Kerala

പോലീസുദ്യോഗസ്ഥയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പേരാമ്പ്ര കൈപ്രം കുന്ദമംഗലത്ത് ബീനയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ് അരവിന്ദനെ വീഡിയോകോള്‍ ചെയ്ത് താന്‍ മരിക്കുകയാണെന്ന് പറഞ്ഞിട്ടായിരുന്നു മരണമെന്ന് പോലീസ് പറഞ്ഞു.

പേരാമ്പ്ര സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബീന തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെ പേരാമ്പ്ര സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. മകനെ കൂട്ടാനെന്ന പേരില്‍ സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കുപോയ ശേഷം വൈകീട്ട് അഞ്ചോടെയാണ് സംഭവം.

ബീന വീഡിയോ കോള്‍ ചെയ്ത് മരിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ കോയമ്പത്തൂരില്‍ അമൃത യൂണിവേഴ്‌സിറ്റിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് വിവരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ വാതിലുകള്‍ എല്ലാം തുറന്ന് കിടക്കുകയായിരുന്നു. വീടിന് പിന്‍വശത്തുള്ള ചായ്പിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകന്‍ കളിക്കാനും ബീനയുടെ അമ്മ അടുത്തവീട്ടിലും പോയതായിരുന്നു. പരേതനായ കുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജിനിയുടെയും മകളാണ്. മക്കള്‍: ഗൗതം കാര്‍ത്തിക്, ഗഗന്‍ കാര്‍ത്തിക്

കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. കൊച്ചി രവിപുരത്തെ റേയ്സ് ട്രാവല്‍സില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യ(27)യ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്.

വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് ട്രാവല്‍സിലെത്തി ജീവനക്കാരിയായ സൂര്യയെ ആക്രമിച്ചത്. പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രവിപുരത്തെ റേയ്സ് ട്രാവല്‍സില്‍ വിസയ്ക്കായി പ്രതി പണം നല്‍കിയിരുന്നു. എന്നാല്‍ വിസ ശരിയായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരിയായ സൂര്യയുമായി യുവാവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

പരിക്കേറ്റ സൂര്യ ഭയന്നുനിലവിളിച്ച് സമീപത്തെ ഹോട്ടലിലേക്കാണ് ഓടിക്കയറിയത്. തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരനും സൗത്ത് പോലീസും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്നും സൂര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൗത്ത് പോലീസ് എസ്.എച്ച്.ഒ. പറഞ്ഞു.

വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ പുസ്തകമെടുക്കാന്‍ വീട്ടിലേക്ക് തന്നെ മടങ്ങിയ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. കോഴിക്കോട് എകരൂരിലാണ് പതിനഞ്ചുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

എകരൂര്‍ തെങ്ങിനി കുന്നുമ്മല്‍ അര്‍ച്ചന(15)യാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മയുടെ കൂടെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി അച്ഛമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിര്‍ത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി.

പിന്നാലെ അച്ഛമ്മയോട് ഒരു പുസ്തകം വീട്ടില്‍ ഉണ്ടെന്നും അത് എടുത്ത് വരാമെന്നും പറഞ്ഞ് പെണ്‍കുട്ടിയും വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു.പിന്നീട് പെണ്‍കുട്ടിയെ ഇവര്‍ താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടില്‍ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.

വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അര്‍ച്ചനയുടെ മൃതദേഹം വീടിനകത്തു നിന്നും കണ്ടെത്തിയത്.

തെങ്ങില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ ആണ് മരിച്ചത്.

സുനില്‍ നിഷ ദമ്പതികളുടെ മകനാണ് ആദില്‍. പതിനേഴ് വയസ്സായിരുന്നു. തത്തയെ പിടിക്കുന്നതിനായി തെങ്ങില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. തത്തയെ പിടിക്കാനായി മുകള്‍ ഭാഗമില്ലാത്ത ഉണങ്ങി നിന്നിരുന്ന തെങ്ങിലാണ് ആദില്‍ കയറിയത്.

അപ്പോള്‍ മടല്‍ ഭാഗം പാതി വെച്ച് ഒടിഞ്ഞുവീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മുതുകുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു മരിച്ച കൃഷ്ണ. സഹോദരി: മധുര മീനാക്ഷി.

മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ ഉടനുണ്ടാകുമെന്ന് റിയലിസ്റ്റിക് സിനിമകളുടെ എഴുത്തുകാരന്‍ ശ്യാം പുഷ്‌കരന്‍. തങ്കം സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ആയിടുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കുമെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്യാം പുഷ്‌കരനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു.

ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. സഹീദ് അരാഫത്ത് ആണ് സംവിധാനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോ?ഗമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ്.

 

ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു. അറച്ച് നില്‍ക്കുന്നത് എന്തിന്. ലോകത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആരുടെയും അനുവാദത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. സോഷ്യല്‍മീഡിയയില്‍ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാന്‍ പാടില്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക.”കെ അനില്‍കുമാര്‍ പറഞ്ഞു.

ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.

ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി 100 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും കോടതി വിധിച്ചു. രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്.

ഇത് പെൺകുട്ടിയ്ക്ക് നൽകണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷം തടവിൽ കഴിയേണ്ടിവരും. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം.ബിനുവിന്റെ വീടിന് അടുത്താണ് പെൺകുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിനുവിന്റെ ക്രൂരത പുറത്ത് വന്നത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ബിനു ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിവേഗത്തിലായിരുന്നു കേസിന്റെ വിചാരണ. പീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് , ഷിജുദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.

ആലപ്പുഴയിലേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. നാല് പേർ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ച് പേരും ഐ എസ് ആർ ഒ കാന്റീനിലെ താത്ക്കാലിക ജീവനക്കാരാണ്.

അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു നടത്തിയ പരാമർശം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെയായിരുന്നു മുകുന്ദൻ ഉണ്ണി അസ്സോസിയേറ്‌സിനെതിരെ ഇടവേള ബാബു വിമർശനം ഉന്നയിച്ചത്. സിനിമ മുഴുവനും നെഗറ്റീവാണെന്നും അങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. സോഷ്യൽ മീഡിയ വലിയ തോതിൽ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.

ഇപ്പോൾ നടൻ ഷമ്മി തിലകൻ പങ്കുവെച്ച ഫേസ്‍ബുക് പോസ്റ്റ് വൈറലാവുകയാണ്. ഇടവേള ബാബുവിന്റെ പേരോ ചിത്രമോ വിവാദമോ പരാമർശിക്കാതെയുള്ള പോസ്റ്റിനു ഒരു മീമാണ്‌ ആധാരം. കല്യാണരാമൻ ചിത്രത്തിലെ ദിലീപിന്റെയും സലിംകുമാറിന്റെയും മീമിൽ ‘ സരമില്ലട നി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ ‘ എന്നാണ് കൊടുത്തിരിക്കുന്നത്. അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ.. പോരണ്ടാന്ന്..!?എന്നും ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.

പേര് കൊടുത്തില്ലെങ്കിലും ഈ പോസ്റ്റ് ഇടവേള ബാബുവിനെ ഉദ്ദേശിച്ചത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെ ട്രോളിയുള്ള കമന്റുകളും ഉണ്ട്.

അതേസമയം ഇടവേള, തന്റെ സിനിമയെപ്പറ്റി അഭിപ്രായം പറഞ്ഞതിൽ കുഴപ്പമില്ലെന്നും സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നുമാണ് വിഷയത്തിൽ വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്. “ബാബു ചേട്ടൻ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെപ്പറ്റി എല്ലാവരും സംസാരിക്കട്ടെ. നമ്മുടെ സിനിമയെപ്പറ്റി ഒരു ചർച്ച വരുന്നത് നല്ലതാണ് സന്തോഷമുള്ള കാര്യമാണ്” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

സിനിമയ്ക്ക് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും അങ്ങനെ ഒരു സിനിമ ഇവിടെ ഓടിയെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം സെറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പരാതിയുമായി വിദ്യാർത്ഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനാകാതെ മടങ്ങിയത്. അഡ്മിറ്റ് കാർഡിൽ പരീക്ഷ കേന്ദ്രമായി എംഎം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പരപ്പിൽ കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ സ്‌കൂൾ കോഴിക്കോട് നഗരപരിധിക്കുള്ളിലാണ്.

അതേസമയം സ്‌കൂൾ അറിയാതെ ഗൂഗിളിൽ തിരഞ്ഞ് വരുന്ന വിദ്യാർത്ഥികൾ എത്തുന്നത് മുക്കത്താണ്. നിരവധി വിദ്യാർത്ഥികൾ ഇത്തരത്തിൽ വഴി തെറ്റി എത്താറുള്ളതായി സമീപവാസികൾ പറയുന്നു. പരീക്ഷ നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് ഇനി ആറു മാസം കാത്തിരുന്നാൽ മാത്രമാണ് വീണ്ടും പരീക്ഷ എഴുതാൻ സാധിക്കു. ഇനി വരുന്ന വിദ്യാർത്ഥികൾക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കാനാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

RECENT POSTS
Copyright © . All rights reserved