Kerala

ദുബായിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വ്‌ലോഗറുടെ ഭർത്താവ് കാസർകോട് സ്വദേശി മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തുടർന്നാണ് പോക്‌സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്.

താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോടുനിന്ന് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

വ്‌ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്തയായിരുന്നു പെൺകുട്ടി കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. ഇവരെ കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് തൊട്ടുമുൻപ് വരെ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവാവ് പെൺകുട്ടിയെ നിരന്തരം മർദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി.

ഇതോടെ സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ, പെൺകുട്ടിയുടേത് ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണവും കാരണക്കാരേയും കണ്ടെത്തണമെന്നാണ് കുടുംബം പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വളരെ വ്യത്യസ്തമായ ഒരു ആദ്യകുർബാന സ്വീകരണ ചടങ്ങ് നടത്തിയെടുക്കുവാൻ സാധിച്ചു എന്ന സന്തോഷത്തിലാണ് ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബം. സാധാരണയിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ശൈലിയിലുള്ള വസ്ത്രധാരണവും ചടങ്ങുകളുമാണ് ഈ ചടങ്ങിനെ ശ്രദ്ധേയമാക്കിയത്. ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബത്തിലെ മാർട്ടിൻ കെ ജോസഫിന്റെയും രാജാ കെ ജോസഫിന്റെയും മക്കളായ ഡിയോണിന്റെയും ഷോണിന്റെയും ആദ്യകുർബാന സ്വീകരണ ചടങ്ങാണ് യൂറോപ്യൻ രീതിയിലുള്ള ശൈലികൾ കൊണ്ട് വ്യത്യസ്തമായത്. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്ത അനുഭവം കൊണ്ടുവരുവാൻ തങ്ങൾ ശ്രമിക്കാറുണ്ടെന്ന് യുകെയിലെ ബെർമിംഹാമിൽ സ്ഥിരതാമസമാക്കി കോൺഫിഡൻസ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിവരുന്ന മാർട്ടിൻ കെ ജോസഫ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

മാർട്ടിനും കുടുംബവും

കണിമംഗലത്ത് പരേതനായ ചിറ്റിലപ്പള്ളി കുഞ്ഞാപ്പു ജോസഫിനും മറിയാമ്മയ്ക്കും 5 ആൺമക്കളും ഒരു മകളും ഉൾപ്പടെ ആറ് മക്കളും 14 കൊച്ചുമക്കളുമാണ് ഉള്ളത്. ഇപ്പോഴും വളരെ ഊർജ്ജസ്വലതയോടെ കുടുംബത്തെ നയിക്കുന്ന മറിയാമ്മ, വളരെ വേഗത്തിൽ ബൈബിൾ പകർത്തിയെഴുതി എന്ന ഖ്യാതിക്കും ഉടമയാണ്. ദൈവപരിപാലനയിൽ കുടുംബത്തെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നതാണ് തന്റെ സന്തോഷം എന്ന് മറിയാമ്മ പറഞ്ഞു.

കുഞ്ഞാപ്പു ജോസഫിൻെറയും മറിയാമ്മയുടെയും ആറു മക്കളിൽ ഏറ്റവും മുതിർന്നയാളായ സുനിൽ കെ ജോസഫിനും ഭാര്യ ബിൻസി സുനിലിനും അനഘ സുനിൽ, അനൽ സുനിൽ എന്നീ രണ്ട് മക്കളാണ് ഉള്ളത്. രണ്ടാമത്തെ മകൻ ജോർജ് ജോസഫും ഭാര്യ ജോയ്സി ജോർജും കുവൈറ്റിൽ സ്ഥിരതാമസമാണ്. ഇവർക്ക് എബിതാ ജോർജ്, നിവേദിത ജോർജ്, എവിൻ ജോർജ് എന്നീ മൂന്ന് മക്കളാണ് ഉള്ളത്. മൂന്നാമത്തെ മകളായ ഡോ . ജീനാ ജോസഫും ഭർത്താവ് ജോസഫ് വർഗീസുമാണ്. യു എസിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് അലൻ ജോസഫ്, ആൽബർട്ട് ജോസഫ്, ആൾഡൻ ജോസഫ് എന്നീ മൂന്ന് മക്കളാണ് ഉള്ളത്. നാലാമത്തെ മകനായ ജിജോ കെ ജോസഫും ഭാര്യ ബെറ്റി ജിജോയും മക്കളായ ആരോൺ ജിജോയും, ആർവിൻ ജിജോയും ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. അഞ്ചാമത്തെ മകനായ മാർട്ടിൻ കെ ജോസഫും ഭാര്യ പ്രേമ മാർട്ടിനും യുകെയിൽ സ്ഥിരതാമസമാണ്. മാർട്ടിൻ യുകെയിൽ മോർഗേജ്, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവകൾ കൈകാര്യം ചെയ്യുന്ന കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയാണ്. ഡെലിന, ലിയോണ, ഡിയോൺ എന്നിവരാണ് ഇവരുടെ മക്കൾ. ഏറ്റവും ഇളയ മകനായ രാജാ കെ ജോസഫും ദീപ്തി രാജയും ബഹ്റൈനിൽ സ്ഥിരതാമസമാണ് . ഇവർക്ക് ഷോൺ എന്ന ഒരു മകനാണ് ഉള്ളത്. ഇതിൽ മാർട്ടിൻ കെ ജോസഫിന്റെ മകനായ ഡിയോണിന്റെയും, രാജാ ജോസഫിന്റെ മകനായ ഷോണിന്റെയും ആദ്യകുർബാനയാണ് കുടുംബം വ്യത്യസ്തമായ രീതിയിൽ നടത്തിയത്.

   

ഷാര്‍ജയിലെ സജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മാര്‍ച്ചറിയിലാണുള്ളത്. അര്‍ഷദിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മലയാളത്തിൽ അധികം സജീവമല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. നിത്യയെ വിവാഹമാലോചിച്ചിരുന്നെന്നും എന്നാൽ നടിയുടെ വീട്ടുകാർ തനിക്കെതിരെ കേസ് കൊടുത്തെന്നുമുള്ള സന്തോഷ് വർക്കിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിത്യ മേനോൻ. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ നടന്ന സംഭവങ്ങളെപ്പറ്റി നിത്യ പറഞ്ഞത്.

അഞ്ചാറ് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണിത്, കുറെ നാൾ അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നുവെന്നും നിത്യ മേനോൻ പറഞ്ഞു. അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയെന്നും നിത്യ പറഞ്ഞു. ഫോൺ നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ അയാൾ ഫോൺ ചെയ്തിട്ടുണ്ടെന്നും അവരോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു.

സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പോലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നു എന്നാൽ അത് താൻ ചെയ്തില്ലെന്നും നിത്യ പറഞ്ഞു. അയാളുടെ ഇരുപതു മുപ്പതു നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, അയാൾക്ക്‌ എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേർത്തു.

‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും മുൻപ് പല അഭിമുഖങ്ങളിലും സന്തോഷ് വ്യക്തമാക്കിയിരുന്നു. വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് പല അഭിമുഖങ്ങളിലും പറഞ്ഞത്. ഇതിനെതിരെയാണ് നിത്യ ഇപ്പോൾ പ്രതികരിച്ചത്

ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമ കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി ശിവപ്രസാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വീട് വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കീടനാശിനി ഉപയോഗിച്ചതാണ് എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കണ്ണൂര്‍ സ്വദേശികളായ വിനോദും കുടുംബവും നാട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവിലെ വീട്ടിലെത്തിയത്. അല്‍പസമയത്തിനുശേഷം അസ്വസ്ഥത തോന്നിയെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. പിന്നീട് രൂക്ഷമായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.

വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താന്‍ വാടകക്കാര്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടുടമസ്ഥന്‍ ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നതാണ് അപകടത്തിനു കാരണമായത്.

രണ്ട് വന്‍കരകള്‍, 35 രാജ്യങ്ങള്‍, 30,000 കിലോമീറ്റര്‍, 450 ദിവസം. കേരളത്തില്‍നിന്ന് ലണ്ടനിലേക്ക് സൈക്കിളില്‍ പുറപ്പെടാനൊരുങ്ങുമ്പോള്‍ കോഴിക്കോട്ടുകാരന്‍ ഫായിസ് അഷ്‌റഫ് അലിക്ക് പിന്നിടാനുള്ള ദൂരമാണത്. തലക്കുളത്തൂര്‍ സ്വദേശി ഫായിസിന്റെ യാത്ര ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്ന് തുടങ്ങും.

എന്‍ജിനിയറായ ഫായിസിന് സൈക്കിള്‍യാത്രകള്‍ ഹരമായിട്ട് ഏതാനുംവര്‍ഷമായി. അഞ്ചുവര്‍ഷത്തോളം എന്‍ജിനിയറായി ജോലിചെയ്തു. പിന്നീട് 2015ല്‍ വിപ്രോയിലെ ജോലി രാജിവെച്ചു. പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് സൗദിയില്‍നിന്ന് നാട്ടിലെത്തിയത്.

അക്കാലത്താണ് സൈക്കിളിലൂടെ ആരോഗ്യമെന്ന ചിന്തയിലേക്കെത്തിയത്. ജോലിചെയ്യാതിരുന്ന സമയത്ത് മനസ്സിന് ഉണര്‍വേകാനായി 2019ല്‍ ഒരു യാത്ര നടത്തി, സിങ്കപ്പൂരിലേക്ക്. 104 ദിവസമെടുത്തായിരുന്നു ആ യാത്ര.

ആ യാത്ര നല്‍കിയ ആത്മവിശ്വാസമാണ് ലണ്ടന്‍യാത്രയ്ക്കുള്ള ഊര്‍ജം. ഇന്ത്യയില്‍ 30 ദിവസം ഉണ്ടാകും. അതുകഴിഞ്ഞ് മസ്‌കറ്റിലേക്ക് പോകും. അവിടെനിന്നാണ് തുടര്‍യാത്രകള്‍. പാകിസ്താന്‍ ഒഴിവാക്കിയാണ് യാത്ര. ഒമാന്‍, യു.എ.ഇ., സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇറാക്ക്, ഇറാന്‍, അസര്‍ബയ്ജാന്‍, ജോര്‍ജിയ, തുര്‍ക്കി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കും.

ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, ക്യാമറ തുടങ്ങിയവയൊക്കെയാണ് ഒപ്പം കരുതുന്നത്. ദിവസം 80 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് തീരുമാനം. ”റോട്ടറി ക്ലബ്ബ് അംഗമായതിനാല്‍ ചില സ്ഥലങ്ങളില്‍ അവര്‍ താമസവും ഭക്ഷണവും ഒരുക്കും.

അല്ലാത്ത സ്ഥലത്ത് ടെന്റടിച്ച് കഴിയുകയോ ആരാധനാലയങ്ങളില്‍ വിശ്രമിക്കാനോ ആണ് ഉദ്ദേശിക്കുന്നത്. യാത്രാച്ചെലവ് സ്‌പോണ്‍സര്‍മാര്‍ വഴി കണ്ടെത്തണം. പക്ഷേ ഇതുവരെ അതായിട്ടില്ല”ഫായിസ് പറഞ്ഞു. റൈഡിങ് ഗ്രൂപ്പ് എക്കോവീലേഴ്‌സ് ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട്.

ശരീരത്തിന്റെയും മനസ്സിന്റെയും സൗഖ്യം, പരിസ്ഥിതിസൗഹൃദയാത്ര, മലയാളനാടിന്റെ സംസ്‌കാരവും ഭംഗിയും ലോകംമുഴുവന്‍ എത്തിക്കുക തുടങ്ങിയ വിവിധലക്ഷ്യങ്ങള്‍ യാത്രയ്ക്കുണ്ട്. 25 സര്‍വകലാശാലകളും 150 സ്‌കൂളുകളും യാത്രയ്ക്കിടെ സന്ദര്‍ശിക്കും.

ഭാര്യ അസ്മിന്‍ ഫായിസും മക്കള്‍ ഫഹ്‌സിന്‍ ഒമറും അയ്‌സിന്‍ നഹേലും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും യാത്രയ്ക്ക് കരുത്തുപകരുന്നുണ്ട്.

പാപ്പന്‍ എന്ന ചിത്രത്തിലെ ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ക്രെഡിറ്റ് ജോഷി എന്ന സംവിധായകനും സുരേഷ് ഗോപി എന്ന സൂപ്പര്‍ താരത്തിനുമാണെന്ന് നടന്‍ ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷമ്മി.

സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അടുത്തു നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ചു പറയുന്ന ഒരു ഡയലോഗുണ്ട്. അതാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ എനിക്കും തോന്നിയത്. കഥയിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ട് ഞാന്‍ പറയുന്നില്ല. അദ്ദേഹം എന്റെ കണ്ണിലേക്കു നോക്കി അഭിനയിച്ചപ്പോള്‍ ആ കണ്ണുകളില്‍നിന്ന് ഉള്ളില്‍ എന്താണ് വ്യാപരിക്കുന്നത് എന്ന് ഞാന്‍ അതിശയിച്ചുപോയി.

ഞാന്‍ വളരെ സിംപിള്‍ ആയി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്ഗോപി എന്ന നടനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു. ഒരു വലിയ കൊടുക്കല്‍ വാങ്ങല്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സീനുകള്‍.

പാപ്പന്‍ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. എന്നിലെ നടനെ ഒന്നുകൂടി മനനം ചെയ്യാനും പരിഷ്‌കരിക്കാനും കഴിഞ്ഞ ഒരു സിനിമയാണ് പാപ്പന്‍. അതില്‍ വലിയൊരു പങ്ക് സുരേഷ് ഗോപി വഹിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിൽ യുവാവ് ചെന്നൈയില്‍ പിടിയില്‍. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിലാണു ചെന്നൈ സ്വദേശി മദന്‍ പിടിയിലായത്. വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിനൊടുവില്‍ നാലു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുൻപാണു കാണാതായായത്. തമിഴ്ശെല്‍വിയും ഭര്‍ത്താവ് മദനും റെഡ് ഹില്‍സിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. മകളെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്നു തമിഴ്ശെല്‍വിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണു കാണാതായ വിവരം പുറത്തറിയുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദന്റെ വാദം.

തുടര്‍ന്നു ചെന്നൈ പൊലീസ് ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായം തേടി. കോണിയ പാലസിലേക്കു മദനും തമിഴ്ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവി ക്യാമറകളില്‍നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെടുത്തു.

മദനനെ സെങ്കുണ്ട്രം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും കുത്തിക്കൊന്ന ശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ സമ്മതിച്ചു. കൊലപാതകം നടന്നത് ആന്ധ്രയിലായതിനാല്‍ പ്രതിയെ ആന്ധ്ര പൊലീസിനു കൈമാറും.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റിങ് ബോര്‍ഡില്‍ യാത്ര നടത്തി ചരിത്രം തിരുത്തുകയെന്ന അനസിന്റെ മോഹം മരണത്തില്‍തട്ടി അവസാനിച്ചത് ലക്ഷ്യസ്ഥാനത്തിനത്തെത്തുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ.എല്ലാവരുടേയും സുഖവിവരമന്വേഷിച്ച്, രണ്ടുമാസത്തെ യാത്രയുടെ സന്തോഷം പങ്കുവെച്ച് വീഡിയോ പങ്കുവെച്ചതിനു തൊട്ടുപിന്നാലെ ഹരിയാനയിലെ റോഡില്‍ അനസിനെ മരണം തട്ടിയെടുത്തു.

കുഞ്ഞുന്നാള്‍ മുതല്‍ കൂടെക്കൂട്ടിയ സ്‌കേറ്റിങ് ബോര്‍ഡുമായി പുറപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അനസ് ഹജസ് തന്‍റെ യാത്രയുടെ 64-ാം ദിവസമാണ് ഹരിയാനയിലെ പിങ്ചോറില്‍ വെച്ച് അപകടത്തില്‍ മരിച്ചത്. രണ്ടാഴ്ച കൂടി യാത്ര നടത്തിയാല്‍ തന്റെ ചിരകാല സ്വപനത്തിലേക്ക് മുത്തമിടാമെന്ന ആത്മവിശ്വാസത്തിന് ഫുള്‍സ്റ്റോപ്പിട്ട് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപ്രതീക്ഷിതമായെത്തിയ ടാങ്കര്‍ലോറി അപകടം. ഹരിയാനയിലെ അമ്പലയില്‍ നിന്നുള്ള അനസിന്റെ ഒടുവിലത്തെ വീഡിയോയില്‍ സ്വപ്‌നസാക്ഷാത്കാരത്തിന് തൊട്ടടുത്തെത്തിയതിന്‍റെ സന്തോഷം മാത്രമായിരുന്നു നിറഞ്ഞുനിന്നത്. അനസിന്റെ അവസാന വീഡിയോയില്‍ അനസ് ഇങ്ങനെ പറയുന്നു:

ഹലോ ഗയ്‌സ് ഞാന്‍ അനസ് ഹജാസ്, എല്ലാവര്‍ക്കും സുഖം തന്നെയെന്ന് കരുതുന്നു. ഞാന്‍ സ്‌കേറ്റിംഗ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് പോവുകയാണ്. ഞാന്‍ ഇപ്പോഴുള്ളത് ഹരിയാനയിലെ അമ്പല എന്ന സ്ഥലത്താണ്. ഇതുവരെ എല്ലാം സേഫ് ആയി പോയിക്കൊണ്ടിരിക്കുന്നു. ഇനിയൊരു പത്ത് പതിനഞ്ച് ദിവസം കൂടിയെടുക്കും കശ്മീരിലേത്താന്‍. ഇവിടെ രാവിലെയെല്ലാം മഴയാണ്. നല്ല ഭക്ഷണം കഴിച്ച് വിവിധ ആളുകളെ കണ്ട് യാത്ര തുടരുന്നു.

സാമൂഹ്യമാധ്യമത്തില്‍ അനസ് ഹജാസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇങ്ങനെ പറയുമ്പോള്‍ അത് തന്റെ അവസാന വീഡിയോ ആയിരിക്കുമെന്ന് ഈ 31-കാരന്‍ ഒരിക്കലും കരുതിയിരുന്നില്ല. ചരിത്രം തിരുത്തിയ വാര്‍ത്ത കേള്‍ക്കാമെന്ന് പ്രതീക്ഷിച്ച കുടുംബത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ കേള്‍ക്കാനായത് അനസിന്റെ മരണവാർത്തയാണ്. ഇതിന്റെ നടുക്കത്തിലാണ് തിരുവനന്തപുരം വെഞ്ഞാറമൂടിലെ ബന്ധുക്കളും നാട്ടുകാരുമടക്കമുള്ളവര്‍.

മരണത്തിന് തൊട്ടുമുമ്പ് അനസ് പങ്കുവെച്ച വീഡിയോ

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ താന്‍ കുഞ്ഞുന്നാളിലേ കൂടെ കൂട്ടിയ സ്‌കേറ്റിങ് ബോര്‍ഡുമായി ഒരു യാത്ര പോവണമെന്നുള്ളത് അനസിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമൊക്കെയായി കശ്മീരിലേക്ക് ആളുകള്‍ പോവാറുണെങ്കിലും സ്‌കേറ്റിങ് ബോര്‍ഡില്‍ പോയി ചരിത്രമെഴുതുകയെന്നതായിരുന്നു അനസിന്‍റെ ലക്ഷ്യം. സ്‌കേറ്റിങ് താരമായി അറിയപ്പെട്ടത് മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹത്തിന് തുടക്കമായത് കഴിഞ്ഞ മെയ് 29-ന്.

ഒരു ദിവസം 40 കി.മി ദൂരമായിരുന്നു അനസിന്റെ യാത്ര. പിന്നെ വിശ്രമം. 64 ദിവസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യത്തിലെത്താന്‍ അനസിന് 600 കി.മീ താഴെ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അമ്പലയിലെത്തി വിശ്രമത്തിനിടെയാണ് അവസാന വീഡിയോ എടുത്തത്. അതു കഴിഞ്ഞ് പിങ്ചോര്‍ പോലീസ് സ്‌റ്റേഷന് പരിസരത്തുവെച്ച് പാഞ്ഞടുത്ത ടാങ്കര്‍ ലോറി അനസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച ടാങ്കര്‍ ലോറി നിര്‍ത്താതെ പോയതിനാല്‍ വാഹനത്തെ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. യാത്രയ്ക്കിടെ ഹരിയാനയില്‍ നിന്ന് പരിചയപ്പെട്ട ഒരു മലയാളിയാണ് അനസിന്റെ മരണ വാര്‍ത്ത സഹോദരനെ അറിയിച്ചത്. ബന്ധുക്കള്‍ ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് കൂനന്‍ വേങ്ങയില്‍ അലിയാര് കുഞ്ഞിന്റെ മകനാണ് അനസ് ഹജാസ്.

 

 

കനത്ത പ്രതിഷേധങ്ങൾക്കിടയിൽ ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ ചുമതലയിൽ നിന്ന് നീക്കി സംസ്ഥാന സർക്കാർ. ചുമതലയേറ്റ് ഏഴാം ദിവസമാണ് ശ്രീറാം പടിയിറങ്ങുന്നത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെ തുടർന്ന് കനത്ത് പ്രതിഷേധ സമരങ്ങളാണ് ആലപ്പുഴയിൽ നടന്നത്. വിവിധ സംഘടനകളും രാഷ്‍ട്രീയ പാർട്ടികളും സമരം ചെയ്തത് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ശ്രീറാമിനെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ആറിന് 10 മുതൽ വൈകീട്ട് അഞ്ചുവരെ കളക്ടറേറ്റിനുമുന്നിൽ സത്യാഗ്രഹവും പ്രഖ്യാപിച്ചിരിക്കെയാണു നടപടി.

ജൂലായ് 26-നാണ് ശ്രീറാം കളക്ടറുടെ ചുമതലയേറ്റത്. കളക്ടറേറ്റിലേക്ക് അദ്ദേഹം ഔദ്യോഗിക വാഹനത്തിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി. തുടർന്നുള്ള ദിവസങ്ങളിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധങ്ങളുടെ പരമ്പരയായിരുന്നു.

ജില്ലയുടെ 54-ാമത് കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ എത്തിയപ്പോൾ ഭാര്യ രേണുരാജ് ആയിരുന്നു ആലപ്പുഴ കളക്ടർ. രേണുരാജിന് എറണാകുളത്തേക്കായിരുന്നു മാറ്റം.

നാലരമാസമാണ് രേണുരാജ് ആലപ്പുഴയിൽ ചുമതലയിലുണ്ടായിരുന്നത്. മാർച്ച് മൂന്നിനാണു ചങ്ങനാശ്ശേരി മലകുന്നം സ്വദേശിയായ ഡോ. രേണുരാജ് ആലപ്പുഴ കളക്ടറായി എത്തിയത്. നഗരകാര്യവകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണു രേണുരാജ് കളക്ടറായി നിയമിക്കപ്പെട്ടത്. ഏപ്രിലിലായിരുന്നു ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി.യുമായിരുന്ന ശ്രീറാം വെങ്കിട്ടരാമനുമായുള്ള വിവാഹം.

പുതിയ കളക്ടറായി നിയോഗിച്ചിട്ടുള്ള കൃഷ്ണതേജ ആലപ്പുഴക്കാർക്കു സുപരിചിതനും ഒപ്പംനടന്നയാളുമാണ്. 2018-ലെ മഹാപ്രളയത്തിൽ ജില്ല മുങ്ങിത്താഴ്ന്നപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനങ്ങൾക്കുചെയ്ത സേവനങ്ങൾ മാതൃകാപരവും വിലമതിക്കാനാവാത്തതുമാണ്.

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിൻ്റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു.

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രംഗത്തെത്തി‍യിരുന്നു. വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് കത്തയച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമിന്‍റെ നിയമനത്തെ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുന്‍ നിര്‍ത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പിവി അന്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. എഎല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ച വിവരം എംഎല്‍എ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

‘മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആക്കി നിയമിച്ചത് പൊതു സമൂഹത്തില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. മത – ജാതി ഭേദമന്യേ ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ എതിരഭിപ്രായം ഉയരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കി വ്യാപകാമായി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ചിലപ്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇടതുപക്ഷ ജനാതിപത്യമുന്നണി വിഷയത്തില്‍ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം’ – പി വി അന്‍വര്‍ ഇപി ജയരാജനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി ലഭിച്ചിരുന്നു. ശ്രീറാം വെങ്കട്ടരാമൻ, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.

പത്രപ്രവർത്തകനായ ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്നു. ഐ.എ.എസ് പദവി ഉപയോഗിച്ച് ഇയാൾ കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഭാവിയിൽ ജില്ലാ മജിസ്ട്രേട്ടിൻ്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ (retrograde amnesia)എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിൽ ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയിൽ സലീം മടവൂർ വ്യക്തമാക്കുന്നു.

Copyright © . All rights reserved