രാജ്യസഭാഎംപി സ്ഥാനത്തിന്റെ കാലാവധി അവസാനിച്ചതോടെ രബിജെപിയുമയുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി സുരേഷ് ഗോപി. ബിജെപിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നുവെന്ന് താരം ബിജെപി സംസ്ഥാന ഘടകത്തെ അറിയിച്ചതായാണ് സൂചന.

കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മുഴുവനായും പിൻമാറുകയാണെന്ന് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. താൻ വേറൊരു പാർട്ടിയിലേക്കും പോകുന്നില്ലായെന്നും, തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളിലടക്കം സജീവമായി ഇനിയും പൊതുമണ്ഡലത്തിൽ കാണുമെന്നും അദ്ദേഹം ഡൽഹിയിലെ നേതൃത്വത്തെ അറിയിച്ചു. സിനിമകളിൽ സജീവമാകാനാണ് താരത്തിന്റെ തീരുമാനം.

അതേസമയം, സംസ്ഥാനത്തെ പാർട്ടി സംവിധാനങ്ങളിലുള്ള അതൃപ്തിയാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് സുരേഷ് ഗോപിയോടു അടുപ്പമുള്ള നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാൽ പാർട്ടി പരിപാടികളിൽ സജീവമാകണമെന്ന ഇവരുടെ ആവശ്യം സുരേഷ് ഗോപി തള്ളുകയും ഇനി ഒരു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പ്രവർത്തിക്കാനോ താനുണ്ടാവില്ലെന്ന നിലപാടെടുക്കുകയും ചെയ്‌തെന്നാണ് സൂചന. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുകയോ അത്തരത്തിലുള്ള തീരുമാനമെടുക്കുകയോ ചെയ്താലും കുഴപ്പമില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാടെന്ന് സൂചനയുണ്ട്.

കഴിവും പ്രവർത്തന പരിചയവുമുള്ളവരെ അകറ്റി നിർത്തുന്നത് പാർട്ടിയെ കേരളത്തിൽ പിന്നോട്ടടിക്കുന്നുവെന്ന നിലപാടിലാണ് സുരേഷ് ഗോപി. എന്നാൽ നരേന്ദ്രമോഡിയോടുള്ള ആദരവ് എക്കാലവും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വത്തോട് യാത്ര പറയാൻ നാളെ ഡൽഹിക്ക് മടങ്ങുന്ന താരം ബുധനാഴ്ച തിരിച്ചെത്തും.