Kerala

ഇത്തവണത്തെ തിരുവോണം ബംബര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് ഓട്ടോ ഡ്രൈവറായ ശ്രീവരാഹം സ്വദേശി ബി അനൂപിനായിരുന്നു. വിജയിയായതോടെ സന്തോഷം കൊണ്ട് മതിമറന്ന് എത്തിയ അനൂപിനേയും കുടുംബത്തേയും മലയാളികള്‍ക്ക് മറക്കാനാകില്ല. എന്നാല്‍ ജീവിതത്തില്‍ വന്ന ഈ സൗഭാഗ്യം വലിയ തലവേദനയായിരിക്കുകയാണ് അനൂപിനും കുടുംബത്തിനും.

അനൂപിന് വീട്ടില്‍ കയറാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സമാധാനം ഇല്ലാതെ പണം കിട്ടിയ പോലെയായി. ഒരു ഭാഗത്തുനിന്ന് ബാങ്കുകാരും മറുഭാഗത്തുനിന്ന് ദാരിദ്ര്യം പറഞ്ഞു വരുന്നവരും ഉണ്ടെന്നാണ് അനൂപും കുടുംബവും പറയുന്നത്. കേരളത്തില്‍ നിന്നും, ചെന്നൈയില്‍ നിന്നു പോലും സഹായം ചോദിച്ചു വരുന്നവരുണ്ട്. രണ്ടു കോടി, മൂന്നു കോടി കൊടുത്തു കഴിഞ്ഞാല്‍ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം, അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞു വരുന്നവരും ഉണ്ടെന്നും ഇവര് പറയുന്നു.

എല്ലാവരും ഡിമാന്റ് ചെയ്യുകയാണ്, ചോദിക്കുന്നതു പോലെയല്ല. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം വേണം എന്നൊക്കെയാണ് പറയുന്നത്. ഇത്ര രൂപ തരണം, ഞാനിത് വാങ്ങിച്ചു കൊണ്ടേ പോകൂ എന്നൊക്കെയാണ് പറയുന്നത്. കിട്ടിയ പണം മുഴുവനും കൊടുത്തു കഴിഞ്ഞാല്‍ നാളെ അവര്‍ തന്നെ വന്നു പറയും ഇവര്‍ പണം മുഴുവനും ധൂര്‍ത്തടിച്ചു കളഞ്ഞുവെന്നും അനൂപ് പറയുന്നു.

ഇപ്പോള്‍ ചേട്ടനു വീട്ടിനകത്തോട്ടു വരാന്‍ പറ്റുന്നില്ല. ആളുകളോട് പറഞ്ഞു മടുത്തു. എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. എണ്ണാന്‍ പറ്റുന്നില്ല, അത്രയ്ക്ക് തിരക്കാണ്. രാവിലെ അഞ്ചു മണി തൊട്ട് രാത്രി വരെ തിരക്കാണ്. ദൈവമേ ലോട്ടറി അടിച്ചത് അടിച്ചു, ഇത്രയും ബുദ്ധിമുട്ട് എന്തിന് ഉണ്ടാക്കിയെന്നാണ് ഗര്‍ഭിണി കൂടിയായ അനൂപിന്റെ ഭാര്യ മായ ചോദിക്കുന്നത്.

 

കോട്ടയം ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ നടന്ന സംഘര്‍ത്തില്‍ ലാത്തിചാര്‍ജ്ജ്. അഞ്ച് പേരെ കസ്റ്റഡിലെടുത്തു. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അരങ്ങേറുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്.

കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും വാഹനങ്ങള്‍ക്കുനേരെ ആക്രമണം. നിരവധി കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ലോറികള്‍ക്കുനേരെയും ആക്രമണം. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനുമുന്നില്‍ കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി സമരാനുകൂലികള്‍. യാത്രക്കാരെ അസഭ്യ പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം കണ്ണൂരില്‍ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. ഉളിയിലാണ് വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്.

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബര്‍ 4നാണ് കേസിന്‌
ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വര്‍ഗ്ഗീസ് (24), കാമുകന്‍ മജീഷ് മോഹന്‍ (24) എന്നിവരാണ് പിടിയിലായത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരവെ പ്രതികള്‍ ബെംഗളൂരുവിലേയ്ക്ക് കടക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ പ്രതികള്‍ ബെംഗളൂരുവില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയതായി മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഫോര്‍ട്ട് എസിപിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ വിപിന്‍, പ്രസാദ്, എഎസ്‌ഐമാരായ പത്മകുമാര്‍, ശ്രീകുമാര്‍, സിപിഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണന്‍, സാജന്‍ നിള, ആര്യ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

കാട്ടാക്കട കെഎസ്ആര്‍ടിസി സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ച് കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പ്. ഇക്കഴിഞ്ഞ ആറ് മാസമായി കെഎസ്ആര്‍ടിസിക്ക് നല്‍കിവരുന്ന അഞ്ച് ലക്ഷം രൂപയുടെ പരസ്യകരാറില്‍ നിന്നാണ് ‘അച്ചായന്‍സ്’ ജ്വല്ലറി പിന്മാറി. ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടി.

അതേസമയം ധീരയായ പെണ്‍കുട്ടിയുടെ നാല് വര്‍ഷത്തെ യാത്രാ ചെലവ് വഹിക്കാനും ജ്വല്ലറി തീരുമാനിച്ചു. കേസ് നടത്താന്‍ കുടുംബത്തിന് നിയമസഹായം നല്‍കാനും ജ്വല്ലറി ഗ്രൂപ്പ് തയ്യാറാണെന്നും ജ്വല്ലറി അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ദുഃഖം തോന്നി. നാളെ ആര്‍ക്കും ഈ അവസ്ഥ വരാം. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും അച്ചായന്‍സ് എംഡി ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു.

കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് ‘അച്ചായന്‍സ്’ കെഎസ്ആര്‍ടിസിക്ക് പരസ്യം നല്‍കി തുടങ്ങിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രവര്‍ത്തിയെ ആരും ഗൗരവത്തോടെ സമീപിച്ചില്ലെന്ന് ജനറല്‍ മാനേജന്‍ സുനിലും വിമര്‍ശിച്ചു.

മകളുടെ ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ മകള്‍ രേഷ്മയുടേയും സുഹൃത്ത് അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.

എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെ കുടുക്കിയത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാർ. കെ.എസ്. ഇ.ബി ബോർഡ് വെച്ച് ഓടിയത് ജിതിനിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഈ ദൃശ്യങ്ങളിൽ കണ്ട ടീഷർട്ടും ഷൂസും ജിതിനിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചിട്ടുണ്ട്. ജിതിന്‍ ധരിച്ച ടീഷര്‍ട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്കെമറിയാന്‍ സ്കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിന്‍ കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷര്‍ട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിനിന്‍റെ ഫേസ്ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ ആണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റർ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.

ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയര്‍ന്നിരുന്നത്.ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.

വ്യാപകമായി തുടരുന്ന റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ (വെള്ളിയാഴ്ച) കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്‌സി. അംഗം പ്രഫ. പി കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ, ഇഡി സംഘം പരിശോധന തുടങ്ങിയത്. റെയ്ഡിന്റെ ഭാഗമായി നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പഞ്ചാബ് ഫഗ്വാരയിലെ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി(എല്‍ പി യു)യില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ കുറിപ്പില്‍ കോഴിക്കോട് എന്‍ ഐ ടി അധ്യാപകനെതിരെ പരാമര്‍ശം. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ് ദിലീപി(21)നെ ചൊവ്വാഴ്ച വൈകിട്ടാണു ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബി ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഖിന്‍ രണ്ടാഴ്ച മുന്‍പാണ് എല്‍ പി യുവില്‍ ചേര്‍ന്നത്. അതിനു മുന്‍പ് കോഴിക്കോട് എന്‍ ഐ ടി വിദ്യാര്‍ഥിയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനം മാറാനുള്ള കാരണം സംബന്ധിച്ച് എന്‍ ഐ ടി അധ്യാപകനെതിരെ അഖിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

”എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെയധികം ഖേദിക്കുന്നു, ഞാന്‍ എല്ലാവര്‍ക്കും ഒരു ഭാരമാണ്, ക്ഷമിക്കണം, പക്ഷേ ഇതാണ് അവസാനം,” അഖിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി ഫഗ്വാര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജസ്പ്രീത് സിങ് നേരത്തെ പറഞ്ഞിരുന്നു. വിഷയത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും രണ്ടു വര്‍ഷം പഠിച്ച എന്‍ ഐ ടിയില്‍ നേരിട്ട വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ഈ കടുംകൈ സ്വീകരിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും എല്‍ പി യു വൈസ് പ്രസിഡന്റ് അമന്‍ മിത്തല്‍ പറഞ്ഞു. സര്‍വകലാശാല അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നു അഖിന്റെ രക്ഷിതാക്കള്‍ അവിടെ എത്തിയിട്ടുണ്ട്.

അഖിന്‍ മരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച വൈകിട്ട് എല്‍ പി യു കാമ്പസില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നു ഫഗ്വാര പൊലീസ് സൂപ്രണ്ട് മുഖ്ത്യാര്‍ സിങ് പറഞ്ഞു. മൊഹാലിയില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചണ്ഡിഗഡ് സര്‍വകലാശാലയില്‍ സ്വകാര്യ വീഡിയോകള്‍ ചോര്‍ന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് എല്‍ പി യുവിലെ സംഭവം.

”ഇന്നലെ, ശരിയായ വിവരത്തിന്റെ അഭാവം കാരണം സഹവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി. അതു വൈകുന്നേരം യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമായി. പൊലീസും യൂണിവേഴ്‌സിറ്റി അധികൃതരും മുഴുവന്‍ സ്ഥിതിഗതികളും വിദ്യാര്‍ത്ഥികളോട് പങ്കുവച്ചു. ഇപ്പോള്‍, സര്‍വകലാശാല ശാന്തമാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളും സമാധാനപരമായി ക്ലാസുകളില്‍ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്യുന്നു,” അമന്‍ മിത്തല്‍ പറഞ്ഞു.

എല്ലാവരെയും വേദനിപ്പിക്കുന്ന നടപടിയെടുക്കുന്നതിനു എന്തെങ്കിലും പ്രശ്നമുള്ളവര്‍ക്കു സമീപിക്കാവുന്ന സമ്പൂര്‍ണ കൗണ്‍സലിങ് സെന്റര്‍ സര്‍വകലാശാലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സംഭവത്തില്‍ സര്‍വകലാശാല ഒന്നാകെ ദുഃഖിതരാണെന്ന് എല്‍ പി യു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ”പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്കാണു വിരല്‍ ചൂണ്ടുന്നത്. തുടര്‍ അന്വേഷണത്തിന് സര്‍വകലാശാല അധികൃതര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ വേര്‍പാടില്‍ യൂണിവേഴ്‌സിറ്റി ആദരാജ്ഞലി അര്‍പ്പിക്കുന്നു. ദുഃഖാര്‍ത്തരായ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു,” എല്‍ പി യു ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.ആം ആദ്മി പാര്‍ട്ടി (എ എ പി) രാജ്യസഭാംഗം അശോക് മിത്തലാണു ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍.

വൈപ്പിന്‍കാരുടെ യാത്രാക്ലേശത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടി അന്ന ബെന്‍. െേവെപ്പിന്‍കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കയാണ്. ഹൈക്കോടതിക്കവലയില്‍ ബസ് ഇറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസ്സില്‍ കയറി വേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകുവാന്‍. സെന്റ് തെരേസാസില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് താനും അനുഭവിച്ചതാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും കത്തില്‍ പറയുന്നു.

അന്ന ബെന്നിന്റെ കത്ത്:

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്‌,

വൈപ്പിന്‍കരയെ വന്‍കരയായി ബന്ധിപ്പിക്കുന്ന ഒരു പാലം എന്നത്‌ ഞങ്ങളുടെ മുന്‍തലമുറകളുടെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാലത്ത് അങ്ങനൊരു സ്വപ്നത്തിന്റെ വിത്ത് വൈപ്പില്‍കരയുടെ മനസ്സില്‍ പാകിയത്‌ ആ വലിയ മനുഷ്യനാണ്‌, സഹോദരന്‍ അയ്യപ്പന്‍. വൈപ്പിന്‍കരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങള്‍ യാഥാർഥ്യമായിട്ട് വര്‍ഷങ്ങള്‍ തികഞ്ഞു. പാലങ്ങള്‍ വന്നാല്‍, അഴിമുഖത്തുകൂടിയുള്ള അപകടം തുറിച്ചുനോക്കുന്ന യാത്രയില്‍ നിന്നും ഞങ്ങള്‍ക്ക്‌ മോചനം ലഭിക്കുമെന്നും കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക്‌ ബസ്സില്‍ നേരിട്ടെത്താമെന്നും മോഹിച്ചിരുന്നു.

പാലം വന്നു, ബസ്സുകളും വന്നു. പക്ഷേ വൈപ്പിന്‍കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കയാണ്‌. ഞങ്ങള്‍ ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക്‌ നടന്ന് മറ്റൊരു ബസ്സില്‍ കയറി വേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകുവാന്‍. സെന്റ്‌ തെരേസാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട്‌ ഞാനും അനുഭവിച്ചതാണ്‌. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്ക് ബസുകൾ വരുന്നു. വൈപ്പിൻ ബസുകൾക്ക് മാത്രം നഗരത്തിലേക്ക് പ്രവേശനമില്ല.

നഗരത്തിനുള്ളില്‍ത്തന്നെയുള്ള വിവിധ സ്ഥലങ്ങളിലെത്തേണ്ടവര്‍ ഹൈക്കോടതി കവലയില്‍ ബസിറങ്ങി അടുത്ത ബസില്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന്‌ വേണ്ടി വരുന്ന അധികച്ചെലവ് പലര്‍ക്കും താങ്ങാനാവുന്നതിലും അധികമാണ്‌. പ്രത്യേകിച്ച് നഗരത്തിലെ ടെക്‌സ്റ്റെല്‍ ഷോപ്പുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ആയിരക്കണക്കിന്‌ സ്ത്രീകള്‍ക്ക്‌.

വൈപ്പിന്‍ ബസ്സുകളുടെ നഗരര്രവേശം നേടിയെടുക്കുന്നതിനായി വൈപ്പിന്‍ നിവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തര സമരത്തിലാണ്‌. വൈപ്പിന്‍ ബസുകള്‍ക്ക്‌ നഗരര്രവേശം അനുവദിക്കണോ എന്ന കാര്യത്തില്‍ നാറ്റ്പാക്‌ ഒരു പഠനം നടത്തി റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. റിപ്പോര്‍ട്ട്‌ നഗരപവേശത്തിന്‌ അനുകൂലമാണെന്ന്‌ അറിയുന്നു. മാത്രമല്ല, വൈപ്പിന്‍ ബസുകള്‍ നഗരത്തില്‍ പ്രവേശിച്ചാല്‍, വൈപ്പിനില്‍ നിന്നും ദിവസവും നഗരത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന കാറുകളുടെയും ഇരുച്രകവാഹനങ്ങളുടെയും എണ്ണത്തില്‍ സാരമായ കുറവുണ്ടാവുമെന്നും, തന്മൂലം നഗരത്തിലെ വാഹനത്തിരക്ക്‌ കുറയാനാണിടയാകുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

വൈപ്പിൻകരയോടുള്ള അഗവണന ഒരു തുടർക്കഥയായി മാറുന്നു. സ്ഥാപിത താൽപ്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉർത്തുന്ന നിയമത്തിന്റെ നൂലാമാലകൾ, അർപ്പണബോധവും, ഉറച്ച തീരുമാനങ്ങളെടുക്കുവാൻ കഴിവുള്ള അങ്ങ് നിഷ്പ്രയാസം മറികടക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വൈപ്പിൻ ജനതയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.

 

 

View this post on Instagram

 

A post shared by Anna Ben 🌸 (@benanna_love)

സിനിമാചിത്രീകരണത്തിനുപയോഗിക്കുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ ആറ്റിങ്ങൽ മാമം നദിയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പന്തലക്കോട് ഭാഗത്ത് ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം.

രാവിടെ കുളിക്കാനെത്തിയ പന്തലക്കോട് സ്വദേശി ബിനു രാമചന്ദ്രനാണ് രണ്ട് ചാക്കുകെട്ടുകൾ ഒഴുകി വരുന്നത് ആദ്യം കണ്ടത്. കെട്ടുകൾ കരയ്‌ക്കെത്തിച്ച് പരിശോധിച്ചപ്പോൾ അഞ്ഞൂറിന്റെ നോട്ടുകെട്ടുകളാണെന്ന് മനസിലായതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിന്റെ പരിശോധനയിലാണ് നോട്ടുകൾ സിനിമാ ഷൂട്ടിംഗിന് വേണ്ടി ഉപയോഗിക്കുന്നതാണെന്ന് വ്യക്തമായത്.

വിവരമറിഞ്ഞ് നാട്ടുകാർ ഒത്തുകൂടിയത് പൊലീസിന് തലവേദനയായി. നോട്ടിൽ ഷൂട്ടിംഗിന് ഉപയോഗിക്കുന്നതാണെന്ന് രേഖപ്പെടുത്തിയ കാര്യം പൊലീസ് കാണിച്ചു കൊടുത്തതോടെയാണ് നാട്ടുകാരുടെ അമ്പരപ്പ് മാറിയത്. നോട്ടുകൊട്ടുകൾ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എസ്.ഐ സെന്തിൽ കുമാർ പറഞ്ഞു.

അനധികൃത മദ്യ വില്‍പ്പന നടത്തിയിരുന്ന സ്ത്രീ യുവ കൗണ്‍സിലറെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി വാളിന് തലയറുത്ത് കൊന്നു. 30 വയസ് പ്രായമുള്ള ഡി എം കെ കൗണ്‍സിലറാണ് കൊല്ലപ്പെട്ടത്. കരിഞ്ചന്തയില്‍ നടത്തിയിരുന്ന മദ്യ വില്‍പ്പന പൊലീസിനെ അറിയിച്ച് തടഞ്ഞതിലെ പ്രതികാരം തീര്‍ക്കാനായിട്ടായിരുന്നു കൊലപാതകം. തമിഴ്‌നാട്ടില്‍ നടുവീരപ്പട്ടിയിലെ ജനപ്രതിനിധിയായ എം സി സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലോകേശ്വരി എന്ന എസ്തര്‍ (45) എന്ന സ്ത്രീ തലയറുത്ത് കൊന്നത്. വാള്‍ കൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പ്രതിയായ ലോകേശ്വരി ഒളിവില്‍ പോയി.

നടുവീരപ്പാട്ടിലെ എട്ടയപുരത്ത് മരിച്ച സതീഷ് വാര്‍ഡ് കൗണ്‍സിലറും സ്ഥലത്തെ ഡി എം കെ സെക്രട്ടറിയുമായിരുന്നു. സ്ഥലത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തിയിരുന്ന ലോകേശ്വരിയുമായി സതീഷ് പലപ്പോഴും തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. അനധികൃതമായി മദ്യവില്‍പ്പന അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പൊലീസില്‍ അറിയിക്കുമെന്നും സതീഷ് നേരത്തെ തന്നെ ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ ലോകേശ്വരി ഇതൊന്നും ചെവികൊണ്ടിരുന്നില്ല. ഒടുവില്‍ സതീഷ് പൊലീസില്‍ പരാതിപ്പെടുകയും അനധികൃത മദ്യ വില്‍പ്പന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെടല്‍ ശക്തമായതോടെ ലോകേശ്വരിയുടെ വീട്ടിലേക്ക് മദ്യം വാങ്ങാനെത്തുന്നത് എല്ലാവരും ഒഴിവാക്കുകയായിരുന്നു. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. ഇതാണ് സതീഷിനോട് കടുത്ത പ്രതികാരം തോന്നാന്‍ കാരണമായത്.

തിങ്കളാഴ്ച സതീഷിനെ വീട്ടിലേക്ക് ലോകേശ്വരി ക്ഷണിച്ചു. വാതില്‍ പൂട്ടിയ ശേഷം കയ്യില്‍ കരുതിയിരുന്ന വാള്‍ കൊണ്ട് സതീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം മൃതദേഹം വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഇവര്‍ വീട് പൂട്ടി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സോമംഗലം പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മാറ്റിയിട്ടുണ്ട്. ഒളിവില്‍ പോയ ലോകേശ്വരിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലോകേശ്വരി നേരത്തെ അനാശാസ്യക്കേസുകളിലും പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved