Kerala

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം. കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച, കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കിണറ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ രക്ഷിക്കാനായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.

ഉച്ചയോടെ ആയിരുന്നു അപകടം. കിണറില്‍ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീര്‍ അടക്കമുള്ള തൊഴിലാളികള്‍. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് ധൃതിയില്‍ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയില്‍ നിന്ന കൂട്ടുകാര്‍ നോക്കുമ്പോഴേക്കും കിണര്‍ ഉള്ളില്‍നിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങള്‍കൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു.

രാത്രിയില്‍ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു പോലീസും ഫയര്‍ഫോഴ്‌സും നടത്തിയത്. ആദ്യം എത്തിച്ച വലിയ ജെ.സി.ബി. കുഴിയിലേക്ക് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും കരാര്‍ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കിയിരുന്നു.

പൂരപ്പറമ്പിൽ വിതരണം ചെയ്യാൻവെച്ച വിഡി സവർക്കറുടെ ചിത്രമുളള എയർ ബലൂണുകളും മാസ്ക്കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷൻ കിഷൻ സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ചു. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവർക്കറുടെ ഫോട്ടോ പതിച്ച കുടകൾ വിവാദമായതിന് പിന്നാലെയാണ് പുതിയ വിവാദം.

ഹിന്ദു മഹാസഭയുടെ തൃശൂർ കാര്യാലയത്തിൽ നിന്നാണ് സവർക്കറുടെ പടമുളള എയർബലൂണുകളും മാസ്കും പൊലീസ് കണ്ടെടുത്തത്. പൂരപ്പറമ്പിൽ സവർക്കർ ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാൻ ഒരുങ്ങി എന്നാരോപിച്ചാണ് പൊലീസ് നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.

കഴിഞ്ഞ ദിവസം തൃശൂർ പൂരം കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവർക്കറിന്റെ ചിത്രമുള്ള കുടകൾ വിവാദമായതിന് പിന്നാലെ പിൻവലിച്ചിരുന്നു. സവർക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് സ്പെഷ്യൽ കുടകൾ പാറമേക്കാവ് ദേവസ്വം ഉൾപ്പെടുത്തിയതിതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സർക്കാറിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് കുടകൾ പിൻവലിച്ചത്.

പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദർശനത്തിലാണ് കുടകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. സവർക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നിൽകുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയിൽ എംഎൽഎ പി ബാലചന്ദ്രനും ഉണ്ടായിരുന്നു.

ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറേയും ഉൾപ്പെടുത്തിയത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികൾക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖർ ആസദിനുമൊപ്പമാണ് സവർക്കറേയും ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

 

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമായിരിക്കും 9 എം.എം.

9 എം.എം എന്ന സിനിമയുടെ കഥ പറയുന്നതിന് മുമ്പ് താന്‍ ഒരു കുടുബകഥയാണ് മഞ്ജു വാര്യരോട് പറഞ്ഞതെന്നും, അതില്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

സിനിമ ഒരു ത്രില്ലറാണ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ആ സിനിമയുടെ കഥ എഴുതിയത്.ഞാന്‍ മഞ്ജു ചേച്ചിയോട് ആദ്യം നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയായ ടീച്ചറുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ചേച്ചിക്ക് അതായിരിക്കും താല്‍പര്യം എന്ന് തോന്നിയിട്ടാണ് ആ കഥ പറഞ്ഞത്.

എന്നാല്‍, ‘എനിക്ക് ഇതുപോലുള്ള കഥകള്‍ കേട്ട് മടുത്തു ധ്യാന്‍, പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. ഞാന്‍ ചെയ്തിട്ടില്ലാത്ത കഥ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഈ കഥ ചെയ്താല്‍ സ്റ്റീരിയോടൈപ്പ്ഡാവും. അതുകൊണ്ട് ഇതുപോലുള്ള കഥകള്‍ എനിക്ക് ചെയ്യണ്ട. പുതുമയുള്ള കഥ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാം,’ എന്ന് ചേച്ചി എന്നോട് പറഞ്ഞു. അങ്ങനെയാണ് 9 എം.എം സിനിമയുടെ കഥ ഞാന്‍ ചേച്ചിയോട് പറയുന്നത്.

”ഇത് വലിയ ഒരു സിനിമയാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായാണ് നമ്മള്‍ ഇത് ചെയ്യുന്നത്. തമിഴില്‍ നിന്നും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അതുകൊണ്ടാണ് സിനിമ തുടങ്ങാന്‍ സമയം എടുക്കുന്നത്.

ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ സമയത്ത് ഷൂട്ടിംഗ് തുടങ്ങും എന്ന് വിചാരിക്കുന്നു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് 9 എം.എം നിര്‍മിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.

സാം സി.എസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗാനരചയിതാവ് മനു മഞ്ജിത്, എഡിറ്റര്‍ സംജിത് മുഹമ്മദ്. യാനിക് ബെന്നാണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്.

അതേസമയം, രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാവുന്ന ‘ഉടല്‍’ എന്ന ചിത്രം മെയ് 20ന് റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവ പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാനായി മഞ്ജുവിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം മഞ്ജു വാര്യര്‍ സ്ഥിരീകരിച്ചാല്‍ അത് കേസ് അന്വേഷമത്തില്‍ വലിയ വഴിത്തിരിവാകും.

പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഫോണിലുണ്ടായിരുന്നുവെന്നും ഇവ കണ്ട മഞ്ജു വാര്യര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.

ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയില്‍ പറയുന്നു. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാരിയര്‍ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.

കണ്ണൂർ: കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുമെന്ന പോലീസ് ഭീഷണി നിലനിൽക്കവെ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലകാണ്‌ വധു. മെയ് 12 ന് വധൂഗൃഹത്തിൽ വെച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. സോഷ്യൽ മീഡിയയിലുടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂർ ജില്ലക്കാരി തന്നെയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസ് കോടതിയിൽ ഉടൻ വിചാരണ തുടങ്ങിയേക്കും. സിപിഎം നേതാവ് പി ജയരാജന്റെ ആരാധകരിൽ ഒരാളും സോഷ്യൽ മീഡിയയിലെ ആശയപ്രചാരകനുമായ ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാർട്ടിയും ഡി.വൈ.എഫ്.ഐയുമായി അകൽച്ചയിലാണ്. പാർട്ടിയെയും ഡി.വൈ.എഫ്.ഐ സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു എടയന്നൂർ ശുഹൈബിന്റെത്. ഇതോടെയാണ് ആകാശ് തില്ലങ്കേരിയെ പുറം ലോകം അറിയുന്നത്. ഈ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആകാശ് തില്ലങ്കേരി പിന്നീട് തന്റെ ബന്ധങ്ങൾ വിപുലീകരിക്കുകയും സിപിഎമ്മിന് തലവേദനയാവുകയുമായിരുന്നു.

നെയ്യാറ്റിന്‍കര: തീവണ്ടിയില്‍ കയറുന്നതിനിടെ കാലുതെറ്റി ട്രാക്കില്‍ വീണ പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപ്പെട്ടു. ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട പെണ്‍കുട്ടിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. വലതുകാലിലെ പാദവും മുറിച്ചുമാറ്റി.

തൃശ്ശൂര്‍ പുറനാട്ടുകര പറമ്പുവീട്ടില്‍ രാധിക(17)യാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.26-ന് നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. മാറനല്ലൂര്‍ പഞ്ചായത്തിലെ കോട്ടമുകളിലുള്ള ബന്ധുവിന്റെ മകളുടെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടിയും ബന്ധുക്കളും.

തിങ്കളാഴ്ച പിറന്നാളാഘോഷം കഴിഞ്ഞ് രാത്രി തൃശ്ശൂരിലേക്കു പോകാനായി ചൈന്നെയില്‍നിന്നുള്ള ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടെയായിരുന്നു അപകടം. അമ്മ മഞ്ജുളയും ബന്ധുക്കളും നോക്കിനില്‍ക്കേയാണ് രാധിക പ്ലാറ്റ്ഫോമിനടിയിലൂടെ ട്രാക്കിലേക്കു വീണത്.

ബന്ധുക്കളും യാത്രക്കാരും രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ വി.എസ്.സുജനും ഷിബു ക്രിസ്റ്റഫറും രക്ഷാപ്രവര്‍ത്തനം നടത്തി. രാധികയുടെ കാല്‍ തീവണ്ടിയുടെ ചക്രത്തിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കാല്‍ ചക്രത്തിനിടയിലായതു കാരണം തീവണ്ടി പതുക്കെ മുന്നോട്ടെടുത്തു. തുടര്‍ന്നാണ് ചക്രത്തില്‍നിന്നു കാല്‍ വേര്‍പെടുത്തി രാധികയെ പുറത്തെടുക്കാനായത്.

ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇടതുകാല്‍ മുട്ടിനു താഴെവച്ചാണ് മുറിച്ചുമാറ്റിയത്. വലതുകാലിന്റെ വിരലുകളിലും ചക്രം കുടുങ്ങിയതു കാരണം പാദവും മുറിച്ചുമാറ്റി. ശസ്ത്രക്രിയ കഴിഞ്ഞ രാധിക മെഡിക്കല്‍ കോളേജ് ഓര്‍ത്തോ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് രാധിക.

മലപ്പുറം: മൈസൂരുവിലെ വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളും കുറ്റംസമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്ക് പുറമേ സുല്‍ത്താന്‍ ബത്തേരി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍, കയ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്, ഷൈബിന്റെ ഡ്രൈവര്‍ നിഷാദ് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഭവത്തിലടക്കം കൂടുതല്‍പ്രതികള്‍ ഉള്‍പ്പെട്ടതായാണ് സൂചനയെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മലപ്പുറം എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ശേഷം എടവണ്ണ സീതിഹാജി പാലത്തില്‍നിന്നാണ് ചാലിയാര്‍ പുഴയില്‍ തള്ളിയത്. മൃതദേഹാവശിഷ്ടങ്ങള്‍ക്കായി ഇനി തിരച്ചില്‍ നടത്തണം. പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റുപ്രതികള്‍ കവര്‍ച്ചചെയ്ത ഷൈബിന്റെ ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ നൗഷാദ് കൈമാറിയ പെന്‍ഡ്രൈവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെന്നും എസ്.പി. പറഞ്ഞു. വൈദ്യനെ കാണാതായ സംഭവത്തില്‍ മൈസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണവുമായി മൈസൂരു പോലീസ് സഹകരിക്കുന്നുണ്ടെന്നും കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എസ്.പി. വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാനായാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫി(60)നെ ഷൈബിന്‍ അഷ്‌റഫും സംഘവും തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് ഷൈബിനും സംഘവും ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നിലമ്പൂരിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനമാണ് ഇക്കാലയളവില്‍ വൈദ്യന് നേരിടേണ്ടിവന്നത്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചിട്ടും ഒറ്റമൂലിയുടെ രഹസ്യം വൈദ്യന്‍ വെളിപ്പെടുത്തിയില്ല. ഇതിനിടെ, 2020 ഒക്ടോബറിലെ ഒരുദിവസം മര്‍ദനത്തിനിടെ ഷാബാ ഷരീഫ് കൊല്ലപ്പെട്ടു. ഇതോടെ പ്രതികള്‍ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു.

വൈദ്യനെ തട്ടിക്കൊണ്ടുവന്നതിനും കൊലപ്പെടുത്തിയതിനും മറ്റുപ്രതികള്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ പണം ലഭിക്കാതായതോടെ ഷൈബിനും കൂട്ടുപ്രതികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നാണ് പോലീസ് നിഗമനം. പിന്നാലെ മറ്റുപ്രതികള്‍ ഷൈബിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തുകയും ചെയ്തു. നിര്‍ണായക ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പ് അടക്കമുള്ളവയാണ് അന്ന് കവര്‍ച്ച ചെയ്തത്. ഈ സംഭവത്തില്‍ ഷൈബിന്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതികളിലൊരാളെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഷൈബിനൊപ്പം കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും അന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ തിരുവനന്തപുരം പോലീസ് നിലമ്പൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ധാരാളം കാമുകിമാരുണ്ടായിരുന്നെന്നും അതിന് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പുള്ളി വഴക്ക് പറയുമ്പോള്‍ നമ്മളെ അടിച്ച് താഴ്ത്തി കളയും. എനിക്കിപ്പോഴും ഓര്‍മ്മയുള്ള ഒരു സംഭവമുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍ എവിടെന്നെങ്കിലും അച്ഛന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് സംശയമുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

”ഒരു തവണ ഇതിന് എന്നെ അച്ഛന്‍ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനീത് ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിലേയ്ക്ക് ചേക്കേറിയ താരമാണ് നടി പാർവതി തിരുവോത്ത്. അടുത്തിടെ മമ്മൂട്ടി ചിത്രമായ കസബയിലെ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ വലിയ തോതിൽ വിമർശനങ്ങളും താരം നേരിട്ടിരുന്നു. കസബയിൽ സ്ത്രീവിരുദ്ധത ആഘോഷിച്ചതിനെതിരെയായിരുന്നു പാർവതിയുടെ വിമർശനം. ഇതിന് പിന്നാലെ അവർക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും നടന്നിരുന്നു.

എന്നാൽ അത് കേരളത്തിൽ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുത്തു എന്ന് വെളിപ്പെടുത്തുകയാണ് താരം. വിവാദങ്ങൾ തന്നെ ബാധിച്ചില്ലെന്നും പകരം സത്യങ്ങൾ തുറന്ന് പറയാൻ കൂടുതൽ ധൈര്യം തന്നു എന്നും പാർവതി പറയുന്നു. ‘കേരളത്തിൽ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാൻ ആ തുറന്നുപറച്ചിൽ സഹായിച്ചു. ഇപ്പോൾ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിർമിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലർത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നൽകിയ സ്റ്റേറ്റ്മെന്റായിരുന്നു അത്. അത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ വിവാദങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. പകരം എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം കൂട്ടുകയാണ് ചെയ്തതെന്നും നടി കൂട്ടിച്ചേർത്തു.

തനിക്കും മമ്മൂട്ടിക്കുമിടയിൽ അത് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും പാർവതി പറയുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു ആ സംഭവത്തിന് പിന്നാലെ ഉണ്ടായ ‘പൊങ്കാല”ക്കിടയിൽ ഞാൻ അദ്ദേഹത്തിന് മെസേജയച്ചു. ഞാൻ പേഴ്സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നവുമില്ല. ഞാൻ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തിൽ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞതെന്നും പാർവതി വ്യക്തമാക്കി.

എന്നാൽ മാധ്യമങ്ങൾ ഞാൻ പറയുന്നത് എങ്ങനെ കൊടുക്കും എന്നതിനെ പറ്റി ഞാൻ ബോധവതിയാണ്. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവും ഞാൻ സംസാരിക്കുന്ന പ്ലാറ്റ് ഫോമുകൾ സെലക്ടീവാണ്. വാക്കുകൾ വളച്ചൊടിച്ചാൽ എന്റെ പ്രതികരണം വലുതായിരിക്കുമെന്നും താരം വ്യക്തമാക്കി.

ഇന്ന് നാടുണർന്ന് കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ വൈകാതെ തന്നെ, കൂട്ടമരണത്തിന് പിന്നിൽ പോലീസുകാരനായ റനീസിന് നേരെ ആരോപണ ശരങ്ങൾ ഉയർന്നിരിക്കുകയാണ്. ഇയാളുടെ വഴിവിട്ട പരസ്ത്രീ ബന്ധങ്ങളെ കുറിച്ച് അറിഞ്ഞ് മനംമടുത്ത ഭാര്യ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകായയിരുന്നു എന്നാണ് സൂചന.

ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും അതിൽ ഒരാൾ ഇയാളുടെ ബന്ധു തന്നെ ആയിരുന്നുവെന്നുമാണ് അടുത്തബന്ധുക്കൾ മൽകുന്ന വിവരം. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകൾ പലതവണ ഭാര്യ നജില കണ്ടുപിടിക്കുകയും ഇതിന്റെ പേരിൽ വഴക്കടിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാതവണയും റനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചായിരുന്നു വായടപ്പിച്ചിരുന്നതെന്നാണ് വിവരം. പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും അയൽക്കാർ പറയുന്നു.

അതേസമയം, എന്നാൽ നജിലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്‌ല രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്ല. റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ആരോപിക്കുന്നു.

നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനീസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വീട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സഹോദരി പറയുന്നു.

മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മിൽ ക്വാർട്ടേഴ്സിൽ തർക്കമുണ്ടായിരുന്നു. രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്. അഞ്ചുവയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്ഡ മുക്കി കൊല്ലുകയും മറ്റൊരു കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved