മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് താന്‍ ഏറ്റവും കൂടുതല്‍ കാണാറുള്ളതെന്ന് കല്യാണി പ്രിയദര്‍ശന്‍. ടൊവിനോയും ഷൈന്‍ ടോമും അച്ഛന്റെ സിനിമകള്‍ കണ്ടാണ് ഇന്‍ഡസ്ട്രിയിലെത്തിയതെങ്കില്‍ ആ സിനിമകളുടെ ഷൂട്ടിന്റെ കഥകള്‍ കേട്ടാണ് താന്‍ വന്നതെന്നും അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.
‘ലാലങ്കിളിന്റെ സിനിമകളാണ് ഏറ്റവും കൂടുതല്‍ കാണാറുള്ളത്. ചിലപ്പോള്‍ ഫാമിലീസ് തമ്മില്‍ കണക്ഷന്‍ ഉള്ളതുകൊണ്ടാവാം. തന്നെയുമല്ല, അച്ഛന്റെ പടം എന്തായാലും പോയി കാണണമല്ലോ. അച്ഛന്റെ പടത്തെക്കാള്‍ ഇഷ്ടമുള്ള സിനിമകള്‍ സത്യന്‍ അങ്കിളിന്റേതാണ്. നാടോടിക്കാറ്റ് എന്റെ ഏറ്റവും ഫേവറീറ്റ് സിനിമയാണ്,’ കല്യാണി പറഞ്ഞു.
പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് താനും ടൊവിനോയുമൊക്കെ സിനിമയിലെത്തിയതെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.
‘പ്രിയന്‍ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയില്‍ വന്നത്. ആ സമയത്ത് പിള്ളേരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് അവരുടെ സിനിമകളായിരുന്നു. താളവട്ടം, ചിത്രം, ബോയിങ് ബോയിങ് അങ്ങനെയുള്ള സിനിമകളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. ചിത്രമൊക്കെ കാണുന്ന സമയത്ത് എം.ജി. ശ്രീകുമാറാണ് ഈ പാട്ടുകള്‍ പാടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അന്ന് ഞാന്‍ വിശ്വസിക്കില്ല,’ ഷൈന്‍ പറഞ്ഞു.
ഈ സിനമകള്‍ കണ്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നാണ് ഇവര്‍ പറയുന്നത്, ഞാന്‍ ആ സിനിമകള്‍ ഷൂട്ട് ചെയ്യുന്ന കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നായിരുന്നു ഇതിനോടുള്ള കല്യാണിയുടെ പ്രതികരണം.
കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാല ഓഗസ്റ്റ് 12ന് റിലീസിനൊരുങ്ങുകയാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജൂലൈ 31നായിരുന്നു നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ പിറന്നാൾ. പൃഥ്വിയ്ക്ക് ഒപ്പം ലണ്ടനിലായിരുന്നു സുപ്രിയയുടെ പിറന്നാൾ ആഘോഷം. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
”ഹാപ്പി ബെർത്ത്ഡേ പാർട്‌നർ. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കിൽ, ഏതു വഴക്കും കഠിനമല്ല, ഏതു യാത്രയും നീണ്ടതല്ല,” എന്നായിരുന്നു പിറന്നാൾ ദിനത്തിൽ സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് പൃഥ്വി കുറിച്ചത്.
2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.
View this post on Instagram
View this post on Instagram
മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പം പൊതുവേദിയിലെത്തിയ നടന്‍ ശ്രീനിവാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ദാസനും വിജയനും കൂടെ സത്യനുമെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്. നടന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുള്ളതായാണ് ആരാധകര്‍ ഇതിലൂടെ മനസിലാക്കുന്നത്, ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയിലെ ദൃശ്യങ്ങളാണിത്.
ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ ചുംബിക്കുന്ന ഫോട്ടോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്.
നടനും അവതാരകനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമൊക്കെയായ രമേശ് പിഷാരടിയും ഹണി റോസും അജു വര്‍ഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയെ കുറിച്ച് മുന്‍പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ നടത്തുന്ന റിഹേഴ്‌സലുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കല്‍ പിണങ്ങിയ കഥ മമ്മൂട്ടി വേദിയില്‍ വെച്ച് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന രംഗവും പ്രൊമോ വീഡിയോയിലുണ്ട്.
കാൽവഴുതി കൊക്കർണിയിലേയ്ക്ക് വീണ അനുജത്തിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചേച്ചി മുങ്ങിമരിച്ചു. ആഴമുള്ള കുളമാണ് കൊക്കർണി. കരിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ ശിഖാദാസാണ് മരിച്ചത്. 16 വയസായിരുന്നു. കുളത്തിന്റെ ആഴവും സ്വന്തം ജീവനും പോലും വകവെയ്ക്കാതെയാണ് തന്റെ കൂടപ്പിറപ്പിനെ രക്ഷിക്കാനായി ശിഖാദാസ് എടുത്ത് ചാടിയത്.
എന്നാൽ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ ശിഖാദാസിനെ ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റാനായില്ല. സമീപത്തെ പുല്ലിൽ പിടിച്ചു കിടന്ന അനിയത്തിയെ ജീവിതത്തിന്റെ കരയിലേയ്ക്ക് കയറ്റി കൊണ്ട് വരികയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ സ്വകാര്യവ്യക്തിയുടെ കൊക്കർണിയിലാണ് സംഭവം നടന്നത്.
മേലെ എഴുത്താണിയിലെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ശിഖയും അനിയത്തി ശില്പയും കൂട്ടുകാരിക്കൊപ്പം സമീപത്തെ നെൽപ്പാടത്തെ വരമ്പിലൂടെ നടക്കുമ്പോൾ ശില്പയുടെ കാലിൽ ചെളി പറ്റി. ഇത് കഴുകാൻ അടുത്തുള്ള കൊക്കർണിയിലേക്ക് ഇറങ്ങിയ ശില്പ കാൽ വഴുതി വീഴുകയായിരുന്നു. അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖാദാസ് ആഴങ്ങളിലേയ്ക്ക് വഴുതി വീണു. ശിഖയെ ശില്പയും കൂട്ടുകാരിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ ക്ലബ്ബിലുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിറ്റൂർ അഗ്‌നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വടവന്നൂർ വി.എം.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് അനൂപ് മേനോൻ. തനിക്ക് വന്നിട്ടും ചെയ്യാൻ പറ്റാതിരുന്ന രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളെപ്പറ്റി നടൻ പറഞ്ഞ വാക്കുകളാണ് വെെറലായി മാറുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ സിനിമകളെപ്പറ്റി മനസ്സ് തുറന്നത്. ശ്യാം ധർ സംവിധാനം ചെയ്ത ‘സെവൻത് ഡേ’യും ആർ എസ് വിമൽ ഒരുക്കിയ ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്നി ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നതെന്നാണ് അനൂപ് പറയുന്നത്.
മലയാളികൾക്ക് സുപരിചതമായ മൊയ്‌തീൻ- കാഞ്ചനമാല പ്രണയത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. പാർവതി നായികാ വേഷം ചെയ്ത ഈ ചിത്രത്തിലും ടോവിനോ തോമസ് അഭിനയിച്ചിരുന്നു. എന്നാൽ ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നത്.
സെവൻത് ഡേ ആദ്യം തനിക്കു മുന്നിലാണ് വന്നതെന്നും, തങ്ങൾ ഏതാണ്ട് ഒരു വർഷത്തോളം ആ ചിത്രത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് നിർമ്മാതാവുമായി ബന്ധപെട്ടു ചില പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് അത് മാറിപ്പോയതെന്നും അനൂപ് മേനോൻ പറയുന്നു. അതുപോലെ എന്ന് നിന്റെ മൊയ്‌ദീൻ താനും മമത മോഹൻദാസും അഭിനയിക്കാനിരുന്ന ചിത്രമായിരുവെന്നു. ഇടയ്ക്കു ശങ്കർ രാമകൃഷ്ണൻ ആ കഥ വീണ്ടും എഴുതുകയായിരുന്നെന്നും അനൂപ് മേനോൻ പറഞ്ഞു.
എന്നാൽ ഇന്ന് നമ്മൾ എന്ന് നിന്റെ മൊയ്‌തീൻ പോലെയല്ല അന്ന് ആർ എസ് വിമൽ അത് പ്ലാൻ ചെയ്തിരുന്നത്, ബ്യൂട്ടിഫുൾ ഒക്കെ പോലത്തെ ഒരു കൊച്ചു ചിത്രമായിരുന്നു അന്ന് പ്ലാൻ ചെയ്തതെന്നും അനൂപ് മേനോൻ പറഞ്ഞു. പൃഥ്വിരാജ് വന്നതോടെയാണ് ആ ചിത്രം വലുതായതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടെയുള്ള മത സംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് ഭീരുത്വമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട് പക്ഷെ അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ സര്‍വീസ് നടപടിയെടുത്തിരുന്നു, പിന്നീട് തിരിച്ചെടുത്തു. പിന്നെ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
നടന്‍ ദിലീപിനെതിരെ ഒരു കേസുണ്ട് എന്ന കരുതി ദിലീപിനോട് ഒരു സിനിമയിലും അഭിനയിക്കരുതെന്ന് പറയാന്‍ പറ്റുമോ, ദിലീപിനെതിരെയുള്ള കേസ് ശരിയായി അന്വേഷിച്ച് കുറ്റം തെളിയിച്ച് ശിക്ഷിക്കണം. അതാണ് നിയമ മാര്‍ഗം.
ശ്രീറാം വെങ്കിട്ടരാമന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് ആരാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് മത സംഘടനകളല്ല. ചില ആളുകള്‍ തീരുമാനിക്കുന്നത് നടക്കുകയുള്ളൂ എന്ന നില വന്നാല്‍ എന്ത് കാര്യമാണ് മുന്നോട്ട് പോവുക. ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ആരും വക്കാലത്ത് എടുക്കുന്നില്ല. ആ കേസ് തെളിയണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. നിരപരാധിയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മത സംഘടനകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് കരുതി മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു.’
മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു നരൻ. ചിത്രത്തിൽ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോന നായരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സോന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അഭിമുഖത്തിലാണ് സോന തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. നരനിൽ നിന്ന് വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറെ ലെവലായെനെ. ചിത്രത്തിൽ ആ കഥാപാത്രം മോശമാണെങ്കിലും അവർ ഒരു നല്ല മനസ്സിനുടമയാണെന്നാണ് സോന പറയുന്നത്.
അവർക്ക് വേലയുധനോടുള്ള പ്രണയം വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അതിൽ പലതും കാണിക്കുന്നില്ല. വേലായുധന്റെ മീശ കടിച്ചെടുക്കുന്ന ഒരു സീനുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയവും ചിത്രത്തിൽ അത് വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അത് ഒന്നും സിനിമ പുറത്തിറങ്ങിയപ്പൾ ഇല്ലായിരുന്നെന്നും സോന പറഞ്ഞു.
ചിത്രത്തിൽ ഭാവനയും താനും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. മോഹൻലാലിനെയും ഭാവനേയും തമ്മിൽ ഒരുമിപ്പിക്കാൻ വേണ്ടി താൻ സംസാരിക്കുന്ന ഒരു സീൻ. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ ആ സീൻ ഇല്ലായിരുന്നു. തനിക്ക് അത് ഒരുപാട് വിഷമം വന്ന ഒന്നായിരുന്നു. ചിത്രത്തിൽ താൻ ഉണ്ടായിരുന്നെങ്കിലും ഒരു ക്യാരക്ടർ ഇല്ലാതെയായിപോയെന്നും സോന പറഞ്ഞു.
ആദ്യം സിനിമയുടെ കഥ പറഞ്ഞപ്പോൾ താൻ ശരിക്കും പേടിച്ച് പോയെന്നും പിന്നീട് രഞ്ജൻ പ്രമോദാണ് തന്നെ ആ കഥാപാത്രം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിയെടുത്തത്. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് നരനെന്നും സോന കൂട്ടിച്ചേർത്തു.
കോഴിക്കോട് നിന്ന് മറ്റൊരു പ്രവാസി യുവാവിനെ കൂടി കാണാതായെന്ന് പരാതി.കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന റിജേഷ് ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.
റിജേഷിനെ ഒന്നരമാസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വളയം പോലീസ് കേസെടുത്തു. റിജേഷിന്റെ ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ യുവാവ് നാട്ടില്‍ പോയെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതിനിടെയില്‍ റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും ബന്ധുക്കള്‍ പറയുന്നു.
ഫോണ്‍ കോളിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നു. അവര്‍ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ പത്തിനാണ് റിജേഷ് കുടുംബവുമായി അവസാനം സംസാരിച്ചത്.
ഈ സംഭവത്തിന് പിന്നിലും സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. റിജേഷിന്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ തന്നെ അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായി മാറിയ ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ഐഎഎസ് മണിക്കൂറുകൾക്കകം നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരിക്കുകയാണ്.
ജില്ലാ കലക്ടറായി ചുമതലയേറ്റ ആദ്യത്തെ കൃഷ്ണ തേജയുടെ ഉത്തരവ് തന്നെ മഴക്കെടുതി കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതാണ്. മുൻപ് ആലപ്പുഴയിൽ സബ് കലക്ടർ ആയും സേവനം ചെയ്ത കൃഷ്ണതേജയ്ക്ക് ഈ നാട് അന്യമല്ല.
പ്രളയകാലത്തുള്ള സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു മഴക്കാലത്ത് ആലപ്പുഴയിലേക്ക് ജില്ലാകളക്ടറായി അപ്രതീക്ഷിതമായി എത്താനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനൊപ്പം കുട്ടികൾക്കായി നല്ലൊരു കുറിപ്പും കളക്ടർ എഴുതിയിരുന്നു.
”പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.” എന്ന കുറിപ്പിനൊപ്പം ചില നിർദേശങ്ങളും കളക്ടർ നൽകിയിരുന്നു.
തൊട്ടടുത്ത ദിവസം അവധി പ്രഖ്യാപിച്ചപ്പോഴും കുട്ടികൾക്കായുള്ള നിർദേശങ്ങളും മാതാപിതാക്കളോട് സ്‌നേഹം കാണിക്കണമെന്നുമൊക്കെ കളക്ടർ ഉപദേശിച്ചിരുന്നു. ഇപ്പോഴിതാ കളക്ടർ മുൻപ് നടത്തിയ ഒരു പ്രസംഗം വൈറലായിരിക്കുകയാണ്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിൽ നടത്തിയ ഒരു ക്ലാസാണ് കളക്ടറുടെ അനുഭവങ്ങൾ വിവരിച്ചതിലൂടെ വൈറലായത്.
മൂന്നുവട്ടം ഐഎഎസ് എന്ന കടമ്പയ്ക്ക് മുന്നിൽ മുട്ടകുത്തിയതും സാമ്പതതിക പ്രയാസങ്ങൾ ഇല്ലാതെ പഠിക്കാനായി പഠനത്തിനൊപ്പം ജോലിക്കു പോയിരുന്നതും എല്ലാമാണ് കൃഷ്ണ തേജ വിവരിക്കുന്നത്.
കളക്ടറുടെ വാക്കുകൾ ഇങ്ങനെ:”വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ എന്നോട് പഠനം നിർത്തി ജോലിക്ക് പോകാൻ എല്ലാവരും പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണമുണ്ടായിരുന്നില്ല.
തുടർന്നാണ് അയൽവാസി വീട്ടിലേക്ക് വന്നു പഠനം തുടരണമെന്നും സഹായിക്കാമെന്നും പറഞ്ഞത്. പക്ഷേ, അമ്മക്ക് ഒരാളിൽ നിന്നും സൗജന്യസഹായം വാങ്ങുന്നത് താൽപര്യം ഇല്ലായിരുന്നു. അങ്ങനെ പഠനം തുടരാനായി ക്ലാസ് കഴിഞ്ഞെത്തിയ ശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. പത്താം ക്ലാസ് വരെ ഈ ജോലി തുടർന്നു.
എന്നിട്ട് നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റർമീഡിയറ്റും ടോപ്പറായി. വൈകാതെ, എഞ്ചിനീയറിങ് ഗോൾഡ് മെഡലിസ്റ്റ് ആയി. പഠനശേഷം എനിക്ക് ഐബിഎമ്മിൽ ജോലിക്ക് കയറി. തുടർന്ന് സുഹൃത്തിന്റെ പ്രേരണ കാരണമാണ് ഐഎഎസ് പരിശീലനത്തിന് പോയത്. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെ ജോലി ഉപേക്ഷിച്ചു പഠിക്കാനാരംഭിച്ചു.
എന്നാൽ, 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരീക്ഷയിൽ പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ പഠനം ഉപേക്ഷിച്ച് തിരികെ ജോലിക്ക് പോകാൻ തീരുമാനിച്ചു. ഈ സമയത്തും എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് ഒരു മാസം ആചോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല.
ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞപ്പോഴാണ് ചില ശത്രുക്കൾ തേടി വന്നത്. അവരോടും തോൽവി എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചു. അവർ മൂന്നു കാരണങ്ങൾ ആണ് ചൂണ്ടിക്കാണിച്ചത്. എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കുറഞ്ഞത് കിട്ടണം. തന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി വിശദമായി തന്നെ ഉത്തരം എഴുതണം. നേരേ വാ നേരേ പോ എന്ന രീതിയിൽ ഉത്തരം എഴുതിയാൽ ഒന്നും ശരിയാകില്ല, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണമെന്നും അവർ ഉപദേശിച്ചു. പിന്നീട് നാലാമത്തെ തവണ തന്റെ പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. 66-ാം റാങ്ക് നേടിയാണ് ഐഎഎസ് കരസ്ഥമാക്കിയത്’.
അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി? മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കുന്നു.
ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്റെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകിയത്. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.
ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിനാണ്. ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22 നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പോലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പോലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പോലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്.
തുടര്‍ന്നാണ് ദീപക്കിന്റേതെന്ന പേരില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎന്‍എയുമായി ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് അമ്മ ശ്രീലത പറയുന്നു. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു.
അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.