Kerala

വള്ളക്കടവ് വയ്യാമൂല സ്വദേശിയായ സുമേഷിനെയാണ് ഇന്നലെ രാത്രി കാറിടിച്ച് കൊലപ്പെടുത്തിയത്. വാഹന അപകടമെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടരക്കു ശേഷമാണ് ചാക്ക ബൈപ്പാസിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ സുമേഷ് തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സൂരജിനെ ഗുരുതരമായി പരിക്കേറ്റു. വാഹനം അപകട കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്നത് കണ്ടത്.

അന്വേഷണം അപകടമുണ്ടായതിന് തൊട്ടടുത്ത ബാറിലേക്ക് നീങ്ങി. ഇന്നലെ രാത്രി 12 മണിക്ക് സുമേഷും മറ്റ് മൂന്നുപേരും തമ്മിൽ ബാറിൽ വച്ച് തർക്കമുണ്ടായതായി പൊലീസ് മനസിലാക്കി. കാറും അതിൽ സഞ്ചരിച്ച മൂന്നുപേരെയും പൊലീസ് കസ്റ്റിലെടുത്തു. നിഹാസ്, ഷെമീം, റെജി എന്നിവരാണ് കറിലുണ്ടായിരുന്നത്. നിഹാസാണ് കാറോടിച്ചിരുന്നത്. നിഹാസ് ഏതാനും ദിവസം മുമ്പാണ് വിദേശത്തുനിന്നും വന്നത്.

മദ്യപിച്ചിറങ്ങുന്നതിനിടെ പ്രതികളും സുമേഷുമായി വാക്കു തർക്കമുണ്ടായി. സെക്യൂരിജീവനക്കാർ ഇടെപെട്ട് ഇവരെ പുറത്തേക്കയച്ചു. പക്ഷെ പ്രതികള്‍ കാറിൽ കാത്തിരുന്നു. സുമേഷും സുഹൃത്തും ബൈക്കിൽ പോയപ്പോള്‍ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സുഹൃത്തായ അനുപിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. മറ്റ് ചില ക്രിമിനൽ കേസിലും പ്രതിയാണ് സുമേഷ്. ബാറിന്‍റെ പ്രവർത്തന സമയം കഴിഞ്ഞിട്ടും മദ്യം നൽകിയതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

പിറന്നാൾ ആഘോഷം കൊലയിൽ കലാശിച്ചു

കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനാണ് സുമേഷ് എത്തിയത്. പ്രതികളിൽ ഒരാളുടെ ഭാര്യയെ പ്രസവത്തിനായി നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബാറിൽ ഭക്ഷണം കഴിക്കാനാണ് സംഘം എത്തിയത്. സുമേഷുമായുണ്ടായ വാക്കു തർക്കം അടിപിടിയിൽ കലാശിച്ചതിനെ തുടർന്ന് സുമേഷും സുഹൃത്തും ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ കാറിൽ പിന്തുടർന്ന് ഇ‌ടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണയും. ഇരുവരും ശ്രദ്ധിക്കപ്പെട്ടത് അവതാരകരായിട്ടാണ്. സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലാണ് ജീവ അവതാരകരായി എത്തുന്നത്. മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയാണ് ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചത്. അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. സുഹൃത്തിനൊപ്പം അവതാരകര്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയ ജീവ ആകസ്മികമായി വേദിയില്‍ എത്തുകയും ഒടുവില്‍ ഫലം വന്നപ്പോള്‍ ജീവ സെലക്ടാകുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജീവയും അപര്‍ണയും. തങ്ങളുടെ വിശേഷങ്ങളും മറ്റുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. ബിക്കിനി വേഷം ധരിച്ചുള്ള അപര്‍ണയുടെ ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ സദാചാര കമന്റുകളും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ജീവ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു അഭിമുഖത്തിലാണ് സദാചാരക്കാരോടുള്ള തന്റെ മനോഭാവത്തെ കുറിച്ച് ജീവ വ്യക്തമാക്കിയത്. ‘കാര്യങ്ങള്‍ കാണുന്ന രീതിയില്‍ ഉള്ള വ്യത്യാസമാണ് ഇത്തരം കമന്റുകള്‍ക്ക് കാരണം. ഞാനും ഭാര്യയും കൂടെ ടൂര്‍ പോകുമ്പോള്‍ അവള്‍ അവള്‍ക്കിഷ്ടമുള്ള വസ്ത്രം ഇടുന്നു. ആ കോസ്റ്റ്യൂമിനെ കമന്റ് ചെയ്യാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഒരു ഭര്‍ത്താവിനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാര്‍ക്ക് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല.’

‘നിങ്ങളുടെ സ്വകാര്യത നിങ്ങള്‍ കണ്ടാല്‍പ്പോരെ എന്നാെക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഞങ്ങളുടെ സ്വകാര്യത ഞങ്ങള്‍ നാട്ടുകാരെ കാണിച്ചിട്ടില്ല. ഇത്തരക്കാരുടെ വിചാരം ഇവരെന്തോ കണ്ടുപിടിച്ചെന്നാണ്. നാട്ടുകാര്‍ എന്ത് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നോ അത് മാത്രമെ ഞങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ. ഭാര്യയോട് അങ്ങനെ ചെയ്യരുത്… ഇങ്ങനെ ചെയ്യരുത് എന്നൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്ന ഭര്‍ത്താവല്ല ഞാന്‍. അങ്ങനൊരു ഭര്‍ത്താവാകാന്‍ താല്‍പര്യവുമില്ല. വസ്ത്രധാരണത്തിന് എല്ലാവര്‍ക്കും സ്വാതന്ത്രമുണ്ട്. എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവള്‍ ധരിക്കട്ടെ…. വേറാരും അതില്‍ ഇടപെടണ്ട’ ജീവ പറഞ്ഞു.

ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. കരിയറിൽ ഇടക്ക് ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ തിഹാർ ജയിലിൽ കിടന്നപ്പോഴത്തെ ഓർമ്മകളാണ് ശ്രീശാന്ത് പങ്കുവെക്കുന്നത്. വാക്കുകൾ, എങ്ങനെ എങ്കിലും ടീമിൽ തിരിച്ചെത്തണം എന്ന വാശിയോടെയാണ് 2013 ൽ ഐപിഎല്ലിൽ കളിക്കാൻ എത്തിയത്. അപ്പോാണ് അപ്രതീക്ഷിതമായി അറസ്റ്റ് ഉണ്ടാവുന്നത്.

മൂകാംബിക ദേവിയുടെ മുന്നിൽ വെച്ച് പൂജിച്ച് കെട്ടിയ ചരട് മരണശേഷമേ അഴിക്കാവു എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ച് അവർ മുറിച്ചെടുത്തു. എന്നും തുണയായിരുന്ന ദേവി എന്നെ വിട്ട് പോവുന്നത് പോലെ തോന്നി. അത് സത്യമായിരുന്നു. തിഹാറിൽ ക്രിമിനലുകൾക്കിടയിൽ ഞാൻ ചെന്ന് വീണു. അവരെന്നെ നോട്ടമിട്ടു. ബ്ലേഡ് വെച്ച് മുറിപ്പെടുത്താൻ ശ്രമിക്കും. വാതിലിൽ നിന്ന് പറിച്ചെടുത്ത ലോഹക്കഷണം രാകി മൂർച്ച വരുത്തി ഒരുത്തൻ എന്നെ കുത്താൻ ശ്രമിച്ചു. 200 പേർക്കുള്ള ഡോർമെറ്ററിയിൽ മൂന്നൂറിലധികം തടവുകാർക്കൊപ്പമായിരുന്നു ഞാൻ.

നനഞ്ഞ ബാത്ത്‌റൂമിന് അടുത്ത് നിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവൻ സമയവും വെളിച്ചം നിറഞ്ഞ് നിന്ന മുറിയിൽ കിടന്ന് ഉറങ്ങാൻ സാധിക്കില്ലായിരുന്നു. അന്നൊക്കെ കരയുകയാണ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും വിഷമം വരാതിരിക്കാൻ ചിരിച്ച് നടന്നു. പക്ഷേ മുറിയിൽ കയറിയാൽ കരച്ചിൽ വരും. ആത്മഹത്യ ചെയ്താലോ എന്ന് വരെ താൻ ചിന്തിച്ച് പോയ നിമിഷങ്ങളായിരുന്നു അത്.

വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീ പിടുത്തതിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർ ഫോഴ്സ്. തീ പടർന്നത് വീടിൻ്റെ കാർ പോർച്ചിൽ നിന്നാണെന്നാണ് ഫയർ ഫോഴ്സിൻ്റെ റിപ്പോർട്ട്. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുകൾ ഹാളിലുണ്ടായിരുന്നുവെന്നും ഫയർ ഫോഴ്സിൻ്റെ അന്വേഷണ റിപ്പോർട്ട്.

വീടിനകത്തുണ്ടായിരുന്നവർ അഗ്നിബാധയറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പുക ശ്വസിച്ചവർ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു ഇവർ വീണതാവാനാണ് സാധ്യതയെന്നാണ് അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ പറയുന്നത്.

വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വർക്കല ദളവാപുരം സ്വദേശി പ്രതാപനും ഭാര്യ ഷേർളിയും ഇളയമകൻ അഹിലും രണ്ടാമത്തെ മകൻ നിഹുലിൻറെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

വീടിന് തീപിടിച്ചെന്ന് അയൽവാസി വിളിച്ചു പറഞ്ഞപ്പോൾ ആണ് അറിഞ്ഞതെന്നാണ് നിഹുൽ നൽകിയിരിക്കുന്ന മൊഴി. മൊബൈലിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീപടരുന്നത് കണ്ടു. തുടർന്ന് ഭാര്യയേയും കുട്ടിയേയും ബാത്ത് റൂമിലേക്ക് മാറ്റി. വാതിലിനടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും നിഹുലിൻ്റെ മൊഴിയിൽ പറയുന്നു.

തീപിടുത്തമുണ്ടായ വീടിനു ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വർക്കല ഡിവൈഎസ്പി നിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പുക ശ്വസിച്ചതും ചൂടുമാണ് അഞ്ചുപേർ മരിക്കാൻ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റുമോർട്ടം.

മൂന്ന് മാസത്തിനകം വിരമിക്കുന്ന 72 എം.പിമാര്‍ക്ക് രാജ്യസഭ കൂട്ട യാത്രയയപ്പ് നല്‍കി. അനുഭവമാണ് അറിവിനേക്കാള്‍ വലുതെന്നും എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും രാജ്യസഭയിലെ യാത്രയയപ്പ് പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ കെ ആന്റണിയെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു

എ കെ ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ആദ്യം പൂര്‍ത്തിയാകും. പിന്നാലെ സുരേഷ് ഗോപിയും ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും.

കാലാവധി പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന എ.കെ.ആന്റണി തിരുവന്തപുരത്ത് സ്ഥിരതാമസമാക്കാനാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്ന ചോദ്യത്തോട് ആന്റണി മനസ് തുറന്നിട്ടില്ല.

ബി.ജെ.പി -30, കോണ്‍ഗ്രസ് -13, ബിജു ജനതാദള്‍, ഡി.എം.കെ, എ.ഐ.ഡി.എം.കെ, അകാലിദള്‍ എന്നിവയില്‍ നിന്ന് മൂന്ന് വീതം, സി.പി.എം, ടി.ആര്‍.എസ്, ബി.എസ്.പി, എസ്.പി എന്നിവയില്‍ നിന്ന് രണ്ട് വീതം, എല്‍.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന, എന്നിവയില്‍ നിന്ന് ഒന്ന് വീതം എന്നിങ്ങനെയാണ് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പെ രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്.

കോഴിക്കോട് മുക്കത്ത് യുവതി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും വനിതാസുഹൃത്തിനും കഠിനതടവും പിഴയും ശിക്ഷവിധിച്ച് കോടതി. കൽപ്പായി പുൽപ്പറമ്പിൽ നീന (27) ആത്മഹത്യചെയ്ത കേസിലാണ് ഭർത്താവ് കല്ലുരുട്ടി കൽപ്പുഴായി പ്രജീഷ് (36), കല്ലുരുട്ടി വാപ്പാട്ട് വീട്ടിൽ ദിവ്യ (33) എന്നിവരെ കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാംപ്രതിയായ പ്രജീഷിന് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും രണ്ടാംപ്രതിയായ ദിവ്യക്ക് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ജഡ്ജി കെ അനിൽകുമാർ ആണ് വിധിപുറപ്പെടുവിച്ചത്.

അതേസമയം, പ്രതികൾ പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക നീനയുടെ കുട്ടികൾക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

2019 മേയ് 25-നാണ് കേസിനാസ്പദമായ സംഭവം. പ്രജീഷും ദിവ്യയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെത്തുടർന്ന് നീനയെ ഭർത്താവ് പ്രജീഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. ഇതിനെത്തുടർന്ന് നീന ഭർതൃവീട്ടിലെ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മുക്കം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, കെ മുഹസിന എന്നിവർ ഹാജരായി.

വധഗൂഢാലോചനാക്കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍. കേസിലെ ആറാം പ്രതിയായ ശരത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹാജരായിരുന്നത്. ഇതിന് ശേഷമാണ് എസ്പിയുടെ പ്രതികരണമുണ്ടായത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദീലീപിന് കൈമാറുമ്പോഴും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ആലോചന നടത്തിയപ്പോഴും ശരത്ത് വീട്ടിലുണ്ട് എന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൈയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താന്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.

അതേസമയം, കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.

കേസില്‍ വാദം തുടരും. വധഗൂഢാലോചന കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. അങ്ങനെയെങ്കില്‍ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു.

അതേസമയം ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

മലപ്പുറം മഞ്ചേരിയിൽ തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ അബ്ദുൾ ജലീൽ കൊല്ലപ്പെട്ടു.ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ് അബ്ദുൾ ജലീലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആക്രമിച്ചത്.

പയ്യനാട് വെച്ചാണ് അബ്ദുൾ അബ്ദുൾ ജലീലിന് വെട്ടറ്റത്. പാർക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തർക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുൽ ജലീലടക്കമുള്ള മൂന്ന് പേർ കാറിലാണ് ഉണ്ടായിരുന്നത്. തർക്കത്തിന് പിന്നാലെ കാറിനെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെൽമറ്റ് ഏറിഞ്ഞ് കാറിൻറെ പിറകിലെ ചില്ല് ആദ്യം തകർത്തു. പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു. തലക്കും നെറ്റിയിലുമാണ് ആഴത്തിൽ മുറിവേറ്റത്.

ഗുരുതരമായി പരിക്കേറ്റ അബദുൾ ജലീലിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുൾ ജലീൽ മഞ്ചേരി നഗരസഭയിലെ പതിനാറാം വാർഡ് മുസ്ലീം ലീഗ് കൗൺസിലറാണ്.

കേസിലെ പ്രതി അബ്ദുൽ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുൽ ജലീലിന്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്.അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ ആചരിക്കുക.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് പ്രണയചിത്രം അനിയത്തിപ്രാവ് പ്രേക്ഷകരിലേക്കെത്തിയിട്ട് 25 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 1996 മാര്‍ച്ച് 26നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പുതുമുഖമായ കുഞ്ചാക്കോ ബോബന്‍റെയും നായികയായിട്ടുള്ള ശാലിനിയുടെയും ആദ്യചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷമായിരുന്നു നായകനായി ഫാസില്‍ ചാക്കോച്ചനെ തീരുമാനിച്ചത്. അത് ഒരു ഹിറ്റിലേക്കുള്ള തുടക്കം കൂടിയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ കൃഷ്ണ. നിര്‍ഭാഗ്യവശാല്‍ അതുകൈവിട്ടു പോയെന്നും കൃഷ്ണ പറയുന്നു.  അഭിമുഖത്തിലായിരുന്നു നടന്‍റെ തുറന്നുപറച്ചില്‍.

ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എന്‍റര്‍ ചെയ്യുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി. ഞാനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലിൽ നിൽക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ്. ഇപ്പോഴത്തെ സിനിമയിൽ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരപാട് ആക്ടേഴ്സുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കിൽ അടുത്തയാൾ അത്രയുള്ളൂ.

നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകൾ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആർട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണും. അനിയത്തിപ്രാവിൽ എന്റെ കാര്യത്തിൽ എന്തോ ഒരു കൺഫ്യൂഷൻ വന്നു ആ സമയത്താണ് കുഞ്ചാക്കോ ബോബൻ കേറിപോയത്. അന്ന് തുടങ്ങിയ സമയദോഷമാണ് എന്റേത്. ആ സമയദോഷം ഇന്നും നിലനിന്ന് പോവുന്നുണ്ടെന്നും കൃഷ്ണ പറയുന്നു.

നെപ്പോളിയന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടനാണ് കൃഷ്ണ. തുടര്‍ന്ന് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ദയ,ഋഷിശൃംഗന്‍, ഇന്‍ഡിപെന്‍ഡന്‍സ്, വാഴുന്നോര്‍, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, തില്ലാന തില്ലാന, സ്നേഹിതന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2വിലാണ് ഒടുവില്‍ വേഷമിട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടാണ് കൃഷ്ണയുടെതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവമാണ് കൃഷ്ണ.

യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം.

ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി.

പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.

എന്തുതന്നെയായാലും വിടില്ലെന്നുറപ്പിച്ച് ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളേജിലെ എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു. ഇതിനു മുന്‍പും ബസില്‍വെച്ച് ആരതിക്ക് ഇത്തരമൊരു അനുഭവമുണ്ടായിരുന്നു. പോലീസിനോട് പറയാനായി ബസില്‍നിന്നിറങ്ങിയപ്പോള്‍ അയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved