വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെയെന്ന് വെളിപ്പെടുത്തി ദർശനയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിൻറെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പാത്തിക്കൽ ഓംപ്രകാശിൻറെ ഭാര്യ ദർശനയാണ് കഴിഞ്ഞ പതിമൂന്നിന് അഞ്ചുവയസുള്ള മകൾ ദർശനയുമായി പുഴയിൽ ചാടിയത്. ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, ഭർത്താവിൻറെ അച്ഛൻ റിഷഭരാജൻ എന്നിവരാണ് മകളുടെ മരണത്തിന് കാരണമെന്ന് വിശാലാക്ഷി വിതുമ്പലോടെ പറയുകയാണ്.

ദർശനയെ രണ്ട് തവണ ഓംപ്രകാശ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെട്ടതിൻറെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയും മുമ്പ് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണം ഭർത്താവിൻറെ അച്ഛൻ കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതുമുതൽ പീഡനം തുടങ്ങിയതയാണ് പരാതി.

ദർശനയെ ഇരുവരും മർദിക്കാറുണ്ടെന്നും പരാതിയുണ്ട്. ശാരീരിക മാനസിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാർച്ചിൽ കമ്പളക്കാട് പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. മകൾ ദക്ഷയെ കരുതിയാണ് പോകരുതെന്നാവശ്യപ്പെട്ടിട്ടും ദർശന ഭർത്താവിൻറെ വീട്ടിൽ പോയത്. ദർശന സ്വന്തം വീട്ടിലേക്ക് വരുന്നതിനുപോലും ഭർത്തൃവീട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തി.

കഴിഞ്ഞവർഷം ദർശന അമ്മയ്ക്കൊപ്പം വള്ളിയൂർക്കാവിൽ ക്ഷേത്രദർശനം നടത്താനായി വീട്ടിലേക്ക് വന്നിരുന്നു. നേരം ഇരുട്ടിയതിനാൽ അന്ന് തിരികെപ്പോകാനായില്ല. പിറ്റേദിവസംതന്നെ ഭർത്തൃവീട്ടിലേക്ക് പോയെങ്കിലും ഭർത്തൃപിതാവ് മകളെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. മകളോട് ആത്മഹത്യചെയ്യണമെന്നും നാലുദിവസംമാത്രമേ സങ്കടമുണ്ടാകൂവെന്നുമാണ് പറഞ്ഞത്. ഇതോടെ മകൾ തിരികെവരുകയും കമ്പളക്കാട് പോലീസിൽ ഭർത്തൃപിതാവിന്റെ സംസാരം റെക്കോഡ് ചെയ്തതടക്കം പരാതി നൽകുകയും ചെയ്തു.

എന്നാൽ, പോലീസിൽനിന്ന് ഒരു പിന്തുണയും കിട്ടിയില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. പോലീസും പോലീസ് നിർദേശിച്ച കൗൺസിലറും ചേർന്ന് മകളെ തിരികെ ഭർത്തൃവീട്ടിലേക്ക് അയക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഭർത്തൃവീട്ടിലേക്ക് മടങ്ങിയ ദർശന ഫോണിൽപ്പോലും തുറന്നുസംസാരിക്കാൻ തയ്യാറായില്ലെന്ന് സഹോദരി ഹർഷന പറഞ്ഞു. ദർശന കുട്ടിയെയുംകൊണ്ട്‌ ആത്മഹത്യചെയ്ത വിവരം നാട്ടുകാരാണ് അറിയിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ദർശനയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 13-നാണ് ദർശന മകളെയുംകൊണ്ട് പുഴയിൽ ചാടുന്നത്. പുഴയിൽ ചാടുന്നതിനുമുമ്പ് വിഷവും കഴിച്ചിരുന്നു. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കി. മുമ്പ് രണ്ടുതവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. നാലുമാസം ഗർഭിണിയായിരുന്നു അവൾ.

അമ്മ വിശാലാക്ഷി പറഞ്ഞു. ജൂലായ് 13-ന് ഉച്ചയോടെ മകൾ അവസാനമായി അമ്മയെ വിളിച്ചു. ഔപചാരികമായി രണ്ടുവാക്ക്, ‘ഞാനുംമോളും ഉറങ്ങട്ടെ’ എന്നുപറഞ്ഞ്‌ ഫോൺവെച്ചു. ഉച്ചമയക്കത്തിന്റെ ലാഘവത്വത്തോടെമാത്രം ആ വാക്കുകൾ കേട്ട അമ്മ വിശാലാക്ഷി തിരിച്ചറിഞ്ഞില്ല അതൊരു യാത്രപറച്ചിലാണെന്ന്. വിവാഹം കഴിഞ്ഞതുമുതൽ മകൾ ഭർത്തൃഗൃഹത്തിൽ പീഡനം നേരിടുകയായിരുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നുകരുതി പലതും പറഞ്ഞില്ല. സഹികെട്ട് ഒടുക്കം 2022 മാർച്ചിൽ കമ്പളക്കാട് പോലീസ്‌സ്റ്റേഷനിൽ പരാതിനൽകാൻ ഒരുങ്ങിയപ്പോഴാണ് എല്ലാംപറഞ്ഞത് -കരച്ചിലോടെ സഹോദരി ഹർഷന പറഞ്ഞു.

ഭർത്തൃപിതാവ് മർദിച്ചതും അത്‌ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം മർദിച്ചതും ദർശന അന്നു പറഞ്ഞു. ‘നിനക്ക് ചത്തൂടെ പോയിട്ട്, മരത്തിൽ കയറി തൂങ്ങിക്കൂടെ, നാലുദിവസം ഒരു സങ്കടമായി നടക്കും, പിന്നെയാ വിഷമം പോകും’ എന്നാണ് അവളോട് പറഞ്ഞത്. അതിന്റെ ശബ്ദറെക്കോഡടക്കമുണ്ട്. -ഹർഷന പറഞ്ഞു. പഠനകാര്യങ്ങളിൽ ഏറെ മുൻപന്തിയിൽനിന്നിരുന്ന ദർശന പല പി.എസ്.സി. ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു.പി. സ്കൂൾ ടീച്ചേഴ്‌സ് ലിസ്റ്റിൽ 76-ാം റാങ്കുണ്ടായിരുന്നു. മരണദിവസം ജൂനിയർ സയൻറിഫിക് അസിസ്റ്റൻറായി ജോലി ലഭിക്കാനുള്ള ഉത്തരവും വീട്ടിലെത്തി.

ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിരുന്നു, ദർശന. അയാളോട് രണ്ടുമൂന്നു ദിവസമായി മരിക്കുമെന്ന് പറഞ്ഞിരുന്നതായി ഭർത്താവ് ഓംപ്രകാശ് തന്നെ ബന്ധുക്കളോട് പറഞ്ഞു, അതൊന്നുകേൾക്കാൻ തയ്യാറായിരുന്നെങ്കിൽ, അല്ലെങ്കിൽ അതു ഞങ്ങളെ അറിയിച്ചിരുന്നെങ്കിൽ ഇതുണ്ടാവില്ലായിരുന്നു. -ഹർഷന പറഞ്ഞു. ഗർ‍ഭസ്ഥശിശുവടക്കം മൂന്നുജീവനുകൾ നഷ്ടപ്പെടാൻ കാരണക്കാരായ ഓംപ്രകാശിനും അച്ഛനായ ഋഷഭരാജനും എല്ലാറ്റിനും കൂട്ടുനിന്ന അമ്മ ബ്രാഹ്മിലയ്ക്കും സഹോദരി ആശയ്ക്കും കുടുംബങ്ങങ്ങൾക്കുമെതിരേ ശക്തമായ നിയമനടപടികൾ ഉണ്ടാവണമെന്നുമാത്രമാണ് കുടുംബത്തിന്റെ ആവശ്യം. മറ്റൊരാൾക്കുകൂടി ഇങ്ങനെ സംഭവിക്കരുത് ദർശനയുടെ കുടുംബം പറഞ്ഞു.