നടിയെ ആക്രമിച്ച സംഭവം വ്യക്തമായി അറിയാവുന്ന ആളാണ് ദിലീപിന്റെ ഭാര്യയായ കാവ്യമാധവനെന്ന് നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഭവത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ല. എന്നാല്‍ ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് ഭാഗ്യലക്ഷ്മി മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞു. ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:
”ഒരിക്കല്‍ എനിക്കും വരെ ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യ. ഒരുപാട് സ്‌നേഹത്തില്‍ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ രണ്ട് സ്ത്രീകളുടെ ജീവിതത്തിലാണ് കാവ്യ കളിച്ചത്. ഒരു സ്ത്രീയെ തെരുവിലിട്ട് അപമാനിക്കാനും ഒരു സ്ത്രീയെ വീട്ടില്‍ നിന്ന് ഇറക്കാനും ഒരു പെണ്ണ് കാരണമായി. അതുകൊണ്ട് ഇനി ആ പെണ്‍കുട്ടിയോട് സഹതാപം തോന്നേണ്ട കാര്യമില്ല. കാവ്യക്ക് ഈ സംഭവം അറിയാം. നേരിട്ട് പങ്കുണ്ടോയെന്ന് അറിയില്ല. ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് സിനിമാ മേഖലയിലെ എല്ലാവര്‍ക്കും അറിയാം. കാവ്യ അറിയാതെ ദിലീപ് ഒന്നും ചെയ്യില്ല.”
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കാവ്യ അറിയാതെ ഒന്നും നടക്കില്ലെന്നും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ കേസില്‍ വഴിത്തിരിവാകും. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഏതറ്റം വരെയും പോകും. എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണ് അവര്‍. കോടതി അവരുടെ കൈയിലാണെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് പ്രതികളെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
”നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് കേസിന് ഗുണകരമാണ്. കാരണം അവര്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്നത് നമുക്കെല്ലാം വ്യക്തമായിട്ട് അറിയാം. എല്ലാത്തിന്റെയും തുടക്കകാരിയെന്നത് കാവ്യ മാധവനാണ്. കാവ്യയില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം തന്നെ. കാവ്യവുമായിട്ടുള്ള ദിലീപിന്റെ ബന്ധവും, പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പറച്ചിലും, കാവ്യയുടെ പലരീതിയിലുള്ള ഫോണ്‍കോളുകളും, എല്ലാം ഇതിന്റെ ഭാഗമാണ്.”
”പെണ്‍കുട്ടി നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ തുടക്കമാണ് ഇതിന്റെ എല്ലാം തന്നെ. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. കേസില്‍ വഴിതിരിവാകും. പക്ഷെ ഇവര്‍ പഠിച്ച കള്ളന്‍മാരാണ്. എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കോടതി അവരുടെ കൈയിലാണ്. അവര്‍ വിചാരിച്ച സ്ഥലത്താണ് കോടതി നില്‍ക്കുന്നതെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് അവര്‍.”
”ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ട് പോയ കാലയളവില്‍ കാവ്യയ്ക്ക് നല്ലൊരു ട്യൂഷന്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നന്നായി പഠിപ്പിച്ച് വിട്ടിട്ടുണ്ട്. അഭിഭാഷകര്‍ അവരുടെ എത്തിക്‌സ് മറന്ന് കൊണ്ടാണ് കേസ് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ക്ക് അല്‍പ്പം മനസാക്ഷിയുണ്ടാകും. എന്നാല്‍ ഇവിടെ പ്രതികള്‍ ചെയ്ത എല്ലാ വൃത്തികേടുകളും അറിഞ്ഞ് കൊണ്ട് തന്നെ, തെളിവുകള്‍ എല്ലാം അഭിഭാഷകര്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്.”
”കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അത് നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇതിന് ധൈര്യമെന്നത് എന്റെ നേട്ടമാണ് ഏറ്റവും വലുത് എന്നതാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാന്‍ അങ്ങേയറ്റം വരെ പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. ലക്ഷ്യത്തില്‍ എത്തണം. ആഗ്രഹിച്ചത് നേടണം. കാവ്യയ്ക്ക് അറിയാത്തതായി ഒന്നുമില്ല.”
”എനിക്ക് തോന്നുന്നു, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പമായിരിക്കും. കാരണം ഇദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുക എന്നത് അവര്‍ രണ്ടുപേരുടെയും ആവശ്യമാണ്. ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ ജനങ്ങളുടെ മനസില്‍ മറ്റൊരു പ്രതിച്ഛായയാണ് വന്നത്. ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ.”
വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പി റഫ്താസ്.
റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് അഭിഭാഷകനും പറയുന്നത്. റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആരോപണം.
ദുബായില്‍ നിന്ന് കിട്ടിയ സര്‍ക്കാര്‍ രേഖകളില്‍ റിഫയുടെ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് പാടുകള്‍ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകന്‍ റഫ്താസ് വെളിപ്പെടുത്തി.
റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവള്‍ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാല്‍ സഹോദരന്‍ എത്തിയപ്പോള്‍ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലന്‍സില്‍ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല. സമയത്തിലും വ്യത്യാസമുണ്ട്.
മരിച്ച മൂന്ന് കഴിഞ്ഞ് പോയ ആള്‍ പിന്നെ ഒരു സംസാരമോ ബന്ധുക്കളുമായി നടത്തിയിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാന്‍ വന്നിട്ടില്ല. റിഫയുടെ ഫോണ്‍ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
കല്ല്യാണത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളില്‍ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടി കൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.
കേസില്‍ പ്രധാന ദൃക്‌സാക്ഷിയായ റൂം ഷെയര്‍ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോള്‍ മിസ്സിങ്ങാണ്. അയാള്‍ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ഗാനമേളവേദികളിൽ സ്ത്രീശബ്ദം മനോഹരമായി അനുകരിച്ചിരുന്ന ഗായകൻ കൊല്ലം ശരത്ത് (എആർ ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു.പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാൻ വിധി അനുവദിക്കാതെയാണ് ശരത്തിനെ കവർന്നത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാർട്ടിക്കിടെ ഗാനമേളയിൽ ആറാമത്തെ പാട്ടുപാടികൊണ്ടിരിക്കവെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
അടുത്തബന്ധുവിന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
എസ് ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു ശരത്ത്. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ.
തേയിലത്തോട്ടത്തിലൂടെ നടൻ ജോജു ജോർജ് നടത്തിയ ഓഫ് റോഡ് ജീപ്പ് റൈഡിന് എതിരെ കെഎസ്‌യുവിന്റെ പരാതി. നടൻ ജോജു ജോർജിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവർക്കു പരാതി നൽകി.
കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആണ് പരാതി കൈമാറിയിരിക്കുന്നത്. നേരത്തെ, ജീപ്പ് ഓടിക്കുന്ന ജോജു ജോർജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു കെഎസ്യു നേതാവിന്റെ പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പറയുന്നു.
ജീവൻ മെമ്മോറിയൽ യുകെഒ എന്ന സംഘടനയാണു മത്സരത്തിന്റെ സംഘാടകർ. നടൻ ബിനു പപ്പുവും ജോജു ജോർജിനൊപ്പമുണ്ടായിരുന്നു.
പതിവുപോലെ നിലപാടിൽ വീണ്ടും മാറ്റം വരുത്തി ജനപക്ഷം നേതാവ് പിസി ജോർജ്. ജോ ജോസഫ് പി സി ജോർജിന്റെ സ്ഥാനാർത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങൾക്കിടെയാണ് നിലപാടിൽ മാറ്റം വരുത്തിയത്. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധമില്ലെന്നാണ് പിസി ജോർജിന്റെ മറുപടി. ൂഞ്ഞാറുകാരനെന്ന നിലയിലാണ് ജോ ജോസഫുമായി ബന്ധമെന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു. ആവശ്യപ്പെട്ടാൽ ബിജെപിക്കായി പ്രചരണത്തിനിറങ്ങും. തനിക്ക് ബന്ധമുള്ള ഏക പാർട്ടി ബിജെപിയാണെന്നും പി സി ജോർജ് വ്യക്തമാക്കി.
നേരത്തെ, ബിജെപി സ്ഥാനാർത്ഥിയാകാനില്ലെന്നും ജോ ജോസഫ് തനിക്ക് വേണ്ടപ്പെട്ടയാളാണെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഈ പരാമർശം എത്തിയതിനു പിന്നാലെ തൃക്കാക്കരയിൽ സിപിഐഎം ടിക്കറ്റിൽ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാർഥിയല്ല മറിച്ച് പി സി ജോർജിന്റെ സ്ഥാനാർഥിയാണെന്ന വിമർശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ഉന്നയിച്ചത്.
ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന് വരുത്തിത്തീർക്കാൻ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. വാ തുറന്നാൽ വിഷം തുപ്പുന്ന പി സി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാർഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഐഎമ്മുകാർ പറയണമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. പിന്നാലെയാണ് പിസി ജോർജ് നിലപാട് തിരുത്തിയത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി കാവ്യ മാധവന് വീണ്ടും നോട്ടീസ് സാക്ഷി എന്ന നിലയിലാണ് ചോദ്യം ചെയ്യല്‍. ഇന്നു 11 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.
നേരത്തെ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയപ്പോള്‍ ആദ്യം അസൗകര്യം അറിയിക്കുകയായിരുന്നു. രണ്ടാമത് വീട്ടില്‍ എത്തി മൊഴിയെടുക്കാമെന്ന് കാവ്യ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റേതെങ്കിലും സ്ഥലമാണ് ഉചിതമെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് മൊഴിയെടുക്കാന്‍ എത്തിയിരുന്നില്ല. ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ ഇത്തവണയും അറിയിച്ചിരിക്കുന്നത്. സാക്ഷി എന്ന നിലയില്‍ മൊഴി നല്‍കാന്‍ ഉചിതമായ സ്ഥലം നിശ്ചയിക്കാന്‍ കാവ്യക്കും അവകാശമുണ്ട്. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് കാവ്യ നിര്‍ദേശിച്ച സ്ഥലത്ത് എത്തുമെന്നാണ് കരുതുന്നത്.
ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ട്. പ്രതികളുടെ ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത സംഭാഷണത്തില്‍ കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ട്. കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും കാവ്യയ്ക്ക് അറിയാമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
ആലപ്പുഴ: ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശാമള എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദേഹത്ത് സ്വയം വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചതെന്നാണ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
തമിഴ്നാട്ടിൽനിന്ന് സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരത്തുവച്ച് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കിൽനിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.
സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽനിന്ന് കണ്ടെടുത്തു.
നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.
എന്നാല്‍ വിജയ് ബാബു യുഎഇയില്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ഇത് കണ്ടെത്താനാണ് അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയിരുന്നത്. ഇനി യുഎഇ പൊലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
അന്വേഷണ സംഘം വിജയ് ബാബുവിനെതിരെയ മുമ്പ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിജയ് ബാബുവിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാന്‍ തയ്യാറായിരുന്നില്ല.
പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ഥനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാന്‍ നേരത്തെ കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു.
ശനിയാഴ്ചയാണ് റിഫയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തത്. ആ കാഴ്ച കണ്ടുനില്‍ക്കാനാവാതെ പിതാവും സഹോദരനും.കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു റിഫയെ അടക്കം ചെയ്തിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്.
രാവിലെ മകന്‍ റിജുവിനൊപ്പമാണ് റാഷിദ് ഖബര്‍സ്ഥാനിലെത്തിയത്. നിത്യവും മകള്‍ക്ക് വേണ്ടി ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട് റാഷിദ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പോസ്റ്റുമോര്‍ട്ടം അനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.
അതേസമയം, ഖബറടക്കം കഴിഞ്ഞ് ഞൊടിയിടക്കുള്ളില്‍ തന്നെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി പോയ മെഹനാസ് പിന്നീട് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും റിഫയുടെ ബന്ധുക്കള്‍ പറയുന്നു.
റിഫ മെഹ്നുവിന്റെ കഴുത്തില്‍ കണ്ട അടയാളം കേസന്വേഷണത്തില്‍ വഴിത്തിരിവായേക്കും. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. മരണത്തിലെ ദുരൂഹത നീക്കുകയായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ലക്ഷ്യം.
നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം തന്നെയായിരുന്നു മുന്നിലെ കച്ചിത്തുരുമ്പ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
പ്രതീക്ഷയായിരുന്ന മകള്‍ റിഫാ മെഹ്നുവിന്റെ ദാരുണമരണത്തിന്റെ കാരണം എന്തെന്നറിയാതെ കഴിയുകയായിരുന്നു കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ മരണത്തിന്റെ വസ്തുതകളും അതിലേക്കു നയിച്ച കാര്യങ്ങളും അറിയാന്‍ മാതാവ് ഷെറീനയും സഹോദരന്‍ റിജുനും റിഫയുടെ രണ്ടുവയസ്സുകാരന്‍ മകനുമടങ്ങുന്ന കുടുംബത്തിന് കഴിയുമെന്നാണ് റാഷിദ് കരുതുന്നത്.