നടിയെ ആക്രമിച്ച മകസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാനസികാരോഗ്യകേന്ദ്രത്തില്‍. ജാമ്യാപേക്ഷ സുപ്രീംകോടതിയും തളളിയതോടെയാണ് പള്‍സര്‍സുനിയുടെ മാനാസീകാരോഗ്യം മോശമായി മാറിയെന്നാണ് ജയില്‍ അധികൃതര്‍ പോലീസിനെ അറിയിച്ചത്.

ഇന്നലെ വൈകിട്ടാണ് പള്‍സര്‍ സുനിയെ തൃശൂരിലെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല. വര്‍ഷങ്ങളിലായി ജയിലില്‍ കിടക്കുന്നത് കൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് പള്‍സര്‍ സുനി പ്രതീക്ഷിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തളളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായി മാറുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തളളിയത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കു ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നതു തെറ്റായ സന്ദേശമാവുമെന്നും സര്‍ക്കാര്‍ വാദിച്ചു.