ഷെറിൻ പി യോഹന്നാൻ
റോഷാക്ക്, തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രമാണ്. അത് കഥയുടെ വലുപ്പം കൊണ്ടല്ല, സാങ്കേതിക വശങ്ങളിലെ പെർഫെക്ഷൻ കാരണമാണ്. മലയാളി കണ്ടുശീലിച്ചിട്ടില്ലാത്ത കഥാഭൂമികയിലേക്കാണ് റോഷാക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ചില സ്കാൻഡിനേവിയൻ സിനിമകൾ നൽകുന്ന ഫീൽ ഈ ചിത്രവും വച്ചുനീട്ടുന്നുണ്ട്. ഒരു കഥ പറഞ്ഞുതീർക്കുക എന്ന ധർമ്മമല്ല നിസാം ബഷീറെന്ന സംവിധായകൻ നിർവഹിക്കുന്നത്. അതിനെ വ്യത്യസ്തമായി, സൂക്ഷ്മമായി കൈകാര്യം ചെയ്ത് പുത്തൻ അനുഭവമായി സ്‌ക്രീനിൽ എത്തിക്കുകയാണ്. ഇവിടെയാണ് റോഷാക്ക് എനിക്ക് പ്രിയപ്പെട്ടതാവുന്നത്.
തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ലൂക്ക് ആന്റണി ഹിൽ സ്റ്റേഷനിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. പതിയെ ആ നാട്ടിൽ നിലയുറപ്പിക്കുന്ന ആന്റണിയിലൂടെ കഥയും കഥാപാത്രങ്ങളും വികസിക്കുന്നു. സ്പൂൺ ഫീഡ് ചെയ്യാതെ ഇടയ്ക്കിടെ പ്രേക്ഷകന്റെ മനസ്സിളക്കാനുള്ളത് ഇട്ട് നൽകി, അല്പം ചിന്തിപ്പിച്ചുതന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്. എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നായ ഇബ്‌ലീസിന്റെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ഇവിടെയും വ്യത്യസ്തമായ ലോകം ഒരുക്കിയിരിക്കുന്നു. ഇബ്‌ലീസിൽ കളർഫുൾ ലോകമാണെങ്കിൽ ഇവിടെ അത് നേർവിപരീതമാണ്.
ലൂക്ക് ആന്റണിയുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി സ്‌ക്രീനിൽ എത്തിക്കുന്നതിൽ മമ്മൂട്ടി വിജയിച്ചിട്ടുണ്ട്. ഇവിടെ ആന്റണി മറ്റു കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് എത്തുന്നത്. അതിനാൽ കഥയിൽ അവരുടെ റോളും വലുതാണ്. ബിന്ദു പണിക്കരുടെ കഥാപാത്ര നിർമിതി, പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്. ജഗദീഷ്, ഷറഫുദീൻ, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രകടനങ്ങളിൽ മികച്ചു നിൽക്കുന്നു.
ലൂക്ക് ആന്റണി ചുറ്റികയുമായി പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗത്തുള്ള പശ്ചാത്തലസംഗീതം അതിഗംഭീരമാണ്. മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതവും നിമിഷ് രവിയുടെ ഫ്രെയിമുകളും കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തെ ഗ്രിപ്പിങായി നിലനിർത്തുന്നു. സ്ലോ ബേൺ ത്രില്ലറെന്നോ, സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറെന്നോ വിശേഷിപ്പിക്കാം. സിനിമ ഒരുക്കുന്ന മൂഡിലേക്ക് എത്താൻ കഴിഞ്ഞാൽ വളരെ ഇമ്പ്രെസ്സീവായി അനുഭവപ്പെടും. നായകനെകൊണ്ട് / വില്ലനെകൊണ്ട് ഫ്ലാഷ്ബാക്ക് പറയിപ്പിക്കുന്ന സ്ഥിരം ശൈലിയും ചിത്രം പിന്തുടരുന്നില്ല.
മനുഷ്യമനസ്സിനോളം നിഗൂഢമായ മറ്റൊന്നില്ല. അടുത്താലും അത്ര പെട്ടെന്ന് അറിയാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ശക്തി. ശ്രദ്ധയോടെ അവരോടൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കേണ്ടത്. പല സംഭാഷണങ്ങളും ശ്രദ്ധേയമാണ്.
🔥Bottom Line – മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളാണ് റോഷാക്ക് വിഷയമാക്കുന്നത്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി, ടെക്നിക്കൽ സൈഡ്, പുതുമയുള്ള കഥ – ആഖ്യാനം എന്നിവ ചിത്രത്തിന് ഫ്രഷ് ഫീൽ സമ്മാനിക്കുന്നു. അത് വലിയ സ്‌ക്രീനിൽ അനുഭവിച്ചറിയണം.
ഐശ്വര്യ പൂജയ്ക്കായി നരബലി നടത്തിയ വാര്‍ത്ത അറിഞ്ഞ് ശരിക്കും ഞെട്ടിയത് പത്തനംതിട്ട ഇലന്തൂരിലെ നാട്ടുകാര്‍. നാടുമായി ഇടപഴകി കഴിയുന്ന കാഞ്ഞിരംമൂട്ടില്‍ വൈദ്യന്മാരായ ഭഗവല്‍ സിംഗും ഭാര്യ ലൈലുമാണെന്ന് മാധ്യമങ്ങളില്‍ നിന്നാണ് നാട്ടുകാര്‍ അറിഞ്ഞത്. നാട്ടുകാര്‍ ‘ബാബു അണ്ണന്‍’ എന്നു വിളിക്കുന്ന വൈദ്യരാണ് ഭഗവല്‍ സിംഗ്. കഴിഞ്ഞ ദിവസവും ഒരു വിവാഹ സ്ഥലത്ത് ഭഗവല്‍ സിംഗും ഭാര്യയുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പല അയല്‍വീടുകളിലും ഭഗവല്‍ സിംഗ് സൗഹൃദ സന്ദര്‍ശനവും നടത്തിയിരുന്നു.
ഇലന്തൂര്‍ മണപ്പുറത്ത് പാരമ്പര്യ വൈദ്യനാണ് ഭഗവല്‍ സിംഗ്. അച്ഛനും അപ്പൂപ്പന്മാരും പാരമ്പര്യമായി തിരുമ്മു ചികിത്സ നടത്തുന്ന കേന്ദ്രമാണിത്. അവര്‍ നല്ല കൈപുണ്യമുള്ളവരായിരുന്നു. ആ പാരമ്പര്യം തന്നെ ഭഗവല്‍ സിംഗിനുമുണ്ടായിരുന്നു. നാട്ടുകാര്‍ അടക്കം നിരവധി പേര്‍ ദിവസവും ഇവിടെ തിരുമ്മലിന് എത്താറുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ ദിവസവും വരും. തിരക്ക് കഴിയുമ്പോള്‍ ഭഗവല്‍ സിംഗ് പുറത്തുവരാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
നിരവധി വാഹനങ്ങള്‍ ദിവസവും വന്നുപോകാറുണ്ട്. തിരുമ്മാന്‍ എത്തുന്നവരാണെന്നാണ് കരുതിയത്. ഇന്നു രാവിലെയും വാഹനങ്ങള്‍ വന്നു. എന്നാല്‍ വൈദ്യരില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി വൈദ്യരുടെ ഭാര്യ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം. ചന്ദനതിരി കത്തിക്കുന്നതിന്റെ സുഗന്ധവും വന്നിരുന്നു. എല്ലാ വീട്ടിലും നടക്കുന്ന പോലെയുള്ള പ്രാര്‍ത്ഥനയാണെന്നാണ് കരുതിയതെന്നും നാട്ടുകാര്‍ പറയുന്നു.
ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും പൂജ നടത്താന്‍ സമീപിക്കുക എന്ന ശിഹാബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടാണ് ദമ്പതികള്‍ സമീപിച്ചത്. ഇവരില്‍ നിന്ന് പൂജയ്ക്കായി പണവും ഈടാക്കി. തുടര്‍ന്ന് ശിഹാബ് തന്നെയാണ് നരബലിയെ കുറിച്ച് പറഞ്ഞത്. അതിനുള്ള ഇരകളെയും ഇയാള്‍ തന്നെ എത്തിച്ചുകൊടുക്കുകയായിരുന്നു.
കാലടി മറ്റൂര്‍ സ്വദേശിനി റോസിലിയെ ഇതിനു വേണ്ടി ആദ്യം തിരുവല്ലയില്‍ കൊണ്ടുപോയി പൂജ നടത്തി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ജൂണിലാണ് ഈ സംഭവം. റോസിലിയെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ പാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ല.
ഐശ്വര്യം വര്‍ധിക്കാന്‍ ഒരു നരബലി കൂടി നടത്തണമെന്ന് ശിഹാബ് ആവശ്യപ്പെട്ടു. ഇതിനായി പത്മയെ കൊച്ചിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി. കാറിലാണ് ഇവരെ കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയാലെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്ന ദക്ഷിണ മേഖല ഐജി. പി.പ്രകാശ് പറഞ്ഞു. ഇപ്പോള്‍ രണ്ടു കൊലപാതക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയോ എന്ന് അന്വേഷിച്ചുവരുന്നു. റോസിലിയെ ജൂണിലാണ് കാണാതായത്. റോസിലിയെ കൊലപ്പെടുത്തിയ വിവരം പ്രതികളാണ് പറഞ്ഞത്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള കൊലയാണെന്നാണ് പ്രതികള്‍ പറഞ്ഞത്. നരബലിയാണോ എന്ന് പരിശോധിച്ചുവരികയാണ്.
ശിഹാബ് ആണ് ഏജന്റായി ഇവര്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയത്. രണ്ട് മൃതദേഹങ്ങളും ഒരിടത്താണ് കുഴിച്ചിട്ടിരിക്കുന്നതെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവും അറിയിച്ചു. കൊലപാതകം അതിക്രൂരമായ രീതിയിലാണ് നടത്തിയിരിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്.
കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൗതുക കാഴ്ചയായിരുന്ന ബബിയ എന്ന മുതല മരിച്ചു. ഇന്നലെ രാത്രിയാണ് മുതല മരണപ്പെട്ടത്. 75 വയസായ ബബിയ സസ്യാഹാരിയായിരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
രാജ്യത്തെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിൽ നിന്ന് മുതല ശ്രീകോവിലിനടുത്തെത്തും. ബബിയ ശ്രീകോവിലിന് മുന്നിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ക്ഷേത്ര പൂജാരി എടുത്തിരുന്നു, ഇതിന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ചിരുന്നു.
ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമായിരുന്നു സസ്യാഹാരിയായ ബബിയയുടെ ഭക്ഷണം. ക്ഷേത്ര കുളത്തിലേയ്ക്ക് ഈ മുതല എത്തിയത് എങ്ങനെയാണെന്നോ ആരാണ് ഇതിന് പേര് നൽകിയതെന്നോ ആർക്കും അറിയില്ല. ക്ഷേത്രത്തിലെത്തുന്ന മനുഷ്യരെയോ കുളത്തിലെ മറ്റ് ജീവജാലങ്ങളെയോ മനുഷ്യരെയോ ബബിയ ഉപദ്രവിക്കാറില്ല. 2019ൽ ബബിയ ജീവനോടെയില്ല എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍ മൊഴി നല്‍കാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് പറഞ്ഞു.
അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതികരിച്ചു.
സന്ദീപ് വാര്യര്‍ക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി. പാര്‍ട്ടിയുടെ പേരില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് ജില്ലാ അദ്ധ്യക്ഷന്മാര്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി വരുന്നത്.
സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും നീക്കിയേക്കും. ഇന്ന് കോട്ടയത്ത് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി, ഭാരവാഹി യോഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തേക്കും. അച്ചടക്ക ലംഘനം നടത്തിയ വിവിധ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും.
പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തി സംസ്ഥാന അദ്ധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണം തേടിയിരുന്നു.
മറയൂര്‍ പെരിയകുടിയിൽ കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കൊലപാതകം നടന്ന രമേശിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി സുരേഷിനെ റിമാന്‍റു ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീര്‍ത്തമല കുടിയിലെ രമേശ് കൊല്ലപ്പെടുന്നത്. വാർപ്പ് ജോലിക്കുപയോഗിക്കുന്ന കമ്പി തലയില്‍ കുത്തിയിറക്കിയായിരുന്നു കൊലപാതകം. കൂടെ താമസിച്ചിരുന്ന പിതൃസഹോദരി പുത്രന്‍ സുരേഷ് പിന്നാലെ പിടിയിലായി. രമേശിനെ കൊലപ്പെടുത്തിയ വിവരം
പിതാവിനോടും വനംവാച്ചറോടും സുരേഷ് പറഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒളിവില്‍ പോയ ഇയാളെ ചനന്ദകാടിനുള്ളില്‍ വെച്ചാണ് പിടികൂടുന്നത്. കൊലപാതകം നടന്ന തീര്‍ത്തമല കുടിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് മൊഴി നല്‍കി. കൊലപാതകത്തിനുപയോഗിച്ച കമ്പി കഷ്ണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു.
കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ദീപ്തിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറി.
സമീപത്തുനിന്നു ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. വടകര മോഡല്‍ പോളി വിദ്യാര്‍ഥിനിയാണ് ദീപ്തി. സഹോദരൻ ദീപക്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിനുള്ളില്‍ കുരുങ്ങി ഹര്‍ഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. അഞ്ച് വര്‍ഷമാണ് ശാരീരിക അസ്വസ്ഥതകളും കഠിനമായ വേദനയും ഹര്‍ഷിന അനുഭവിച്ചത്. ഒടുവില്‍ മൂത്രത്തില്‍ പഴുപ്പിനെ തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് ബ്ലാഡറില്‍ തട്ടിനില്‍ക്കുന്ന നിലയില്‍ സര്‍ജിക്കല്‍ കത്രിക കണ്ടെത്തിയത്.
”ഇനി മറ്റൊരാള്‍ക്കും ഇത്തരം ദുര്‍ഗതിയുണ്ടാവരുത്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ ദുരിതമാണ് അനുഭവിച്ചത്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഞാന്‍ നേരിട്ട പ്രയാസത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം”-എന്നാണ് നോവ് മാറാത്ത ഹര്‍ഷിന പറയുന്നത്.
കോഴിക്കോട്അടിവാരം മുപ്പതേക്ര കണ്ണന്‍കുന്നുമ്മല്‍ കാസിം-റാബിയ ദമ്പതിമാരുടെ മകളും പന്തീരാങ്കാവ് മലയില്‍കുളങ്ങര അഷ്റഫിന്റെ ഭാര്യയുമാണ് മുപ്പതുകാരി ഹര്‍ഷിന. 2012 നവംബര്‍ 23-നും 2016 മാര്‍ച്ച് 15-നും താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ വെച്ചായിരുന്നു ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയകള്‍ നടന്നത്.
മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചുനടത്തി. പിന്നീട് നിരന്തരം ഹര്‍ഷിനയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ആയിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ സിടി സ്‌കാന്‍ പരിശോധനയാണ് യൂറിനറി ബ്ലാഡറിലെ തടസത്തെ തുറന്നുകാണിച്ചത്. വിശദപരിശോധനയില്‍ ബ്ലാഡറിനോട് ചേര്‍ന്ന് 6.1 സെന്റീമീറ്റര്‍ നീളമുള്ള ലോഹഭാഗം കുത്തിനില്‍ക്കുന്നതായി കണ്ടെത്തി.
ഇതോടെ ശസ്ത്രക്രിയക്കിടെ സംഭവിച്ചതാവാമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കുതന്നെ റഫര്‍ചെയ്യുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 17-ന് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഹര്‍ഷിനയുടെ വയറ്റിലുണ്ടായിരുന്നത് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന അറ്റംവളഞ്ഞ കത്രികയാണെന്ന് വ്യക്തമായത്. അപകടകരമായ നിലയില്‍ കുത്തിനില്‍ക്കുന്ന സ്ഥിയിലായിരുന്നു ആ കത്രിക.
സെപ്റ്റംബര്‍ 28-ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടന്‍ തന്നെ ഉടന്‍തന്നെ ആരോഗ്യമന്ത്രിക്കും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് പോലീസിലും പരാതിനല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണത്തിനായി മൂന്നംഗ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇവി ഗോപി പറഞ്ഞു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി, പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി, സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എന്നിവരടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തുക. അന്വേഷണറിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വാഹനത്തിന് കുറുകെ പശു ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിലാണ് സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണ പ്രജിത്ത് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
അപകടത്തില്‍പ്പെട്ട പശുവും ചത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തിക്കയറിയതാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചത്. വീട്ടാമ്പാറ- പനമണ്ണ റോഡിലായിരുന്നു അപകടം.
പ്രജിത്തിന്റെ ബൈക്ക്, ഉടമകള്‍ മേച്ചു കൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിടിച്ച പശുവും വീണു. തെറിച്ചുവീണ യുവാവിന്റെ നൈഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറുകയായിരുന്നു.
കൃഷ്ണപ്രജിത്തിനെ ഉടന്‍ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വളളുവനാട് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ശ്രീരാജാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കായംകുളം താലൂക്ക് ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ആണ് ശ്രീരാജ് കായംകുളം ചിറക്കടവം സ്വദേശിയാണ് ഇദ്ദേഹം.
ശ്രീരാജിന്റെ അമ്മ ഈ അടുത്തിടെയാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ശ്രീരാജ് ജീവനൊടുക്കിയതെന്ന് വിവരം.