നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തിലെ കോടതികളില്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തിനു പുറത്തുളള കോടതിയിലേക്ക് വിചാരണ നടപടികള്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചു. എം.ശിവശങ്കര്‍ ഉള്‍പ്പെട്ട കേസിലാണ് ഇ.ഡിയുടെ നീക്കം.

ബംഗലൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ആലോചിക്കുന്നതിനിടെയാണ് ഇ.ഡി കോടതി മാറ്റം ആവശ്യപ്പെടുന്നത്. ഡല്‍ഹിയില്‍ നടന്ന ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് കോടതിമാറ്റത്തിന് ഹര്‍ജി നല്‍കുന്നത്. വിചാരണ വേളയില്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമെന്ന് ആശങ്കപ്പെടുന്നുവെന്നാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള സെഷന്‍സ് കേസ് 610/2020 പുറത്തേക്ക് മാറ്റണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഈ കേസില്‍ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍.

കേസിലെ പ്രതിയായ എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ ആശങ്കപ്പെടുന്നുണ്ട്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി ജൂണ്‍ 22, 23 തീയ്യതികളില്‍ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയില്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പുതുതായി മൊഴി രേഖപെടുത്തിയത്. സ്വപ്നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ഇ.ഡി നടപടി ആരംഭിച്ചത്. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമ ഉപദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും, നിയമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത ശേഷമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഉന്നതരിലേക്ക് നീട്ടുന്നതിന് മുന്നോടിയാണിതെന്നും സൂചനയുണ്ട്.