സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പിൽ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നാലാം തീയതി എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. രണ്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലും മൂന്നാംതീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും അഞ്ചാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ;
04-08-2022: തിരുവനന്തപുരം, കൊല്ലം
05-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
06-08-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമാണ്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഇന്ന് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മഴക്കെടുതിയില്‍ മരണം ഒമ്പതായി.
കൂട്ടിക്കല്‍ ചപ്പാത്തില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ റിയാസ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയിലെ സാധനങ്ങള്‍ എടുത്തുമാറ്റുന്നതിനിടെ ഒഴുക്കില്‍പെട്ട സാധനങ്ങള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിയാസ് ഒഴുക്കില്‍ പെട്ടത്.
തീക്കോയി ഒറ്റഊട്ടിയില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ഉരുള്‍പൊട്ടലുണ്ടായി. മണിമലയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെയാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ കൊട്ടാരമറ്റം ഭാഗത്ത് റോഡില്‍ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും കൂട്ടിക്കലും വെള്ളംകയറി. കാഞ്ഞിരപ്പള്ളിയില്‍ അഞ്ച് ദിരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചിറക്കടവില്‍ വെള്ളം കയറിയതോടെ മൂന്നു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
ആലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ കുടുങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തില്‍ ബോട്ട് സുരക്ഷിതമാണ്. പത്ത് തൊഴിലാളികളാണ് ബോട്ടിലുള്ളത്. ബോട്ട് വൈകാതെ കരയിലേക്ക് കെട്ടിവലിച്ച് അടുപ്പിക്കാനാണ് ശ്രമം. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
എറണാകുളത്ത് പെരിയാറും മൂവാറ്റുപുഴയാറിലൂം ജലനിരപ്പ് ഉയര്‍ന്നു. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ആലുവ ശിവക്ഷേത്രം പൂര്‍ണ്ണമായൂം മുങ്ങി. പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍ക്കുകയാണ്. ആലുവ മൂന്നാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് കാണാതായ പൗലോസ് എന്നയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. മൂവാറ്റുപുഴ കൊച്ചങ്ങാടിയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. ഏലൂരിലും 15 വീടുകളില്‍ വെള്ളം കയറി.
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. പറമ്പിക്കുളത്ത് നിന്ന് വെള്ളം എത്തിയതോടെ പെരിങ്ങല്‍കൂത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാം തുറന്നുവിട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ആതിരപ്പിള്ളി പിള്ളപ്പാറയില്‍ ഒഴുക്കില്‍പെട്ട ആന രക്ഷപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.
പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 20 എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ചെങ്ങന്നൂരും തിരുവണ്ടൂരും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. പമ്പ, അച്ചന്‍കോവിലാര്‍ എന്നിവ കരകവിഞ്ഞ് ഒഴുകയുകയാണ്.
ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. വലിയവീട്ടില്‍ ആലീസിനാണ് പരിക്കേറ്റത് മണ്ണിടിഞ്ഞ് വീടിന്റെ ഒരു ഭാഗത്തേക്ക് പതിക്കുകയായിരുന്നു.
കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു വയസ്സുകാരി തസ്ലീന, രാജേഷ് എന്നിവര്‍ മരിച്ചു. ഇന്നലെ നാലിടത്താണ് ഉരുള്‍പൊട്ടിയത്. മണാലില്‍ ചന്ദ്രന്‍ എന്നയാളെ കാണാതായി. അമ്പതോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.
വയനാട് മുത്തങ്ങ പുഴ കരകവിഞ്ഞു. ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. അതിതീവ്ര മഴയ്ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നു മുതല്‍ വ്യാഴാഴ്ചവരെ അതിതീവ്രമായ മഴ ഒറ്റപ്പെട്ട മേഖലകളില്‍ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിലാണ് അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യത.
എല്ലാ ജില്ലകളിലും പരക്കേ ശക്തമായ മഴ ലഭിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.
മണിമലയാര്‍, അച്ചന്‍കോവിലാര്‍, കരമനയാര്‍ എന്നിവ കരകവിഞ്ഞതോടെ ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയരുന്നതോടെ കൂടുതല്‍ ഡാമുകള്‍ തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു
വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റർ ആണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർത്ഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ആൺസുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതിൽ രോഷം പൂണ്ട് ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. മരത്തിൽ കെട്ടിയിട്ട ശേഷമാണ് ക്രൂരമായി മർദ്ദിച്ചത്. സുഹൃത്തിനെ മറ്റൊരു മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭാര്യയെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ ഉളളത്. ഏഴു മണിക്കൂറോളം ഭർത്താവ് ഭാര്യയെ മരത്തിൽ കെട്ടിയിട്ടുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ, ദേശീയ വനിതാ കമ്മിഷനും (എൻസിഡബ്ല്യു) കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻസിഡബ്ല്യു ചെയർപഴ്‌സൺ രേഖ ശർമ രാജസ്ഥാൻ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Woman tied to a tree, mercilessly beaten. Heart-wrenching screams for help in a state where the administration is fast asleep.
Jungle raj in Rajasthan under Ashok Gehlot’s watch.
‘Ladki hun, lad sakti hun’ only for Congress ad campaigns? pic.twitter.com/bUvyuHfKCN
— Bhupender Yadav (@byadavbjp) July 30, 2022
പാപ്പൻ സിനിമ മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. സുരേഷേ ഗോപിയും മകൻ ഗോകുൽ സുരേഷും സ്‌ക്രീൻ പങ്കുവെയ്ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്. ഇതിനിടെ, സിനിമയെക്കുറിച്ചും അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഗോകുൽ സുരേഷ് മനസ് തുറന്നിരിക്കുകയാണ്.
സിനിമ ആസ്വദിച്ചുതുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയ് ആണ് താനെന്നാണ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുൽ പറയുന്നത്. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ്.
ശരിക്കും ഞാനൊരു പൃഥിരാജ് ഫാനാണ്. തലപ്പാവ്, വാസ്തവം മുതൽ രാജുച്ചേട്ടന്റെ അത്ര ഹിറ്റാവാത്ത ഇടിപ്പടങ്ങൾവരെ എല്ലാം കണ്ടിട്ടുണ്ട്. രജനികാന്തിനേയും ഇഷ്ടമാണെന്നും തമിഴ് സിനിമകളും ആവേശത്തോടെ കാണാറുണ്ടെന്നും ഗോകുൽ പറയുന്നു.
അതേസമയം, സുുരേഷ് ഗോപി വീട്ടിൽ സാധാരണ ഗൃഹനാഥനാണെന്നും വീട്ടിൽവന്നാൽ അങ്ങനെ സിനിമാക്കാര്യങ്ങളൊന്നും സംസാരിക്കാറില്ല. വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടും എന്നുമാണ് ഗോകുൽ പറയുന്നത്.
സുരേഷ് ഗോപി എന്ന വ്യക്തി യഥാർത്ഥത്തിൽ എല്ലാവരോടും സ്‌നേഹമുള്ള ആളാണ്. ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന മനസ്സാണ് അച്ഛന്റേത്. രാഷ്ട്രീയത്തിനുപരിയായി ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്.
എന്നാൽ, അതിനെക്കുറിച്ചുപോലും പലരും മോശമായി സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് ദേഷ്യംവരും. അതിന്റെപേരിൽ പലപ്പോഴും ഞാൻ പ്രതികരിച്ചിട്ടുണ്ട്. സിനിമയ്ക്കകത്തും പുറത്തും ഒരുകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആത്മാർഥതയോടെ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ആളാണ് അച്ഛനെന്നും ഗോകുൽ സുരേഷ് പറയുന്നു.
സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയാണ്. നിരവധിയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി.
കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഓറഞ്ച് അലേര്‍ട്ട് ഉള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
കോട്ടയം മൂന്നിലവിലില്‍ ഉരുള്‍പൊട്ടി. മൂന്നിലവിലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആളെ കണ്ടെത്തിയിട്ടുണ്ട്. എരുമേലി നോര്‍ത്ത് വില്ലേജില്‍ ശക്തമായ മഴയുണ്ട്. വണ്ടന്‍പതാലില്‍ എട്ട് വീടുകളില്‍ വെള്ളം കയറി. വണ്ടന്‍പതാല്‍ പാലത്തില്‍ കുറച്ചു പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ നിന്നും അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏത് അടിയന്തിര ഘട്ടവും നേരിടാന്‍ തയ്യാറായി ഇരിക്കാന്‍ റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
കന്നൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വീട്ടുകാര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അയല്‍ക്കാരാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അത്തോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം.
രണ്ട് മാസം മുമ്പാണ് അല്‍ക്ക വിവാഹിതയായത്. കന്നൂര്‍ എടച്ചേരി പുനത്തില്‍ പ്രജീഷാണ് അല്‍ക്കയെ വിവാഹം ചെയ്തത്.
അമിതമായി സ്വർണാഭരണങ്ങൾ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവർന്നശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്.
ഇവർ ധരിച്ചിരുന്നു ആഭരണങ്ങൾ എല്ലാം തട്ടിയെടുത്തശേഷം രാത്രി എട്ടുമണിയോടെ പദ്മകുമാരിയെ ഉപേക്ഷിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തിയാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികിൽ നിന്നും പദ്മകുമാരിയെ കണ്ടെത്തുന്നത്. കാറിലെത്തിയവർ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. നാൽപ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കാർ ഡ്രൈവർ മലയാളവും ബാക്കിയുള്ളവർ തമിഴുമാണ് സംസാരിച്ചത്.
ശരീരത്തിൽനിന്ന് ആഭരണങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. കവർച്ച തടയാൻ ശ്രമിച്ച പദ്മകുമാരിയെ സംഘം മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ഒരു പല്ലും നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെ മുതൽ സംഘം കാറിൽ പ്രദേശങ്ങളിൽ കറങ്ങിയിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങി.
പദ്മകുമാരി എപ്പോഴും ആഭരണങ്ങൾ അണിഞ്ഞാണ് നടക്കാറുള്ളതെന്നാണ് നാട്ടുകാരും പറയുന്നത്. വസ്തുവും വീടും വാങ്ങി നൽകുകയും വിൽക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയായാണ് പദ്മകുമാരി ജോലി ചെയ്യുന്നത്. അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടിൽ ബന്ധുക്കളോടൊപ്പമാണ് താമസം. മുൻപും ഇവരെ തട്ടിക്കൊണ്ടുപയോ സ്വർണം കവർന്നിരുന്നതായി വിവരമുണ്ട്. ഇതേതുടർന്ന് ഇത്രയേറെ ആഭരണങ്ങൾ അണിഞ്ഞ് നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഷെറിൻ പി യോഹന്നാൻ
എനിക്കൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പറയണം. ആദ്യം കുറച്ചു കൊലപാതകങ്ങൾ, കുറ്റവാളിയെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്ന പോലീസ്, നായകന്റെ വരവ്, അദ്ദേഹത്തിന്റെ ഭൂതകാലം, കൊലപാതകി, അയാളുടെ ഭൂതകാലം എന്നിങ്ങനെ കഥ കൊണ്ടുപോയാൽ പ്രേക്ഷകന് ഇഷ്ടപ്പെടുമോ? അതും ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ ചാകരയായ മലയാളത്തിൽ. ഈ സ്ഥിരം ശൈലിയാണ് പാപ്പനും പിന്തുടരുന്നത്. എവിടെ ഉറച്ചു നിന്ന് കഥ പറയണമെന്ന് അറിയാതെ പോയ ചിത്രം.
നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് മുഖ്യപ്രമേയം. അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ അവരെ സഹായിക്കാനായി സർവീസിൽ ഇല്ലാത്ത ഏബ്രഹാം എത്തുന്നു. ആദ്യ പകുതിയിൽ പ്രേക്ഷകനെ തെറ്റിദ്ധരിപ്പിച്ചും രണ്ടാം പകുതിയിൽ നമ്മൾ കണ്ട ഒരാളെ കൊലപാതകിയായി ഇട്ട് തന്ന് ചരിത്രം പറഞ്ഞുമൊക്കെയാണ് കഥ മുന്നോട്ട് പോകുന്നത്.
നമ്മുടെ കുറ്റാന്വേഷണ ചിത്രങ്ങളുടെ ശൈലിയാണ് മാറേണ്ടത്. കൊലപാതകവും പ്രതികാരകഥയുമൊക്കെ പ്രേക്ഷകരുടെ സ്ഥിരം കാഴ്ചയായിരിക്കുന്നു. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ USP. എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞില്ലെങ്കിൽ ആരുണ്ടായിട്ട് എന്ത് പ്രയോജനം. 2 മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം തിരക്കഥയിലായാണ് പിന്നോട്ട് വലിയുന്നത്. കുറ്റാന്വേഷണത്തിലോ കഥാപാത്രത്തിലോ ഉറച്ചു നിൽക്കാതെ പല വഴികളിലൂടെ സിനിമ വേർതിരിഞ്ഞ് സഞ്ചരിക്കുന്നു.

ആരംഭത്തിൽ തന്നെ ഒരു ക്രൈം സീൻ കാണിക്കുന്നുണ്ട്. കൊല്ലപ്പെട്ട ആളുടെ മുഖം പോലും കാണാതെ അഭ്യൂഹങ്ങൾ എന്നുപറഞ്ഞ് വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെയാണ് തിരക്കഥാകൃത്ത് നമുക്ക് മുന്നിൽ എത്തിക്കുന്നത്. മറ്റു പലയിടത്തും യുക്തിരഹിതമായ സംഭവങ്ങൾ കാണാം.
പ്രധാന താരങ്ങളുടെ പ്രകടനം, ചിത്രത്തിന്റെ കളറിംഗ്, ജോഷിയുടെ മേക്കിങ് എന്നിവയാണ് നല്ല വശങ്ങൾ. പശ്ചാത്തലസംഗീതം ശരാശരി നിലവാരം പുലർത്തുന്നു. ത്രില്ലർ ചിത്രമാണെങ്കിലും പ്രേക്ഷകനെ സ്വാധീനിക്കുന്ന രംഗങ്ങൾ കുറവാണ്. രണ്ടാം പകുതിയിൽ ഒന്നിനുപിറകെ ഒന്നായി ട്വിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും അതൊന്നും കയ്യടിക്കാൻ പാകത്തിനുള്ളതല്ല. ചിത്രത്തിന്റെ നീളകൂടുതലാണ് പ്രധാന പോരായ്മ. ഒന്നാം പകുതിക്ക് ഒരു സിനിമയുടെ നീളമുള്ളത് പോലെ അനുഭവപ്പെടുന്നുണ്ട്.
Bottom Line – തിരക്കഥയായി വായിക്കുമ്പോൾ നല്ലതെന്ന് തോന്നാമെങ്കിലും സിനിമയായപ്പോൾ പരാജയപ്പെട്ടുപോയ കാഴ്ചയാണ് ‘പാപ്പൻ’. കഥയുടെ ദൈർഘ്യവും ആകാംഷയുണർത്താത്ത ട്വിസ്റ്റുകളും കൂടിയാവുമ്പോൾ വിരസമാകും. ഒരു കുറ്റാന്വേഷണ ചിത്രമെന്ന നിലയിൽ തൃപ്തികരമായ ചലച്ചിത്രക്കാഴ്ചയായിരുന്നില്ല ‘പാപ്പൻ’.
തൃശൂരിൽ യുവാവിൻ്റെ മരണം കുരങ്ങുവസൂരി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരങ്ങുവസൂരിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചു.
അതേസമയം, രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ടെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജൂലൈ പന്ത്രണ്ടാം തീയതി യു.എ.ഇയില്‍ നിന്നെത്തിയ യുവാവിന് 14ാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. ഉടനടി തന്നെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കി. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്. നിലവില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.