കഷ്ടപ്പെട്ട് അധ്വാനിച്ച് വാങ്ങിയതായിരുന്നു സുഭദ്ര രണ്ടു പവന്റെ മാല. പട്ടാഴി ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയപ്പോഴായിരുന്നു ആശിച്ചു മോഹിച്ച് വാങ്ങിയ മാല മോഷണം പോയത്. ആ വേദന താങ്ങാന്‍ കഴിയാതിരുന്നതു കൊണ്ടായിരുന്നു സകല ദൈവങ്ങളെയും വിളിച്ച് വാ വിട്ടു കരഞ്ഞത്. അപ്പോഴാണ് ദേവി പ്രത്യക്ഷപ്പെട്ട പോലെ ഒരു സ്ത്രീ വന്ന് രണ്ട് വളകള്‍ നല്‍കി അപ്രത്യക്ഷമായത് രണ്ടു ദിവസമായി ആ ദൈവത്തിന്റെ കരങ്ങളെ തേടുകയായിരുന്നു ലോകം.
ഇപ്പോഴിതാ ആ ദൈവ സ്പര്‍ശമുള്ള കൈകളെ കണ്ടെത്തിയിരിക്കുകയാണ്. ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് ലോകം മുഴുവന്‍ തേടുന്ന ആ അജ്ഞാത സ്ത്രീ. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ശ്രീലത.
കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ മാല മോഷണം പോയപ്പോള്‍ കരഞ്ഞ് നിലവിളിച്ച വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണവളകള്‍ ഊരി നല്‍കിയത് വലിയ സംഭവമൊന്നുമല്ലെന്നാണ് ശ്രീലത പറയുന്നു.
കൊല്ലം കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവം കൂടാന്‍ പോയതായിരുന്നു സുഭദ്ര. കൊട്ടാരക്കരയില്‍ നിന്നു ബസിലെത്തി ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവെയാണ് രണ്ടുപവന്റെ മാല മോഷണം പോയതറിഞ്ഞത്.
പരിസരം മറന്നു നിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തി. തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരിനല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.’അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളു. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയില്‍ എത്തി പ്രാര്‍ഥിക്കണം’. അതു പറഞ്ഞ് ആ യുവതി എങ്ങോട്ടോ മറഞ്ഞു.
തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരി നല്‍കി ശ്രീലത പോകുകയായിരുന്നു.
അന്നു മുതല്‍ ഒരു നാടാകെ തിരിയുന്നതാണ് ആ വള ഊരി നല്‍കിയ സ്ത്രീയെ. ക്ഷേത്രത്തിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല.
കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.
മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തലയ്ക്ക് മടങ്ങുകയായിരുന്നു. അതേസമയം, സുഭദ്രയുടെ കണ്ണീരൊപ്പാന്‍ സാക്ഷാല്‍ ദൈവം തന്നെ വന്നുവെന്ന് നാട്ടില്‍ പ്രചരിച്ചു.
കഴിഞ്ഞ 11ന് സംഭവം നടന്നതുമുതല്‍ ശ്രീലതയെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല. ഒറ്റ കളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീ പിന്നെ എങ്ങോട്ടുപോയെന്ന് സുഭദ്രയ്ക്കുമറിയില്ലായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്കും രണ്ടുപവനോളം തൂക്കം വരുന്ന വളകള്‍ സമ്മാനിച്ച ശ്രീലതയെ കണ്ടെത്താനായിരുന്നില്ല.
ക്ഷേത്ര ഭാരവാഹി ലെജു വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങുകയായിരുന്നു. മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്ര കശുവണ്ടി തൊഴിലാളിയാണ്.
വളകള്‍ സമ്മാനിച്ച ശ്രീലത പറഞ്ഞപ്രകാരം സുഭദ്ര പട്ടാഴി ദേവീക്ഷേത്ര സന്നിധിയില്‍ വീണ്ടുമെത്തി, വളകള്‍ വിറ്റു വാങ്ങിയ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല ശ്രീകോവിലിനുമുന്നില്‍ വന്ന് പ്രാര്‍ഥനാപൂര്‍വം ഭക്തജനങ്ങളെ സാക്ഷിയാക്കി സ്വന്തം കഴുത്തിലിട്ടു. ദേവിക്ക് സ്വര്‍ണപ്പൊട്ട് കാണിക്കയായി അര്‍പ്പിച്ചശേഷമായിരുന്നു പുത്തന്‍മാല ധരിച്ചത്.
കല്ലമ്പലത്ത് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരനുൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു. കൂട്ടിയിടിയിൽ വ്യത്യസ്ത ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന നാവായിക്കുളം ഇടപ്പണ താളിക്കല്ലിൽ ഹൗസിൽ പരേതനായ അലിയുടെയും നൂർജഹാന്റെയും മകൻ സാദിഖ് അലി (28), ചെമ്മരുതി വടശ്ശേരിക്കോണം ചരുവിള വീട്ടിൽ അശോകന്റെയും ഉഷയുടെയും മകൻ അജീഷ് (25) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ദേശീയപാതയിൽ കല്ലമ്പലം ഡബ്ലൂൺ ബാറിന് സമീപത്ത് വെച്ച് 11.45ഓടെയായിരുന്നു അപകടമുണ്ടായത്. സാദിഖ് അലിയുടെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ഫൗസിയയും (20), അജീഷിന്റെ കൂടെ യാത്ര ചെയതിരുന്ന തെറ്റിക്കുളം സ്വദേശി മിഥുനും (35) തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് സാദിഖ്. ഫെബ്രുവരി 17നായിരുന്നു വിവാഹം. മാർച്ച് 18 ന് തിരിച്ചുപോകനിരിക്കെയാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്.
ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം സ്‌കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാദിഖും ഭാര്യയും. അതേസമയം, പാരിപ്പള്ളിക്ക് സമീപം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജീഷും മിഥുനും. റോഡിൽ തെറിച്ചുവീണ നാലുപേരെയും കല്ലമ്പലം പോലീസെത്തിയാണ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും സാദിഖും അജീഷും മരിച്ചിരുന്നു.
ഫൗസിയെയും മിഥുനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ചട്ടം ലംഘിച്ച് കൊച്ചിയിലെ ഹോട്ടലിൽ മദ്യം വിളമ്പാൻ വനിതകളെ നിയമിച്ച് ഹോട്ടൽ വിവാദത്തിൽ. വിദേശ വനിതകളാണ് ഹോട്ടലിൽ മദ്യം വിളമ്പിയിരുന്നത്. സംഭവത്തിൽ ഹാർബർ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു.
കൊച്ചി ഷിപ്യാർഡിനടുത്താണ് ഹാർബർ വ്യൂ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അടുത്തിടെയാണ് ഫ്‌ലൈ ഹൈ എന്ന പേരിൽ ഹോട്ടൽ നവീകരിച്ച് പബ് അടക്കം ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം.
സിനിമാ മേഖലയിലെ നിരവധിയാളുകൾ അതിഥികളായി എത്തിയിരുന്നു. ഈ ഡാൻസ് ബാറിലാണ് മദ്യവിതരണത്തിന് വിദേശത്ത് നിന്നടക്കം വനിതകളെ എത്തിച്ചത്.
അബ്കാരി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ചതിനാണ് കേസെടുത്തത്. ഹോട്ടൽ മാനേജരെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്. ഡാൻസ് പബ് എന്ന പേരിലാണ് ബാർ പ്രവർത്തിച്ചിരുന്നത്. വിദേശത്ത് നിന്നും വനിതകളെ ഇറക്കിയാണ് ഇവിടെ മദ്യം വിതരണം ചെയ്തത് എന്ന് പരിശോധനയിൽ കണ്ടെത്തി. വനിതകളെ മദ്യം വിളമ്പാൻ നിയമിക്കരുതെന്നാണ് കേരള അബ്കാരി ചട്ടം അനുശാസിക്കുന്നത്.
ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥർ ബാറിൽ പരിശോധന നടത്തിയത്. സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ ക്ഷണിതാക്കളായി കോണ്‍ഗ്രസ് നേതാക്കളായ കെ വി തോമസും ശശി തരൂരും. സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയം കൈകാര്യം ചെയ്യുന്ന സെമിനാറിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചത്. ഏപ്രില്‍ ഒമ്പതിന് കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിനും പങ്കെടുക്കും. ഏപ്രില്‍ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം കൈകാര്യം ചെയ്യുന്ന സെമിനാറിലാണ് തരൂര്‍ പങ്കെടുക്കുന്നത്.
ഏപ്രില്‍ ആറു മുതല്‍ പത്തു വരെ അഞ്ചു ദിവസമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഇതാദ്യമായാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നതെന്നതും ശ്രദ്ധേയമാണ്. ഇത് അഞ്ചാം തവണയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം ആതിഥേയത്വം വഹിക്കുന്നത്.1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു. നാലു വര്‍ഷം കൂടുമ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.
അന്തരിച്ച അനശ്വര നടി സുകുമാരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ്. സിനിമയില്‍ എത്തുന്ന പുതുമുഖ താരങ്ങളെ കുറിച്ച് പ്രിയദര്‍ശനോടും സത്യന്‍ അന്തിക്കാടിനോടും സുകുമാരി പറയുന്നതിനെ കുറിച്ചും തുടര്‍ന്ന് നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് മുകേഷ് പങ്കുവയ്ക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ പെര്‍ഫോമന്‍സ് കണ്ട് മലാളത്തിലേക്ക് കൊണ്ടു വരാന്‍ സണ്‍ ടിവിയില്‍ വിളിച്ച് നമ്പറും അഡ്രസും അന്വേഷിച്ചതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.
മുകേഷിന്റെ വാക്കുകള്‍:
പ്രിയന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ പടത്തിന്റെ സെറ്റില്‍ ഇരിക്കുമ്പോള്‍ ചേച്ചിയാണ് തമിഴിലെയും തെലുങ്കിലെയും ന്യൂസ് തരുന്നത്. ചേച്ചി പറയും ‘പ്രിയാ പുതിയൊരു പെണ്‍കുട്ടി വന്നിട്ടുണ്ട് ഇപ്പൊ ബുക്ക് ചെയ്താല്‍ കൊള്ളാം അല്ലെങ്കില്‍ തമിഴന്മാരോ തെലുങ്കന്മാരോ കൊണ്ടുപോകുമേ’ അപ്പോള്‍ ഇവരെല്ലാം ആ പെണ്‍കുട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ എഴുതിയെടുക്കും. ചിലപ്പോള്‍ ചേച്ചി മദ്രാസില്‍ ഒക്കെ ആയിരിക്കുമ്പോള്‍ പലരും വിളിച്ച് ചേച്ചി നമുക്ക് ഒരു ആര്‍ട്ടിസ്റ്റിനെ വേണം എന്ന് പറയും അപ്പോള്‍ ചേച്ചി അവിടെയിരുന്നു വിളിച്ച് അത് അറേഞ്ച് ചെയ്യും. അങ്ങനെ ഒരുപാടുപേരെ കുറിച്ച് ചേച്ചി പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം ഞങ്ങള്‍ എല്ലാവരുംകൂടി ഇരിക്കുമ്പോള്‍ സുകുമാരി ചേച്ചി വന്നു പറഞ്ഞു, ‘ഒരുത്തന്‍ ഇറങ്ങിയിട്ടുണ്ട് കേട്ടോ.. ഡാന്‍സ് എങ്കില്‍ ഡാന്‍സ്, പാട്ടെങ്കില്‍ പാട്ട് എക്‌സ്പ്രഷന്‍ എങ്കില്‍ എക്‌സ്‌പ്രേഷന്‍, അവിടെ സണ്‍ ടിവിയില്‍ ഞാന്‍ പ്രോഗ്രാം കണ്ടു ഞാന്‍ ഞെട്ടിപ്പോയി. ആളെ കണ്ടിട്ട് തമിഴനോ തെലുങ്കനോ എന്നാണു തോന്നുന്നത് മലയാളി അല്ല. ഞാന്‍ രണ്ടു ഡാന്‍സ് കണ്ടു അന്തംവിട്ടിരുന്നുപോയി, പ്രിയാ ഇപ്പൊ വേണമെങ്കില്‍ ബുക്ക് ചെയ്‌തോ. അവന്‍ പാട്ടും പാടും.’ കേട്ടപ്പോള്‍ ആണുങ്ങള്‍ക്കൊന്നും അത്ര രസിച്ചില്ല ഇവന്‍ വന്നിട്ട് നമ്മുടെ ചാന്‍സ് പോകുമോ എന്ന ഭാവം.
ഇക്കാര്യം വലിയ ചര്‍ച്ചയായി. പ്രിയന്‍ പറഞ്ഞു, ‘ചേച്ചി അടുത്ത സിനിമ ബോംബെയില്‍ ആണ്. ചേച്ചി പറയുന്ന ആള്‍ എന്ന് പറയുമ്പോള്‍ എനിക്ക് ഒന്നും ആലോചിക്കാനില്ല. ചേച്ചി എത്രയും പെട്ടെന്ന് നമ്പര്‍ എടുത്തു തരു’. ചേച്ചി സണ്‍ ടിവിയില്‍ വിളിച്ച് നോക്കി പലയിടത്തും വിളിച്ചിട്ടു ആളെ കിട്ടുന്നില്ല. അപ്പോള്‍ ഷൂട്ടിങ് നടക്കുന്ന വീട്ടിലെ ഒരു മുറിയില്‍ നിന്ന് ഒരു പാട്ടുകേട്ടു. അപ്പൊ ചേച്ചി പറഞ്ഞു ‘അയ്യോ ഇതുപോലെ ഒരു പാട്ടാണല്ലോ ഞാന്‍ കേട്ടത്’ ചേച്ചി ചെന്ന് കതകില്‍ തട്ടി. അപ്പൊ ആ വീട്ടിലെ ഒരു പയ്യന്‍ ടിവിയില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്യുകയാണ്. ചേച്ചി പറഞ്ഞു മോനെ ഇയാളുടെ അഡ്രസ്സ് വേണമല്ലോ. അപ്പൊ അവന്‍ പറഞ്ഞു അയ്യോ അഡ്രസ്സ് ഒക്കെ കിട്ടുമോ ഇയാളുടെ പരിപാടി ഭയങ്കര ഹിറ്റാണ്.
ചേച്ചി ഉടനെ ‘പ്രിയാ ഓടി വാടാ’ എന്നുപറഞ്ഞു വിളിച്ചു. ‘ഇവനാണ് ഞാന്‍ പറഞ്ഞത് ഇവനെ ഇപ്പൊ പിടിച്ചാല്‍ നമുക്ക് കിട്ടും’… അപ്പോള്‍ എല്ലാവരും ടിവിയില്‍ നോക്കിയിട്ടു തമ്മില്‍ തമ്മില്‍ നോക്കി ‘ആ ചേച്ചി ഇങ്ങു പോരെ നമ്പര്‍ ഒക്കെ കിട്ടി’ എന്ന് പറഞ്ഞു. ചേച്ചി ചോദിച്ചു നമ്പര്‍ കിട്ടിയോ എങ്ങനെ കിട്ടി ആര് തന്നു? അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ചേച്ചി അതാണ് മൈക്കിള്‍ ജാക്‌സണ്‍. അത് തമിഴും തെലുങ്കും ഒന്നുമല്ല അത് ലോകോത്തര ആര്‍ട്ടിസ്റ്റാണ്. അയാള്‍ ഒരു പാട്ട് പാടണമെങ്കില്‍ കേരളം എഴുതിക്കൊടുക്കേണ്ടി വരും.’ ‘അത്രക്ക് വലിയ ആളാണോ’ ചേച്ചി ചോദിച്ചു. ഞങ്ങള്‍ക്കൊക്കെ ചിരി വന്നെങ്കിലും ചേച്ചിയുടെ ആ ഉത്സാഹം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്തരത്തില്‍ പവിത്രമായ ഒരു കലര്‍പ്പില്ലാത്ത മനസ്സാണ്. ഇത്രയും അബദ്ധം പറ്റിയിട്ടും ജാള്യതയോന്നും ഇല്ലാതെ പിറ്റേ ദിവസം പുതിയൊരു ആളുമായി വരും അതാണ് ചേച്ചിയുടെ പ്രത്യേകത.
സുകുമാരി ചേച്ചിയുടെ നിഷ്‌കളങ്കത വിളിച്ചോതുന്ന ഒരു കഥകൂടിയുണ്ട്. എറണാകുളത്തുനിന്ന് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോവുകയാണ്. എറണാകുളത്തെ സിനിമയില്‍ ഞാനും ചേച്ചിയും അമ്മയും മകനുമാണ് തിരുവനന്തപുരത്തും അമ്മയും മകനും തന്നെ. പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പോകൂ. അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. ചേച്ചി കാറിന്റെ ബാക്കില്‍ കിടന്നുഉറങ്ങുന്നു ഞാന്‍ മുന്നില്‍ ഇരിക്കുന്നു. ചേച്ചി പുറത്തോട്ടു നോക്കി ഇരുന്നു ആലപ്പുഴ കഴിഞ്ഞപ്പോള്‍ ചേച്ചി സംസാരം തുടങ്ങി
‘ചെന്നൈയില്‍ ഉള്ള ആളുകള്‍ പാവങ്ങളാണ്. മലയാളികള്‍ക്കാണെങ്കില്‍ ബുദ്ധി കൂടിയിട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല.’ ഞാന്‍ ചോദിച്ചു, ‘ചേച്ചി എന്താ ഇങ്ങനെ പറയുന്നേ’
‘എടാ നമ്മള്‍ ഓരോ കാര്യങ്ങള്‍ വച്ചല്ലേ തീരുമാനം എടുക്കുന്നെ. മലയാളികള്‍ക്ക് കളിയാക്കാന്‍ വലിയ താല്‍പര്യമാണ്. നിറം വച്ചും ബോഡി ഷേപ്പ് വച്ചുമൊക്കെ കളിയാക്കുന്നത് എനിക്കിഷ്ടമല്ല. തമിഴില്‍ ഇങ്ങനെയൊന്നും ഇല്ല കറുത്തിരുന്നാലും ഉയരം കുറഞ്ഞാലും കാണാന്‍ മോശമായാലും അഭിനയം നന്നായാല്‍ പിന്നെ ഒരു കുഴപ്പവുമില്ല.’
ഞാന്‍ പറഞ്ഞു, ‘ചേച്ചി കാര്യത്തിലോട്ടു വാ എന്താ ഇപ്പൊ ഇങ്ങനെ പറയാന്‍ കാരണം? ‘
‘എടാ ഏതോ ഒരു പാവപ്പെട്ട മനുഷ്യന്‍ ഇലക്ഷന് നില്‍ക്കുന്നു, അയാള്‍ കുറച്ച് തടിച്ച പ്രകൃതമാണ്. ഈ മതിലുകളില്‍ ഒക്കെ ഇയാളെ കളിയാക്കാന്‍ എഴുതി വച്ചിരിക്കുന്നു. എന്ത് പൈസ കൊടുത്തു മെനക്കെട്ടാണ് എഴുതി വച്ചിരിക്കുന്നത് പാവം മനുഷ്യന്‍ അയാള്‍ക്ക് എന്ത് വിഷമമായിരിക്കും?’.
അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എവിടെ എഴുതി വച്ചിരിക്കുന്നു?’
ചേച്ചി പറഞ്ഞു, ‘നീ പുറത്തോട്ടു നോക്ക് എഴുതിയേക്കുന്ന കണ്ടോ ‘തടിച്ച പ്രഭാകരന് വോട്ട് ചെയുക’ അങ്ങനെ പറയാന്‍ പാടുണ്ടോ മുകേഷേ. ഞാന്‍ ബാനറില്‍ നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു അപ്പൊ ചേച്ചി ‘ആ നീയും കളിയാക്കുവാ എനിക്കറിയാം’. ഞാന്‍ പറഞ്ഞു ‘ചേച്ചി അതല്ല, അത് വലിയൊരു നേതാവാണ്. തടിച്ച പ്രഭാകരനല്ല തച്ചടി പ്രഭാകരനാണ്, കോണ്‍ഗ്രസിന്റെ വലിയ നേതാവാണ്. അദ്ദേഹം സ്ഥിരമായി ഇവിടെ ജയിക്കുന്ന ആളാണ്. തടിച്ച എന്നല്ല തച്ചടി എന്നാണ് എഴുതിയിരിക്കുന്നത്’.
അപ്പൊ ചേച്ചി ഒന്നും മിണ്ടിയില്ല കുറച്ചു കഴിഞ്ഞു പറഞ്ഞു ‘ഓ നിനക്ക് നാളത്തേക്കും മറ്റന്നാളത്തേക്കും ആയല്ലോ’. വര്‍ഷങ്ങള്‍ക്ക് ശേഷം തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകരന്‍ കലക്ടര്‍ ആയി ഇപ്പൊ വലിയ പോസ്റ്റില്‍ ഇരിക്കുകയാണ്. ഞാന്‍ ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരുപാടു ചിരിച്ചു. സുകുമാരി ചേച്ചി നമ്മെ വിട്ടുപോയെങ്കിലും ചേച്ചിയുടെ തമാശയും സാമീപ്യവും സേവനമനസ്ഥിതിയും മലയാളികള്‍ ഒരിക്കലും മറക്കില്ല.
സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ത്ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ. സ്വന്തം കാര്യത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ത്ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള്‍ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്’ മുകേഷ് പറഞ്ഞു.
സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമം ചെലവഴിച്ച നവ്യ നായർ ഇപ്പോഴിതാ വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത് പോയ നവ്യയെ അല്ല തിരിച്ചു വരവിൽ കാണാനാവുക. ബോൾഡായ തീരുമാനങ്ങളും നിലപാടുകളും വ്യക്തമാക്കി നവ്യ ഇപ്പോഴിതാ വാർത്തകളിൽ നിറയുകയാണ്.
സമീപ കാലത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടിയെ ആക്രമിച്ച കേസും ഡബ്ല്യുസിസിയും ദിലീപും കാവ്യയുമായുള്ള ബന്ധവും ഉൾപ്പടെയുള്ള വിഷയങ്ങളിലെല്ലാം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നവ്യ.
ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് ബുദ്ധിിമുട്ടുണ്ടാക്കുമെന്ന് ഇന്റർവ്യൂവിൽ നടി വ്യക്തമാക്കുന്നു.
ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സങ്കോചമുണ്ടാക്കുമോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് ‘ആ ഉണ്ട്. ഇത്തരം ചോദ്യങ്ങൾ ബുദ്ധിമുട്ടാണെന്ന്’ ആയിരുന്നു നവ്യ നൽകിയ മറുപടി. അതേസമയം കാവ്യ മാധവനും താനും വ്യക്തിപരമായി സുഹൃത്തുക്കളല്ലെന്നും നവ്യ നായർ പറയുന്നുണ്ട്.
‘നേരത്തെ ഞാൻ പറഞ്ഞിരുന്നു, ശരിയുടെ പക്ഷെ തെറ്റിന്റെ പക്ഷം എന്നത് റിലേറ്റീവായി പോകുന്നുണ്ട്. ഈ വിഷയം തന്നെ കോടതിയിൽ ഇരിക്കുന്നൊരു വിഷയമാകുമ്പോൾ അതേക്കുറിച്ച് ആധികാരികമായി പറഞ്ഞ് അത് വഷളാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ എന്റെ സഹപ്രവർത്തക അനുഭവിച്ച ബുദ്ധിമുട്ട് വലിയ ബുദ്ധിമുട്ടാണ്. അവളുടെ കൂടെ എന്നതിൽ എന്നും മാറ്റമില്ല’- നവ്യ പറയുന്നു.
ഡബ്ല്യുസിസിയെക്കുറിച്ച് നവ്യ പോസിറ്റീവായാണ് പ്രതികരിച്ചത്. ‘ഞാൻ ബോംബെയിലായിരുന്നു. അതിനാൽ മീറ്റിംഗുകളിലൊന്നിലും പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഡബ്ല്യുസിസി കൊണ്ടുവന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുള്ള ഒരിടം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷൻ റിപ്പോർ്ട്ട് ഇപ്പോൾ ചർച്ചയാകാൻ കാരണം ഡബ്ല്യുസിസി അതേക്കുറിച്ച് സംസാരിച്ചതിനാലാണ്. അതിന് മുമ്പ് തന്നെ റിപ്പോർട്ട് പുറത്ത് വരേണ്ടതായിരുന്നുവെന്നാണ് ഞാനും കരുതുന്നതെന്നും നവ്യ പറഞ്ഞു.
കുറേക്കാലമായി ഞാൻ വീട്ടമ്മയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എല്ലാവരുമിരിക്കുന്നൊരു വേദിയിൽ സ്ത്രീകൾ നേരിടുന്നൊരു പ്രശ്നത്തെക്കുറിച്ച് ഒരു വിമുഖത വരും. ഇന്നെയാൾ ഇങ്ങനെ ചെയ്തുവെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടാകും. പറയുന്നുവരുണ്ടാകും. അത് നല്ലതാണ്. പക്ഷെ എന്നെ കൊണ്ട് അത് പറ്റണമെന്നില്ല. ഒരാൾ മോശമായി പെരുമാറിയിൽ അത് എങ്ങനെ പുറത്ത് പറയുമെന്ന് സങ്കോചമുള്ള സ്ത്രീകളിൽ പെടുന്ന ആളാണ് ഞാൻ. അത് നല്ലതാണെന്നല്ല പറയുന്നത്. നമ്മൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാൻ സാധിക്കണം. ആ സ്റ്റിഗ്മ മാറണം. പക്ഷെ പെട്ടെന്ന് എനിക്കത് ചെയ്യാൻ സാധിക്കില്ലെന്നും നവ്യ പറയുന്നു.
തിരുവനന്തപുരം കല്ലറയിൽ എട്ടു മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂർ മണിവിലാസത്തിൽ 21കാരിയായ ഭാഗ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ജീവനൊടുക്കിയത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗർഭിണിയായ ഭാഗ്യ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭർത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവും ഭാഗ്യയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടനകത്തെ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പുരുഷന്‍മാരെ ലൈംഗിക മായി ഉത്തേജിപ്പിക്കുമെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകള്‍. പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുമ്പോള്‍ പെണ്‍കുട്ടികളുടെ കഴുത്ത് കാണാന്‍ കഴിയും. ഇത് പുരുഷ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉത്തേജിപ്പിക്കും എന്നുമാണ് സ്‌കൂളുകളുടെ കണ്ടെത്തല്‍.
2020ല്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് ഫുക്കോക്കയില്‍ പത്തില്‍ ഒന്ന് എന്ന കണക്കില്‍ പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടികെട്ടുന്നത് നിരോധിച്ചിട്ടുണ്ട്.
വിചിത്രമായ ഇത്തരം നിയമങ്ങള്‍ക്കെതിരെ ആരും വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നിയമം പാലിക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. ജപ്പാനിലെ ആളുകള്‍ ഇത്തരം സംഭവങ്ങളെ സര്‍വ സാധാരണമായാണ് കാണുന്നത് എന്നും അവര്‍ പറഞ്ഞു.
വെള്ളനിറത്തിലുള്ള അടിവസ്ത്രം മാത്രമേ ധരിക്കാവൂ എന്ന തരത്തിലുള്ള വ്യത്യസ്തമായ നിയമവും ജപ്പാനിലെ സ്‌കൂളുകളില്‍ നില്‌നില്‍ക്കുന്നുണ്ട്. മറ്റു നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ വസ്ത്രത്തിന് മുകളിലൂടെ കാണാന്‍ കഴിയും എന്നതാണ് ഈ നിയമത്തിന് കാരണമെന്നും അധികൃതര്‍ പറയുന്നു. ഇതിന് പുറമെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രത്തിന്റെയും സോക്സിന്റെയും നിറം, മുടിയുടെ നിറം എന്നീ കാര്യങ്ങളിലും ജപ്പാനിലെ സ്‌കൂളുകളില്‍ വ്യത്യസ്തമായ നിയമങ്ങള്‍ നിലവിലുണ്ട്.
കൊലക്കേസ് പ്രതികള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്ത് പോലീസുകാരന്‍, കൈയ്യോടെ സസ്‌പെന്‍ഡ് ചെയ്ത് നടപടി. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഗുണ്ടാസംഘത്തോടൊപ്പമായിരുന്നു ജിഹാന്റെ മദ്യസത്കാരം.
അടുത്ത കാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം.
ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.
ജിഹാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശ നല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നു.
നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൈംബ്രാഞ്ചിന് ദിലീപ് കൈമാറിയ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 12 നമ്പറിലേക്കുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റുകളാണ് നീക്കം ചെയ്തതെന്നാണ് വിവരം.
നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫോറൻസിക് സയൻസ് ലാബിനെ ആശ്രയിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.
നേരത്തെ, മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ വെച്ചാണ് ദിലീപ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിച്ചത്.
ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി. വിൻസെന്റ് ചൊവ്വല്ലൂരാണ് ദിലീപിന് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് മുൻ അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാൾ.
അഭിഭാഷകൻ ആവശ്യപ്പെട്ടതുപ്രകാരമാണ് ലാബിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന് വിൻസെന്റ് പറഞ്ഞു. തന്റെയും ദിലീപിന്റെയും അഭിഭാഷകൻ ഒരാളാണ്. മുംബൈയിലെ ഏറ്റവും നല്ല ഫോറൻസിക് ലാബ് ഏതാണെന്ന് അഭിഭാഷകൻ ചോദിച്ചതു പ്രകാരമാണ് താൻ അന്വേഷിച്ച് മറുപടി നൽകിയതെന്നും ഇയാൾ പ്രതികരിച്ചു.
കൊറിയർ മുഖേനയാണ് ആദ്യം ഫോണുകൾ ലാബിലേക്ക് അയച്ചത്. പിന്നീട് അഭിഭാഷകരും ലാബ് ഡയറക്ടറുമാണ് നേരിട്ടു ബന്ധപ്പെട്ടു കൊണ്ടിരുന്നത്. മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന്, ഫോണുകൾ വാങ്ങാനായി അഭിഭാഷകർ നേരിട്ട് മുംബൈയിലെത്തി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തുവെന്ന് ലാബ് ഉടമ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.