി മറുപടി തന്നു.കൈയില്‍ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് stereo എന്നാണ്. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ ‘സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, ‘എന്ന്. ചെറുതായി മനസ്സലിവ് തോന്നിയെങ്കിലും ഉടന്‍ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയില്‍ കൊണ്ടുപോയി ചാരിനിര്‍ത്തി. ആള്‍ക്കാരെ വിളിച്ചുകൂട്ടി, പിന്നെ police ആയി പത്രക്കാരായി..
എന്തായാലും museum station ല്‍ case എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്.
അങ്ങനെ service ല്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ….
വര്‍ക്കലയില്‍ നാടിനെ നടുക്കിയ ദുരന്തത്തില്‍ അഞ്ചു ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം. വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തിലാണ് പോലീസിന് ഇനിയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നത്.
പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന കുടുംബത്തിന് കൂട്ടമരണം സംഭവിച്ചത്. വര്‍ക്കലയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാന്‍, പ്രതാപന്റെ ഇളയമകന്‍ അഹില്‍ എന്നിവരാണ് മരണപ്പെട്ടത്.
ഈ അപകടത്തില്‍ നിന്നും മൂത്തമകന്‍ നിഹില്‍ മാത്രം ഗുരുതര പൊള്ളലോടെ രക്ഷപ്പെട്ടിരുന്നു. സംഭവം നടന്ന് പത്ത് മാസം പിന്നിട്ടിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയോ അന്വേഷണം പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല.
ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിരിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
2022 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയാണ് പ്രതാപന്റെ വീട്ടില്‍ നിന്നും പുകയും തീയും ഉയരുന്നത് അയല്‍ക്കാര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ഒരാളെ പരിക്കകുളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം. തീപിടുത്തത്തില്‍ ഇരുനില വീട് ഭാഗികമായും കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എന്നാല്‍ തീ എങ്ങിനെയാണ് പടര്‍ന്നതെന്നും ഉറവിടം എവിടെയാണെന്നും കൃത്യമായി കണ്ടെത്താനായിട്ടില്ല.
കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടായി അത് കേബിള്‍ വഴി ഹാളിലേക്ക് പടര്‍ന്നെന്നുമാണ് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പക്ഷെ ഫൊറന്‍സിക് പരിശോധനകളില്‍ ഇത് ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല.
പുക ശ്വസിച്ചതാണ് മരണകാരണം. മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏറ്റിരുന്നില്ല. വസ്ത്രങ്ങളില്‍ തീപടരാത്തതും ഈ നിഗമനത്തിലേക്ക് പോലീസിനെ നയിച്ചു. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞു. വീടിനുള്ളിലെ ജിപ്സം ഇന്റീരിയല്‍ വര്‍ക്കുകള്‍ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയെന്നും പോലീസ് പറയുന്നു.
ഇതോടെ, എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടരുകയും ശ്വാസം മുട്ടി മരണങ്ങള്‍ സംഭവിച്ചെന്നുമാണ് കണ്ടെത്തല്‍. പുക നിറഞ്ഞത് തിരിച്ചറിഞ്ഞ്‌പോള്‍ രക്ഷപ്പെടാനായില്ലെന്നും പോലീസ് കരുതുന്നു.
എന്നാല്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീപ്പൊരി വീണ് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും വീടിനുള്ളില്‍ ഉണ്ടായിരുന്നവരോ അയല്‍വീടുകളിലുള്ളവരോ ശബ്ദം കേട്ടിരുന്നില്ല. ഇതെന്താണ് എന്ന ചോദ്യവും പോലീസ് ഉയര്‍ത്തുന്നുണ്ട്. പുറത്ത് കത്തിപ്പിടിച്ച തീ വീടിനുള്ളിലേക്ക് കയറി ഇത്രത്തോളം നാശനഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ മരണങ്ങളില്‍ സംശയമുന്നയിച്ച് പ്രതാപന്റെ കുടുംബം പരാതി നല്‍കിയതോടെയാണ് കേസ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ചിക്കൻ കടം വാങ്ങിയവർ പണം തിരികെ നൽകാത്തതിനെ തുടർന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച മുൻ പ്രവാസിയായ ഒരു വ്യാപാരിയുടെ സങ്കടമാണ് ഇന്ന് സോഷ്യൽമീഡിയയിൽ നിറയുന്നത്. കട പൂട്ടാനുള്ള കാരണം നിങ്ങളാണെന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് കാസർകോഡ് ആദൂരിലെ സി.എ നഗർ ചിക്കൻ കട ഉടമ ഹാരിസ്. ഗതികെട്ടാണ് ഇത്തരത്തിൽ എഴുതി വെച്ചതെന്ന് ഹാരിസ് പറയുന്നു.
‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടൻ തന്നെ നൽകേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ എന്നാണ് ബോർഡ് എഴുതി സ്ഥാപിച്ചിരിക്കുന്നത്. ഇത് തന്റെ പ്രതിഷേധം കൂടിയാണെന്ന് ഹാരിസ് പറയുന്നു. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് ഹാരിസിന് കട അടച്ചിടേണ്ടി വന്നത്. കഴിഞ്ഞ 20 വർഷത്തോളമായി ദുബായിൽ ജോലി ചെയ്തിരുന്ന ഹാരിസ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തന്നെ സ്ഥിര താമസമാക്കുകയായിരുന്നു.
ഇതിനിടയിലാണ് ഉപജീവന മാർഗമായി ഒന്നരവർഷം മുൻപ് ഒരു കോഴിക്കട തുടങ്ങിയത്. ചെറിയ രീതിയിൽ വരുമാനം ലഭിച്ചിരുന്നെങ്കിലും പലരും കടമായി ചിക്കൻ വാങ്ങിയതാണ് തിരിച്ചടി നേരിട്ടത്. വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് പറയുന്നു. കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും അനവധി പേർ പറയുന്ന അവസ്ഥയും ഉണ്ടായതായും വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
പലരിൽ നിന്നായി ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് വ്യക്തമാക്കി. ഉപഭോക്താക്കളോടുള്ള വിശ്വാസം കൊണ്ടും ആവലാതികൾ പറയുമ്പോൾ മനസിന് അലിവ് തോന്നിയുമാണ് പലർക്കും ചിക്കൻ കടം കൊടുത്തത് കിട്ടാനുള്ള പണം പെരുകിയപ്പോൾ കട അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി.
അടുപ്പമുള്ള ചിലർ നൽകിയ ഉപദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു ബോർഡ് വെക്കേണ്ടി വന്നതെന്ന് ഹാരിസ് തന്റെ സങ്കടം പറയുന്നു. അതേസമയം, ബോർഡ് കണ്ട് ചിലർ തങ്ങൾ പണം നൽകാനുണ്ടോ എന്ന് ചോദിച്ച് തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ പണം തരാൻ ഉള്ളവരായിരുന്നില്ല. അതേസമയം പണം നൽകാനുള്ളവർ ഇതുവരെ വിളിച്ചിട്ടു പോലുമില്ലെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
ഹാരിസ് നേരത്തെയും നിരവധി തവണ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പ്രവാസിയായിരിക്കെ പാര്‍ട്ണറെ കൂട്ടി ഒരു വ്യാപാരം തുടങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ണര്‍ പറ്റിച്ചതോടെ 14 ലക്ഷം രൂപയുടെ കടക്കാരനായി താന്‍ മാറിയെന്ന് അദ്ദേഹം പറയുന്നു. കോഴിക്കടയ്ക്കൊപ്പം ലക്ഷങ്ങള്‍ ചിലവിട്ട് രണ്ട് റെസ്റ്റോറന്റുകളും ഹാരിസ് തുടങ്ങിയിരുന്നുവെങ്കിലും കച്ചവടം കുറഞ്ഞതും മറ്റ് പ്രശ്‌നങ്ങളും കാരണം അതും അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോള്‍ ജീവിതം പച്ചപിടിപ്പിക്കാനായി അതിഥി തൊഴിലാളികള്‍ക്കൊപ്പം തേപ്പ് പണി ചെയ്യുകയാണ് ഹാരിസ്. ഒരിക്കല്‍ തന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കുട്ടികളുടെ പിതാവായ ഈ മുന്‍ പ്രവാസിയുടെ പ്രതീക്ഷ.
സുഹൃത്തായ യുവതിയുടെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദ് (38) ആണ് മരിച്ചത്. അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അരവിന്ദന്റെ കുടുംബം രംഗത്തെത്തി. അരവിന്ദന്റെ മരണത്തിൽ വീട്ടമ്മയായ യുവതിക്ക് പങ്കുണ്ടെന്നും അരവിന്ദന്റെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വീട്ടമ്മയായ യുവതിയെ കാണാനായി അരവിന്ദൻ യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് തലക്ക് പരിക്കേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞ് വീണതെന്നാണ് ആദ്യം വീട്ടമ്മ പറഞ്ഞിരുന്നത്. നാട്ടുകാരനായ ഓട്ടോ ഡ്രൈവർ വഴിയാണ് അരവിന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഉച്ചയോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോഴാണ് അരവിന്ദന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റതായി കണ്ടത്.
അതേസമയം മെഡിക്കൽ കോളേജിൽ യുവാവിനെ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിൽ നിന്നും മുങ്ങിയതും വ്യാജ പേര് നൽകിയതും സംശയം ജനിപ്പിക്കുന്നു. യുവാവിനെ പരിശോധിച്ചതിൽ നിന്ന് തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകരണമായി കരുതുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.
പാറശാല ഷാരോൺ വധക്കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ അറസ്റ്റിലായി 85ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്︋പി റാസിത്താണ് കുറ്റപത്രം സമർപ്പിച്ചത്. കാമുകനായ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകത്തിൽ പങ്കില്ലെങ്കിലും അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഷാരോണിനെ കൊലപ്പെടുത്താനുള്ള ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീഷ്മ ഷാരോണിനെ ലൈംഗിക ബന്ധത്തിവനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
മുൻപേതന്നെ ഷാരോണുമായി ഷാരോണുമായി പ്രണയത്തിലായിരുന്നു ഗ്രീഷ്മ. അതിനിടയിൽ ഗ്രീഷ്മയ്ക്ക് ഉയർന്ന സാമ്പത്തിക നിലയുള്ള സൈനികൻ്റെ വിവാഹാലോചന വന്നിരുന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. ഇതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവദിവസം ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തിരുന്നു. സെക്സ് ചാറ്റിൻ്റെ അവസാനം ഷാരോണിനെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. സെക്സ് ചാറ്റിൻ്റേയും ഷാരോണിനെ ക്ഷണിച്ചുകൊണ്ടുള്ള ചാറ്റിൻ്റെയും തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഷാരോൺ വീട്ടിലെത്തിയപ്പോൾ തളരാതിരിക്കാൻ എന്നു പറഞ്ഞ് നേരത്തെ കീടനാശിനി കലർത്തി വച്ചിരുന്ന കഷായം ഒരു ഗ്ലാസ് ഷാരോണിനെ കൊണ്ട് കുടിപ്പിക്കുകയായിരുന്നു. കഷായം കുടിച്ച ഷാരോൺ ഛർദ്ദിച്ച് അവശനായാണ് വീടിനു പുറത്തേക്ക് വന്നത്. ഷാരോണിനെ പുറത്തുകാത്ത് നിന്ന സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽവച്ച് കഴിഞ്ഞ ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 25നാണ് ഷാരോൺ മരിക്കുന്നത്. തുടക്കത്തിൽ പാറശാല പൊലീസ് ഷാരോണിൻ്റേത് സാധാരണ മരണമെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ കുടുംബത്തിൻ്റെ പരാതിയിൽ പ്രത്യേക സംഘം കേസ് ഏറ്റെടുക്കുകയും ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കേരളം നടുങ്ങിയ പ്രണയക്കൊലയുടെ ചുരുളഴിഞ്ഞത്.
കാട്ടാനയെ കണ്ട് പേടിച്ചോടുന്നതിനിടയിൽ വീണ് പരിക്കേറ്റ ഗർഭിണി മരിച്ചു. ഇടമലക്കുടി സ്വദേശി മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് വീണ് പരിക്കേറ്റതിനെ തുടർന്ന് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് മാസം ഗർഭിണിയായ അംബിക ആറ്റിൽ കുളിക്കാൻ പോകുന്നതിനി ടെയാണ് കാട്ടാനയെ കണ്ട് ഭയന്നോടിയതെന്ന് നാട്ടുകാർ പറയുന്നു.
ഓടുന്നതിനിടയിൽ വീണ് അബോധാവസ്ഥയിലായ അംബികയെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചിരിക്കുന്നു. റോഡ് തകർന്നത് കാരണം ആംബുലൻസിന് സ്ഥലത്ത് എത്തിപ്പെടാൻ സാധിച്ചില്ല. തുടർന്ന് സ്ട്രക്ച്ചറിൽ ചുമന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പന്ത്രണ്ട് മണിക്കൂർ വൈകിയാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്.
പള്ളിക്കരയിൽ കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര സ്വദേശികളായ സുബൈർ-സമീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (15) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച സ്‌കൂളിൽ പോയ മുഹമ്മദ് ഷഹീമിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌കൂളിൽ നിന്നും വീട്ടിൽ പോകുന്നെന്ന് അധ്യാപകരോട് പറഞ്ഞതിന് ശേഷം പോയ മുഹമ്മദ് ഷഹീം വീട്ടിൽ എത്തിയില്ല. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
രാത്രി എട്ട് മണിയോടെ പള്ളിക്കരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മുഹമ്മദ് ഷഹീമിന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷഹീമിനെ വൈകുന്നേരം വരെ ബേക്കലത്തുള്ള ബീച്ച് പാർക്കിൽ കണ്ടതായി ദൃക്‌സാക്ഷികൾ പൊലീസിന് വിവരം നൽകി.