വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. ഷൂട്ടിംഗിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം നാളെ തിയേറ്ററുകളിലെത്തും.

രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രം തിയേറ്ററിൽ കാണണമെങ്കിൽ തിരിച്ചറിയൽ കാർഡ് വേണമെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ തിയേറ്ററില്‍ കയറ്റില്ലെന്നും ടിക്കറ്റിന് മുടക്കിയ പണം തിരികെ ലഭിക്കില്ലെന്നും ബുക്ക്‌ മൈ ഷോ ആപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1921 മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ അബൂബക്കർ

1921-ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. പുതിയ ചിത്രം ‘ 1921: പുഴ മുതല്‍ പുഴ വരെ’ മാർച്ച് മൂന്നിന് റിലീസ് ആകുന്നതിന് മുൻപാണ് ബലി അർപ്പിചിരിക്കുന്നത്. 1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ. പൂർവ്വികർക്ക് നൽകാനുള്ള. മഹത്തായ ബലിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

”1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ…. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക… ഇത് പൂർവ്വികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്… ഓർക്കണം… ഓർമ്മിപ്പിക്കണം ചങ്കു വെട്ടി… വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്… തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴമുതൽ പുഴവരെയിൽ ബലിയാടായവരെ.. നിങ്ങൾക്കുള്ള ഒരു തർപ്പണമാണ്… നിലവിളിച്ചവർക്കുള്ള തർപ്പണം.. മമധർമ്മ… ഇനി ഞാനൊന്നുറങ്ങട്ടെ”

‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതായും സംവിധായകന്‍ അറിയിച്ചിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് ‘വാരിയംകുന്നന്‍’ രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു.