Kerala

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും മലയാളിയെ കടാക്ഷിച്ച് ഭാഗ്യദേവത. ഒന്നാം സമ്മാനമായ 2.5 കോടി ദിർഹം (ഏകദേശം 50 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് പ്രവാസി മലയാളിയായ ഹോട്ടൽ ജീവനക്കാരൻ എൻ എസ് സജേഷിന് കൈവന്നത്. ബിഗ് ടിക്കറ്റിൻറെ 245ാം സീരീസ് നറുക്കെടുപ്പിലാണ് സജേഷിന് ഭാഗ്യം എത്തിയത്. ദുബായിയിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയത്.

നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് എടുത്തത്. സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് സജേഷ് അറിയിച്ചു. ”ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സജേഷ് കൂട്ടിച്ചേർത്തു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അർഹമായത്. ഒക്ടോബർ 20നാണ് ഇദ്ദേഹം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ഇത്തവണത്തെ നറുക്കെടുപ്പിൽ 14 പേർക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകൾ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശി മുഹമ്മദ് അബ്ദേൽഗാനി മഹ്മൂദ് ഹാഫേസ് ആണ്.

മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള മുഹമ്മദ് അൽതാഫ് ആലം ആണ്. 50,000 ദിർഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീൻ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടികൊടുത്തത്.

അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാറില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഇയാളെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്ത് തീപൊള്ളലേറ്റ നിലയില്‍ കണ്ടത്.

വൈകീട്ട് ശബ്ദം കേട്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതാണ് കണ്ടത്. ഒപ്പം ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതും ജെസിയുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.പോലീസെത്തിയാണ് ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 12.30-ഓടെ മരണം സംഭവിച്ചു.

അതേസമം, ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമയായ ടോമിച്ചനും കുടുംബത്തിനും അറിയില്ല. ചന്ദ്രശേഖരനുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു പറയുന്നു. കൂടാതെ ഇവരുമായി നല്ല ബന്ധത്തിലുമായിരുന്നെന്നു ടോമിച്ചന്‍ പറഞ്ഞു.

അതേസമയം, ചന്ദ്രശേഖരന്റേത് ആത്മഹത്യയാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുമുറ്റത്തുനിന്ന്, ചന്ദ്രശേഖരന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുമായി അകന്ന് ചന്ദ്രശേഖരന്‍ ഒറ്റയ്ക്കായിരുന്നു താമസം. ടോമിച്ചന്റെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം തുടങ്ങി.

കൊല്ലം ബീച്ചിലെ വയലിനിസ്റ്റ് അലോഷ്യസ് ഫെർണാണ്ടസ് നിര്യാതനായി. 76 വയസായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയാണ് അലോഷ്യസ് ഫെർണാണ്ടസ്. ചവറ കോയി വിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിലായിരുന്നു അന്ത്യം.കഴിഞ്ഞദിവസം റോഡരികിൽ അവശനിലയിൽ കാണപ്പെട്ട ഫെർണാണ്ടസിനെ ജീവകാരുണ്യ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ചവറയിലെ അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് ചവറ കോയി വിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ വച്ച് മരണപ്പെട്ടത്.

വയലിൻ തന്ത്രികൾ മീട്ടുന്ന അലോഷി ഫെർണാണ്ടസിനെ അറിയാത്തവർ കൊല്ലത്ത് വിരളമാണ്. ബീച്ചിലെത്തുന്നവർക്ക് മുന്നിൽ സ്വർഗസംഗീതം പൊഴിക്കുന്ന, അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന അലോഷി. അലോഷിയെ കടലാഴത്തോളമുള്ള ഏകാന്തതയിലേക്ക് തള്ളിവിട്ടതിന് പിന്നിലും വലിയ കഥയുണ്ട്.

പ്രായം 76, പഠിച്ചതും വളർന്നതും മുംബൈ നഗരത്തിൽ. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ എയർലൈൻസിൽ സാങ്കേതിക വിഭാഗത്തിൽ ജോലി ലഭിച്ചു. വിദേശ രാജ്യങ്ങളിലെ സൗഹൃദവും ആഡംബര ജീവിതവും കോടീശ്വരനായിരുന്ന അലോഷിയെ കൊണ്ടെത്തിച്ചത് ചൂതാട്ടത്തിലായിരുന്നു. ചൂതാട്ട കളത്തിൽ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടു. കുടുംബ ബന്ധവും ശിഥിലമായി. ഒരു വയലിൻ മാത്രമായിരുന്നു അലോഷിയുടെ പിന്നീടുള്ള ഏക സമ്പാദ്യം.

കൊഴിഞ്ഞുപോയ ഭൂതകാല ഭ്രമങ്ങളെ മറികടക്കാൻ അലോഷിക്ക് കൂട്ടായിരുന്നതും വയലിനായിരുന്നു. വയലിൻ വായിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അലോഷി പട്ടിണിയെ മറികടന്നത്. നഷ്ടമായ ജീവിതത്തിന്റെയും ഏക സമ്പാധ്യമായ വയലിനെ തനിച്ചാക്കി അലോഷിയും യാത്രയായി.

അവതാരക, മോഡൽ, സീരിയൽ താരം എന്നീ നിലകളിൽ എത്തി പ്രേക്ഷക മനംകവർന്ന താരമാണ് ശാലിനി നായർ. സോഷ്യൽമീഡിയയിലും സജീവമായി ഇടപെടുന്ന താരം ബിഗ് ബോസ് സീസൺ നാലിൽ എത്തിയതോടെയാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായത്. ഇപ്പോൾ, തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന് ശാലിനി നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ഏതായാലും ദ്രവിക്കാൻ പോകുന്ന ശരീരമല്ലേയെന്നും സഹകരിക്കണമെന്നും വലിയൊരു തുക നൽകാമെന്നുമാണ് സന്ദേശം അയച്ചത്. ഹർഷൻ എന്ന യുവാവാണ് താരത്തിന് അപമര്യാദയായി സന്ദേശം അയച്ചത്. സ്‌ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവെച്ചാണ് ശാലിനി മറുപടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചത്. ആങ്കറിങ് ആണ് തന്റെ ജോലിയെന്നും തന്റെ ശരീരം വിൽപനച്ചരക്കല്ലെന്നും ശാലിനി പങ്കുവെച്ചു. സഹായിക്കാനാണ് ഉദ്ദേശമെങ്കിൽ ആങ്കറിങ് ചെയ്യാനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ശാലിനി കുറിപ്പിൽ പറയുന്നു.

ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണ രൂപം;

അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ. നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതിൽ സംതൃപ്തി തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,

സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് ????ഇതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടർ അവർക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉൾപ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം,, അവർ കാണാതെ അവർ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ മറച്ചു വെച്ചിട്ടുണ്ട്.

പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇത് പോലെ പെരുമാറില്ല. അത് പോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങൾക്കുള്ള വിൽപ്പന ചരക്കല്ല എന്റെ ശരീരം. ഇതിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമാണ്.

ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഗോപകുമാറും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മകൾ ഗൗരിയുമാണ് മരണപ്പെട്ടത്. കൊല്ലം മൈലക്കോട് ദേശീയ പാതയിലാണ് ദാരുണ അപകടം നടന്നത്. മകൾ ഗൗരിയെ സ്‌കൂളിൽ കൊണ്ടുവിടാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്.

ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലർ ഇവരുടെ ബൈക്കിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സാരമായി പരിക്കേറ്റ ഗൗരിയെ ഉടനടി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിതാവിന്റെ മരണത്തിന് പിന്നാലെ ഗൗരിയും ലോകത്തോട് വിടചൊല്ലി. 2 ജീവനും പൊലിയാൻ ഇടയാക്കിയത് ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

ബൈക്കിന്റെ പിന്നിൽ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളമാണ് വലിച്ചുകൊണ്ടുപോയത്. തുടർന്നും മുന്നോട്ടെടുത്ത ലോറിയെ നാട്ടുകാർ ഓടിക്കൂടിയാണ് പിടിച്ചുവെച്ചത്. അപകട സ്ഥലത്തുനിന്ന് നൂറു മീറ്റർ അകലെയാണ് ലോറി നിർത്തിയത്. പിഴവ് ലോറി ഡ്രൈവറുടെ ഭാഗത്ത് തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വ്യക്തമാക്കി.

കാറില്‍ചാരിയെന്ന് ആരോപിച്ച് തലശ്ശേരിയില്‍ ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച് കാറുടമയുടെ ക്രൂരത. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രതി പിടിയിലായി. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് എതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചതെന്നാണ് വിവരം. കാറില്‍ ചാരിനില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാള്‍ ചവട്ടിത്തെറിപ്പിച്ചത്. രാജസ്ഥാനില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് മര്‍ദനമേറ്റ ഗണേഷ്.

നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ശിഹ്ഷാദിനെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

പിന്നീട് പോലീസ് ഇയാളെയും ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതിക്ക് എതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍മീഡിയയിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകന്മാരില്‍ ഒരാളാണ് സലിം കൊടത്തൂര്‍. ഇപ്പോഴിതാ വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സലീം. ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെയാണ് സലീം കൊടത്തൂര്‍ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.

താനൊരു മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായത് കൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന് സലീം പറഞ്ഞു. ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടല്ലെന്നും നേരത്തെയുമുണ്ടായിരുന്നുവെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ പലപ്പോഴും കൊച്ചി എയര്‍പ്പോട്ടില്‍ നിന്നാണ് യാത്ര ചെയ്യാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറത്ത് വീടുള്ളപ്പോഴും സമീപത്ത് മറ്റൊരു എയര്‍പോട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൊച്ചിയില്‍ യാത്ര ചെയ്യുന്നതെന്ന ചോദ്യങ്ങള്‍ നേരിടേണ്ടിട്ടുണ്ടെന്നും സലീം കൊടത്തൂര്‍ പറയുന്നു.

കൊച്ചി എയര്‍പോട്ട് തെരഞ്ഞെടുക്കുന്നത് തനിക്ക് വീട്ടിലേക്ക് എത്താന്‍ എളുപ്പത്തിനാണ്. പാസ്‌പോര്‍ട്ട് നോക്കിയ ശേഷം വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ് അടിവസ്ത്രം വരെ ഊരി പരിശോധിച്ചിട്ടുണ്ടെന്നും മലപ്പുറത്തുള്ള ചിലര്‍ തെറ്റുചെയ്‌തെന്ന് കരുതി എല്ലാ മലപ്പുറംകാരും അതുപോലെ ചെയ്യണമെന്നുണ്ടോ എന്നും സലീം ചോദിക്കുന്നു.

എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ജോലിയുടെ കാര്യം പറഞ്ഞുകൊടുത്തു, ചെയ്ത വര്‍ക്കുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്നും എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകന്‍ പറയുന്നു. തനിക്ക് തന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.

‘ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് . ഞാന്‍ മനസിലാക്കുന്നത്, ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമെന്നാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതിയെയും മക്കളെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് യുവതി അയച്ചിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നെന്നും മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുമുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്ന് സഹോദരന്‍ പറഞ്ഞു. മരണവിവരം നാലുമണിക്ക് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.

ഇന്നലെ ഭര്‍ത്താവിന്‍റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സഫ്‍വ ആത്മഹത്യ ചെയ്‍തെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സത്യാവസ്ഥ പുറത്തെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. താനിന്നലെ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഭര്‍ത്താവ് റഷീദലി പറയുന്നത്. താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

വിമാനത്തിന്റെ ചിറക് കെഎസ്‌ആർടിസി ബസിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് ബസിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസിന്റെ മുൻവശം പാടേ തകർന്നു. ബുധനാഴ്‌ച പുലർച്ച ബാലരാമപുരം ജംഗ്‌ഷനിലായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറടക്കം അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചുകയക്കുകയായിരുന്നു.

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിച്ചിരുന്ന എ-320 വിമാനം ഇനിയും ഉപയോഗിക്കാൻ കഴിയില്ലെന്ന് കണ്ട് നാല് വർഷത്തോളം തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാംഗർ യൂണിറ്റിന് സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇതിനുമുൻപ് 30 വർഷത്തോളം സർവീസ് നടത്തിയ വിമാനമാണിത്.

ആക്രിയായി വിറ്റ വിമാനത്തിനെ 75 ലക്ഷം രൂപയ്‌ക്ക് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് സ്വന്തമാക്കുകയായിരുന്നു. വിമാനം വിവിധ ഭാഗങ്ങളാക്കി നാലോളം വാഹനങ്ങളിലാണ് ഇത് ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനിടെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ ട്രെയില‌ർ ലോറിയുടെ ഡ്രൈവർ ഉടൻ ഇറങ്ങിയോടി. ഇതോടെ വലിയ ബ്ളോക്കാണ് സ്ഥലത്തുണ്ടായത്. ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങിയ മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് ലോറി സ്ഥലത്തുനിന്നും മാറ്റുന്നത്.

 

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മലിനെയും റിമാൻഡ് ചെയ്തു. നിലവിൽ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തിൽ വിഷം കലർത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.

പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസം ഒഴിവാക്കാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ ലൈസോൾ കുടിച്ചതെന്ന ആരോപണം ശക്തമാണ്. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോൾ ഉള്ളിൽചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ചയും വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും. ഗ്രീഷ്മയെയും സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ വിലയിരുത്തൽ. ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയ കളനാശിനിയുടെ കുപ്പി ഉൾപ്പെടെ ഇരുവരുടെയും കൊണ്ടുള്ള തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. ഇതിനപ്പുറം കൊലപാതകം ആസൂത്രണം ചെയ്യുന്നതിലടക്കം ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുകയാണ്.

പോലീസ് കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും നിർമൽ കുമാറിനെ നെയ്യാറ്റിൻകര കോടതിയിലുമാണ് നിലവിലുള്ളത്. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ വ്യക്തമായേക്കും.

RECENT POSTS
Copyright © . All rights reserved