Kerala

സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്തെത്തിയ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്.

ഒരാഴ്ച മുമ്പേ അനുമതി തേടിയാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറായില്ല. വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്നാണ് മറുപടി ലഭിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്ന് മൂന്ന് മന്ത്രിമാരും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടക്കാത്തതിരുന്നതിനെ തുടര്‍ന്ന് സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. നേമം ടെര്‍മിനല്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം എന്നിവയെക്കുറിച്ച് റെയില്‍വേ സഹമന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

നേമം പദ്ധതി ഉപേക്ഷിച്ചാല്‍ ഭൂമി വിട്ടുനല്‍കിയവരുള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷിന് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ അടക്കം മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി, താജുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂര്‍ത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ബസ് 2005 സെപ്റ്റബര്‍ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയില്‍ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കേസിന്റെ വിസ്താരം പൂര്‍ത്തായാകും മുന്‌പേ തന്നെ തടിയന്റവിട നസീര്‍ അടക്കമുളള മൂന്ന് പ്രതികള്‍ തങ്ങള്‍ കുറ്റമേല്‍ക്കുന്നതായി കോടതിയെ അറിയിച്ചു.

ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി. ബസ് കത്തിക്കല്‍ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലില്‍ കഴിഞ്ഞതിനാല്‍ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം. ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് സമാനമായ രീതിയില്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.

ഡോക്ടർമാരുടെ അനാസ്ഥയിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെ മൂന്ന് ആശുപത്രികളിൽ നിന്നും യഥാസമയം ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ആശുപത്രികളിൽ ഉണ്ടായ അനാസ്ഥയിൽ മകളുടെ ജീവൻ നഷ്ടമായെന്നാണ് യുവതിയുടെ അച്ഛൻ പരാതിപ്പെടുന്നത്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോൾ മരിച്ച സംഭവത്തിലാണ് പിതാവ് സിആർ രാമർ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നൽകിയിരിക്കുന്നത്.

ഞായറാഴ്ച്ച രാവിലെ കടുത്ത തലവേദനയെത്തുടർന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചു. ഉച്ചയ്ക്ക് 1.45ന് മെഡിക്കൽ കോളജിൽ എത്തിയിരുന്നെങ്കിലും ഡാക്ടർമാർ പരിശോധിക്കാൻ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്‌കാനിങ് നടത്താൻ പോലും തയാറായത്. ഈ റിപ്പോർട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി.

അതേസമയം, ഒട്ടേറെ തവണ ആവശ്യപ്പെട്ടപ്പോൾ തിരക്കുളളവർക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത്. ഇതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ലിഷയെ മാറ്റുകയായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് ലിഷമോൾ അരമണിക്കൂർ മുൻപ് മരിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചത്. ലിഷമോളുടെ മരണത്തിൽ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തെക്കുറിച്ച് പങ്കുവെച്ച് സുബി സുരേഷ് ‘ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്.വീഡിയോയില്‍ അസുഖത്തെ കുറിച്ച് സുബി കൃത്യമായി സംസാരിക്കുന്നുണ്ട്.

എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വര്‍ക് ഷോപ്പില്‍’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിയ്ക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു

ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിന്റെ തലേ ദീവസം മുതല്‍ തീരെ വയ്യാതെയായി. ഭയങ്കരമായ നെഞ്ചുവേദനയും ശരീര വേദനയും എല്ലാം തോന്നി. ഒന്നും കഴിക്കാനും പറ്റുന്നില്ല, ഇളനീര്‍ വെള്ളം പോലും കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. രണ്ട് ദിവസം മുന്‍പ് നെഞ്ച് വേദന എല്ലാം അധികമായപ്പോള്‍ ഞാന്‍ ഒരു ക്ലിനിക്കില്‍ പോയി ഇസിജി എല്ലാം എടുത്തിരുന്നു. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നല്‍കിയ മരുന്ന് ഒന്നും ഞാന്‍ കഴിച്ചില്ല.

ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്‌നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മഗ്‌നീഷ്യം ശരീരത്തില്‍ കയറ്റുന്നത് ഒന്നും വലിയ പ്രശ്നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോള്‍ ഭയങ്കര വേദനയാണ്. ഇതോടെ ഭക്ഷണം കൃത്യമായി കഴിക്കാനും താന്‍ നന്നാവാനും തീരുമാനിച്ചെന്ന് സുബി പറയുന്നു.

സോഷ്യൽ മീഡിയയിൽ എവിടെയും കണ്ണൂർക്കാരിയായ മീശക്കാരി ഷൈജയെ കുറിച്ചുള്ള വിശേഷങ്ങളാണ്. മീശയ്ക്ക് പുറത്ത് കാലാകാലങ്ങളായി പുരുഷന്മാർക്കുള്ള കുത്തകയാണ് കട്ടി മീശ വച്ച് ഹൃദയം തുറന്ന് ഷൈജ ചിരിക്കുമ്പോൾ തകർന്നുവീഴുന്നത്. ബിബിസി ന്യൂസിൽ ‘ഷൈജയുടെ മീശ’ വാർത്തയായതോടെ കണ്ണൂർ കണ്ണവം സ്വദേശിയായ ഷൈജയും ഷൈജയുടെ മീശപ്പെരുമയും കേരളത്തിനു പുറത്തേക്കും ഖ്യാതി നേടുകയാണ്.

ആരെന്ത് കളിയാക്കിയാലും എത്ര രൂപ തരാമെന്നു പറഞ്ഞാലും മീശ വടിച്ചിട്ട് ഒന്നിനുമില്ലെന്നാണ് ഷൈജ പറയുന്നത്. വർഷങ്ങളായി ഷീജയ്ക്ക് മീശയുണ്ട്. പിസിഒഡി പോലുള്ള അസുഖങ്ങളുടെയോ ഹോർമോൺ പ്രശ്നങ്ങളുടെയോ അനന്തരഫലമാണോ ഈ മീശയെന്നു ചോദിച്ചാൽ അല്ലെന്ന് ഷൈജ പറയും.

“വർഷങ്ങളായി മീശ എന്റെ കൂടെയുണ്ട്. പിസിഒഡി പോലുള്ള പ്രശ്നങ്ങൾ വല്ലതുമുണ്ടോ എന്നൊക്കെ ആളുകൾ തിരക്കും. എനിക്കതുപോലുള്ള പ്രശ്നങ്ങളൊന്നുമില്ല. മുൻപേ മീശ ഉണ്ടെങ്കിലും അഞ്ചാറുവർഷമായിട്ടാണ് ഇത്രയും കട്ടിവച്ചത്. ‘മീശയുണ്ടല്ലോ വടിച്ചുകള’ എന്നൊക്കെ ആദ്യം കാണുന്നവർ പോലും കമന്റ് പറയും. എന്റെ മുഖത്തല്ലേ, അതവിടെ ഇരിക്കട്ടെ എന്നാണ് എന്റെ മറുപടി,” ഷൈജ  പറഞ്ഞു.

“അന്നുമിന്നുമൊക്കെ മീശ കാരണം ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ട്. നെഗറ്റീവ് കമന്റുകളൊക്കെ എനിക്ക് ശീലമാണ്. അതൊന്നും എന്നെ ബാധിക്കുന്നേയില്ല. പറയുന്നവർക്ക് എന്തുമാവാമല്ലോ, നാളെ വേറെയൊരു ന്യൂസ് കിട്ടിയാൽ അവരതിനു പിറകെ പോവും. ഇന്ന് എന്റെ മീശയാണെങ്കിൽ നാളെ മറ്റെന്തെങ്കിലും ആയിരിക്കും അവരുടെ പ്രശ്നം, മനുഷ്യരുടെ പ്രകൃതമാണത്.”

“എനിക്കെന്നെ ഭയങ്കര ഇഷ്ടമാണ്. ആ മീശ എന്റെ മുഖത്തിരിക്കുന്നതും.
ഞാനത് മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ല ഒരിക്കലും. മാസ്ക് വെക്കേണ്ടി വരുമ്പോഴുള്ള സങ്കടം എന്റെ മീശ മറഞ്ഞുപോവുമല്ലോ എന്നതാണ്. ഒരിക്കലും ഞാനത് കളയാൻ ശ്രമിച്ചിട്ടില്ല. കളയണം എന്നുണ്ടെങ്കിൽ എളുപ്പമല്ലേ, എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. പക്ഷേ എനിക്കതു വേണ്ട, അതവിടെ കിടക്കട്ടെ. അതും കൂടിയാണ് ഞാൻ. എന്റെ ഭർത്താവിനോ മകൾക്കോ കുടുംബത്തിനോ ഒന്നും പ്രശ്നവുമില്ല.”

“എന്റെ കാഴ്ചപ്പാടിൽ സൗന്ദര്യമെന്നത് തൊലി വെളുപ്പോ മുഖസൗന്ദര്യമോ അല്ല. ആളുകളുടെ മനസ്സിന്റെ സൗന്ദര്യത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. നമ്മളോട് എങ്ങനെയാണോ അവർ പെരുമാറുന്നത് അതാണ് അവരുടെ സൗന്ദര്യത്തെ നിർവചിക്കുന്നത്. പുറംകാഴ്ചയിലുള്ള സൗന്ദര്യത്തിൽ വലിയ കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

“മീശയ്ക്ക് വേണ്ടി താൻ പ്രത്യേകം ഒന്നും ചെയ്യുന്നില്ലെന്നും, രണ്ടറ്റവും ഇറങ്ങിവരുന്ന സമയത്ത് ഒന്ന് ചെറുതായി കട്ട് ചെയ്ത് സുന്ദരമാക്കുക മാത്രമാണ് മീശ പരിചരണം,” ഷൈജ കൂട്ടിച്ചേർത്തു.

ഇടുക്കിയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട യുവതി കസ്റ്റഡിയില്‍. ഉടുമ്പന്‍ചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളിയാണ് പ്രസവ ശേഷം കുട്ടികളെ കൊന്ന് കുഴിച്ചിട്ടത്.

ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അവിവാഹിതയായിനാല്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത യുവതിയെ ചോദ്യം ചെയ്യുകയാണ്.

ഇരട്ടക്കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട ഏലത്തോട്ടത്തില്‍ പൊലീസെത്തി പരിശോധന നടത്തി. യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച് കൗണ്‍സിലിങ്ങ് നടത്തിയതിന് ശേഷമാകും വിശദമായ ചോദ്യം ചെയ്യലെന്നാണ് സൂചന.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ആക്ഷന്‍ ഹീറോ ആയെത്തുന്ന ചിത്രം പാപ്പന് കാത്തിരിക്കുകയാണ് ആരാധകലോകം. സുരേഷ് ഗോപിയും മകന്‍ ജോഷിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പാപ്പന്‍’.

ജൂലൈ 29 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയെയും മകന്‍ ഗോകുല്‍ സുരേഷിനെയും ഒരുമിച്ച് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്. പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ സുരേഷ് ഗോപി എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. എബ്രഹാം മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പാപ്പനിലെത്തുന്നത്.

എന്നാല്‍ ‘പാപ്പന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള സുരേഷ് ഗോപി നല്‍കിയ
അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അകാലത്തില്‍ നഷ്ടപ്പെട്ട തന്റെ മകള്‍ ലക്ഷ്മിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ വികാരഭരിതമായി താരം പങ്കുവച്ചിരുന്നു.

”അവളിപ്പോ ഉണ്ടെങ്കില്‍ മുപ്പത്തിരണ്ടു വയസ്സാണ്. മുപ്പതു വയസ്സായ ഏതു പെണ്‍കുട്ടിയേയും കണ്ടു കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വയ്ക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്നു പറയുന്നത് എന്നെ പട്ടടയില്‍ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിനു പോലും ആ വേദനയുണ്ടാകും.”- സുരേഷ് ഗോപി പറഞ്ഞു.

വോഗ് മാഗസിന്റെ കവര്‍ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതിന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയ്ക്കും ഭാര്യ ഒലെനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം. ഉക്രെയ്‌നില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ഇരുവരും ഫോട്ടോഷൂട്ട് നടത്തിയതാണ് ചര്‍ച്ചയായത്.

സെലന്‍സ്‌കിയും ഒലെനയും ഒന്നിച്ചുള്ള ചിത്രങ്ങളും ഒലെനയുടേത് മാത്രമായ ചിത്രങ്ങളും വോഗ് ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ധീരതയുടെ ഛായാചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുദ്ധത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ മുന്‍നിരയില്‍ നിന്ന് പോരാടുമ്പോള്‍ ഒലെന നയതന്ത്രത്തിലും സുപ്രധാന പങ്ക് വഹിച്ചെന്നും വോഗ് കുറിച്ചു. ചില ചിത്രങ്ങള്‍ ഒലെന തന്റെ അക്കൗണ്ടിലൂടെയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഉക്രെയ്‌നിലെ സംഘര്‍ഷാവസ്ഥ തുറന്ന് കാട്ടാന്‍ ഒലെന ടാങ്കറുകള്‍ക്കും സൈനികര്‍ക്കും മധ്യേ നിന്നെടുന്ന ചിത്രങ്ങള്‍ക്കടക്കം നിരവധി പേരാണ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. നിങ്ങള്‍ ഒരു അഭിനേതാവിനെയാണ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നതെങ്കില്‍ യുദ്ധത്തിന്റെ സമയത്ത് പോലും അദ്ദേഹത്തിന് പ്രാധാന്യമുള്ള കാര്യങ്ങള്‍ മറ്റ് പലതുമായിരിക്കുമെന്നും ഉക്രെയ്‌നിന് ലോകരാജ്യങ്ങള്‍ സഹായങ്ങളെത്തിക്കുമ്പോള്‍ സെലന്‍സ്‌കിയും ഭാര്യയും അവിടെ ഫോട്ടോ ഷൂട്ട് നടത്തുകയാണെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍.

യുദ്ധത്തിനെപ്പോലും റൊമാന്റിക്കാക്കുകയാണെന്ന് വോഗിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ചിത്രങ്ങളെ പ്രശംസിച്ചും അളുകള്‍ രംഗത്തുണ്ടെങ്കിലും വന്‍ വിവാദമാണ് ഫോട്ടോഷൂട്ടിനെ തുടര്‍ന്നുടലെടുത്തിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Vogue (@voguemagazine)

കുണ്ടറ സ്വദേശിനിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുണ്ടറ കുരീപ്പള്ളി തുമ്പുവിള ഹൗസിൽ ആമിന (22) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. ആമിനയെ ഭർത്താവായ ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി(34) കൊലപ്പെടുത്തിയതായി കണ്ടെത്തിയതോടെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണു കൊലപാതകം തെളിയിച്ചത്. തുമ്പുവിള ഹൗസിൽ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീല ബീവിയുടെയും മകളാണ് ആമിന. കഴിഞ്ഞ 22നു പുലർച്ചെയായിരുന്നു ആമിനയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.

കഠിനമായ ശ്വാസതടസമെന്നു പറഞ്ഞു അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്നാണ് ആമിനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ ആമിന മരിച്ചിരുന്നു. ആമിന കടുത്ത ശ്വാസതടസത്തെ തുടർന്ന് നിരവധി ആശുപത്രികളിൽ ചികിത്സ തേയിയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ മൊഴി.

എന്നാൽ, മകളുടെ മുഖത്ത് കണ്ടെത്തിയ പാടിൽ സംശയം തോന്നിയ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കബറടക്കി. അസാധാരണ മരണത്തിനു കേസ് റജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണു കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.

ആമിനയ്ക്കു ശ്വാസതടസം അനുഭവപ്പെടാൻ തക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതുകാരണം ഉണ്ടായ ശ്വാസതടസമാണു മരണകാരണമെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം അബ്ദുൽ ബാരിയെ ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.

കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ അഭിലാഷിന്റെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആർ ഫയാസിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സുകേഷ്, അനിൽ ബേസിൽ, ജാക്‌സൺ ജേക്കബ്, എഎസ്‌ഐമാരായ കൃഷ്ണകുമാർ, സുനിൽ, എസ്സിപിഒമാരായ സുമ ഭായി, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ്‌ ടു വിദ്യാര്‍ഥിയെ ചാലിശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇന്‍സ്‌റ്റാഗ്രാം വഴിയാണ്‌ പെണ്‍കുട്ടി മലപ്പുറം സ്വദേശിയായ പ്ലസ്‌ ടു വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്‌. തുടര്‍ന്ന്‌ വീട്ടില്‍ ആളില്ലാത്ത ദിവസം വിദ്യാര്‍ഥി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയം നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ്‌ ലഭിക്കുന്ന സൂചനകള്‍. സ്വകാര്യ ആശുപത്രിയില്‍നിന്നാണ്‌ പോലീസിന്‌ വിവരങ്ങള്‍ ലഭിച്ചത്‌. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ പ്ലസ്‌ ടു വിദ്യാര്‍ഥി പിടിയിലാവുന്നത്‌.

Copyright © . All rights reserved